DCBOOKS
Malayalam News Literature Website

വായനയുടെ തീവണ്ടികള്‍

സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ജി.പി. രാമചന്ദ്രന്‍

തീവണ്ടിയാത്രയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്ന് എന്ന അനിവാര്യമായ ഘടകമായിരുന്നു പത്രാനുകാലികങ്ങളുടെയും പുസ്തകങ്ങളുടെയും ലഭ്യത മുഖ്യപ്ലാറ്റ്‌ഫോമുകളില്‍ ഉറപ്പു വരുത്തുക എന്നത് എന്നാണ് ചരിത്രത്തില്‍നിന്ന് നമുക്ക് മനസ്സിലാക്കാനാവുക. ശുചിമുറിയും അവിടെ ആവശ്യത്തിന് വെള്ളവും, മുഴുവന്‍ സമയവും ഭക്ഷണപാനീയങ്ങളും യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിനു തുല്യം തന്നെയാണ് ആധുനിക മനുഷ്യരുടെ നിത്യജീവിതത്തിലെ അവിഭാജ്യഘടകമായ വായനാ സാമഗ്രികള്‍ ലഭ്യമാക്കുന്നതും. അത് നിഷേധിക്കുന്നതിലൂടെ, റെയില്‍വെ നൂറ്റാണ്ടുകള്‍ നീണ്ട ആധുനികതയുടെ ചുവടുകളില്‍നിന്ന് പിന്മാറി എന്നു രേഖപ്പെടുത്തേണ്ടി വന്നിരിക്കുന്നു.

ഇന്ത്യ എന്ന രാഷ്ട്രവും അതിന്റെ വൈവിധ്യവും മഹനീയമായ ഒരു ആശയവും യാഥാര്‍ത്ഥ്യമാണെന്നതുപോലെ, ഇന്ത്യന്‍ റെയില്‍വെ ഒരു വിസ്മയവുമാണ്. ഇന്ത്യ എന്തെന്ന് ആധികാരികമായി മനസ്സിലാക്കാന്‍ മൂന്നാംക്ലാസ് ബോഗികളില്‍ കയറി നീണ്ട തീവണ്ടിയാത്രയാണ് മഹാത്മാ ഗാന്ധിതന്നെ തെരഞ്ഞെടുത്തത്. ‘തേര്‍ഡ്ക്ലാസ് ഇന്‍
ഇന്ത്യന്‍ റെയില്‍വെസ്’ എന്ന ഗാന്ധിയുടെ ലേഖനം (റാഞ്ചി, സെപ്തംബര്‍ 25, 1917) പ്രസിദ്ധമാണ്. ഇന്ത്യയെ കീഴടക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വം ഉപയോഗിച്ച തീവണ്ടി എന്ന ഉപകരണത്തെത്തന്നെയാണ് ഗാന്ധി, ഇന്ത്യയെ കണ്ടെത്തുന്നതിനും ഉപയോഗിച്ചത് എന്നതാണ് വാസ്തവം. ഏതായാലും, അതിവിശാലമായ ഇന്ത്യാരാജ്യത്തെ ഏകോപിപ്പിക്കുന്നതില്‍ റെയില്‍വെയ്ക്ക് കൃത്യമായ പങ്കുണ്ട് എന്നത് നിഷേധിക്കാനാവില്ല. ചരക്കു നീക്കങ്ങളെന്നതു Pachakuthira September Editonപോലെ, സൗകര്യപ്രദവും സുരക്ഷിതവുമായ ദീര്‍ഘ/ഹ്രസ്വ യാത്രകള്‍ക്കും റെയില്‍വെ പോലെ ജനപ്രിയമായ മറ്റൊരുപാധിയില്ല. ഉദാരവത്ക്കരണം ആരംഭിച്ചതോടെ, റെയില്‍വേയുടെ മുറിച്ചു വില്പനയും വന്‍തോതിലായി. പ്ലാറ്റ്‌ഫോമുകളിലെ ഭക്ഷണവില്പനശാലകളും റിഫ്രഷ്‌മെന്റ് റൂമുകള്‍ എന്നറിയപ്പെടുന്ന റെസ്റ്റോറണ്ടുകളും പല നവീകരണങ്ങള്‍ക്കും വിധേയമാക്കിക്കൊണ്ട് സാധാരണക്കാരെ അകറ്റുന്നപ്രവണതകളും കുറച്ചു കാലമായി നടന്നു വരുന്നു. ഇതൊക്കെയാണെങ്കിലും, പ്ലാറ്റ്‌ഫോമുകളിലെ പുസ്തകാനുകാലികങ്ങള്‍ വില്ക്കുന്ന സ്റ്റാളുകളുടെ ആകര്‍ഷണം അടുത്ത കാലം വരെയും നിലനിന്നിരുന്നു. ഇപ്പോള്‍, രാജ്യമൊട്ടാകെ അത്തരം ബുക്ക് സ്റ്റാളുകള്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമായിരിക്കുകയാണ്. എത്ര വില്പന നടന്നാലും ഒത്തു പോകാത്തത്രയും ഭീമമാണ് പുതുക്കിയ താരിഫുകള്‍, എന്നാണ് ബുക്ക്സ്റ്റാളുകള്‍ നടത്തിയിരുന്നവരും അതില്‍ ദീര്‍ഘകാലം ജോലിയ്ക്ക് നിന്നവരുമെല്ലാം ഏകസ്വരത്തില്‍ പറയുന്നത്.

ഉത്തരേന്ത്യയില്‍ എ എച്ച് വീലര്‍ എന്ന കമ്പനിയും ദക്ഷിണേന്ത്യയില്‍ ഹിഗ്ഗിന്‍ബോത്തംസും ആണ് കൂടുതലും റെയില്‍വേ ബുക്ക്‌സ്്റ്റാളുകള്‍ നടത്തിയിരുന്നത്. കേരളത്തില്‍ മാതൃഭൂമിയും ഏതാനും സ്റ്റാളുകള്‍ നടത്തിയിരുന്നു. ഇതെല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം. ദക്ഷിണേന്ത്യയില്‍ ഹിഗ്ഗിന്‍ബോത്തംസിനായിരുന്നു റെയില്‍വേ ബുക്ക്‌സ്റ്റാളുകളുടെ കുത്തക. അവര്‍ക്ക് നൂറ്റമ്പതോളം റെയില്‍വെ സ്റ്റാളുകളുണ്ടായിരുന്നു. മദ്രാസ് മൗണ്ട്‌റോഡില്‍
(അണ്ണാശാലൈ) ആരംഭിച്ച ഹിഗ്ഗിന്‍ബോത്തംസ് പിന്നീട് ബാംഗളൂരും കട തുടങ്ങി. ടിക്കറ്റെടുക്കാന്‍ പണമില്ലാത്തതിനാല്‍ ക്യാപ്റ്റനും മറ്റുമറിയാതെ ലണ്ടനില്‍ നിന്ന് മദ്രാസിലേയ്ക്കുള്ള കപ്പലില്‍ കടന്നു കൂടിയ ആബേല്‍ ജോഷ്വ ഹിഗ്ഗിന്‍ബോത്തം എന്ന ബ്രിട്ടീഷുകാരന്‍ മദ്രാസ് തുറമുഖത്ത് ഇറക്കിവിടപ്പെട്ടു. 1840 കളില്‍ പ്രൊട്ടസ്റ്റന്‍ മെഷനറിമാര്‍ നടത്തി വന്നിരുന്ന വെസ്ലിയന്‍ ബുക്ക്ഷോപ്പില്‍ ലൈബ്രേറിയന്‍ ആയി അദ്ദേഹം ജോലിക്ക് ചേര്‍ന്നു. ഈ ഷോപ്പ് വന്‍ നഷ്ടത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് അദ്ദേഹമത് ചുളുവിലയ്ക്ക് വാങ്ങുകയും ഹിഗ്ഗിന്‍ബോത്തംസ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്ത് തുറക്കുകയും ചെയ്തു. 1844-ലായിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ബുക്ക് സ്റ്റോറാണ് ഇത്.

പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

 

 

 

Comments are closed.