DCBOOKS
Malayalam News Literature Website

സര്‍ഗ്ഗാത്മകതയും എഴുത്തും; ടി.ഡി രാമകൃഷ്ണനും സോണിയ റഫീഖും തമ്മിലുള്ള അഭിമുഖ സംഭാഷണം

മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ തമ്മിലുള്ള അഭിമുഖ സംഭാഷണമാണ് ഈ പംക്തി. എഴുത്ത്, വായന എന്നിവയെക്കുറിച്ചുള്ള സമകാലീനമായ ചിന്തകളും ആശയങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് എഴുത്തുകാര്‍. വായനാവാരത്തോട് അനുബന്ധിച്ച് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന ഈ പംക്തിയില്‍ പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണനും എഴുത്തുകാരി സോണിയ റഫീക്കും തമ്മില്‍ നടത്തിയ അഭിമുഖസംഭാഷണമാണ് ഈ ലക്കത്തില്‍.

ചരിത്രരേഖകളിലൂടെയും മിത്തുകളിലൂടെയും നടത്തിയ അന്വേഷണങ്ങളിലൂടെ ഉടലെടുത്ത നോവലുകളാണല്ലോ ഫ്രാന്‍സിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയും. ഉമ്പര്‍ട്ടോ എക്കോയുടെ സങ്കേതങ്ങളോട് കടുത്ത അടുപ്പം എഴുത്തില്‍ കണ്ടുവരുന്നതായി തോന്നിയിട്ടുണ്ട്. അതിനെക്കുറിച്ച്?

ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന എഴുത്തുകാരിലൊരാളാണ് ഉമ്പര്‍ട്ടോ എക്കോ. അദ്ദേഹത്തിന്റെ കൃതികള്‍ സ്വാഭാവികമായും എന്നെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഫൂക്കോസ് പെന്‍ഡുലം എന്ന നോവല്‍, ഓണ്‍ ലിറ്ററേച്ചര്‍ എന്ന കൃതിയിലെ ലേഖനങ്ങളിലെ ആശയങ്ങള്‍ തുടങ്ങിയവയൊക്കെ എഴുത്തിനെ രൂപപ്പെടുത്തുന്നതില്‍ എന്നെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുള്ള കൃതികളാണ്. എന്നാല്‍ ഉമ്പര്‍ട്ടോ എക്കോ എന്ന ഒറ്റ എഴുത്തുകാരന്റെ രീതികളെ മാത്രം പിന്തുടര്‍ന്നല്ല നോവലെഴുത്ത്. പുതിയ കാലത്ത് നോവലെന്ന സാഹിത്യരൂപം വൈവിധ്യമാര്‍ന്ന പല തലങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഭാഷയില്‍, ആഖ്യാനത്തില്‍, വിഷയവത്കരിക്കുന്നതില്‍ എല്ലാ കാര്യങ്ങളിലും ആ മാറ്റം വ്യക്തമാണ്. ഉമ്പര്‍ട്ടോ എക്കോയെ പോലെ തന്നെ അമിതാവ് ഘോഷ്, മുറഗാമി തുടങ്ങിയവരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എഴുത്തിനെ സ്വാധീനിച്ചിട്ടുള്ളവരാണ്. അവരോടെല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. കാരണം സാഹിത്യം അല്ലെങ്കില്‍ നോവലെഴുത്ത് എന്നത് തുടര്‍ച്ചയായി സംഭവിക്കുന്ന കാര്യമാണ്. മറ്റു പല എഴുത്തുകാരും എഴുതിയതിന്റെ തുടര്‍ച്ചയായാണ് അവരില്‍ പലരും എഴുതുന്നത്. ഓരോരുത്തരും അവരാല്‍ കഴിയുന്ന രീതിയില്‍ ആ വഴികളെ കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കുകയും തങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കുന്നവരുമാണ്. പറയുന്ന കഥകള്‍ കൂടുതല്‍ വിശ്വസനീയമായി അവതരിപ്പിക്കുന്നതിന് ചരിത്രവും മിത്തുമൊക്കെ ഉപയോഗിക്കുന്നു എന്നല്ലാതെ ചരിത്രം പറയാനോ മിത്തുകള്‍ ആഖ്യാനം ചെയ്യാനോ മാത്രമായിട്ടല്ല നോവല്‍ എഴുതുന്നത്. ഇവയെല്ലാം തന്നെ കഥ പറച്ചിലിന്റെ സാധ്യതകളായി വികസിപ്പിച്ചെടുക്കുകയാണ്.

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥ താങ്കളുടെ നോവലിനെ സ്വാധീനിച്ചുവെന്ന് കരുതുന്നു. ടി.ഡി രാമകൃഷ്ണനെന്ന എഴുത്തുകാരനെ നരവംശസങ്കീര്‍ണ്ണതകള്‍ വല്ലാതെ വേട്ടയാടുന്നുണ്ടോ?

ആഭ്യന്തരയുദ്ധത്തിനു ശേഷമുള്ള ശ്രീലങ്കയുടെ ചരിത്രവും രാഷ്ട്രീയവുമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയില്‍ ചിത്രീകരിക്കുന്നത്. നരവംശ സങ്കീര്‍ണ്ണതകള്‍ ഏതൊരു എഴുത്തുകാരനെയും പോലെ എന്നെയും ബാധിക്കുന്നുണ്ട്. എന്നാല്‍ ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സങ്കീര്‍ണ്ണതയേക്കാള്‍ ഉപരി കേരളത്തോട് അടുത്തു കിടക്കുന്ന ഒരു പ്രദേശം, പല തരത്തിലും നമ്മുടെ നാടുമായും സംസ്‌കാരവും ചരിത്രവുമായി ബന്ധമുള്ള ഒരിടം, അവിടെ സംഭവിക്കുന്ന വലിയ വംശഹത്യകള്‍, അതിന്റെ ഒരിക്കലും മങ്ങാത്ത മുറിവുകള്‍ അതൊക്കെയാണ് എന്നെ ബാധിച്ചിട്ടുള്ളത്.

എനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ശ്രീലങ്കന്‍ എഴുത്തുകാരും എഴുത്തുകാരികളും ഉണ്ടായിരുന്നു. ഇവരിലൂടെ ഞാനറിഞ്ഞ ആഭ്യന്തര യുദ്ധത്തിന്റെ പിന്നാമ്പുറ കഥകള്‍ വല്ലാതെ ഭയപ്പെടുത്തുന്നതായിരുന്നു. അവിടെ എല്ലാ വിഭാഗങ്ങളും ഒരുപോലെ ഹിംസിക്കപ്പെട്ടു. ആ പ്രദേശത്തെ നിസ്സഹായരായ സാധാരണക്കാര്‍ വലിയ ദുരിതത്തിലേക്ക് ആഴ്ത്തപ്പെട്ട കഥകളാണവ. പക്ഷെ, അതു പറയാന്‍ എനിക്ക് ഒരു ഫിക്ഷന്റെ തലം ആവശ്യമായിരുന്നു. അതിനാണ് ചരിത്രത്തിന്റെയും മിത്തിന്റെയുമൊക്കെ സഹായത്തോടെ ആണ്ടാള്‍ ദേവനായകി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ആ ദേവനായകിയുടെ പശ്ചാത്തലത്തിലൂടെ ശ്രീലങ്കയുടെ, കേരളമുള്‍പ്പെടുന്ന പഴയകാല തമിഴകത്തിന്റെ കഥ പറയാന്‍ ശ്രമിക്കുന്നത്. ഒരിക്കലും അവസാനിക്കാത്ത ഹിംസയുടെ ആഘോഷങ്ങളാണ് മനുഷ്യവംശത്തിന്റെ സങ്കീര്‍ണ്ണാവസ്ഥയായി എനിക്കു തോന്നിയിട്ടുള്ളത് . ഈ നോവലിലും അതു തന്നെയാണ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.

ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ മലയാളത്തില്‍ തന്നെ ആദ്യമായി ഹൈപ്പേഷ്യ എന്ന ഉജ്ജ്വലസ്ത്രീയെ അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത നോവലിലൂടെ സുഗന്ധി, രജനി എന്നീ ശക്തരായ സ്ത്രീകഥാപാത്രങ്ങളേയും മലയാളിക്ക് മുന്നില്‍ കൊണ്ടുവന്നു. ഒരു മലയാളിയുടെ ശരാശരി സ്ത്രീസങ്കല്പങ്ങളെ ഉടച്ചുവാര്‍ക്കുന്ന ഇത്തരം സ്ത്രീകളെ ധൈര്യപൂര്‍വ്വം നോവലുകളില്‍ അവതരിപ്പിക്കുന്ന ഏകപുരുഷ നോവലിസ്റ്റ് എന്ന് താങ്കളെ വിശേഷിപ്പിക്കാമോ?

അങ്ങനെയൊന്നും അതിനെ കാണേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്. മലയാളനോവല്‍ പോലെ പരന്നുകിടക്കുന്ന ഒരു സാഹിത്യവിഭാഗത്തില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ എത്ര വേണമെങ്കിലും ഉണ്ടാകാം. എന്നെ സംബന്ധിച്ചിടത്തോളം ഹൈപ്പേഷ്യയും രജനിയും ദേവനായകിയുമൊക്കെ ആ കഥാസന്ദര്‍ഭത്തില്‍ അവര്‍ സ്വീകരിക്കാനിടയുള്ള നിലപാടുകളും ജീവിതങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നവരാണ്.

പുതിയ നോവല്‍ മാമ ആഫ്രിക്ക വളരെ പ്രധാനപ്പെട്ട ഒരു സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിക്കുന്നതാണ്. ഉഗാണ്ടയില്‍ ജനിച്ചു വളര്‍ന്ന താര വിശ്വനാഥ് എന്ന എഴുത്തുകാരിയുടെ കഥയാണിത്. ഈദി അമീന്റെ കാലത്ത് ജീവിക്കുന്ന, പ്രശ്‌നഭരിതമായ നിരവധി സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന ഒരെഴുത്തുകാരിയാണ് അവര്‍. താരാ വിശ്വനാഥ് സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളെയെല്ലാം ധീരമായി നേരിട്ടു എന്നു പറയാനാവില്ല. പലപ്പോഴും പതറിപ്പോകുന്ന, പ്രലോഭനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോകുന്ന, എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയായിട്ടാണ് നോവലില്‍ അവതരിപ്പിക്കുന്നത്.

ബോധപൂര്‍വ്വം ശക്തരായ കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്ന രീതി എന്നെ സംബന്ധിച്ച് എഴുത്തില്‍ ഇല്ല. സ്വാഭാവികമായി സംഭവിക്കുന്നവയാണ് അവയെല്ലാം. നിത്യജീവിതത്തില്‍ ഇവരേക്കാള്‍ എത്രയോ ശക്തമായി പ്രതികരിക്കുന്ന, ധീരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സ്ത്രീകളുണ്ട്. അവരെ പലപ്പോഴും നമ്മള്‍ അറിയുന്നില്ല എന്നു മാത്രം.

ചരിത്രവും രാഷ്ട്രീയവും ഫെമിനിസവും എല്ലാം സമര്‍ത്ഥമായി കൈകാര്യം ചെയ്തുകൊണ്ട് താങ്കളൊരു പാന്‍ ഗ്ലോബല്‍ എഴുത്തുകാരനാകാന്‍ ബോധപൂര്‍വ്വം ശ്രമിക്കാറുണ്ടോ?

അത്തരം ബോധപൂര്‍വ്വമായ ശ്രമങ്ങളില്ല. മനസ്സിലേക്കു കടന്നുവരുന്ന കഥ പറഞ്ഞുവരുമ്പോള്‍ കുറച്ചു കൂടി വിശാലമായ ഭൂപ്രദേശത്തും കാലത്തിലുമൊക്കെ ആകുന്നുവെന്നേയുള്ളൂ. നോവലെന്ന സാഹിത്യരൂപത്തിന്റെ വലിയൊരു സാധ്യത, അതിന് ബൃഹത്തായ ക്യാന്‍വാസില്‍ കഥ പറയാന്‍ കഴിയും എന്നതാണ്. ആ സാധ്യതയെ എഴുത്തില്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആദ്യ നോവല്‍ ആല്‍ഫ തന്നെ ഒരു പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള കൃതിയാണ്. ഫ്രാന്‍സിസ് ഇട്ടിക്കോരയിലേക്കും തുടര്‍ന്ന് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയിലേക്കും എത്തുമ്പോള്‍ കേരളത്തിന്റെയും ഇന്ത്യയുടെയും അതിര്‍ത്തികള്‍ കടന്ന് കഥ സഞ്ചരിക്കുന്നു. മാമ ആഫ്രിക്കയില്‍ കെനിയ, ടാന്‍സാനിയ, ഉഗാണ്ട, കോംഗോ തുടങ്ങി നിരവധി രാജ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

ആ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും കഥകള്‍ക്കെല്ലാം തന്നെ കേരളവുമായും നമ്മുടെ ഭാഷയുമായും വലിയ ബന്ധമുണ്ട്. നോവല്‍ എന്ന സാഹിത്യരൂപം അത്തരത്തിലുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പാന്‍ ഗ്ലോബല്‍ എന്നു പറയുമ്പോള്‍ നാം ചില കാര്യങ്ങള്‍ കൂടി മനസ്സിലാക്കണം. ഈ 21-ാം നൂറ്റാണ്ട് എഴുത്തില്‍ മാത്രമല്ല, നമ്മുടെ സമസ്ത വ്യവഹാരങ്ങളിലും ഗ്ലോബലായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നിര്‍ബന്ധിതമാക്കപ്പെടുന്ന ഒരു കാലം കൂടിയാണ്. നിങ്ങള്‍ക്ക് ഇന്ന് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങിനിന്ന് ജീവിക്കാന്‍ സാധിക്കില്ല. നമ്മുടെ ജീവിതം അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് കടന്നുപോകുമ്പോള്‍ നമ്മുടെ സര്‍ഗ്ഗാത്മകതയും എഴുത്തുമെല്ലാം അതിനനുസരിച്ച് വളരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

ഇത്തരം അതിര്‍ത്തികളില്‍ വ്യക്തിപരമായി വിശ്വസിക്കാത്ത ആളാണ് ഞാന്‍. മനുഷ്യവംശത്തെ രാഷ്ട്രീയമായ കാരണങ്ങളാല്‍ പല അതിര്‍ത്തികള്‍ക്കുള്ളില്‍ വ്യത്യസ്ത രാജ്യക്കാരെന്നും വ്യത്യസ്ത ദേശക്കാരെന്നും ചുരുക്കിക്കാണുന്നത് തെറ്റാണെന്നാണ് എന്റെ വിശ്വാസം. ആഗോളതലത്തില്‍ തന്നെ ഹോമോസാപ്പിയന്‍ എന്ന ജന്തുവിഭാഗമായി തന്നെ മനുഷ്യനെ കാണാനും മനസ്സിലാക്കാനും സാധിക്കുന്നതായിരിക്കും എപ്പോഴും നല്ലത്.

മലയാളിക്ക് അത്രകണ്ടു പരിചിതമല്ലാത്ത ഇമേജറികള്‍ അവതരിപ്പിക്കുന്നതിലൂടെ താങ്കളുടെ എഴുത്ത് ശില്പപരമായി ബാബേലും അതിന്റെ അലകുകളും ആകുന്നുണ്ടോ?

പരിചിതമല്ലാത്ത ഇടങ്ങളിലേക്കും ചിന്തകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ തന്നെയാണ് ഓരോ കൃതിയിലും ശ്രമിച്ചിട്ടുള്ളത്. അത്തരം ഇമേജറികള്‍ ഉപയോഗിക്കുമ്പോള്‍ ഭാവനയുടെ മറ്റൊരു വലിയ വാതില്‍ വായനക്കാരന് മുമ്പില്‍ തുറക്കുകയാണ്. വായനയില്‍ നിന്നോ യാത്രയില്‍ നിന്നോ കാഴ്ചയില്‍ നിന്നോ കിട്ടുന്ന ദൃശ്യാനുഭവങ്ങളാകാം കഥയില്‍ കടന്നുകൂടുക. വ്യത്യസ്തമായ രൂപകങ്ങളിലേക്ക് പോകുന്ന സമയത്തെല്ലാം നമ്മുടെ മനസ്സില്‍ രൂപപ്പെട്ടിട്ടുള്ള അടിസ്ഥാനപരമായ സംസ്‌കാരവും ചരിത്രവും എല്ലാം അതിനെ സ്വാധീനിക്കുന്നുണ്ട്. ചിലപ്പോള്‍ അതിസങ്കീര്‍ണ്ണമാകാം.

പലപ്പോഴും വന്യം എന്നുതന്നെ പറയാവുന്ന ഭ്രാന്തമായ ഫാന്റസികള്‍ കൂടി എന്റെ എഴുത്ത് കടന്നുപോയിട്ടുണ്ട്. പറയുന്ന കഥയുടെ മറ്റൊരു വ്യാഖ്യാനസാധ്യതയാക്കി മാറ്റാനാണ് ഇതുകൊണ്ട് ശ്രമിക്കാറുള്ളത്. വായനക്കാരന്‍ അതിനെ ഏതു തരത്തില്‍ മനസ്സിലാക്കുന്നു എന്നതുകൂടി ചേര്‍ത്തേ പറയാന്‍ കഴിയൂ. വായനക്കാരന്‍ എപ്പോഴും എഴുത്തുകാരന്റെ ആകുലതകളെയും സംശയങ്ങളേയും അട്ടിമറിച്ച് അയാള്‍ ചിന്തിക്കുന്നതിനേക്കാള്‍ ഏറെ മുമ്പില്‍ തന്റെ ഭാവന കൊണ്ടുപോകുന്നവരാണ്. അതാണ് എഴുത്തിലെയും വായനയുടെയും വലിയൊരു പ്രത്യേകത.

ഒരു ത്രില്ലര്‍ സിനിമ കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയാണ് താങ്കളുടെ നോവലുകള്‍ നല്‍കുന്നത്. മാത്രമല്ല, ഫിക്ഷനോ യാഥാര്‍ത്ഥ്യമോ എന്ന ആശയക്കുഴപ്പത്തിലേക്കും വായനക്കാരനെ കുടുക്കിനിര്‍ത്തുന്നു. ഒരേ സമയം ദൃശ്യാനുഭൂതിയും വായനാനുഭവവും നല്‍കുന്ന ഇത്തരം എഴുത്തുരീതിയിലേക്ക് എത്തിപ്പെടുവാന്‍ സാധിക്കുന്നതെങ്ങനെയാണ്? അത്തരം ഒരു ദ്വൈതഭാവം എഴുത്തില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്ന സര്‍ഗ്ഗാത്മകതയിലേക്ക് താങ്കള്‍ എത്തിപ്പെടുന്നത് എങ്ങനെ?

അതിനുള്ള ഉത്തരം നല്‍കുക എന്നത് എളുപ്പമുള്ള ഒന്നല്ല. എങ്ങനെയാണ് അങ്ങനെ സംഭവിക്കുന്നതെന്നും വിശദീകരിക്കാനാവില്ല. അങ്ങനെയൊക്കെ എഴുത്തില്‍ സംഭവിക്കുന്നുവെന്നേ പറയാന്‍ സാധിക്കൂ. അതിനു കാരണം, കഥ പലപ്പോഴും എന്റെ മനസ്സില്‍ രൂപംകൊള്ളുന്നത് ദൃശ്യരൂപത്തിലാണ് എന്നുള്ളതിനാലാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ കണ്‍മുമ്പില്‍ കാഴ്ചയായി കാണുന്നുണ്ട്. അക്ഷരങ്ങളിലൂടെയോ ഭാഷയിലൂടെയോ അല്ല, പകരം കാഴ്ചയിലൂടെയാണ് ഞാന്‍ കഥകള്‍ സങ്കല്പിക്കുന്നത്. കാഴ്ചകള്‍ പിന്നീട് ഭാഷയിലേക്ക് മാറ്റിയെഴുതപ്പെടുകയാണ് ചെയ്യുന്നത്.

അങ്ങനെയുള്ള ആഖ്യാനമായതുകൊണ്ടാവാം അത് വളരെ സിനിമാറ്റിക്കായി വായനക്കാര്‍ക്ക് അനുഭവപ്പെടുക. അത്തരം കാര്യങ്ങളെ വിശദീകരിക്കുന്ന സമയത്ത് വളരെ സൂക്ഷ്മമായ വിവരണങ്ങളും നല്‍കാറുണ്ട്. ആ വിവരണങ്ങള്‍ ചിലപ്പോള്‍ കാഴ്ചയുടെ പ്രതീതി ജനിപ്പിക്കുന്നുണ്ടാകാം. ചിഹ്നശാസ്ത്രപരമായി ചിന്തിക്കുകയാണെങ്കില്‍ നാം പറയുന്ന ഓരോ വാക്കിനു പിന്നിലും ഓരോ ബിംബം അല്ലെങ്കില്‍ ദൃശ്യമുണ്ട്. ഈ കാഴ്ച തന്നെയാണ് കഥയിലൂടെ നമ്മെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്. കാഴ്ചകളായി കഥയെ കണ്ട് പിന്നീട് ഭാഷയിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോള്‍, ആ ഭാഷയെ വീണ്ടും വായനക്കാരന്‍ ഡീകോഡ് ചെയ്ത് കാണാന്‍ ശ്രമിക്കുന്നു. ഇതിന് വഴങ്ങുന്ന ഒരാഖ്യാനമായതുകൊണ്ടാകാം ചിലപ്പോള്‍ സോണിയ സൂചിപ്പിക്കുന്നതുപോലെ അത്തരത്തിലൊരു അനുഭവം വായനക്കാരന് ഉണ്ടാകുന്നത്.

Comments are closed.