DCBOOKS
Malayalam News Literature Website

അനുരാഗിയുടെ പ്രണയപാഠങ്ങള്‍

മലയാളത്തിന്റെ കഥാവഴിയില്‍ എന്നും ഏകാകിയായി നടന്ന എഴുത്തുകാരനാണ് വി. ആര്‍. സുധീഷ്. നാല് പതിറ്റാണ്ട് നീളുന്ന തന്റെ ഏകാന്ത സാഹിത്യ പര്യയില്‍ ചെറുകഥയെ ഭംഗിയുള്ള ചില വാക്യങ്ങള്‍ കൊണ്ട് പാട്ടു പാടിച്ചും ജീവിതത്തിന് സ്‌നേഹമുള്ളാരു സംഗീതം നിറച്ചും അനുവാചകര്‍ക്ക് അനുഭൂതിയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി ജലം പോലെ ഏത് രൂപത്തിനും പാകമായ് തീരുന്ന മധുചഷകമായിരുന്നിട്ടും പ്രതിഭകൊണ്ടു വേറിട്ടു തന്നെ നിലകൊണ്ടു. വാക്കുകള്‍ സംഗീതമായി മാറുന്ന കാലം വരാനുണ്ടെന്ന ശുഭപ്രതീക്ഷ നല്‍കി. സാഹിത്യവും സംഗീതവും സ്‌പോര്‍ട്‌സും സിനിമയും എല്ലാം ഇഷ്ടപ്പെടുന്ന ഈ മേഖലകളിലെല്ലാം തൂലിക കൊണ്ട് അടയാളം ചാര്‍ത്തിയ എഴുത്തുകാരനാണ് വി. ആര്‍. സുധീഷ്.

വി. ആര്‍. സുധീഷിന്റെ ഏറ്റവും പുതിയ പുസ്തകം അനുരാഗിയുടെ പ്രണയാനുഭവ നുറുങ്ങുകള്‍ പങ്കുവെ ക്കുന്ന പ്രണയപാഠങ്ങളാണ്. കഥയെന്നോ കവിതയെന്നോ വായനക്കാരന് ഇഷ്ടമുള്ള വിധം വിശേഷിപ്പിക്കാവുന്ന ഇതിലെ വരികള്‍ പ്രണയനിമിഷങ്ങളുടെ ഹൈക്കുവാണ്. ഭാവതീവ്രത ഒട്ടും ചോര്‍ന്ന് പോവാതെ ഭംഗിയായി വിവര്‍ത്തനം ചെയ്ത സജയ് കെ.വിയുടെ വാക്കുകള്‍ ഇങ്ങനെ ‘ഒരാളുടെ അഥവാ ഒരേയൊരാളുടെ മോതിര വിരലിന് മാത്രം പാകമാവുന്ന കൃശാകൃതിയാണിതിന്. ഒരാള്‍ക്ക് മാത്രം പാകമാവുകയെന്നത് പ്രണയത്തിലെന്ന പോലെ വായനയിലും ചാരിതാര്‍ത്ഥ്യത്തിന്റെ പരമകാഷ്ഠയാണ്’.

പ്രണയവും, വിരഹവും പ്രമേയമാവുന്ന ഈ താളുകളെ ആര്‍ദ്രമാക്കുന്നത് പതിഞ്ഞു പെയ്യുന്ന നേര്‍ത്ത മഴയാണ്. മഴയ്ക്കും പുസ്തകത്തില്‍ പ്രണയത്തോടൊപ്പം പ്രാധാന്യമുണ്ട്. മഴയില്‍ കുതിര്‍ന്ന ഫ്രെയിമുകള്‍ മലയാളിക്ക് സമ്മാനിച്ച പ്രശസ്ത ചലച്ചിത്രകാരന്‍ പി. പത്മരാജനെപ്പോലെ മഴയുടെ കാമുകനാണ് വി. ആര്‍. സുധീഷും. പ്രണയപാഠങ്ങളില്‍ അദ്ദേഹം എഴുതുന്നു.

മഴയത്ത് യാത്ര പോകുമ്പോള്‍ നിന്നെ
കൂടെ കൂട്ടാത്തത് എല്ലായ്‌പ്പോഴും നീ
മഴയായ് ഉള്ളിലുള്ളതുകൊണ്ടാണ്

മറ്റൊരു കവിതയില്‍

ഇവിടെ പെയ്യുമ്പോള്‍ അവിടെ പെയ്യില്ല
അവിടെ പെയ്യുമ്പോള്‍ ഇവിടെ പെയ്യില്ല
അതിനാല്‍ ഞാനൊരിക്കലും മഴയോട്
ദൂത് പറഞ്ഞില്ല, നീ എന്നെ അറിഞ്ഞതേയില്ല

മഴ പ്രണയത്തിലെഴുതിയ ഈ പുതുനാമ്പുകള്‍ വായിക്കുമ്പോള്‍ നാമെല്ലാവരും ആ പ്രണയമഴ നനയുന്നു. ഏത് മഴയാണ് ഏറ്റവും ഇഷ്ടം എന്നു ചോദിക്കുമ്പോള്‍ ‘നാമൊന്നിച്ച് നനഞ്ഞ മഴ’യെന്ന് പറയുന്ന സരളകാമുകിയാവുന്നു.

ഓരോ വായനയിലും അനുതാപമേറുന്ന ഇത് ഞാന്‍ തന്നെയാണെന്ന് താദാത്മ്യം പ്രാപിക്കുന്ന ഇന്ദ്രജാലമുണ്ട് ഈ വരികളിലെല്ലാം. ആഴമേറുന്തോറും കൂടുതല്‍ തെളിഞ്ഞു കാണുന്നത് അവന്റെ പ്രണയവും ദുഃഖവുമാണെന്ന് വേണമെങ്കില്‍ നമുക്ക് അനുമാനിക്കാം. ഒരുപക്ഷേ യാഥാര്‍ത്ഥ്യങ്ങളെ മാറ്റമില്ലാതെ അവതരിപ്പിക്കാറുള്ള എഴുത്തുകാരന്റെ സ്വത്വമായിരിക്കാം ഈ വിരഹദുഃഖത്തിലൂടെ നമ്മില്‍ തെളിഞ്ഞു കാണുന്നത്. ഞാനും നീയുമാകാതെ നമ്മളൊരുമിച്ച് നടന്നു തീര്‍ത്ത പ്രണയ പെരുമ്പാതകളെ ഓരോ വായനക്കാരനും വീണ്ടെടുക്കും. ഒരു വേള അത്രമേല്‍ ജ്വലിച്ചു നിന്നിരുന്ന ഒരു പ്രണയത്തെ ഓര്‍ത്ത് ഹൃദയം നുറുങ്ങും.

പ്രണയം കൊണ്ട് പൊള്ളുന്ന ആത്മാവിന്റെ
സാന്നിധ്യം നീയാണ് എന്നെ അനുഭവിപ്പിച്ചത്,
മരണം മായ്ച്ചുകളയുന്ന ആത്മാവിന്റെ അസാന്നിധ്യവും

മറ്റൊരു കവിതയില്‍

നീ ഇല്ലാതെയായ ഈ ലോകം ഏറ്റവും
വേദനാജനകമാണ്. എനിക്ക് കാണാം
നീ പെരുമാറിയ ഇടങ്ങള്‍, അവിടെയെല്ലാം
അദൃശ്യതയില്‍ ആരോ നിന്നെ വരച്ചു വെച്ചിരിക്കുന്നു.

തീര്‍ച്ചയായും മാംസനിബദ്ധമായ കാമനകളുണ്ട് ഈ വരികളിലെല്ലാം. അതേസമയം അവയെല്ലാം നിരുപാധി കവുമാണ്. ജലമെന്നപോലെ ഇവയ്ക്ക് ഏത് ആകൃതിയും പുല്‍കാനാവും. പരസ്പരസ്‌നേഹത്തിന്റെ, തിരിച്ചറിവിന്റെ ഏതേതോ അനശ്വര മുഹൂര്‍ത്തത്തില്‍ തമ്മിലലിഞ്ഞ് ഇല്ലാതാവാന്‍ കൊതിക്കുന്ന പ്രണയികളെ, ആദര്‍ശ വിശുദ്ധികൊണ്ട് പൊതിഞ്ഞു വെക്കുന്നില്ല. നമ്മുടെ എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ സ്വാതന്ത്ര്യവും സംഘര്‍ഷവും ലഹരിയുമെല്ലാം വിവിധങ്ങളായി നിറച്ചു വെച്ചിരിക്കുന്നു ഈ പാനപാത്രങ്ങളില്‍.

നിന്റെ ഉമ്മകളും നെടുവീര്‍പ്പുകളും കൊണ്ട്
എന്നെയാകെ നിന്നെ മണക്കുന്നു
ഞാന്‍ ഇന്ന് കുളി ഉപേക്ഷിക്കുകയാണ്
എനിക്ക് നിന്റെ ഗന്ധങ്ങളില്‍ ഉണര്‍ന്ന്
ഗാഢമായി ഉറങ്ങണം. നാളേയും നീ എന്നെ
ഉമ്മ വയ്ക്കണേ, നീ ആണ് എന്റെ സ്‌നാനം
പ്രണയസ്‌നാനം

പ്രണയത്തിന്റെ കാല്‍പനികതയ്ക്കപ്പുറം വര്‍ത്തമാന കാലത്തിന്റെ അനുഭവ സത്യങ്ങളിലേക്കും എഴുത്തുകാരന്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ഇന്നിന്റെ പ്രണയം നൈമിഷികമാണ്. മുന്നൊരുക്കങ്ങളില്ലാതെ കാത്തിരിപ്പില്ലാതെ പെട്ടെന്ന് പ്രണയിച്ചു, കലഹിച്ചു. അടുത്തത് തിരയുന്ന മൊബൈല്‍ പ്രണയങ്ങള്‍. ഇന്നിന്റെ പ്രണയ സങ്കല്‍പങ്ങളോട് എഴുത്തുകാരന്‍ കൂടുകൂട്ടുന്നത് ഈ വിധമാണ്.

ഇന്ന് നീ ഉണ്ടായിരുന്നെങ്കില്‍ നിന്റെ
കംപ്യൂട്ടറിന്റെ മെമ്മറിയില്‍ ഞാന്‍
തടവിലായേനെ

ഭൂമിയില്‍ പ്രാണന്‍ വെടിഞ്ഞ് അകന്നാലും എന്റെ ആത്മാവിനോടൊത്ത് ആത്മഗാനമായി പ്രിയപ്പെട്ടവള്‍ ഉണ്ടാകണമേയെന്ന പ്രാര്‍ത്ഥനയുണ്ട് ഈ വരികളില്‍.

നീലാകാശത്തിന് ഇവളുടെ കണ്ണുകള്‍ നല്‍കുക
മലര്‍ന്നു കിടന്ന് ആ കണ്ണുകളിലേക്ക് നോക്കി നോക്കി
ഞാന്‍ അഴിഞ്ഞു തീരട്ടെ
ഇവളെ മതിയാവോളം പുണര്‍ന്ന് ഞാന്‍
നിന്നിലേക്ക് വരാം മരണമേ…
അതുവരെ ഇവളുടെ കുങ്കുമ വിരലുകള്‍
എന്റെ നെറ്റിയില്‍ ചേര്‍ക്കുക

പ്രാണനിലെവിടെയോ പച്ചകുത്തും പോലെ ആത്മാവിലേക്ക് ചേര്‍ത്തുനിര്‍ത്തലാണ് പ്രണയം. അനുഭവങ്ങ ളുടെ തീഷ്ണതയേറ്റ് മരുഭൂവായ ഒരു മനസ്സിലേക്ക് പ്രണയം കടന്നെത്തിയെന്നിരിക്കട്ടെ പ്രപഞ്ചമാകെ ഉല്ലാസവതിയായി, സ്വതന്ത്രയായി പാറിപ്പറക്കുന്ന ഭൂകന്യയായി അവള്‍ മാറുന്നു. മറ്റ് എഴുത്തുകാരില്‍ നിന്ന് വി. ആര്‍. സുധീഷിനെ ഏറെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ പ്രതിഭയും ജീവിതവുമാണ്. സ്‌നേഹിച്ചും, കലഹിച്ചും, ആഘോഷിച്ചും ജീവിതത്തെ ഒരു ലഹരിയായി ആസ്വദിക്കുന്ന അദ്ദേഹം അനുവാചകര്‍ക്ക് ഓര്‍മ്മക്കുടന്നയില്‍ സൂക്ഷിക്കാന്‍ ഏറെ വിഭവങ്ങള്‍ ബാക്കിവെക്കുന്നു. ഏത് പ്രണയികള്‍ക്കും കോരിക്കുടിക്കാന്‍ അതിലൊരു ജലാശയമുണ്ട്. ഏത് വായനക്കാരനും മുഴങ്ങിക്കേള്‍ക്കാന്‍ കുറച്ച് കഥകളുണ്ട്. കാതോര്‍ക്കാന്‍ കുറെ പാട്ടിന്റെ മാധുര്യമുണ്ട്. ഓര്‍ത്തു വെക്കാന്‍ ചില കണ്ടെത്തലുകളുമുണ്ട് എന്ന് സ്വയം രേഖപ്പെടുത്തുന്നുണ്ട്. വി.ആര്‍.സുധീഷിന്റെ രചനാവഴികളെയും മൗനമായി പിന്തുടരുന്ന, ആ വാക്കുകളേകുന്ന തെളിച്ചത്തില്‍ അറിയാതെ എഴുതിപ്പോകുന്ന ഒരു ശിഷ്യയുടെ ഗുരുദക്ഷിണയാണ് ഈ എഴുത്ത്. എഴുത്തിന്റെ ഗരിമകൊണ്ട് എന്റെ മനസിലൊരു സിംഹാസനം വലിച്ചിട്ടിരിക്കുകയാണ് അദ്ദേഹം. പരസ്പരം പോരടിച്ചും, കലഹിച്ചും ദൈവം നമുക്ക് നല്‍കിയ സുന്ദരമായ ജീവിതത്തെ ഘോരസാഹസമാക്കാതെ സ്‌നേഹവും, സന്തോഷവും മാത്രം പകരുന്ന പ്രണയത്തിന്റെ കാവല്‍ക്കാരനോടൊപ്പം നമുക്ക് കൂട്ടു കൂടാം. ആര്‍. രാമചന്ദ്രന്‍ എഴുതിയ പോലെ

ഇനിയുള്ള കാലം പ്രണയത്തിന്റെ ഈ ഓര്‍മ്മകളല്ലാതെ മറ്റെന്താണ് ഈയുലകില്‍ ബാക്കിയാവുക…. ഒന്നുമില്ലൊന്നുമില്ല
ഒരു ചുംബനം മാത്രം
ഒരു നിര്‍വൃതി മാത്രം.

വി.ആര്‍. സുധീഷിന്റെ പ്രണയപാഠങ്ങള്‍ എന്ന കൃതിയെക്കുറിച്ച് രസ്‌ലിയ എം.എസ് എഴുതിയത്.

Comments are closed.