DCBOOKS
Malayalam News Literature Website

പുണ്യാളന്‍ ദ്വീപിലെ ട്വിങ്കിള്‍ റോസയുടെ സ്വപ്‌നതുല്യമായ കാഴ്ചകള്‍

ജി.ആര്‍.ഇന്ദുഗോപന്റെ രചനാശൈലിയെ കുറിച്ച് ഒട്ടേറെ തവണ പലരും പലതവണ എഴുതിയിട്ടുള്ളതുകൊണ്ട് അത് വീണ്ടും വര്‍ണ്ണിക്കുന്നത് വിരസതയാണ്. ഇങ്ങനെയും എഴുതാന്‍ പറ്റുമോ എന്ന് ആശ്ചര്യപ്പെട്ട് പോകുന്ന ലളിതവും ഉള്ളില്‍ കൊളുത്തിവലിക്കുന്നതുമായ ഭാഷ.

ഈ കൃതി വായിക്കാന്‍ പ്രധാനകാരണം ഇതില്‍ പ്രഭാകരന്‍ സീരീസിലെ പ്രഭാകരന്റെ കഥ ഉണ്ട് എന്നുകേട്ടതാണ്. കുറെ തപ്പിയിട്ടും കിട്ടാതെ പോയ പുസ്തകങ്ങളാണ് ഇന്ദുഗോപന്റെ പ്രഭാകരന്‍ സീരീസ്. എന്നാല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഹൃദയം കവര്‍ന്നത് ട്വിങ്കിള്‍ റോസ തന്നെയാണ്. എത്ര മനോഹരമായാണ് ട്വിങ്കിള്‍ റോസയുടെ പ്രണയം വിവരിച്ചിട്ടുള്ളത്. പ്രണയിക്കാന്‍ മാത്രം അറിയുന്ന അവളുടെ മനോഹരമായ ലോകം നമുക്ക് ചുറ്റിലും നൃത്തം വയ്ക്കുന്നതായി തോന്നും.

‘അവള്‍ വെള്ളത്തിലേക്ക് കാല്‍വച്ചു. വെള്ളിക്കൊലുസില്‍ പൂര്‍ണചന്ദ്രന്റെ പ്രകാശമാണ് ആദ്യം കയറി കൊത്തിയത്. പിന്നാലെ നൂറു നൂറു മീനുകള്‍ വന്ന് മുത്തിത്തുടങ്ങി. ആ തുരുത്തിന്റെ ചരിത്രത്തില്‍ ഇത്രയും സുന്ദരമായൊരു കാല്പാദം കണ്ടിട്ടില്ലെന്ന മട്ടില്‍ മീനുകള്‍ മല്‍സരിച്ചു. ഉമ്മകളുടെ ഉല്‍സവം. അവള്‍ കണ്ണടച്ചു. ആദ്യരാത്രി ഇത്രയും ഉമ്മകള്‍ കിട്ടിയ ഒരു പെണ്‍കുട്ടി ലോകത്തുണ്ടാവില്ലെന്ന് അവള്‍ക്കു തോന്നി.’

അടുത്ത് തന്നെ നല്ലൊരു സിനിമ ആക്കാനുള്ള എലമെന്റ്‌സ് ഉള്ള ഒരു കഥയാണ് ട്വിങ്കിള്‍ റോസയും അവളുടെ സ്വപ്നതുല്യമായ പുണ്യാളന്‍ ദ്വീപും.

രണ്ടാമത്തെ കഥ ഡിറ്റക്ടീവ് പ്രഭാകരന്റെയാണ്. ഷെര്‍ലക് ഹോംസ് കഥകളിലെ ഐറിന്‍ അഡ്‌ലെര്‍ എന്ന കഥാപാത്രത്തിന് സമാനമായ കഥാപാത്രത്തെയാണ് ഇതില്‍ അവതരിപ്പിച്ചിട്ടുള്ളത്. അമിതപ്രതീക്ഷ കാരണമാണോ എന്നറിയില്ല വായിക്കാന്‍ രസമുണ്ടായിരുന്നു എങ്കിലും പ്രഭാകരന്‍ ബ്രില്യന്‍സ് ഒന്നും ആ കഥയില്‍ അനുഭവപ്പെട്ടില്ല.

അവസാനകഥ ‘ആരള്‍വായ്‌മൊഴിയിലെ പാതി വെന്ത മനുഷ്യര്‍’ മനോഹരമായ ഒരു പ്രണയകഥയാണ്. അതും ഒരു ടിപ്പിക്കല്‍ ഇന്ദുഗോപന്‍ സ്‌റ്റൈലില്‍.മനോഹരമായ കഥകളുടെ പ്രപഞ്ചത്തിലേക്ക് ഊളിയിടാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും നിസ്സംശയം വായിക്കാവുന്ന മനോഹരമായ ഒരു കൃതി.

ജി.ആര്‍ ഇന്ദുഗോപന്റെ ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്മാരും എന്ന കഥാസമാഹാരത്തിന് സുധിന്‍ പി.കെ. എഴുതിയ വായനാനുഭവം

Comments are closed.