DCBOOKS
Malayalam News Literature Website

മതപരമായ വര്‍ത്തമാനങ്ങള്‍

താഹ മാടായി

ഇസ്ലാം കാര്യത്തിലും ഈമാന്‍ കാര്യത്തിലും ‘ബുര്‍ക്ക’യില്ല. എന്നാല്‍, ഭരണഘടന എന്ന
‘കിത്താബില്‍’ എല്ലാ മനുഷ്യര്‍ക്കും മൗലികമായ തുല്യതയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഏറ്റവും വലിയ സത്യമിതാണ്, മതത്തിന്റെ പേരില്‍ പര്‍ദ്ദയെ ഒരു അവകാശമായി സ്ഥാപിക്കുന്നതിനേക്കാള്‍ എളുപ്പവും യുക്തിസഹവുമാണ് ‘ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യ’ത്തെക്കുറിച്ച് സംസാരിക്കല്‍. മതത്തേക്കാള്‍ ഇന്ത്യന്‍ ഭരണഘടന മുസ്ലിമിന് മാത്രമല്ല, എല്ലാ പൗരന്മാര്‍ക്കും ഫ്രീഡം വാഗ്ദാനം ചെയ്യുന്നു.

‘ദൈവത്തിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നു’ എന്ന പ്രതിജ്ഞ (ശഹാദത്ത് കലിമ) ചൊല്ലിയ ഒരാള്‍, ‘നഗ്നനായി നടന്നാല്‍’ പോലും മുസ്ലിമാണ് എന്ന് ഇസ്ലാം വിമര്‍ശകനായ ഹമീദ് ചേന്ദമംഗല്ലൂര്‍, ‘ഹിജാബ്’ മുഖ്യവിഷയമാക്കിയ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പങ്കെടുത്ത് അഭിപ്രായപ്പെടുകയുണ്ടായി. ‘മൗലാനാ മൗദൂദിയുടെ ഭാര്യ പര്‍ദ്ദധരിച്ചിട്ടില്ല’ എന്നും ഹമീദ് ചേന്ദമംഗല്ലൂര്‍ ആ ചര്‍ച്ചയില്‍ തുടര്‍ന്നു പറഞ്ഞു.

ഹമീദ് ചേന്ദമംഗല്ലൂരിനും എം. എന്‍ കാരശ്ശേരിക്കും ഒരു ‘ഇസ്ലാമിക’ ധാരയുണ്ട്. സവിശേഷമായ മലബാര്‍ ഇസ്ലാമിക ധാരയാണത്. സാംസ്‌കാരികമായ കേരളീയ മിശ്രജാതി / സമുദായ പലമകളിലൂടെ രൂപംകൊണ്ട ജന്മസിദ്ധമായ ഇസ്ലാമാണത്. ജന്മസിദ്ധമായ ആ ഇസ്ലാമിനെ കെ.ഇ.എന്‍ ഉപേക്ഷിച്ചു. കെ.ഇ.എന്‍ ഉപേക്ഷിച്ച ആ ഇസ്ലാമിനെ മാധവിക്കുട്ടി വാരിപ്പുണര്‍ന്നു. മാത്രവുമല്ല, മാധവിക്കുട്ടി ഹിജാബുമിട്ടു. ഇടക്ക് പര്‍ദ്ദാ ധാരിയുമായി. എന്തുകൊണ്ട്?

ഹമീദ് ചേന്ദമംഗല്ലൂര്‍ പറഞ്ഞതു പോലെ, ‘ശഹാദത്ത് കലിമ’ എന്ന ‘വിശ്വാസ പ്രതിജ്ഞ’ എടുത്താല്‍ മാത്രം ഒരാള്‍ മുസ്ലിമാകില്ല എന്നതുകൊണ്ടാണ് വിശുദ്ധയായ മാധവിക്കുട്ടിയെ മുസ്ലിം മതമൗലിക വാദിബുര്‍ക്കാധാരിയാക്കിയത്. ഇസ്ലാം, അനുഷ്ഠാനത്തിന് ഊന്നല്‍ നല്‍കുന്ന ഒരു മതമാണ്. നിസ്‌കാരം ഇസ്ലാമികമാണ്, നൃത്തം ആ നിലയില്‍ ഇസ്ലാമികമല്ല. സൂഫി നൃത്തമായ ‘സമ’ പോലും മതനിയമാവലിക്കുപുറത്താണ്. നിരോധിക്കപ്പെട്ട നൃത്തമാണ്, വലതു കൈവിരലുകള്‍ ആകാശത്തിലേക്കുയര്‍ത്തിയും ഇടതു കൈവിരലുകള്‍ ഭൂമിയിലേക്ക് താഴ്ത്തിയും വൃത്താകൃതിയില്‍ ആനന്ദലഹരിയില്‍ ചുവടു വെക്കുന്ന ‘സമ’. സമനൃത്തംചെയ്യുന്ന എത്ര മുസ്ലിംകള്‍ നമുക്കിടയിലുണ്ട്? നമസ്‌കാരപ്പള്ളികള്‍ നിറയെ പുരുഷാരമാണ്. പക്ഷെ, നൃത്തംചെയ്യുന്ന മുസ്ലിമിനെ അവരില്‍നിന്ന് കണ്ടെ
ത്താന്‍ ബുദ്ധിമുട്ടാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

 

Comments are closed.