DCBOOKS
Malayalam News Literature Website

‘അവസാനിക്കാത്ത യാത്രയുടെ അനശ്വരനായ കൂട്ടുകാരൻ’ മലയാളത്തിന്റെ സ്വന്തം പൊറ്റെക്കാട്ട്

ശബ്ന ശശിധരൻ

പുള്ളിക്കുപ്പായമിട്ട് പൊയ്ക്കാലിൽ നടക്കുന്ന ദീർഘസ്ക്കന്ധനായ ഒട്ടകപ്പുലി, മുക്രയിട്ട് മണ്ടുന്ന മുൻ ശുണ്ഠിക്കാരനായ കണ്ടാമൃഗം, വേലികളിൽ മരത്തടി നിരത്തി വച്ചതു പോലെ ആതപസ്നാനം ചെയ്യുന്ന മുതലക്കൂട്ടങ്ങൾ, നീല വില്ലീസി​​​​ന്റെ നിതംബകഞ്ചുകം ധരിച്ച് ഫ്രഞ്ച് നർത്തകികളെ പോലെ തുടയും തുള്ളിച്ചു കൊണ്ട് നൃത്തം ചവിട്ടി നടക്കുന്ന ഒട്ടകപക്ഷികൾ” -നൈൽ ഡയറിയിൽ എസ്​.കെ പൊറ്റെക്കാട്ട്​ കുറിച്ച വരികളാണിത്​.

ഇന്നത്തെ കാലത്ത് ദൂരങ്ങള്‍ ഇല്ല; ആർക്കും എവിടെ വേണമെങ്കിലും അനായാസമായി എത്തിച്ചേരാം,കൈനീട്ടിയാല്‍ തൊടാന്‍ പാകത്തില്‍ തൊട്ടടുത്ത്. അതുകൊണ്ടുതന്നെ യാത്രകള്‍ ഇപ്പോള്‍ നമുക്കു വലിയ ഭാരങ്ങളോ സംഘര്‍ഷങ്ങളോ സമ്മാനിക്കുന്നുമില്ല. പക്ഷേ ഇന്നത്തേതു പോലെ സൗകര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന നാൽപതുകളിലും അമ്പതുകളിലും മറ്റും യാത്ര അത്ര എളുപ്പമായിരുന്നില്ല. എളുപ്പമാകാതിരുന്ന ഈ യാത്രകളെ എളുപ്പമുള്ളതാക്കിത്തീര്‍ത്ത വ്യക്തിയായിരുന്നു ശ്രീ എസ്.കെ പൊറ്റെക്കാട്ട്.

ഒറ്റക്കാഴ്ചയിൽ മനസ്സിൽ പതിയാത്ത അനേകം കാഴ്​ചകളെയാണ്​ എസ്​.കെ അക്ഷരം കൊണ്ട്​ വരച്ചിട്ടത്​. അതു തന്നെയാണ് എസ്.കെ പൊറ്റെക്കാട്ട് എന്ന സാഹിത്യകാര​​​ന്റെ വിജയവും. കാഴ്​ച്ചയുടെ കാണാപ്പുറങ്ങളിലേക്ക്​ കൗതുകത്തോടെ കടന്നു ചെല്ലുകയും പലരും കണ്ടിട്ടും കാണാതെ പോകുന്ന കാഴ്​ചകളെ അതിഭാവുകത്വത്തിന്റെ പിന്തുണയേതുമില്ലാതെ ആസ്വാദക മനസ്സിലേക്ക്​ സന്നിവേശിപ്പിക്കുകയുമെന്ന എ​ഴുത്തി​​​​ന്റെ മായാജാലമാണ്​ എസ്​.കെയുടെ ഒാരോ വരികളിലും കാണാനാവുന്നത്.

സാഹിത്യത്തെ യാത്രകളോടും യാത്രകളെ സാഹിത്യത്തോടും ചേര്‍ത്തുനിര്‍ത്തിയ എഴുത്തുകാരന്‍. യാത്രകളുടെ ഹൃദയതാളമായിരുന്നു എസ് കെയുടെ സമ്പാദ്യം. നിലയ്ക്കാത്ത യാത്രകള്‍ കൊണ്ട് ജീവിതത്തെ സമൃദ്ധമായി കൊണ്ടാടിയ ആള്‍. സഞ്ചാരസാഹിത്യം എന്ന വിഭാഗത്തെ മലയാളത്തില്‍ വളര്‍ത്തിയെടുത്തതുതന്നെ എസ്.കെയായിരുന്നുവെന്നു പറയാം.

അദ്ദേഹത്തിന്റെ ആദ്യ യാത്രാവിവരണഗ്രന്ഥം കാശ്മീര്‍ ആയിരുന്നു. 1947 ല്‍ ആയിരുന്നു അതു പുറത്തിറങ്ങിയത്. പിന്നീട് നൈല്‍ ഡയറി, യൂറോപ്പിലൂടെ, പാതിരാസൂര്യന്റെ നാട്ടില്‍, ബാലി ദ്വീപ്, ലണ്ടന്‍ നോട്ട്‌ബുക്ക്, സിംഹഭൂമി, സഞ്ചാര സാഹിത്യത്തിന്റെ മൂന്നു വാല്യങ്ങള്‍.. എന്നിങ്ങനെ പുസ്തകങ്ങൾ. അദ്ദേഹത്തിന്റെ നോവലുകളെയും, ചെറുകഥകളിലും വിവരിച്ചിരിക്കുന്ന സ്ഥലങ്ങൾ പോലെ തന്നെ പ്രാധാന്യമാണ് അതിലെ ഓരോ കഥാപാത്രങ്ങളും. കുരുടന്‍ മുരുകന്‍, കൂനന്‍ കണാരന്‍, ഓമഞ്ചി ലാസര്‍, ജാനു, ദേവകി, അപ്പുണ്ണി, ആമിനത്താത്ത, കേളുമാഷ്, കൃഷ്ണക്കുറുപ്പ് തുടങ്ങി അദ്ദേഹത്തി​​​​ന്റെ ഓരോ കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിൽ ചിര പ്രതിഷ്​ഠ നേടിയത്​ അദ്ദേഹത്തി​​​​ന്റെ തൂലികയിലൂടെയാണ് .

ഓരോ രചനകളിലും വ്യത്യസ്തത പുലർത്തിയ എസ്. കെ,അന്നുവരെ മലയാളികള്‍ക്ക് അപരിചിതമായിരുന്ന ഭൂമികകളെ അതീവസുന്ദരമായ ഭാഷയിൽ, ലളിതമായി, ദൃശ്യമികവോടെ അവതരിപ്പിക്കുന്നതില്‍ മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ നോവലുകള്‍ പോലും ഒരുതരത്തില്‍ പ്പറഞ്ഞാല്‍ യാത്രാവിവരണം കൂടിയായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല.

അദ്ദേഹത്തിന്റെ ഓരോ കൃതികളിലൂടെ കടന്നുപോകുമ്പോള്‍ അതു വെറും സ്ഥലവിവരണങ്ങള്‍ മാത്രമായി നമുക്കു തോന്നുകയില്ല, മറിച്ച് പ്രതിജനഭിന്ന വിചിത്രമായ ആളുകളുടെ ജീവിതത്തിലൂടെയാണ് പോകുന്നതെന്ന തോന്നലാണുണ്ടാകുന്നത്. ആ തരത്തില്‍ ജീവിതമനുഭവിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ചരിത്രത്തിന്റെ ഭാഗമായിക്കൂടി പരിഗണിക്കേണ്ട ആ കൃതികള്‍ ഇപ്പോഴും ആസ്വാദനക്ഷമമാകുന്നത്.

ഒരു ദേശത്തി​​​​ന്റെ കഥയിൽ ശ്രീധരൻ എന്ന കഥാപാത്രത്തെ കൊണ്ട്​ എസ്​.കെ. പൊറ്റെക്കാട്ട് ഇങ്ങനെ ചൊല്ലിക്കുന്നു. ശ്രീധര​​​ന്റെ ഉള്ളിലെ കവിയെ എസ്​.കെ ഇത്തരത്തിൽ പല കവിതാ ശകലങ്ങളിലൂടെയും പുറ​ത്തെത്തിക്കുന്നുണ്ട്​. എന്നാൽ മനുഷ്യ​​​ന്റെ ഉള്ളിലെ ക്രൂര മനസ്സിനെ ഉറക്കെ വിളിച്ചു പറയുകയെന്ന എഴുത്തുകാര​​​​ന്റെ കടമ അദ്ദേഹം ഇതിനോടൊപ്പം നിർവഹിച്ചിരിക്കുന്നു.

അദ്ദേഹത്തിന്റെ മറ്റൊരു നോവലായ വിഷകന്യകയിൽ മധ്യതിരുവിതാംകൂറില്‍ നിന്ന് മലബാറിന്റെ മണ്ണിലേക്ക് പുതിയ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമായി കുടിയേറുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെയും കീഴടങ്ങലിന്റെയും കഥയാണ് പറയുന്നത്, അതിനുമപ്പുറം ഒരു കാലത്തെയും ദേശത്തെയും അദ്ദേഹം അതില്‍ മനോഹരമായി വര്‍ണിക്കുന്നുമുണ്ട്. ഒരു ദേശത്തിന്റെ കഥയും ഇതുപോലെ തന്നെ.

നിലയ്ക്കാത്ത യാത്രകൾ കൊണ്ട് സാഹിത്യലോകത്തിന് ഏറെ സംഭാവനകൾ നൽകിയ എസ്.കെ പൊറ്റെക്കാട്ട് കോഴി​ക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്​.

1913 മാർച്ച് 14നാണ് ശങ്കരൻ കുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട് എന്ന​ എസ്​.കെ പൊറ്റക്കാട്​ കോഴിക്കോടിന്റെ മണ്ണിലേക്ക് പിറന്നു വീണത്​. നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനുമായിരുന്ന അദ്ദേഹം ജ്ഞാനപീഠ പുരസ്കാര ജേതാവുമാണ്. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട് ഇംഗ്ലീഷ് സ്കൂൾ അധ്യാപകനായിരുന്നു. കോഴിക്കോട് ചാലപ്പുറം ഗണപത് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളജിൽ നിന്ന്​ ഇൻറർമീഡിയറ്റ് നേടി അദ്ധ്യാപകനായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് യാത്രകളിൽ താൽപര്യം ജനിച്ചത്.

“അവസാനിക്കാത്ത പ്രാര്‍ഥനയാണു ജീവിതം” എന്ന് ബഷീര്‍ പറയുമ്പോള്‍ “അവസാനിക്കാത്ത യാത്രയാണു ജീവിതം” എന്ന് എസ്.കെ തിരുത്തിയെഴുതുകയായിരുന്നു സഞ്ചാരം കൊണ്ട്.

വളരെ സൗകര്യങ്ങൾ കുറഞ്ഞ കാലത്ത്​ ദിവസങ്ങളും മാസങ്ങളുമെടുത്ത്​ നാടായ നാടുകളെല്ലാം കറങ്ങി, അറിവുകളും അനുഭവവുമാർജ്ജിച്ച്​ സഞ്ചാര സാഹിത്യത്തിൽ എസ്.കെ തീർത്ത ലോകമാണ്​ അദ്ദേഹത്തെ ആരാധ്യനാക്കുന്നത്. മലയാളത്തിലെ ‘ജോൺഗന്തർ’ എന്നും ‘എംപയർ സ്റ്റേറ്റ് ബിൽഡിങ്​ ‘എന്നൊക്കെയാണ് സാഹിത്യലോകം അദ്ദേഹത്തിന് നൽകിയ വിശേഷണങ്ങൾ.’ നിത്യസഞ്ചാരി എന്ന വിശേഷണത്തിന് അർഹനായിരുന്നു എസ്.കെ. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പുതിയ പുതിയ അറിവുകളിലേക്കുള്ള പ്രയാണം കൂടിയാണത്​.

വായനക്കാരനെ ഭാവനയുടെ പുതിയ മേച്ചിൽപുറങ്ങളി​ലേക്ക് നയിച്ച, യാത്രകളെ ഏറെ ഇഷ്​ടപ്പെട്ട, ഒട്ടനവധി പേരെ യാത്ര ചെയ്യാൻ​ ​പ്രേരിപ്പിച്ച എസ്​.കെ പൊറ്റെക്കാട്ട് ഒടുവിൽ ഭൂമിയിലെ എല്ലാ യാത്രകളും അവസാനിപ്പിച്ച് 1982 ആഗസ്റ്റ് ആറിന് ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം യാത്ര തിരിച്ചു.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എസ് കെ പൊറ്റെക്കാട്ടിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.