DCBOOKS
Malayalam News Literature Website

‘സ്റ്റാച്യു പി.ഒ’; ജീവിതത്തിനുള്ളിലെ സൂക്ഷ്മാനുഭവങ്ങള്‍ പകര്‍ത്തിയ നോവല്‍

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ്.ആര്‍.ലാലിന്റെ സ്റ്റാച്യു പി.ഒ എന്ന നോവലിന്റെ വായനാനുഭവത്തെക്കുറിച്ച് എസ്.ഗിരീഷ് കുമാര്‍ എഴുതിയത്

നഗരജീവിതം ആധുനിക സാഹിത്യകാരന്മാരുടെ ഇഷ്ടവിഷയമായിരുന്നു. അതുകൊണ്ടുതന്നെ ആധുനികതയെ ആഴത്തില്‍ പഠിച്ച മാര്‍ക്കം ബ്രാഡ്ബറിയും ജയിംസ് മക്ഫാര്‍ലയിനും ആധുനികത നഗരങ്ങളുടെ കലയാണെന്നും അതു നഗരത്തില്‍ അതിന്റെ സ്വാഭാവികസങ്കേതം കണ്ടെത്തിയെന്നും അഭിപ്രായപ്പെടുന്നു. ഗ്രാമങ്ങള്‍ നഗരങ്ങളാവുകയും നഗരങ്ങള്‍ മഹാനഗരങ്ങള്‍ ആവുകയും ചെയ്തതിനു സാക്ഷിയായ ആധുനിക സാഹിത്യകാരന്‍ പലപ്പൊഴും നഗരദോഷ ദര്‍ശനങ്ങളില്‍ ഗ്രാമങ്ങളിലേക്കു മടങ്ങാന്‍ വെമ്പല്‍കൊള്ളുകയും ചെയ്തു.

ഉത്തരാധുനികര്‍ പൊതുവെ നഗരങ്ങളോട് വിമുഖത കാട്ടുന്നവരാണ്. ഗ്രാമങ്ങളിലേക്കുള്ള മടക്കം ഇനി അസാധ്യമായ കാര്യമായി അവര്‍ തിരിച്ചറിയുന്നു. പകരം പ്രാദേശികചരിത്രവും സംസ്‌കാരവും ജീവിതവുമൊക്കെ ഉയര്‍ത്തിയെടുത്ത് ഇനിയും നഷ്ടമാവാതെ അവശേഷിക്കുന്ന ഗ്രാമമുദ്രകള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ എഴുത്തിനെ പ്രതിരോധ മാധ്യമമാക്കുകയെന്ന കൃത്യമായ ഇടപെടലാണ് ഉത്തരാധുനികര്‍ നടത്തുന്നത്. ഈ പ്രകരണത്തിലാണ് വൈരുധ്യമെന്നു തോന്നാവുന്ന തിരുവനന്തപുരം നഗരവും അവിടുത്തെ സ്റ്റാച്യു ലോഡ്ജും കേന്ദ്രമാക്കി എസ്.ആര്‍. ലാല്‍ സ്റ്റാച്യു പി.ഒ. എന്ന നോവലുമായി വായനക്കാരെ സമീപിക്കുന്നതെന്നത് വായന ഗൗരവമായി കാണുന്നവരെ സംബന്ധിച്ച് സവിശേഷശ്രദ്ധ ക്ഷണിക്കുന്നു.

ദേശത്തിന്റെ സാംസ്‌കാരികജീവിതം പരുവപ്പെടുത്തുന്നതില്‍ നഗരം ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നുണ്ട്. നഗരത്തെ പലവിധത്തിലാണ് കാണാനാവുക. ആധുനികര്‍ കണ്ട നഗരമല്ല സ്റ്റാച്യുവിലെ നഗരം. ഈ നഗരത്തില്‍ യന്ത്രവാഹനങ്ങളുടെ ഇരമ്പമല്ല ഉള്ളത്. മറിച്ച്, തിരക്കുകളില്‍നിന്ന് മാറി നില്‍ക്കുന്ന നഗരത്തിന്റെ ഓരങ്ങളും ആരാലും ശ്രദ്ധിക്കാതെ എന്നാല്‍ നഗരത്തിന് തങ്ങളുടേതായ സാംസ്‌കാരിക സംഭാവനകള്‍ നല്‍കി അപ്രത്യക്ഷരാവുകയും ചെയ്തവരുടെ ജീവിതവുമാണ് ഇതിലുള്ളത്. ഒറ്റവാക്യത്തില്‍ ആധുനികര്‍ ആവിഷ്‌കരിച്ച നഗരജീവിതത്തില്‍തന്നെ വെളിച്ചം വീഴാത്ത ഇടങ്ങളിലേക്ക് കടന്നു ചെല്ലുകയാണ് എസ്.ആര്‍. ലാല്‍ ഈ നോവലില്‍ ചെയ്യുന്നത്. തിരുവനന്തപുരത്ത് എല്ലാവരും കണ്ടിട്ടുള്ളതൊക്കെ നോവലിലുള്ളു. പക്ഷേ കാഴ്ചയില്‍ തറയ്ക്കാതെ പോയവയെല്ലാം പെറുക്കിയടുക്കി നഗരത്തിനു പുതിയൊരു മുഖചിത്രം ഒരുക്കിയിരിക്കുന്നു ലാല്‍.

‘ചിലന്തിവല പോലെയാണ് സ്റ്റാച്യു ലോഡ്ജ്. അതിനകത്ത് അകപ്പെട്ടാല്‍ രക്ഷപ്പെടല്‍ പ്രയാസമാണ്. ഇരയുടെ രക്ഷപ്പെടാനുള്ള ആക്രാന്തമൊന്നും അതിനുള്ളില്‍ ഉണ്ടാവില്ല. വലയോട് പൊരുത്തപ്പെടുന്ന ഇരയുടെ രമ്യപ്പെട്ട ജീവിതമാണവിടെ’ എന്നിങ്ങനെ ആഖ്യാതാവു തന്നെ നോവലില്‍ ഒരിടത്തു പറയുന്നത് നോവല്‍ നല്‍കുന്ന വായനാനുഭവത്തിനും യോജിക്കുന്നു. സ്റ്റാച്യു ലോഡ്ജില്‍ അകപ്പെട്ട ജീവിതങ്ങള്‍ക്കൊപ്പം വായനക്കാരനും ഉള്‍ച്ചേരുന്ന അപൂര്‍വ്വമായ ആഖ്യാനമാണീ നോവല്‍. ആലപ്പുഴയില്‍നിന്ന് തിരുവനന്തപുരത്ത് പല ആവശ്യങ്ങള്‍ക്കെത്തി ഒടുവില്‍ നഗരത്തിന്റെ ഭാഗമായി മാറുന്ന ആഖ്യാതാവിലൂടെയാണ് കഥ മുന്നേറുന്നത്. എന്നാല്‍ കഥാകേന്ദ്രം ‘അയാള്‍ ‘എന്നയാളാണ്. അയാള്‍ക്കു പേരില്ല. നഗരത്തില്‍ ഒരാള്‍ക്കു പേരുണ്ടാവണമെന്നു നിര്‍ബന്ധവുമില്ല. ബാങ്കുദ്യോഗസ്ഥനായി തുടങ്ങി, ജോലി രാജിവച്ച് നഗരത്തിലെ അലച്ചിലിന്റെ സ്വാതന്ത്ര്യം അറിയുന്ന അയാള്‍ അറിഞ്ഞോ അറിയാതെയോ ആഖ്യാതാവിനാല്‍ പിന്തുടരപ്പെടുകയാണ്. ഇതിനിടയില്‍ ധാരാളം ജീവിതങ്ങള്‍ സ്റ്റാച്യു ലോഡ്ജില്‍ ആഖ്യാതാവിന്റെ അനുഭവ സീമയിലെത്തുന്നു. എല്ലാവര്‍ക്കും കഥയുണ്ട്. പക്ഷേ ആ കഥകളെല്ലാം കഥയില്ലായ്മയായി നഗരത്തില്‍ ലയിക്കുന്നു. അയാളും അവര്‍ക്കൊപ്പം മരണത്തിലൂടെ ചേരുകയാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചും ഭ്രാന്തിനെ കുറിച്ചുമൊക്കെ ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് അയാളുടെ മടക്കം.

കവി അയ്യപ്പന്‍, ജി.ആര്‍. ഇന്ദുഗോപന്‍, കടമ്മനിട്ട, ജോണ്‍ ഏബ്രഹാം, നരേന്ദ്രപ്രസാദ് തുടങ്ങി തിരുവനന്തപുരത്തെ ലോഡ്ജുകളെ രാവറുതിയില്ലാതെ പ്രഭാവലയത്തിലാക്കിയ സാംസ്‌കാരിക നായകരൊക്കെ നോവലില്‍ വന്നുപോകുന്നുണ്ട്. ഒരുപക്ഷേ ജീവിച്ചിരുന്നവര്‍ ജീവചരിത്ര നോവലില്ലാതെ കഥാപാത്രങ്ങളാവുന്ന അപൂര്‍വ്വതയാണ് സ്റ്റാച്യു പി.ഒ. യില്‍ സംഭവിക്കുന്നത്. എന്നിരുന്നാലും മുമ്പ് സൂചിപ്പിച്ച അയാള്‍, ലോഡ്ജുടമ പീറ്റര്‍സാര്‍, സൂക്ഷിപ്പുകാരന്‍ പിള്ളച്ചേട്ടന്‍ എന്നിവരാണ് പ്രധാനം. അവരിലൂടെ നഗരത്തിലെ ആരോരും കാണാത്ത ജീവിതങ്ങളും നൊമ്പരങ്ങളും അടയാളപ്പെടുകയാണ്. നഗരത്തിനുള്ളിലെ മറ്റൊരു സാംസ്‌കാരികദേശമാണ് അങ്ങനെ വീണ്ടെടുക്കപ്പെടുന്നത്. സ്റ്റാച്യു ലോഡ്ജ് ഇടിച്ചു നിരത്തി ഫ്ളാറ്റ് പണിയുമ്പോള്‍ മാറുന്ന നഗരത്തിന്റെ മറ്റൊരു മുഖം മുമ്പേ കടന്നുപോയ കുറെയധികം പേരുടെ സ്വപ്നങ്ങളും ഓര്‍മ്മകളും കണ്ണീരും അവശേഷിപ്പിക്കുന്നു.ലോഡ്ജാണ് നോവലിലെ മുഖ്യകഥാപാത്രം. വന്നുപോകുന്നവരാണ് അതിലെ കഥാപാത്രങ്ങള്‍. അതിനിടയിലെ സംഘര്‍ഷങ്ങളാണ് കഥ. അങ്ങനെ ലോഡ്ജിനെ നഗരത്തിലെ ഓരക്കാഴ്ചയില്‍നിന്നു കേന്ദ്രത്തിലെത്തിച്ച് ജീവിതത്തിന്റെ സൂക്ഷ്മാനുഭവമാക്കുന്നു എസ്. ആര്‍. ലാല്‍.

Comments are closed.