DCBOOKS
Malayalam News Literature Website

നഷ്ടകാലങ്ങളുടെ കടല്‍

ജൂണ്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്

റോദ്രിഗോ ഗാര്‍സിയ വിവര്‍ത്തനം: മാങ്ങാട് രത്‌നാകരന്‍

മലയാളവായനക്കാര്‍ക്ക് തകഴിയും ബഷീറും എസ്‌കെയും എംടിയും പോലെ പരിചിതമാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്. ജീവിതസായാഹ്നത്തില്‍ അര്‍ബുദത്തോടും മറവിരോഗത്തോടും പടപൊരുതുകയായിരുന്നു കീര്‍ത്തിമാനായ ഈ എഴുത്തുകാരന്‍. മാര്‍കേസിന്റെ മൂത്തമകന്‍ റോദ്രീഗോ ഗാര്‍സിയ എഴുതിയ ‘ഗാബോയ്ക്കും മെര്‍സെഡെസിനും ഒരു യാത്രാമൊഴി’ എന്ന പുസ്തകത്തില്‍ നിന്നുള്ള സ്മൃതിനാശത്തിന്റെ നാളുകളില്‍ കുടുംബം അനുഭവിച്ച സങ്കടകരമായ മുഹൂര്‍ത്തങ്ങളെക്കുറിച്ചുള്ള ഭാഗം.  

പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ച് എഴുതുന്നത് എഴുത്തിനോളം തന്നെ പഴക്കമുള്ള ഒന്നാകണം, പക്ഷേ, അത് ഉടന്‍തന്നെ എഴുതാനുള്ള പ്രേരണ എന്നെ കുഴക്കി. കുറിപ്പുകള്‍ എടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ അമ്പരപ്പുണ്ടാക്കി, കുറിപ്പുകള്‍ എടുത്തുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ലജ്ജിച്ചു, അതു തിരുത്തി ശരിയാക്കുമ്പോള്‍ എന്നെക്കുറിച്ചുതന്നെ നിരാശനായി. എന്റെ അച്ഛന്‍ പ്രശസ്തനാണെന്നതായിരുന്നു ഈ വികാരക്ഷോഭത്തിനു കാരണം. അശ്ലീലതകളുടെ കാലത്ത് സ്വന്തം പ്രശസ്തി കൂട്ടാനുള്ള പ്രേരണ Pachakuthiraഅതില്‍ ഒളിഞ്ഞിരിപ്പുണ്ടാകാം. അതിനു തടയിടുകയും വിനീതനായി മുന്നോട്ടുപോവുകയുമാകാം ഉചിതം. അല്ലെങ്കിലും എന്നെ സംബന്ധിച്ച് ആത്മാനുരാഗത്തിന്റെ ഇഷ്ടരൂപം വിനയമാണ്. പക്ഷേ, മിക്കവാറും എഴുത്തുകളിലെന്നപോലെ വിഷയമാണ് നിങ്ങളെ തെരഞ്ഞെടുക്കുക, അതിനാല്‍ തടഞ്ഞുനിര്‍ത്തുന്നത് വിഫലമായേക്കാം.

സ്മൃതിനാശവുമായി അച്ഛന്‍ എങ്ങനെയാണു കഴിയുന്നതെന്നു കുറച്ചു മാസങ്ങള്‍ മുമ്പ് ഒരു സുഹൃത്ത് ചോദിച്ചിരുന്നു. അച്ഛന്‍ ഭൂതകാലത്തിന്റെ അലട്ടലില്ലാതെ, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളില്ലാതെ, മുഴുവനായും വര്‍ത്തമാനത്തിലാണു ജീവിക്കുന്നതെന്നു ഞാന്‍ അവളോടു പറഞ്ഞു. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രവചിക്കുന്നത് ചരിത്രപരമായ വികാസമെന്നപോലെത്തന്നെ കഥപറച്ചിലിന്റെ ഉറവിടം കൂടിയായും വിശ്വസിച്ചുപോരുന്നുണ്ടെങ്കിലും അച്ഛന്റെ ജീവിതത്തില്‍ അതിനിപ്പോള്‍ ഇടമില്ലാതായിരിക്കുന്നു.

”അപ്പോള്‍ തനിക്കു മരണമുണ്ടെന്ന് അദ്ദേഹം അറിയുന്നില്ല,” അവള്‍ ചോദ്യം അവസാനിപ്പിച്ചു, ”ഭാഗ്യവാന്‍.”

അതെ, അവള്‍ക്കായി ഞാന്‍ നല്‍കിയ ചിത്രം തീര്‍ത്തും സരളമായിരുന്നു, നാടകീയവും. അച്ഛന്റെ ബോധജീവിതത്തില്‍ ഭൂതകാലം അപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ”കാര്യങ്ങള്‍ എങ്ങനെ പോകുന്നു?” ”ഇപ്പോള്‍ എവിടെയാണു താമസം?”

”വീട്ടുകാര്‍ക്കെല്ലാം സുഖമല്ലേ?” മറ്റുള്ളവരുമായി ഇടപഴകാന്‍ തനിക്കുണ്ടായിരുന്ന സാമര്‍ത്ഥ്യത്തിന്റെ വിദൂരധ്വനികളില്‍ അഭയം തേടി, കണ്ടുമുട്ടുന്നവരോട് ഇത്തരം സുരക്ഷിതമായ ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു. ചിലപ്പോഴെല്ലാം കുറേക്കൂടി വിശദമായി സംഭാഷണത്തിനു മുതിരുമ്പോള്‍ ഇടയ്ക്കുവച്ച് മുറിഞ്ഞുപോകുകയോ വാക്കുകള്‍ കിട്ടാതെവരികയോ ചെയ്യും. എത്തും പിടിയും കിട്ടാത്ത മുഖഭാവവും അതില്‍, കാറ്റിലലിയുന്ന പുകക്കീറുപോലെ, മിന്നായം പോലെ നിഴലിക്കുന്ന അമ്പരപ്പും ശ്വസിക്കുന്നതുപോലെതന്നെ അച്ഛന് സ്വാഭാവികമായിരുന്ന സംഭാഷണചാതുര്യം ഉണ്ടായിരുന്ന പോയകാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒരു നല്ല എഴുത്തുകാരനെന്ന പോലെത്തന്നെ മഹാനായ ഒരു
സംഭാഷണചതുരനുമായാണ് അച്ഛനെ ഏറ്റവും പഴയ സുഹൃത്തുക്കള്‍ കണക്കാക്കിയിരുന്നത്.

പൂര്‍ണ്ണരൂപം ജൂണ്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍  ലക്കം ലഭ്യമാണ്‌

 

 

 

 

Comments are closed.