DCBOOKS
Malayalam News Literature Website

‘പുറ്റ്’; ഏകനായകരൂപത്തിലുള്ള കഥയല്ല, മനുഷ്യരുടെ മാത്രം വിശേഷങ്ങളുമല്ല…!

തൊഴിൽ , സമ്പത്ത്, കൃഷിയിടം ഇതൊന്നും ഇല്ലാതിരിക്കുമ്പോഴോ ,അല്ലെങ്കിൽ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട ജീവിതമാഗ്രഹിച്ചോ ആകും തിരുവിതാംകൂർ ഭാഗത്തുനിന്ന് മലബാറിലെയൊക്കെ മലദേശങ്ങളിലേക്ക് കുടിയേറ്റം നടന്നിട്ടുണ്ടാവുക. പുതിയ ഇടങ്ങളിലെ കന്നിമണ്ണിൽ അങ്ങേയറ്റം അധ്വാനിച്ച് മറ്റൊരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാവും പലപ്പോഴും കുടിയേറ്റങ്ങൾ !

ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹങ്ങളിൽ ശരി, തെറ്റുകളുടെ കണക്കെടുപ്പിൽ തെറ്റെന്ന് വിധിക്കപ്പെടുന്നവർ അതുകാരണം തിരസ്കൃതരാവുകയും മറ്റൊരു ദേശത്തേക്ക് മാറ്റിപ്പാർപ്പിക്കപ്പെടുകയുമാകാം . ലോകത്തിൽ എവിടെയും ആസ്ത്രേലിയയിലേതു പോലുള്ള കുടിയേറ്റ സമൂഹങ്ങളും ഇങ്ങനെയൊക്കെ ആവിർഭാവം ചെയ്തിട്ടുണ്ട്..

സദാചാരപ്രശ്നങ്ങളോ, പോലീസ് കേസോ മറ്റ് സാമൂഹ്യവിരുദ്ധമായ കാര്യങ്ങളോ കൊണ്ടുള്ള, നാണക്കേട് കാരണം പിടിക്കപ്പെടാതിരിക്കുവാനുമാകും ആരുമറിയാത്ത ദേശത്തേക്കുള്ള ഈ പലായനങ്ങൾ, പുറത്ത് പറയാൻ സാധിക്കാത്ത കുഴപ്പങ്ങളുള്ളവരുടെ വിദൂരമായ, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് നിൽക്കുന്ന പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റങ്ങൾ പതിയെ അവിടെ ഒളിച്ചോടി വന്നവരുടെ ഒരു സമൂഹമായി ഭവിക്കുകയും ചെയ്യുന്നു. അവരുടെ ചോദനകളൊക്കെയും ആ സമൂഹത്തിന്റെയും ഭാഗമാകുന്നു.

‘പെരുമ്പാടി ‘ അത്തരത്തിലൊരു സാങ്കൽപികഗ്രാമമാണ്. അവിടത്തെ ചിതറിത്തെറിച്ച കുറെ മനുഷ്യജീവിതങ്ങൾ പകർത്തുകയാണ് ‘പുറ്റ്‘ എന്ന നോവലിലൂടെ വിനോയ് തോമസ്. ജാര ഗമനവും, അവിഹിത ഗർഭങ്ങളും, അച്ഛനാരെന്നറിയാത്ത കുട്ടികളും കുറച്ച് കാലം മുമ്പ് വരെ Textനമ്മുടെയൊക്കെ സമൂഹങ്ങളിൽ കൊടുംകുറ്റമൊന്നുമായിരുന്നില്ല, ശിക്ഷ നടപ്പിലാക്കാൻ സദാചാര പോലീസിംഗും ഇത്രയധികം ഉണ്ടായിരുന്നില്ല. നമ്മുടെയൊക്കെ ഗ്രാമങ്ങളുടെ ആദിമരൂപം തന്നെയാണ് പെരുമ്പാടിക്ക്. നമ്മുടെയൊക്കെ പരിസരങ്ങളിൽ ജീവിച്ചിരുന്ന, ജീവിച്ച് കൊണ്ടിരിക്കുന്ന മനുഷ്യർ തന്നെ ഇവരും …

പുറ്റ് വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുറ്റ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഏകനായകരൂപത്തിലുള്ള കഥയല്ല പുറ്റ്, മനുഷ്യരുടെ മാത്രം വിശേഷങ്ങളുമല്ല പുറ്റ്. പുറ്റുകൾക്കുള്ളിലുള്ള എറുമ്പിനും, പുറ്റ് പോലെ വളരുന്ന ഇലുമ്പൻ പുളി (ഓർക്കാപുളി )ക്കും കഥ പറയാനുണ്ട്. പശുവിന്റെ പ്രണയത്തിനും ഇണചേരലിനും ട്യൂബിലൂടെ കൊടുക്കുന്ന ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ പകരമാകുന്നില്ല. കൃതിമമായ ബീജസങ്കലനം പുതിയ ഇനം പശുക്കളെ നിർമിച്ചെടുക്കുന്നത് പോലെ തന്നെയാണ്, പതിയെ പുറ്റിന് പുറത്തേക്ക് സംസ്കാരങ്ങൾ വളരുകയും പുതിയ രീതികളുള്ള (പരിഷ്കൃത )സമൂഹങ്ങളുണ്ടാവുകയും ചെയ്യുന്നത്. പെരുമ്പാടിയിലും മാറ്റങ്ങൾ കടന്ന് വരുന്നുണ്ട്.

തത്ത്വശാസ്ത്രങ്ങളിലൂടെയുള്ള കഥപറച്ചിലല്ല, പച്ച മനുഷ്യരുടെ കഥയുള്ള ജീവിതമാണത്.

ചെറുകാനയിലെ കാരണവർ താൻതന്നെ ഗർഭിണിയാക്കിയ മകളുമായുള്ള ആദ്യ കുടിയേറ്റത്തിലൂടെ തുടങ്ങിവെച്ചതാണ് പെരുമ്പാടി എന്ന ഗ്രാമം.ചേച്ചിയുടെ കെട്ടിയോനാൽ ഗർഭിണിയായി പ്രസവിച്ച ബാലനുമായി നാട്ടുകാരൊന്നുമില്ലാത്തിടത്തേക്ക് ആങ്ങളമാരാൽ നാടുകടത്തപ്പെട്ട ആ അമ്മയും മകൻ പോളും എത്തിയതും പെരുമ്പാടിയിൽ തന്നെ !
ആർക്കും വേണ്ടാത്ത ഭൂമിയിൽ ജീവിതം തുടങ്ങിയപ്പോൾ ജീവിതത്തിന്റെ കറുപ്പ് വർണങ്ങളിലൂടെ യാത്ര തുടങ്ങിയ പോൾ പിന്നീട് പതിയെ പെരുമ്പാടിയിലെ പള്ളിവക സ്‌കൂളിൽ അധ്യാപകനാവുകയും നാട്ടുതർക്കങ്ങളിലും കുടുംബപ്രശ്നങ്ങളിലും മധ്യസ്ഥനായ പോൾസാർ ആകുകയുമായിരുന്നു..പിന്നീട് അപ്പനെക്കാൾ ഭേദപ്പെട്ട നാട്ടുമധ്യസ്ഥനായി മകൻ ജർമിയാസ്. ജെർമിയസിന്റെ മധ്യസ്ഥതീരുമാനങ്ങൾ അപൂർവമായി മാത്രമേ തികച്ചും തെറ്റി പോയിരുന്നുള്ളു …ഗ്രാമത്തിൽനിന്നും കൂടുതൽ വിദ്യാഭ്യാസം കിട്ടിയ ചീരുവിനു അക്കാരണത്താൽ തന്നെ യോജിച്ച ചെറുക്കന്മാരില്ലാത്തതിനാൽ കൂടെ പഠിച്ച പുറമെ നിന്നുള്ള പയ്യനെ വിവാഹമാലോചിക്കുകയും എന്നാൽ കവിതാഭ്രമം മൂത്ത പയ്യന്റെ മാനസിക നിലയിൽ തൃപ്തി വരാതെ ജർമിയാസ് ഇടപെട്ട് ആലോചന മുടങ്ങുകയുമായിരുന്നു..
ആ കുറ്റബോധത്തിൽ നിന്നും തന്റെ മകൻ അരുണിനെ കൊണ്ട് ചീരുവിനെ വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തത് ജറുമിസ്സിന് പറ്റിയ മറ്റൊരു തെറ്റ്. മകന്റെ ജെന്റർ വ്യത്യാസങ്ങൾ തിരിച്ചറിയാതെ ചീരുവിന്റെ ജീവിതം വീണ്ടും ഒറ്റപ്പെടലിൻ്റേതാവുകയായിരുന്നു.
തീരാത്ത ‘ പാപം’ ആവർത്തിച്ച് കൊണ്ടേയിരുന്നു പെരുമ്പാടിയിൽ .

മനുഷ്യന്റെ നൈസർഗിക പ്രവർത്തികളെ തെറ്റും ശരിയുമായി തിരിക്കുന്നത് സത്യത്തിൽ ആരംഭിച്ചിട്ടുണ്ടാവുക സമൂഹമായി ജീവിതം തുടങ്ങിയത് മുതലാകുമല്ലോ? സമൂഹ ജീവിതത്തിൽ പരസ്പരരം താരതമ്യം ചെയ്യുമ്പോൾ മാത്രമല്ലേ ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റാവുകയുള്ളൂ .

നാട്ടുകാരുടെ പ്രശ്നങ്ങളിലിടപ്പെട്ട് , ഇരുകൂട്ടർക്കും ജീവിതത്തിന്റെ മണമുള്ള തീർപ്പുകളുണ്ടാക്കി, ശരിതെറ്റുകളെ വേർതിരിച്ച് കൊടുക്കുന്ന ജർമിയാസ്, അവസാനം തന്റെയൊരു തെറ്റ് കാരണം തെറ്റുകളിൽ മാത്രം ജീവിച്ച സമൂഹത്തിലെ ഏറ്റവും വലിയ തെറ്റുകാരനായി വിചാരണ നേരിടുന്ന വിരോധാഭാസം. ചീരുവിന്റെ അപ്പന്റെ സ്ഥാനത്തുള്ള ജർമിയാസിന് ചീരുവിനോട് താൻ ചെയ്ത തെറ്റിനു അതിലും വലിയ തെറ്റുകളിലൂടെ മാത്രമായിരുന്നു വിധി വൈപര്യത്താൽ പരിഹാരം കാണുന്നത്.
കൊച്ച രാഘവൻ, ലൂയിസ് മുതലാളി, ഷുക്കൂർ ഹാജി, ചീരു, തുടങ്ങീ ഒട്ടധികം കഥാപാത്രങ്ങളിലൂടെയും ചായക്കട പുഴ ,കന്യാസ്ത്രീ മഠം, പ്രകൃതി ചികിത്സ കേന്ദ്രം വായനശാല തുടങ്ങിയ ഇടങ്ങളിലൂടെയുംവികസിച്ച നമ്മളൊക്കെയുൾപ്പെടുന്ന പെരുമ്പാടി !!

തന്നേക്കാൾ ഭാരം ചുമക്കുന്ന ഉറുമ്പുകൾക്ക് അവരുടെ താവളമായ പുറ്റിലേക്കുള്ള യാത്രയിൽ തടസമാകുന്ന കല്ലിനെ ഒഴിവാക്കാൻ ചുറ്റിപോകാവുന്നതേയുള്ളൂ , പക്ഷെ അവ ഭാരവും വലിച്ച് കല്ലിന് മുകളിലൂടെ വലിഞ്ഞ് കേറി പോകും , ജീവിതമങ്ങനെയാണ് പുറ്റിലും.

പുറ്റ് വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുറ്റ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിനോയ് തോമസിന്റെ ‘പുറ്റ്’ എന്ന നോവലിന്  മുഹമ്മദ് അലി ടി എം വേങ്ങര
എഴുതിയ വായനാനുഭവം

Comments are closed.