DCBOOKS
Malayalam News Literature Website

ഇടമലയാറില്‍ റെഡ് അലര്‍ട്ട്; അണക്കെട്ട് വ്യാഴാഴ്ച തുറക്കും

എറണാകുളം: ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഇന്ന് രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 168.21 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബിയുടെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞ്ചിനീയര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ടില്‍ നിന്നും 164 ഘനസെന്റീമീറ്റര്‍ വെള്ളം ഒഴുക്കുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

പെരിയാറിലെ നിലവിലെ ജലനിരപ്പില്‍ നിന്നും 11.5 മീറ്റര്‍ വരെ ജലം ഉയരുവാന്‍ സാധ്യതയുണ്ടെന്നും പുറത്തേക്ക് വിടുന്ന ജലം 56 മണിക്കൂറില്‍ ആലുവ ഭാഗത്ത് എത്തുമെന്ന് അനുമാനിക്കുന്നതായും കേരള ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2013-ല്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 900 ഘനമീറ്റര്‍ വെള്ളം പുറത്തുവിട്ടിരുന്നു. അണക്കെട്ടിന്റെ താഴെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവരും പെരിയാറിന്റെ ഇരുകരകളില്‍ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Comments are closed.