DCBOOKS
Malayalam News Literature Website

മാറുന്ന കേരളവും പുത്തന്‍ സംരംഭങ്ങളുടെ പ്രാധാന്യവും

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചും സ്റ്റാര്‍ട്ടപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ചും വാചാലരായി ടി.പി സേതുമാധവനും ജിതിന്‍ വി.ജിയും. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അക്ഷരം വേദിയില്‍ ഇന്ന് നടന്ന റീബില്‍ഡ് കേരള, സ്റ്റാര്‍ട്ട് ചേഞ്ചസ്, റിപ്പീറ്റ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കേരളത്തിലെ പുതുമയാര്‍ന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാധ്യതകളെക്കുറിച്ച് ടി.പി സേതുമാധവന്‍ സൂചിപ്പിച്ചപ്പോള്‍ അതിന്റെ പോരായ്മകളെക്കുറിച്ചും വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചും ജിതിന്‍ വി.ജി. സംസാരിച്ചു.രാജേഷ് നായര്‍ ആയിരുന്നു മോഡറേറ്റര്‍.

കേരളത്തില്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ സംരംഭങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണെന്ന് ടി.പി സേതുമാധവന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയിലും പഠനത്തോടൊപ്പം തൊഴില്‍ എന്ന രീതിയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പുതിയ സംരംഭങ്ങള്‍ക്ക് ഫണ്ടു ചെയ്യുന്നുണ്ട്. പ്രളയാനന്തര കേരളത്തിന്റെ സ്‌കില്ലിങ്ങിലും സൂപ്പര്‍വൈസറിയിലുമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതകള്‍ ഏറെയാണ്. കാര്‍ഷികരംഗത്തും ഭക്ഷ്യസംസ്‌കരണ രംഗത്തും സുരക്ഷയുറപ്പു വരുത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതയേറി വരികയാണ്. എന്നാല്‍ ആരും സാഹസികതകള്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കുന്നില്ല എന്നതാണ് കേരളത്തിന്റെ പ്രധാന പ്രശ്‌നമെന്നും, കഴിവുകള്‍ ഉണ്ടാക്കിയെടുക്കുന്നതിനേക്കാള്‍ നമ്മുടെ താത്പര്യം അറിഞ്ഞ് കഴിവിനെ പരിപോഷിപ്പിക്കണമെന്നും ടി.പി സേതുമാധവന്‍ പറഞ്ഞു.

കേരളത്തിലുള്ളവര്‍ പോലും ബംഗലൂരു പോലെയുള്ള മറ്റു നഗരങ്ങളിലാണ് തങ്ങളുടെ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നതെന്ന് ജിതിന്‍ വി.ജി അഭിപ്രായപ്പെട്ടു. ഇവിടെയുള്ളവര്‍ പണത്തിന് പ്രാധാന്യം നല്‍കി സ്റ്റാര്‍ട്ടപ്പുകള്‍ നിരുത്സാഹപ്പെടുത്തുമ്പോള്‍ അമേരിക്ക പോലെയുള്ള വലിയ രാജ്യങ്ങളില്‍ ഉത്പ്പന്നത്തിന്റെ മൂല്യത്തിനാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ അവിടെയൊക്കെ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനായുള്ള മൂലധനത്തിനു വേണ്ടിയുള്ള പദ്ധതികള്‍, സംരംഭങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നുമുണ്ട്. പുതുമയാര്‍ന്ന സംരംഭങ്ങളോട് നമ്മുടെ സമൂഹത്തിനുള്ള മനോഭാവവും നിലപാടും വളരെയധികം മാറേണ്ടതുണ്ട്. തന്റെ 16-ാമത്തെ വയസ്സില്‍ തുടങ്ങിയ സ്റ്റാര്‍ട്ട് അപ് 18-ാം വയസ്സില്‍ വില്‍ക്കേണ്ടിവന്നതിലുള്ള ഖേദവും ജിതിന്‍ വി.ജി സദസ്സിനോട് പങ്കുവെച്ചു.

Comments are closed.