DCBOOKS
Malayalam News Literature Website

ശരീരം വിട്ട് സഞ്ചരിക്കുന്ന രേവതി

രേവതി ഒരു നേഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു. രേവതിയുടെ  സഹോദരനാണ് അവളെ എന്റെ അടുത്തു കൊണ്ട് വന്നത്. എന്റെ മുമ്പിൽ വളരെ വിഷണ്ണയായിട്ടായിരുന്നു അവൾ ഇരുന്നത്. അവളുടെ അനുഭവം അൽപ്പം വിചിത്രമായിരുന്നു. കുറച്ചു ദിവസമായി അവൾ ചില സ്വപ്നങ്ങൾ കണ്ടു ചാടി എഴുന്നേൽക്കുന്നു. ഒരു മുറിയിൽ അവളെ ആരോ പിടിച്ചിരുത്തി അതിന് ചുറ്റും മതിൽ കെട്ടുന്നു. അവൾ അങ്ങനെ ആ മുറിക്കുള്ളിൽ അകപ്പെട്ടു പോകുന്നു,

തന്റെ ശരീരം മുറിക്ക് പുറത്തു പോകുന്നില്ലെങ്കിലും തന്റെ മനസ്സ് പുറത്തു കടന്നു ശരീരത്തെ നോക്കുന്നത് കാണുവാൻ സാധിക്കുന്നു. അവിടെ മറ്റുള്ള ആളുകളുടെ മനസ്സും ഇത് പോലെ ഒഴുകി നടക്കുന്നുണ്ട്.

ഹോസ്റ്റലിൽ വച്ചാണ് ഈ അനുഭവം കൂടുതൽ. സുഹൃത്തുക്കളിൽ ഒരാളുമായി അവൾ തന്റെ അനുഭവം പങ്കുവച്ചു.അവരുടെ മുറിയിൽ വച്ചു ഏതാണ്ട് സമാനമായ അനുഭവങ്ങൾ പലർക്കും ഉണ്ടതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട് എന്നവൾ പറഞ്ഞു. ഒരു ദിവസം പകൽ സമയത്തു ആ മുറിയിൽ ഉറങ്ങിയപ്പോൾ ഇതേ അനുഭവമുണ്ടായതായി അവളും ഓർക്കുന്നു.

രേവതിക്ക് പ്രേതങ്ങളിൽ ഒന്നും വിശ്വാസമില്ല. പക്ഷെ ഈ അനുഭവങ്ങൾ അവളെ മാനസികമായി വിഷമിപ്പിക്കുന്നു. മറ്റൊരു സ്ഥലത്തും ഈ പ്രശ്നങ്ങൾ അവൾക്കുണ്ടാവുന്നില്ല എന്നതിനാൽ മുറിയിൽ പ്രേതം ഉണ്ടോ എന്ന് എങ്ങനെ കണ്ടു പിടിക്കാം എന്നറിയുവാൻ വന്നതാണ് അവർ. ആ മുറിയിൽ പണ്ടൊരു വിദ്യാർത്ഥി ആത്‍മഹത്യ ചെയ്ത ചരിത്രം കൂടിയുണ്ട്.

എന്താണ് പ്രേതബാധ ?

ഒരു വ്യക്തി സാധാരണയായി സംസാരിക്കുന്ന രീതിയിൽ രീതിയിൽ നിന്നും മാറി സംസാരിക്കുകയും അവന്റെ ഭാഷാശൈലിയും ഭാവങ്ങളും വികാരപ്രകടനങ്ങളും മറ്റൊരു വ്യക്തിയുടെ പോലെയോ തികച്ചും അസാധാരണമാവുകയോ ചെയ്യുമ്പോൾ ഇത് എന്തിന്റെയോ ബാധയാണെന്ന് ഇപ്പോഴും ജനം കരുതാറുണ്ട്. എന്നാൽ ഇപ്രകാരമുള്ള ഭാവ മാറ്റങ്ങൾക്ക് പലപ്പോഴും ശരീരശാസ്ത്രപരമോ മനഃശാസ്ത്രപരമോ ആയ കാരണങ്ങൾ ഉണ്ടാകും.

കൂടുതൽ സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായ കാര്യങ്ങൾ ഇതാണ്. രേവതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ രേവതിയുടെ  വെറും തോന്നൽ ഒന്നുമല്ല. ഹൈപോക്സിയ ആണ് ഇവിടെ വില്ലൻ.

ഹൈപോക്സിയ (Hypoxia)

ശരീരകോശങ്ങളിൽ ആവശ്യത്തിന് ഓക്സിജൻ എത്താതെ വരുമ്പോഴുള്ള ഒരു അവസ്ഥയ്ക്കാണ് ഹൈപോക്സിയ എന്ന് പറയുന്നത്.

ഓക്സിജന്റെ അളവ് രക്തത്തിൽ കുറയുന്നതനുസരിച്ച് മതിഭ്രമങ്ങൾ, മിഥ്യാദർശനങ്ങൾ (Hallucinations ) എന്നിവ ഉണ്ടാകും എന്നത് തികച്ചും അറിയപ്പെടുന്ന ഒരു കാര്യമാണ്. മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുക, മാലാഖമാരെയോ, ദൈവത്തെയോ കാണുക, ദിവ്യസ്വരങ്ങൾ കേൾക്കുക തുടങ്ങിയവയൊക്കെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞാൽ സംഭവിക്കും.

ഇപ്രകാരമുള്ള അവസ്ഥയിൽ ഒരു വ്യക്തിയിൽ പല ഭാവമാറ്റങ്ങളും ദൃശ്യമാകാറുണ്ട്. മിഥ്യാദർശനം (Hallucinations ), പരസ്പര വിരുദ്ധമായ രീതിയിലുള്ള സംസാരം, ബോധക്ഷയം തുടങ്ങി പല മാറ്റങ്ങളും കാണുവാൻ സാധിക്കും. ഇത് പലപ്പോഴും ബാധയുടെ ഉപദ്രവമാണെന്നും മറ്റുചിലപ്പോൾ ദൈവാനുഭവം ആണെന്നും ജനം കരുതാറുണ്ട്. ജനങ്ങൾ കൂടിനിൽക്കുന്ന സ്ഥലങ്ങൾ, വായുസഞ്ചാരമില്ലാത്ത മുറികൾ, ബോധപൂർവ്വമുള്ള ശ്വാസനിയന്ത്രണം, മറ്റു ശാരീരിക കാരണങ്ങൾ തുടങ്ങിയവ മൂലം ഹൈപോക്സിയ ഉണ്ടാകാറുണ്ട്.

കാർബൺ ഡൈ ഓക്സൈഡ്  കൂടുതൽ ആകുമ്പോൾ 

രക്തത്തിൽ  കാർബൺ ഡൈ ഓക്‌സൈഡിന്റെ  അളവ് കൂടുമ്പോൾ അത് കാഴ്ചയെ ബാധിക്കുകയും മതിഭ്രമം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. തുരങ്കങ്ങൾ കാണുന്നതും കടുത്ത പ്രകാശം കാണുന്നതും സ്വർഗ്ഗവും ദൈവങ്ങളെയും മരിച്ചവരെയുമൊക്കെ കാണുന്നതും ഇക്കാരണത്താലാകാം.

രേവതി കിടക്കുന്ന മുറി ഒരു ഒഴിഞ്ഞ സ്ഥാനത്ത് , വായുസഞ്ചാരമില്ലാത്ത അവസ്ഥയിലാണ് എന്ന് മാത്രമല്ല, ആശുപത്രിയുടെ ഇനിസിനേറ്ററിൽ (മാലിന്യങ്ങൾ കത്തിച്ചു കളയുന്ന സ്ഥലം ) നിന്നുള്ള പുക കാറ്റടിക്കുമ്പോൾ എയർ ഹോളിലൂടെ തള്ളികയറാറുമുണ്ട്. അതുകൊണ്ട് തന്നെ ജനൽ തുറക്കുന്ന പരിപാടി ഇല്ല.
ഇവിടെ വായു  ദുഷിച്ചതാണ് പ്രശ്നമായത്. കാർബൺ ഡൈ ഓക്‌സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങളുടെ സാന്ദ്രത ഇവിടെ കൂടുതലാണ്. ഇതൊക്കെയാണ് ഉറങ്ങുന്ന സമയത്തുള്ള ഈ വിഭ്രാന്തിക്ക് കാരണം.

രോഗങ്ങൾ ഉണ്ടാക്കുന്ന പ്രേത സാന്നിധ്യം 

ടെമ്പറൽ ലോബ് എപ്പിലെപ്സി എന്ന അപസ്മാരം ഉള്ളവരിൽ മിഥ്യാഭ്രമങ്ങൾ, മിഥ്യാ ദർശനങ്ങൾ ഒക്കെ വളരെയധികമായി ഉണ്ടാവാറുണ്ട്. പക്ഷെ പലരുടെയും കാര്യത്തിൽ ഇതൊരു അപസ്മാരം ആണെന്ന് പോലും കണ്ടെത്താറില്ല. പ്രത്യേകിച്ച്  ആത്മീയമായ ഒരു പരിവേഷം അതിന് ലഭിക്കുകയാണെങ്കിൽ. ഇവർ ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയും, ദൈവങ്ങളെയും മരിച്ചുപോയവരേയുമൊക്കെ കാണുകയും ചെയ്യും. ആത്മീയ അനുഭൂതി ഉണ്ടാവുന്ന ചിലരിൽ ഈ അനുഭൂതികളുടെ സമയത്തെടുത്ത ഇലക്ട്രോ ഇൻസെഫാലോ ഗ്രാഫ് എന്ന മസ്‌തിഷ്‌ക  തരംഗ പരിശോധനയിൽ ഇവർക്ക് ടെമ്പറൽ ലോബ് അപസ്മാരം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ജോവാൻ ഓഫ് ആർക്ക്, ഫയോഡർ ദസ്തോവിസ്കി തുടങ്ങി ഒരു പാട് ആളുകൾ ടെമ്പറൽ ലോബ് അപസ്മാര ബാധിതരായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട് തന്റെ ആത്മീയ അനുഭൂതിയെകുറിച്ചു ദസ്തോവിസ്കി പറയുന്നതിപ്രകാരമാണ്.

“എനിക്ക് ജീവിതത്തിൽ ഇടയ്ക്കിടയ്ക്ക് എന്റെ ശരീരവും ഇൗ പ്രപഞ്ചവുമായി ഒരു ഏകാത്മ ഭാവം ഉണ്ടാകുന്നതായി അനുഭവപ്പെടാറുണ്ട്. ഏതാണ്ട് സെക്കൻഡുകൾ മാത്രം നീണ്ടു നിൽക്കുന്ന ഈ പരമാനന്ദത്തിന് വേണ്ടി പത്തുവർഷമോ എന്റെ ജീവിതം മുഴുവനോ നൽകുവാൻ ഞാൻ തയ്യാറാകും..”

പ്രേതങ്ങളെ കാണുവാൻ ഉള്ള അനേകം ശാസ്ത്രീയകാരണങ്ങളിൽ ചിലത് മാത്രമാണ് ഇതൊക്കെ. രേവതി ആ മുറിയിൽ നിന്ന് മാറി താമസിച്ചപ്പോൾ പിന്നീട് ഉപദ്രവമൊന്നും ഉണ്ടായിട്ടില്ല.

Comments are closed.