DCBOOKS
Malayalam News Literature Website

മണ്ണിന്റെ കഥ മനുഷ്യന്റെയും

ഒരിക്കല്‍ ജീവിക്കാന്‍ വേണ്ടി നമ്മുടേതെന്നു പറയുന്നവയെല്ലാം ഓരോ ഭാണ്ഡങ്ങളാക്കി മറ്റൊരു നാട്ടിലേക്ക് യാത്രയാകുന്നതിനെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഉണ്ടായിരിക്കില്ല. ഒരുപക്ഷെ നമ്മളെല്ലാം വാര്‍ത്തകളിലും മറ്റും കണ്ടിട്ടുണ്ടാകും.

ജനിച്ചുവീണ മണ്ണും നാടുമെല്ലാം വിട്ട് എങ്ങോട്ടെന്നുപോലും നിശ്ചയമില്ലാതെ വീടുവിട്ട് ഇറങ്ങേണ്ടി വരുക. വേറേതോ നാട്ടില്‍ പോയി എല്ലാം ഒന്നില്‍ നിന്നും തുടങ്ങേണ്ടി വരുക. കേള്‍ക്കുമ്പോള്‍ നമുക്ക് കൗതുകകരമാണ്. പക്ഷെ ആ അവസ്ഥ എത്രത്തോളം ഭീകരമാണെന്നു തുറന്നുകാണിക്കുന്ന ഒരു വായനയായിരുന്നു എസ്.കെ.പൊറ്റെക്കാട്ടിന്റെ വിഷകന്യക എന്ന നോവല്‍. സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കള്‍, ആതി എന്നീ നോവലുകള്‍ക്കുശേഷം മണ്ണിന്റെയും വിയര്‍പ്പിന്റെയും മണമുള്ള വായന സമ്മാനിക്കുന്നുണ്ട് വിഷകന്യക.

മണ്ണില്‍ ചോര നീരാക്കി അധ്വാനിച്ചുജീവിക്കാന്‍ തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറിയ ഒരുകൂട്ടം കര്‍ഷകരുടെ കഥയാണ് എസ്.കെ വിഷകന്യകയിലൂടെ വരച്ചിടുന്നത്. ദാരിദ്ര്യവും പട്ടിണിയുമാണ് അവരെ ജന്മനാട്ടില്‍ നിന്നും കെട്ടുകെട്ടിച്ചത്. മലബാറിലെ മണ്ണില്‍ പൊന്നു വിളയിക്കാമെന്ന സ്വപ്നവും പേറിയാണ് ഓരോ കര്‍ഷക കുടുംബങ്ങളും ഉള്ളതെല്ലാം വിറ്റുപെറുക്കി മലബാറിലേക്കെത്തുന്നത്. മണ്ണിനെ ദൈവത്തെക്കാളുപരി സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത കര്‍ഷകര്‍ തങ്ങളുടെ കയ്യിലുള്ളതെല്ലാം മണ്ണിന് വേണ്ടി ചെലവാക്കി. സൂര്യനുദിക്കുന്നതിനും മുന്നേ തുടങ്ങി ഇരുട്ട് കനക്കുന്നവരെ അവര്‍ വിയര്‍പ്പൊഴുക്കി മണ്ണില്‍ പണിയെടുത്തു. എന്നിട്ടും ഒടുക്കം മണ്ണിനോട് അടിയറവ് പറയേണ്ടി വരുന്നു.

മാത്തന്‍, അവന്റെ ഭാര്യ മറിയം, മക്കളായ മേരിക്കുട്ടി, ജോണി, ചെറിയാനും കുടുംബവും, വര്‍ഗ്ഗീസും വര്‍ക്കിസാറും, ആനികുട്ടി തുടങ്ങി ഒരുകൂട്ടം കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത്. ഇവരെല്ലാം തന്നെ മലബാറിലേക്ക് കുടിയേറിയവരാണ്.

കുടിയേറ്റക്കാരെ മലബാറുകാര്‍ എങ്ങനെയാണ് നേരിട്ടത് എന്ന് വളരെ കൃത്യമായി നോവലിലുടനീളം പറയുന്നുണ്ട്. മലബാറിലെ കാടുമൂടി കിടന്നിരുന്ന മലയോരങ്ങളില്‍ കുടിയേറിപാര്‍പ്പുകാര്‍ വന്നപ്പോള്‍ തങ്ങള്‍ക്ക് അവകാശപെട്ടതെന്തോ കൈവശപ്പെടുത്താന്‍ വന്നവര്‍ എന്ന രീതിയിലാണ് മലബാറുകാര്‍ അവരെ സ്വീകരിച്ചത്.

മാസങ്ങളോളം വിയര്‍പ്പൊഴുക്കിയാണ് ഭൂമിയുടെ പച്ച പുതപ്പ് വന്നവര്‍ നീക്കം ചെയ്തത്. കപ്പയും നെല്ലും പച്ചക്കറികളും തുടങ്ങി തങ്ങളെക്കൊണ്ട് ആവുന്നവയൊക്കെയും അവര്‍ സ്വപ്നങ്ങളോടൊപ്പം ആ മണ്ണില്‍ പാകി. ദിവസങ്ങളോളം കണ്ണിലെണ്ണയൊഴിച്ചു തങ്ങളുടെ മക്കളെ എന്നപോലെ വേണം നനച്ചും ചാണകം വിതരിയും അവ പരിപാലിച്ചു. സ്വപ്നങ്ങളും മോഹങ്ങളും മണ്ണില്‍ നിന്നും തല പൊക്കി തുടനത്തിയപ്പോള്‍ വിധി അവരെ ആദ്യം നേരിട്ടത് കാട്ടുപന്നിയുടെയും പെരുച്ചാഴിയുടെയും രൂപത്തിലായിരുന്നു. പകലുമുഴുവന്‍ ചോര നീരാക്കി കാത്ത വിളകള്‍ ഒരു രാത്രികൊണ്ട് ഒന്നുമല്ലാതാക്കിത്തീര്‍ത്തു. എന്നിട്ടും പക്ഷെ കര്‍ഷകര്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല. രാത്രികളില്‍ കാവലിരുന്നും പന്നികളെ ഓടിച്ചുവിട്ടും തങ്ങളുടെ കൃഷിയിടങ്ങള്‍ അവര്‍ സംരക്ഷിച്ചു.

ആദ്യത്തെ ആ ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് രണ്ടാമതായി നേരിടേണ്ടി വന്നത് മലമ്പനി എന്ന വിപത്തിനെയായിരുന്നു. എന്നാല്‍ ആ വിപത്തിനെ നേരിടാന്‍ അവര്‍ക്ക് പരിമിതികള്‍ ഏറെയായിരുന്നു. മരണത്തോട് കീഴടങ്ങാന്‍ ആയിരുന്നു പലരുടെയും വിധി. തിരിച്ചു നാട്ടിലേക്ക് പോകാനോ ചികിത്സ നേടാനോ പോലുമാവാതെ തീര്‍ത്തും നിരാലംബരായിരുന്നു അവര്‍. പലരും ധീരരായി മണ്ണിനോടും പ്രകൃതിയോടും മല്ലിട്ട് അവസാനം മണ്ണ് അവരെ സ്വന്തമാക്കി, ബാക്കി ഉള്ളവര്‍ വാങ്ങിയ മണ്ണ് കിട്ടിയ വിലയ്ക്ക് വിറ്റ് പൂജ്യരായി മറ്റൊരു നാട്ടിലേക്ക് കുടിയേറി.

മനസ്സില്‍ ഒരു ഭാരം കയറ്റിവെക്കുന്ന പോലെയൊരു അനുഭവമായിരുന്നു വിഷകന്യകയുടെ വായന നല്‍കിയത്. വളരെ ലളിതമായ ഭാഷയില്‍, ഏതൊരാള്‍ക്കും ഉള്‍കൊള്ളാവുന്ന തരത്തില്‍ ആണ് എസ്.കെ നോവല്‍ അവതരിപ്പിക്കുന്നത്. ഭാഷയുടെ ഭംഗി എന്നതിലപ്പുറം അവതരിപ്പിച്ച ജീവിതങ്ങളുടെ ദൈന്യതയാണ് ഈ കൃതിയുടെ ആകര്‍ഷണം. ഇന്നത്തെ നമ്മുടെ സമൂഹത്തിന് കുടിയേറിപാര്‍ക്കലുകള്‍ പരിചിതമായേക്കാമെങ്കിലും അതിന് അന്നത്തെ കാലത്തില്‍ നിന്നും ഒരുപാട് മാറ്റമുണ്ട്. അന്ന് കര്‍ഷകര്‍ പടവെട്ടിയത് പ്രകൃതിയോടും ഭൂമിയോടും കൂടിയാണ്. ഇന്നത്തെ പലായനങ്ങള്‍ മനുഷ്യരെ പേടിച്ചാണ്. ആ ഒരു വ്യത്യാസം ഉണ്ട്.

അന്തോണി എന്ന കഥാപാത്രം മലബാര്‍ വിട്ടു പോകുന്നതോട് കൂടെയാണ് കഥ അവസാനിപ്പിക്കുന്നത്. കൃഷിനിലങ്ങള്‍ വിറ്റ് സ്വന്തം നാട്ടിലേക്ക് തിരിക്കുമ്പോള്‍ അയാള്‍ ചിന്തിക്കുകയാണ്

‘ഏതോ കഞ്ചാവിന്റെ വഞ്ചനയില്‍ കിളിര്‍ത്തുവരുന്ന കാഴ്ചകള്‍…! ഈ സൗന്ദര്യം അത്രയും സംഹാരാത്മകമാണ്. ഏകാന്തസുന്ദരമായി തോന്നുന്ന ഈ വിശാല വനാന്തരങ്ങളുടെ വിഷശ്വാസമേറ്റ് ഇഞ്ചിഞ്ചായി മരിച്ച മനുഷ്യര്‍ സഹോദരങ്ങളെ, നിങ്ങളും ഈ പ്രകൃതിയുടെ അംശമായി കഴിഞ്ഞു. ആലിംഗനം ചെയ്യുന്നവരെ വിഷമേല്‍പ്പിച്ചു കൊല്ലുന്ന ഈ വിഷകന്യക ഇനിയും ആയിരക്കണക്കിന് ആളുകളെ വശീകരിക്കും. അവരുടെ ജീവരക്തം വറ്റിക്കും. ഒടുവില്‍ അവരെ തന്നില്‍തന്നെ വിലയിപ്പിക്കുകയും ചെയ്യും….’

അന്തോണിയെ സംബന്ധിച്ചു തന്റെ ജീവിതത്തില്‍ രണ്ടു വിഷകന്യകമാരോടാണ് അയാള്‍ പോരാടിയത്. ഒന്ന് മലബാറിന്റെ മണ്ണും മറ്റൊന്ന് മലബാറിലെ ഒരു പെണ്ണും. ആ കഥ വായിച്ചറിയണം.

വായന അവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ മായാതെ നിന്നത് മറിയം ആണ്… അവളുടെ അധ്വാനവും പ്രതീക്ഷകളും സ്വപ്നങ്ങളും പിന്നെ മരണവും….

തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു നോവലാണ് വിഷകന്യക…

എസ്.കെ.പൊറ്റെക്കാട്ടിന്റെ വിഷകന്യക എന്ന നോവലിന് ജിനേഷ് ജിനു എഴുതിയ വായനാനുഭവം

Comments are closed.