DCBOOKS
Malayalam News Literature Website

മലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍; സാറാ ജോസഫ് പറയുന്നു

ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരാഘോഷത്തോട് അനുബന്ധിച്ച് സഹൃദയര്‍ വായിച്ചിരിക്കേണ്ട മലയാള സാഹിത്യത്തിലെ അഞ്ച് പ്രധാനപ്പെട്ട പുസ്തകങ്ങളെ കുറിച്ച് പ്രമുഖ എഴുത്തുകാര്‍ സംസാരിക്കുന്നു. എഴുത്തുകാരി സാറാ ജോസഫ് വായനക്കാരോട് നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍ ഇവയാണ്.

1. ഇടശ്ശേരിയുടെ സമ്പൂര്‍ണ്ണ കവിതകള്‍

മലയാള കവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിന് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. തന്റെ കവിതകളിലൂടെ അവഗണിക്കപ്പെടുന്നവന് കരുത്തു പകര്‍ന്നു നല്‍കിയതു കൊണ്ടാകാം ‘ശക്തിയുടെ കവി’യെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അളകാവലി, പുത്തന്‍കലവും അരിവാളും, കറുത്ത ചെട്ടിച്ചികള്‍, കാവിലെ പാട്ട്, ഒരുപിടി നെല്ലിക്ക, കുങ്കുമപ്രഭാതം, തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, നൂലാമാല തുടങ്ങി 292 കവിതകളുടെ സമാഹാരമാണ് ഇടശ്ശേരിയുടെ സമ്പൂര്‍ണ കവിതകള്‍. “അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യന്‍” എന്ന് ഉദ്‌ഘോഷിച്ച കവി യാഥാര്‍ത്ഥ്യബോധത്തെ ഉള്‍ക്കൊണ്ട് പരുക്കന്‍ ജീവിതസത്യങ്ങളെ കവിതയിലേക്ക് ആവാഹിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്ന ഇടശ്ശേരി, പിന്നീട് രാഷ്ട്രീയം വിട്ട് മാനവികതയുടെ വക്താവായി മാറുകയായിരുന്നു.

2. സംക്രമണം- ആറ്റൂര്‍ രവിവര്‍മ്മ

പേപ്പര്‍ വെയിറ്റ് ആകുന്നതിനേക്കാള്‍ പേപ്പറായി പറന്നു നടക്കുകയാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ കവിയാണ് മലയാള സാഹിത്യത്തിന് ആറ്റിക്കുറുക്കിയ കവിതകള്‍ സമ്മാനിച്ച ആറ്റൂര്‍ രവിവര്‍മ്മ. നവീനവും വിപ്ലവകരവുമായ ഒരു സംവേദനം സാധ്യമാക്കുന്ന കവിതയാണ് ആറ്റൂരിന്റെ സംക്രമണം. സ്വകാര്യമായ ഒരോര്‍മ്മ, സജീവ യാഥാര്‍ത്ഥ്യമായി, ഈ കവിതയിലെ വക്താവിന്റെ മനസ്സിനെ സ്വാധീനിക്കുന്നു. അയാളുടെ ഭൂതകാലത്തിന്റെ തന്നെ പ്രതിഭാസം വര്‍ത്തമാനകാല ജീവിതത്തില്‍ പ്രക്ഷേപിക്കുന്ന ഈ മുഹൂര്‍ത്തമാണ് സംക്രമണത്തില്‍ ഘനീഭൂതമാക്കപ്പെട്ടിരിക്കുന്നത്. വര്‍ത്തമാനകാല കര്‍മ്മങ്ങളുടെ വിരലനക്കത്തിന്റെ പിന്നില്‍ പോലും ഗതകാലം ചരടുവലിക്കുന്നു. കാവ്യഭാഷയെ കുറിച്ചുള്ള സമകാലിക സങ്കല്പങ്ങളെ പാടേ മാറ്റിയെഴുതിയ കവിയാണ് ആറ്റൂര്‍. കാവ്യോചിതമെന്നു സങ്കല്പിക്കപ്പെട്ടിട്ടുള്ള പദാവലികളാലല്ല, സാധാരണ നാം സംഭാഷണത്തിനും മറ്റും ഉപയോഗിക്കുന്ന വാക്കുകള്‍ കൊണ്ടാണ് ആറ്റൂര്‍ തന്റെ കവിതകളെഴുതിയത്.

3. കണ്ണീരും കിനാവും- വി.ടി ഭട്ടതിരിപ്പാട്

അന്ധവിശ്വാസങ്ങളുടെ പടുകുഴിയില്‍ ആണ്ടുകിടന്ന നമ്പൂതിരി സമുദായത്തെ പുനരുദ്ധരിച്ച നവോത്ഥാന നായകനായിരുന്നു വി.ടി ഭട്ടതിരിപ്പാട്. സാമൂഹികമായ അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹം നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുടുമ മുറിക്കല്‍, അന്തര്‍ജ്ജനങ്ങളുടെ വേഷപരിഷ്‌ക്കരണം, വിധവാ വിവാഹം, വിജാതീയ ബന്ധ ബഹിഷ്‌ക്കരണം, മിശ്രഭോജനം തുടങ്ങി ഒട്ടനവധി വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. തന്റെ സമുദായ പ്രവര്‍ത്തനത്തെയും താന്‍ പ്രവര്‍ത്തിച്ച കാലത്തെയും ഓര്‍മ്മയുടെ നൂലില്‍ കൊരുത്തെടുത്ത് പുനരാഖ്യാനം ചെയ്തതാണ് വി.ടി. ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും എന്ന നിസ്തുലമായ ആത്മകഥ. ഭാഷയുടെയും ആഖ്യാനത്തിന്റെയും അസാമാന്യമായ വികാരവിനിമയശക്തി ജീവന്‍ നല്‍കുന്ന ഈ കൃതിയില്‍ വിടിയുടെ ബാല്യം മുതലുള്ള 18 വര്‍ഷങ്ങളുടെ കഥയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

4. നാലുകെട്ട്- എം.ടി. വാസുദേവന്‍ നായര്‍

മലയാളികളുടെ വായനയെ സമ്പന്നമാക്കിയ എം.ടി. വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് നോവലുകളിലൊന്നാണ് നാലുകെട്ട്. ഏകാന്തതയുടേയും ആത്മവ്യഥകളുടേയും കഥ പറഞ്ഞ നാലുകെട്ട് അപ്പുണ്ണി എന്ന കഥാപാത്രത്തിന്റെ ജീവിതയാത്രയാണ്. കേരളത്തിന്റെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകര്‍ച്ചയും ജന്‍മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായര്‍ കുടുംബങ്ങളിലുണ്ടാക്കിയ പ്രതിസന്ധികള്‍ ഒരു കാലഘട്ടത്തിന്റെ ചരിത്രമായി എംടി വരച്ചു ചേര്‍ക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോഴും സ്വപ്‌നാത്മകമായ ഒരന്തരീക്ഷത്തിലും കാല്പനികമായ മാനസഭാവങ്ങളിലൂടെയും കടന്നു പോകുന്ന ഒരു ശൈലിയാണ് അദ്ദേഹം തന്റെ നോവലുകളില്‍ ആവിഷ്‌ക്കരിച്ചത്. 1959-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച നാലുകെട്ട് 14 ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

5. വ്യാസനും വിഘ്‌നേശ്വരനും- ആനന്ദ്

ഉള്‍ക്കനമുള്ള നോവലുകളുമായി മലയാളിയുടെ ധൈഷണികജീവിതത്തിന് സര്‍ഗാത്മകമായ പിന്തുണ നല്‍കിയ എഴുത്തുകാരനാണ് ആനന്ദ്.’വ്യാസനും വിഘ്‌നേശ്വരനും‘ പരാജിതരുടെ ദുരന്തേതിഹാസമാണ്. ഇതിഹാസത്തിലും പുരാണത്തിലും ചരിത്രത്തിലും ഭാവനയിലും സ്വന്തം അറിവിന്റെ പെരുവിരല്‍ മുറിച്ചുകൊടുത്ത് സ്വാതന്ത്ര്യം വിലയ്ക്കു വാങ്ങേണ്ടിവരുന്നവരുടെ കഥയാണ് നോവലില്‍ പറയുന്നത്. മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച ആനന്ദ് എഴുതിയ വ്യാസനും വിഘ്‌നേശ്വരനും എഴുത്തിന്റെ പുതിയ മണ്ഡലമാണ് വായനക്കാര്‍ക്കായി തുറന്നിടുന്നത്.

കുറിപ്പുകള്‍ തയ്യാറാക്കിയത്: ഡി.സി വെബ് പോര്‍ട്ടല്‍

Comments are closed.