DCBOOKS
Malayalam News Literature Website

കേരളീയനിൽ നിന്നും ഇന്ത്യക്കാരനിലേക്ക്

അറിവിൻ്റെ മാറ്റുരയ്ക്കലായ സിവിൽ സർവ്വീസ് പരീക്ഷയെന്ന കടമ്പ കടന്നെത്തുന്ന ഒരു വ്യക്തിയെ മികച്ചൊരു സിവിൽ സെർവ്വൻ്റായി മാറ്റിയെടുക്കുന്നതാണ് ട്രെയിനിംഗ് കാലം. അത്തരത്തിൽ 2012 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ അമ്മ മലയാളത്തെ കൂട്ടുപിടിച്ച് ഇരുനൂറ്റി ഇരുപത്തിനാലാം റാങ്ക് നേടിയ, ഒ എൻ വി യുടെ വാക്കുകളിൽ ‘ മലയാളത്തിൻ്റെ ഒന്നാം റാങ്കുകാരനായ’ ലിപിൻ രാജ് എം.പി.യുടെ സിവിൽ സർവ്വീസ് ട്രെയിനിംഗും അതിനോടനുബന്ധിച്ച് നടത്തിയ ഭാരതത്തിൻ്റെ നാലതിരുകളും തൊടുന്ന യാത്രകളുടെ അനുഭവക്കുറിപ്പുകളുമടങ്ങിയ മനോഹര ഗ്രന്ഥം.

അക്ഷരം നുകർന്നു തന്ന അമ്മയ്ക്ക് സമർപ്പിച്ചുക്കൊണ്ട് തുടങ്ങുന്ന ഈ ഗ്രന്ഥത്തിൻ്റെ ആദ്യ ഭാഗത്ത്, തൻ്റെ അക്കാദമി ജീവിതത്തെ വളരെ മനോഹരമായി ലേഖകൻ വർണ്ണിക്കുന്നു. ചിട്ടയായ പരിശീലനങ്ങൾക്കും അനുഭവ പാഠങ്ങൾക്കും ശേഷം അടിമുടി മാറ്റങ്ങൾക്കു വിധേയനായി ഭരണചക്രം തിരിക്കാൻ പ്രാപ്തരാകുന്നതിൻ്റെ വിവിധ രംഗങ്ങൾ .പരിശീലനത്തിൻ്റെ ഭാഗമായി നിർവ്വഹിക്കേണ്ടിയിരുന്ന കടമകൾ , പഠനങ്ങൾ, യോഗ, വ്യായാമം, പാലിക്കേണ്ടിയിരുന്ന ടൈം ടേബിൾ എല്ലാം വിശദമായിട്ട് അവതരിപ്പിരിക്കുന്നു.

അപ്രതീക്ഷിതമായി മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമുമായി ഉണ്ടായ കണ്ടുമുട്ടലും അന്ന് അദ്ദേഹം പങ്കുവെച്ച ആശയങ്ങളും അത് തന്നിൽ ഉളവാക്കിയ മാറ്റങ്ങളും ജീവിതത്തിൽ ഇന്നോളം അനുവർത്തിക്കുന്ന ലേഖകൻ തൻ്റെ ചേംബറിൻ്റെ വാതിൽ മാത്രമല്ല, ഭാരത ജനതയെ സേവിക്കാനായി തൻ്റെ ഹൃദയത്തിൻ്റെ വാതിലുകളും തുറന്നിട്ടിരിക്കുന്നുവെന്നത് വ്യക്തമാണ്.

Lipin Raj M P-Marangal Odunna Vazhiye” നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണല്ലോ ” . അതിനാൽ ഭാരത ജനതയുടെ വിവിധങ്ങളായ ജീവിതങ്ങൾ അനുഭവിച്ചറിയാനായി നടത്തിയ യാത്രകളും അതിനിടയിൽ സന്ദർശിച്ച ‘ഗാന്ധിയൻ വില്ലേജ് റിപ്പബ്ലിക്കുകളായ ‘ -പിപ്പ് ലാന്ത്രി, ഉർമാഞ്ചി തുടങ്ങിയ ഗ്രാമ പ്രദേശങ്ങളും, പ്രകാശത്തെക്കുറിച്ചം കാഴ്ച്ച പകരുന്ന അന്ധതയെക്കുറിച്ചുമുള്ള ചിന്തകൾ പകർന്ന വരാണ സിയും മത്തേരാൻ കുന്നുകളിലെ ടോയ് ട്രെയിൻ യാത്രയും സ്വാമി സ്വരൂപാനന്ദനുമായുള്ള സംഗമവും ഡബിൾ ഇക്കാത്ത്’ ആയ പാട്ടൺ പട്ടോലകളും സ്പെയ്നിൽ നിന്നും ഫുട്ബോൾ ജേതാക്കളായി മടങ്ങിയെത്തിയ ഉർമാഞ്ചിയിലെ ചുണക്കുട്ടികളും, ഹിമാചൽ പ്രദേശിലെ ഖജജ്യാറും രാമേശ്വരവും കാമാഖ്യ, ചിറാപുഞ്ചി മൗസിൻ റാം, മാജുലി ,ലേഖാപാനി തുടങ്ങിയ കിഴക്കേന്ത്യൻ വിസ്മയങ്ങളും ചരിത്ര പുസ്തകങ്ങളിലൂടെ മാത്രം പരിചിതമായിരുന്ന ഹുസൈൻവാലാ, ജാലിയൻവാലാബാഗ്, സുവർണ്ണ ക്ഷേത്രം, ഭാവ്നഗർ തുടങ്ങിയവയും ആസ്വാദകരുടെ മനസ്സിനെ കുളിരണിയിക്കും എന്നതിൽ സംശയമില്ല.

യാത്രയ്ക്കിടയിൽ താൻ കണ്ടുമുട്ടിയവർ, തൻ്റെ നാട്ടിലെ രാമേട്ടൻ, ബാച്ച്മേറ്റ്സ് തുടങ്ങി തൻ്റെ ജീവിതത്തിൽ ‘ദൈവത്തിൻ്റെ ചാരന്മാരായി ‘ കടന്നു വന്ന് മാറ്റങ്ങൾ വരുത്തിയ ഓരോരുത്തരുമായുള്ള അനുഭവങ്ങളും അതിൽ നിന്നും ഉരുത്തിരിഞ്ഞ ജീവിത പാഠങ്ങളുമെല്ലാം സുവ്യക്തമായിട്ട് അവതരിപ്പിച്ചിരിക്കുന്നു.

നിരാശപ്പെട്ടിരുന്ന അവസരങ്ങളിൽ സ്വന്തമായ മാർഗത്തിലൂടെ, തന്നിലെ നെഗറ്റീവ് എനർജി നീക്കി; പോസിറ്റീവ് എനർജിയാൽ നിറച്ചുക്കൊണ്ട് ആത്മവിശ്വാസത്തോടെ മുന്നേറിയതിൻ്റെ നേർക്കാഴ്ച്ച . ദേശസ്നേഹത്തോടെ, സത്യം, ധർമ്മം, നീതി എന്നിവയിൽ അധിഷ്ഠിതമായ സേവനത്തിനായി പ്രവർത്തിക്കുവാൻ തന്നെ പ്രാപ്തനാക്കിയ, ചെറിയ പ്രവർത്തികൾ ക്കൊണ്ടു പോലും വലിയ മാറ്റങ്ങളുണ്ടാക്കാനാവും എന്ന തിരിച്ചറിവ് പകർന്ന, തന്നെ സെലക്ടീവാക്കിയ, എല്ലാറ്റിനുമുപരി ഒരു കേരളീയനെന്നതിൽ നിന്നും ബഹുദൂരം മാറി ഒരു ഇന്ത്യക്കാരൻ കൂടിയാക്കിത്തീർത്ത സിവിൽ സർവ്വീസ് ട്രെയിനിംഗ് കാലയളവിൻ്റെ പച്ചയായ അവതരണം.

ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങൾക്കിടയിൽ മേഘങ്ങൾക്കൊണ്ട് മറയക്കപ്പെട്ടാലും പ്രകാശം പകർന്നു ക്കൊണ്ട് ശോഭിക്കുന്ന സൂര്യനെപ്പോലെ ലേഖകൻ തൻ്റെ തൂലികയാൽ വായനക്കാരന് നവ ചിന്തകളും ആത്മവിശ്വാസവും പ്രചോദനം ചെയ്യുന്ന മനോഹരകൃതി.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലിപിൻ രാജ് എം.പിയുടെ മരങ്ങൾ ഓടുന്ന വഴിയേ എന്ന പുസ്തകത്തിന് ആലപ്പുഴ എടത്വ സ്വദേശിനിയും പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനിയുമായ അമല അന്ന അനിൽ എഴുതിയ വായനാനുഭവം.

Comments are closed.