DCBOOKS
Malayalam News Literature Website

ചങ്ങല പോലെ കോര്‍ത്തു കോര്‍ത്തിട്ടിരിക്കുന്ന അനേകം കഥയറകള്‍, അവിടെ അനേകം മനുഷ്യരും അവരുടെ ജീവിതവും!

Puttu By Vinoy Thomas
Puttu By Vinoy Thomas

പെരുമ്പാടി എന്ന കുടിയേറ്റ ഗ്രാമത്തിന്റെ കഥന ഭൂമികയിലാണ് പുറ്റ് എന്ന നോവൽ രൂപപ്പെടുന്നത്. മലബാർ കുടിയേറ്റത്തിന്റെ സാമൂഹിക ചരിത്രം മുഴുവൻ ഊറിക്കൂടിയ നോവൽ മനുഷ്യർ നേടിയെടുത്തു എന്നു പറയുന്ന സംസ്കൃതിയെ മുഴുവൻ അപനിർമ്മിച്ചു കൊണ്ട് ജൈവികമായ പ്രകൃതി ദർശനത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. ഇതിനായി കുടുംബം, മതം, സ്ഥാപനങ്ങൾ, വ്യവസ്ഥയുടെ കെട്ടുപാടുകൾ തുടങ്ങിയ എല്ലാ സാമൂഹ്യ സ്ഥാപനങ്ങളേയും പൊളിച്ചെഴുതുന്നു. ആദി വാസികളായ പണിയർ വിഭാഗത്തിന്റെ സ്വതന്ത്ര ലൈംഗിക ജീവിതവും ഭിന്നലിംഗക്കാർക്ക് വേണ്ടി ബാംഗ്ലൂരിൽ പ്രിസ് അഗസ്റ്റിൻ എന്ന മനശാസ്ത്രഞ്ജൻ നടത്തുന്ന കൗണ്സിലിംഗ് സെന്ററും നോവലിൽ സ്ഥാപന വിമർശനത്തിന്റെ പ്രത്യക്ഷ സൂചനകളായി വരുന്നുണ്ട്.

പെരുമ്പാടിയിൽ പോളും പിന്നീട് അയാളുടെ മകനായ ജറമിയാസ് പോളും തുടർന്ന് പോരുന്ന നാട്ടു മധ്യസ്ഥതയുടെ നീതിശാസ്ത്രം മുഴുവൻ വ്യവസ്ഥകൾക്കും ബദൽ നിൽക്കുന്ന ഒന്നാണ്‌. പരസ്പര വിശ്വാസമായിരുന്നു അതിന്റെ കാതൽ. എന്നാൽ പുതിയ തലമുറയുടെ പ്രതിനിധികളായി വരുന്ന രാഷ്ട്രീയക്കാരൻ ധൂപേഷും ബൗസ്സിലി എന്ന വക്കീലും ചേർന്ന് ഈ Textജൈവിക ഘടനയെ തകർത്തു കളയുന്നു. പുറ്റ് എന്ന രൂപകത്തിലൂടെ വിനോയ്‌ ഉയർത്തിപ്പിടിക്കുന്ന കൂട്ടു ജീവിതത്തിന്റെ സ്വാഭാവികത അവിടെ തകർന്ന് പോകുകയും അധിനിവേശത്തിന്റെ പുതിയ രൂപങ്ങൾ പെരുമ്പാടിയെ പ്രളയശേഷം വിഴുങ്ങുകയും ചെയ്യുന്നു.

ആധുനികതയുടെ സകല സ്ഥാപങ്ങളെയും തകർത്തു കൊണ്ട് ആദിമമായ പ്രകൃതി ബോധത്തിന്റെ, പറ്റ ജീവിതത്തിന്റെ ജൈവികതയിലാണ് പുറ്റ് ഊന്നുന്നത്.
അതിനാൽ തന്നെ ആധുനികതാ വിമർശനത്തിന്റെ സ്ഥാനമായി കൂടി നോവൽ മാറുന്നു. കാമനയുടെ വീർപ്പുമുട്ടുന്ന സംഘർഷങ്ങൾ നോവൽ ഉടനീളം പേറുന്നുണ്ട്. അധികാരത്തിന്റെ പ്രത്യക്ഷ സ്ഥാപന രൂപങ്ങൾ അതിൽ വഹിക്കുന്ന പങ്ക് നോവലിൽ വ്യക്തമാണ്. മഠത്തിലും സന്യാസശ്രമത്തിലും ഇതിന്റെ പ്രകടമായ കഥകൾ നമുക്ക് വായിച്ചറിയാം. മനുഷ്യരിലൂടെ മാത്രമല്ല ഈ അധികാരഘടന സൂചിതമാകുന്നത്. ഉറുമ്പുകളേപ്പറ്റിയും മേനച്ചോടി പശുക്കളെപ്പറ്റിയുമുള്ള ഉപകഥകളിലൂടെ ജൈവകാമനകളെ എങ്ങനെ തളയ്ക്കുന്നു എന്നും നോവൽ കാണിച്ചു തരുന്നുണ്ട്.

തെറിയുടെയും അഗമ്യഗമനങ്ങളുടെയും തുറന്നു വിട്ട ഭാവനലോകമാണ് നോവൽ ഉടനീളം. ഏത് പശ്ചാത്തലത്തിലും ഇതിന് മാറ്റമില്ല. നോവലിന് എഴുതിയ ആമുഖത്തിൽ തന്റെ വൃത്തികെട്ട ഭാവനയിൽ മാത്രം സംഭവിക്കാവുന്ന കാര്യങ്ങൾ എന്ന് നോവലിസ്റ്റ് ജാമ്യമെടുക്കുന്നുണ്ടെങ്കിലും മനുഷ്യ ജീവിതത്തിൽ സംഭവിക്കാവുന്നതെ ഇതിലും ഉള്ളൂ എന്ന് നരജീവചരിത്രം നമുക്ക് ഉറപ്പുതരുന്നു.

ചങ്ങല പോലെ കോർത്തു കോർത്തിട്ടിരിക്കുന്ന അനേകം കഥയറകളാണ് ഈ പുറ്റ് വിടർത്തി നോക്കിയാൽ കാണാവുന്നത്. അവിടെ അനേകം മനുഷ്യരും അവരുടെ ജീവിതവുമുണ്ട്.

പുറ്റ് വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുറ്റ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിനോയ് തോമസിന്റെ ‘പുറ്റ്’ എന്ന നോവലിന് അജീഷ് ജി ദത്തന്‍ എഴുതിയ വായനാനുഭവം

Comments are closed.