DCBOOKS
Malayalam News Literature Website

ആത്മീയവും ഭൗതികവും ആയ രണ്ടു പ്രചോദനങ്ങളെയും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ഒ.എം.സി. യിലെ മഹര്‍ഷി ഭാരതത്തിലെ ആത്മ ഗംഗയായ ഋഗ്വേദത്തിനു ഭാഷ്യം രചിക്കാനുള്ള ധീരതയിലേക്കുയര്‍ന്നത്: അക്കിത്തം

അക്കിത്തം

ഇതൊരു ആശ്ചര്യംതന്നെ. എന്റെ വന്ദ്യരായ ആദര്‍ശപുരുഷന്മാരില്‍ ഒരാളായി എന്നും പ്രശോഭിച്ചിട്ടുള്ള ഒ.എം.സി. ശക്തിപൂര്‍വ്വം നിര്‍ദ്ദേശിക്കുന്നു: ഋഗ്വേദത്തിനദ്ദേഹം രചിച്ച ‘ദേവീപ്രസാദം’ ഭാഷ്യത്തിന്റെ ആറാമതു സമ്പുടത്തിന് ഞാന്‍ അവതാരികയെഴുതണം! എന്റെ പരിമിതികളെപ്പറ്റി ഏറ്റവും കൂടുതല്‍ ബോധമുള്ളത് എനിക്കുതന്നെ ആകയാല്‍, ഈ ഉത്തരവാദിത്വത്തില്‍നിന്ന് വിടുതി കിട്ടുവാന്‍ ആത്മാര്‍ത്ഥതയോടെ പരിശ്രമിച്ചു. പക്ഷേ, ഒ.എം.സി. എന്നെ വിടുന്നില്ല. ആ നിര്‍ബ്ബന്ധത്തിലാകട്ടെ, അദ്ദേഹത്തിന്റെ വടക്കിനിയിലിരിക്കുന്ന ഭഗവതിയുടെകൂടി ഇച്ഛ ഞാന്‍ കണ്ടെത്തുകയും ചെയ്തു. എന്റെ ഇല്ലത്തെ ശ്രീലകത്തിരിക്കുന്നതും ആ ഭഗവതി തന്നെയാണല്ലോ. അച്ഛനടക്കമുള്ള പൂര്‍വ്വികന്മാര്‍ ഉപയോഗിച്ചിരുന്ന സീലിലെ ‘ഭഗവതീസഹായം’ എന്ന അക്ഷ രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു.

ഒ.എം.സി. യെ നന്നേ ചെറുപ്പംമുതല്‍ കേട്ടുപരിചയമുണ്ടെങ്കിലും
നേരിട്ട് ആദ്യം കാണുന്നത് ഒറ്റപ്പാലത്തെ ഒ.എം. ഹൗസില്‍വച്ചാണെന്നു തോന്നുന്നു. 1944 അവസാനത്തില്‍ ഓങ്ങല്ലൂര്‍വച്ച് നമ്പൂതിരിയോഗക്ഷേമ സഭ നടന്നതിന് അഞ്ചാറുമാസം മുമ്പാണത്. വാസ്തവത്തില്‍ യോഗക്ഷേമ സഭയുടെ പുനര്‍ജനനം നടന്നത് ഒ.എം. ഹൗസിന്റെ ഓലപ്പൂമുഖത്ത് ഒരുദിവസം മുഴുവന്‍ നടന്ന സമ്മേളനത്തില്‍നിന്നായിരുന്നു. ഒ.എം.സി. യെ മാത്രമല്ല. വി.ടി., ഇ.എം.എസ്., എം.ആര്‍.ബി., കെ.എന്‍. കുട്ടന്‍ നമ്പൂതിരിപ്പാട്, പാലുള്ളി, പാണ്ടം, നരിക്കാട്ടിരി മുതലായ സമുദായ നേതാക്കളെയെല്ലാം ആദ്യമായി നല്ലവണ്ണം പരിചയപ്പെട്ടതും ആ ദിവസം തന്നെയാണ്. അന്നുവരെ എനിക്കു സുപരിചിതനായിരുന്ന സമുദായ നേതാവ് ഐ.സി.പി. നമ്പൂതിരിമാത്രം: ആ ദിവസത്തിനെത്രയോ മുമ്പുതന്നെ കേരളത്തിലെ എല്ലാ ഇടവഴികളിലെയും കല്ലിനും മുള്ളിനും കാഞ്ഞിരക്കുറ്റിക്കും സുപരിചിതമായിരുന്നു ഐ.സി.പി. യുടെ പാദങ്ങള്‍. എല്ലാ നമ്പൂതിരി ഗൃഹങ്ങള്‍ക്കും അടുക്കളപ്പൂച്ചയെക്കാള്‍ സുപരിചിതനായിരുന്ന ഐ.സി.പി.യുടെ വിയര്‍പ്പുതുള്ളികളില്‍നിന്നാണ് ഒ.എം. ഹൗസിലെ ആ സമ്മേളനം രൂപംകൊണ്ടത് എന്നുതന്നെ എനിക്കു തോന്നിയിരുന്നു.

പിന്നീട് ഓങ്ങല്ലൂര്‍ സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചുകൊണ്ട് ഇ.എം.എസ്., ‘നമ്പൂതിരിയെ മനുഷ്യനാക്കാന്‍’ എന്ന അധ്യക്ഷപ്രസംഗം അവതരിപ്പിച്ചപ്പോള്‍ സദസ്സിലിരുന്നു കോള്‍മയിര്‍ക്കൊണ്ടവരില്‍ ഒരാള്‍ ഞാനായിരുന്നു. അധ്യക്ഷന്റെ തൊട്ടടുത്ത് സ്‌റ്റേജില്‍ വി.ടി. യും, ഒ.എം.സി. യും ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ രണ്ടുപേരും ഇ.എം.എസ്സിന്റെ അഭി
പ്രായത്തെ ആവേശപൂര്‍വ്വം പിന്താങ്ങിയതും ഞാനോര്‍ക്കുന്നു. വാരവും ഓത്തൂട്ടുമായി അലഞ്ഞുതിരിയുന്ന നമ്പൂതിരിയെ കാലം പിന്‍തള്ളുകതന്നെ ചെയ്യും. തോട്ടിപ്പണിവരെയുള്ള ഏതു ശാരീരികാധ്വാനവും നികൃഷ്ടമല്ലെന്ന ബോധത്തോടെ നമ്പൂതിരി സാധാരണ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിവരണം. അങ്ങനെ ചെയ്താല്‍ മാത്രമേ മനുഷ്യന്‍ എന്ന നിലയില്‍പ്രകൃതിയോടുള്ള കടമ നിര്‍വ്വഹിച്ചു എന്നു സമാധാനിക്കാന്‍ അയാള്‍ക്ക് അവകാശമുള്ളൂ. ധനികരായ നമ്പൂതിരിമാര്‍ വ്യവസായരംഗത്തേക്ക് കടന്നുചെല്ലണം; ദരിദ്രരായ നമ്പൂതിരിമാര്‍ തൊഴിലാളികളായി മാറണം. ഇതായിരുന്നു ആ സമ്മേളനത്തിന്റെ ഏകകണ്ഠമായ ആഹ്വാനം. ഇതിലെ എല്ലാ വസ്തുതകളോടും അന്നും ഇന്നും എനിക്കു യോജിപ്പാണുള്ളത്. എങ്കിലും, ഇ.എം.എസ്സിന്റെ പ്രസംഗത്തിന്റെ ശ്രുതിയായി നിലനിന്നിരുന്നത് വര്‍ഗ്ഗസമരവാദമാണ് എന്ന വസ്തുത മറക്കാവതല്ല.

പിന്നത്തെ വാര്‍ഷികയോഗം ശുകപുരത്താണ് നടന്നത്. അന്നേക്കു ഞാന്‍ പരിപൂര്‍ണ്ണ സാമുദായിക പ്രവര്‍ത്തകനായി മാറിയിരുന്നു. വി.ടി. യുടെ ‘കരിഞ്ചന്ത’ എന്ന നാടകത്തിന്റെ രചനയില്‍, എഴുത്തുകാരന്‍ എന്ന നിലയില്‍, അദ്ദേഹത്തെ സഹായിക്കുക, ആ നാടകത്തില്‍ അഭിനയിക്കുക, ആ നാടകത്തിന്റെ സംവിധാനത്തിന് ആവശ്യമുള്ളതെല്ലാം ചെയ്യുക ഇത്രയുമായിരുന്നു പ്രധാന തൊഴിലുകള്‍. ആ സമ്മേളനത്തില്‍വെച്ചു രൂപംകൊണ്ട നമ്പൂതിരി സാഹിത്യസമാജത്തിന്റെ അണിയറയിലും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. യശഃ ശരീരനായ കുട്ടികൃഷ്ണമാരാരാണ് ആ സമ്മേളനം ഉല്‍ഘാടനം ചെയ്തത്. ശുകപുരം സമ്മേളനത്തിലെ പ്രധാനാതിഥി, അധ്യക്ഷന്‍ ഒ.എം.സി. എന്റെ ഇല്ലത്തിനടുത്തുള്ള വെള്ളമംഗലത്ത് എന്ന വീട്ടിലെ പത്തായപ്പുരയിലാണ് സമ്മേളനകാലത്ത് പാര്‍ത്തത്. അവിടെ
നിന്ന് സമ്മേളനസ്ഥലത്തേക്ക് അധ്യക്ഷനെ സ്വീകരിച്ചുകൊണ്ടുപോയത് 35 കാളകളെ കെട്ടിയ വണ്ടിയിലായിരുന്നു. 35-ാം വാര്‍ഷികയോഗമാണല്ലോ ശുകപുരത്തു നടന്നത്.

ശുകപുരം സമ്മേളനത്തില്‍ ഒ.എം.സി. ചെയ്ത അധ്യക്ഷപ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിരുന്നുവെങ്കിലും ഇപ്പോളത് എന്റെ കയ്യിലില്ല. എങ്കിലും ഒരു കാര്യം ഇപ്പോഴും ഓര്‍ക്കുന്നു. ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടാണ് നമ്പൂതിരി യോഗക്ഷേമസഭാ
പ്രവര്‍ത്തനങ്ങളെ ഒ.എം.സി. നോക്കിക്കണ്ടത്. ഭാരത സംസ്‌കാരത്തോടുള്ള ആദരമാണ് ആ പ്രസംഗത്തിനു ശ്രുതി മീട്ടിയിരുന്നത്. പിറ്റത്തെക്കൊല്ലം പാഴൂരില്‍വെച്ചു നടന്ന 36-ാമതു നമ്പൂതിരിയോഗക്ഷേമസഭാവാര്‍ഷിക ത്തില്‍ അധ്യക്ഷത വഹിച്ച വി.ടി. യുടെ പ്രസംഗം ഒ.എം.സി. യുടേതിനേക്കാള്‍ പൊട്ടിത്തെറി സ്വഭാവമുള്ളതായിരുന്നുവെങ്കിലും, അതിന്റെയും അന്തര്‍ന്നാദം ഭാരതീയ സംസ്‌കാരത്തിന്റെ മഹിമയും അതിലൂന്നിക്കൊണ്ടുള്ള ഒരു നവസാമൂഹ്യനീതിയുടെ അത്യാവശ്യകതയുമായിരുന്നു. ധര്‍മ്മം എന്ന വാക്ക് വി.ടി. പലകുറി ഉപയോഗിച്ചതായി ഓര്‍ക്കുന്നു. മാത്രമല്ല, പില്‍ക്കാലത്ത് മേഴത്തൂരില്‍വച്ച് വി.ടി. യുടെ ഷഷ്ടിപൂര്‍ത്തിയും സപ്തതിയും ശതാഭിഷേകവും ജനകീയാര്‍ഭാടത്തോടെ ആഘോഷിക്കപ്പെട്ടിരുന്നതും ഞാനോര്‍ക്കുന്നു. ഈ മൂന്നു സന്ദര്‍ഭങ്ങളില്‍ രണ്ടു പ്രാവശ്യമെങ്കിലും, ഒ.എം.സി., വി.ടി. യുടെ വിനീതസന്നിധിയില്‍ വരികയും സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കുകയുമുണ്ടായി. എന്നാല്‍ ഇ.എം.എസ്സിനെ, മൂന്നു പ്രാവശ്യവും അവിടെ കണ്ടിരുന്നില്ല, കൃത്യാന്തരബാഹുല്യംകൊണ്ടായിരിക്കാനേ തരമുള്ളു.

ഞാനിവിടെ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നതെന്തെന്നാല്‍ ഋഗ്വേദത്തില്‍നിന്ന് ഒരു വരിയെങ്കിലും ഉദ്ധരിക്കാതെ പ്രസംഗിക്കാന്‍ കഴിയാത്ത വി.ടി. യും ഇപ്പോള്‍ ഋഗ്വേദഭാഷ്യം രചിച്ച ഒ.എം.സി. യും അടിസ്ഥാനപരമായി ഒരേ ജീവിത വീക്ഷണമുള്ളവരാണ്. രണ്ടുപേരും അന്തര്‍ജ്ജനങ്ങളുടെ മറക്കുട തല്ലിപ്പൊളിക്കാനാഹ്വാനം ചെയ്തപ്പോള്‍ ഉദ്ദേശിച്ചത് നമ്പൂതിരിസ്ത്രീകളില്‍നിന്ന് മൈത്രേയിമാരും, ഗാര്‍ഗ്ഗിമാരും ഉയരന്നുവരണമെന്നായിരുന്നു. നമ്പൂതിരിയോഗക്ഷേമസഭയുടെ സംഗ്രഹം ‘വി.ടി.’ എന്ന ശബ്ദമാണെങ്കില്‍ ആ ശബ്ദത്തിന്റെ വികസിതരൂപം വേദസംസ്‌കാരപുനരുദ്ധാരണം എന്നു തന്നെയായിരുന്നു. അര്‍ത്ഥമറിയാതെ വേദം ചൊല്ലുന്നതിനെ ഒരാള്‍ എതിര്‍ത്താല്‍ അതിനര്‍ത്ഥം വേദം ചൊല്ലലിന്റെ പരമലക്ഷ്യം അതിന്റെ അര്‍ത്ഥഗ്രഹണംകൂടിയാണെന്നത്രേ. വി.ടി. ‘ആഢ്യന്‍കൂലികളുടെ കഴുതകളി’ എന്നു ശകാരിച്ചതിന്റെ സാന്ദര്‍ഭികപ്രതീതി എന്തുതന്നെ ആയിരുന്നാലും അതിന്റെ മൗലികബീജം വേദത്തിലെ ”ദേവാഭാഗം യഥാപൂര്‌വേ സഞ്ജാനാനാ ഉപാസതേ” എന്നവരികളാണ്. ഇത് അറിയുന്ന ആളായതുകൊണ്ടാണ് ഒ.എം.സി. എക്കാലത്തും വി.ടി. യുടെ മുമ്പില്‍ തലകുനിച്ചതെന്നു ഞാന്‍ വിചാരിക്കുന്നു. മാത്രമല്ല, ഒ.എം.സി. വേദത്തിനു ഭാഷ്യം രചിച്ചതുകൊണ്ട് യോഗക്ഷേമസഭാനേതാവായിരുന്ന കാലത്തെ വ്യക്തിത്വസ്വഭാവത്തില്‍നിന്ന് വ്യതിരിക്തനായി എന്നു ഞാന്‍ വിചാരിക്കുന്നില്ല. എന്നാല്‍ ഋഗ്വേദം മുഴുവന്‍ വീണ്ടും ചടഞ്ഞിരുന്നു വിവര്‍ത്തനം ചെയ്യാനുള്ള ക്ഷമയും സംസ്‌കൃതപാണ്ഡിത്യവും അദ്ദേഹ ത്തിനുണ്ടെന്ന് യോഗക്ഷേമകാലഘട്ടത്തില്‍ ആരും വിചാരിച്ചിരിക്കയില്ല. ഞാനും വിചാരിച്ചിട്ടില്ല. വിചാരിക്കാത്തതു സംഭവിച്ചതു കാണുമ്പോഴുള്ള ആഹ്ലാദം എന്നെ വീണ്ടും ചിന്താലോകത്തിലേക്ക് നയിക്കുകയുണ്ടായി. എനിക്കു തോന്നിയിട്ടുള്ളത് രണ്ടു കാര്യങ്ങളാണ്:

ഒന്ന്: ഒ.എം.സി. നിവസിക്കുന്ന ഒളപ്പമണ്ണത്തറവാട്ടിലെ വടക്കിനിയില്‍ ഇന്നും ഇരുന്നരുളുന്ന സൗവര്‍ണ്ണരൂപിണി, തിരുമാന്ധാംകുന്നത്തു ഭഗവതി! ആ ദേവിയെ വളരെ വര്‍ഷങ്ങളായി ഉപാസിച്ചതിന്റെ ഫലമാണ് ഈ മഹാവിജയം. മറ്റൊന്ന്: വേദരത്‌നം ഏര്‍ക്കര രാമന്‍ നമ്പൂതിരിതന്നെ- മേഴത്തോളഗ്നിഹോത്രിക്കുശേഷം കേരളംകണ്ട ഏറ്റവും ശക്തമായ യജ്‌ഞൈശ്വ ര്യമായിരുന്നുവല്ലൊ ഏര്‍ക്കര. മൂക്കുതല ഭഗവതിയുടെ
നിതാന്തോപാസ കനായിരുന്ന ആ പുണ്യസ്വരൂപന്റെ സന്നിധിയില്‍ ഇക്കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ ഒ.എം.സി. യുടെ ഉള്ളിലിരിക്കുന്ന ഭക്തനെ ഞാന്‍ കണ്ടിട്ടുള്ളത് എത്ര പ്രാവശ്യമാണെന്നു പറയാനാവില്ല. ഏര്‍ക്കരയുടെ അവസാനത്തെ പിറന്നാള്‍ദിവസംകൂടി ഒ.എം.സി. മൂക്കുതലയിലുള്ള ഏര്‍ക്കരത്തറവാട്ടിലെ ത്തിയിരുന്നു.

ഇങ്ങനെ ആത്മീയവും ഭൗതികവും ആയ രണ്ടു പ്രചോദനങ്ങളെയും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ഒ.എം.സി. യിലെ മഹര്‍ഷി ഭാരതത്തിലെ ആത്മ ഗംഗയായ ഋഗ്വേദത്തിനു ഭാഷ്യം രചിക്കാനുള്ള ധീരതയിലേക്കുയര്‍ന്നത്. ‘ഇദം ന മമ’ എന്ന യാജ്ഞിക ബുദ്ധിയാണ് ആ ധീരതയുടെ അടിത്തറ.

അതേ, കര്‍മ്മത്തില്‍ മാത്രമാണ് നിനക്കധികാരം; ഫലത്തിലല്ല! ശരിതന്നെ. പക്ഷേ, ഫലത്തെപ്പറ്റി ഒരു സങ്കല്‍പവുമില്ലാതെ കര്‍മ്മംചെയ്യുക എത്രത്തോളം ശക്യമാണ്? വാസ്തവത്തില്‍ മാനസിക കര്‍മ്മമായ സങ്കല്‍പമല്ലേ, വാചിക കായിക കര്‍മ്മങ്ങളെക്കാള്‍ മുമ്പു സംഭവിക്കുന്നത്? എങ്കില്‍, ഫലത്തെപ്പറ്റി യാതൊരു സങ്കല്‍പവുമില്ലാതെ കര്‍മ്മം ചെയ്യണമെന്നല്ല ഭഗവാന്‍ ഗീതയിലുപദേശിച്ചത്. ഫലസങ്കല്‍പമില്ലാതെ കര്‍മ്മം ചെയ്യുന്നത്, ഒരര്‍ത്ഥത്തില്‍, മൗഢ്യമാണെന്നോ മാന്ദ്യമാണെന്നോ തന്നെ പറഞ്ഞാലും തെറ്റില്ല, ഫലസങ്കല്‍പമുണ്ടായിട്ടും അതിന്മേല്‍ അധികാര ബുദ്ധി വ്യാപരിക്കാതിരിക്കുക എന്നതിലാണ് മാനസികമായ വളര്‍ച്ച, മഹര്‍ഷിത്വം. അതാണ് ഭഗവാന്‍
പറയുന്ന ‘മാ ഫലേഷു’ വിന്റെ മര്‍മ്മം. എങ്കില്‍, ആ ഉപദേശത്തിന്റെ മൂലകന്ദം കര്‍മ്മകാണ്ഡത്തിലെ ‘ഇദം ന മമ’ തന്നെ. എങ്കില്‍ ഭഗവതിയുടെയും ഏര്‍ക്കരയുടെയും അനുഗ്രഹങ്ങളുടെ ഏകീഭാവമായി ഒ.എം.സി. ക്കു കൈവന്ന ഈ മഹര്‍ഷിത്വമാണ് അദ്ദേഹത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെയും വള്ളത്തോളിന്റെയും സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെയുംകൂടെ, ഒരുപക്ഷേ മുമ്പില്‍ത്തന്നെ, സിംഹാസന സ്ഥനാക്കിയത്. ഇവിടെ സായണഭാഷ്യാശ്രിതമായ ഋഗ്വേദഭാഷ്യനിര്‍മ്മാണ ത്തിന്റെ പ്രാരംഭമെന്ന നിലയില്‍ ഒ.എം.സി. പ്രസിദ്ധീകരിച്ചിരുന്ന ‘വേദ രശ്മികള്‍’ എന്ന, ഋങ്മന്ത്രസമാഹാരത്തിന്റെ അവതാരികയില്‍ ഡോ. ഇ.ആര്‍. ശ്രീകൃഷ്ണശര്‍മ്മ എഴുതിയിരുന്ന ഒരു വാക്യം ഓര്‍മ്മയിലേക്കു കടന്നുവരുന്നു. ‘ഋഗ്വേദമന്ത്രങ്ങള്‍ക്കു മുഴുവന്‍ ഇത്തരത്തില്‍ ഒ.എം.സി. ലഘുവ്യാഖ്യാനമെഴുതി കേരളീയര്‍ക്ക് ഉപകാരം നല്‍കുമെന്നാശിക്കുന്നതോടൊപ്പം ആ മഹാകൃത്യം ചെയ്‌വാനുള്ള ആരോഗ്യവും മനശ്ശേഷിയും അദ്ദേഹത്തിനുണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുക’കൂടി ചെയ്തുകൊണ്ടാണ് അദ്ദേഹം അവതരണം പൂര്‍ത്തിയാക്കിയത്.

‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തിലേയ്ക്ക്, ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449 ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.