DCBOOKS
Malayalam News Literature Website

ജെസബെലിന്റെ ചോദ്യങ്ങള്‍ എന്റേത് കൂടിയാകുമ്പോള്‍…!

ഒരു വായനക്കവസാനം നീണ്ട ഒരു ദീര്‍ഘനിശ്വാസത്തോടെ ഒരു ബുക്ക് അടച്ചുവെക്കുന്നത് ആദ്യമായിട്ടാണ്. ഒരുപാട് കാലത്തിനുശേഷം കണ്ടുമുട്ടിയ എന്റെ പ്രിയ സുഹൃത്ത് ജെസബെല്‍ അവളുടെ കഥ പറഞ്ഞു നിര്‍ത്തിയിരിക്കുന്നു. ഇനിയെന്റെ ഊഴമാണ്. കഥ കേട്ടവളുടെ സമയം. എന്ത് പറയണമെന്നറിയാതെ സൂര്യനെ അണിഞ്ഞ ആ സ്ത്രീക്ക് മുന്നില്‍ ഞാന്‍ നിശബ്ദയായി.

കെ.ആര്‍ മീര എങ്ങനെയായിരിക്കും ഇതെഴുതി തീര്‍ത്തിട്ടുണ്ടാവുക. ഇവിടെ കഥ എന്നതിനപ്പുറം കുറേ വികാരങ്ങളെ പച്ചയായി നമുക്ക് മുന്നിലേക്ക് പകര്‍ത്തിയിരിക്കുന്നു. അതില്‍ സ്‌നേഹം, സ്വവര്‍ഗരതി, ഭയം, അഹന്ത, ദുഃഖം, നിസ്സഹായത, ഭിന്നലിംഗത്തിന്റെ അടിച്ചമര്‍ത്തല്‍, പ്രതിരോധം… അങ്ങനെ ഒരു ജീവിതത്തിലെ, സമൂഹത്തിലെ എല്ലാ വികാരങ്ങളും കടന്നുപോകുന്നു. ആദ്യ പകുതിവരെ ഒരു പക്കാ സ്ത്രീ പക്ഷ നോവല്‍ ആണെന്ന തോന്നല്‍ നമുക്കുണ്ടാവാം. പക്ഷേ കുറേ മനുഷ്യരുടെ അസംതൃപ്തമായ ജീവിതം. അവിടെ ആണോ പെണ്ണോ ഒന്നുമില്ല. ഓരോ മനുഷ്യനും തന്റെ ജീവിതത്തില്‍ ആരാലൊക്കെയോ സ്‌നേഹിക്കപ്പെടാനും ചേര്‍ത്തണക്കപ്പെടാനും കൊതിച്ചുകൊണ്ടേ ഇരിക്കുന്നു. പക്ഷേ വിധി മറ്റൊരു രൂപത്തില്‍ അവരെ പരീക്ഷിക്കുകയും വഞ്ചിക്കുകയും ചെയ്യും.

ജെസബെല്‍ ശക്തയായ സ്ത്രീയല്ല, സമൂഹം ആഗ്രഹിക്കുന്ന രീതിയിലോ അവള്‍ ആഗ്രഹിക്കുന്ന രീതിയിലോ ജീവിക്കാനാവാതെ ചാഞ്ഞുനില്‍ക്കാന്‍ എപ്പോഴും ഒരു തോള്‍ തേടി അലയുന്നവളെപോലെ എനിക്ക് തോന്നി. ചില ഇടങ്ങളില്‍ അവളോട് വാത്സല്യവും ചിലനേരം സഹതാപവും തോന്നി. പക്ഷേ കൂടുതലും എനിക്കവളോട് ദേഷ്യം തോന്നി. എന്തെ പെണ്ണേ നിന്റെ വല്യമ്മച്ചിയെ പോലെ പൊട്ടിച്ചിരിക്കുന്ന ഒരു സ്ത്രീ ആയില്ല നീയെന്നു ചോദിക്കാന്‍ തോന്നി.

ചോദ്യങ്ങള്‍ ചോദിക്കാന്‍ എളുപ്പമാണല്ലോ. ഉത്തരങ്ങളാണ് പ്രയാസം. ഓരോ മനുഷ്യനുള്ളിലും മീര പറയുന്ന പോലെ ഒരു റബ്ബിയും ഒരു ശിഷ്യയും ഉണ്ടാവും. ആഗ്രഹിക്കുംപോലെ ജീവിക്കാനാവാത്ത ഓരോ ശിഷ്യ മനസ്സും ഏകാന്തരാത്രികളില്‍ റബ്ബിയോട് കുമ്പസാരിക്കും.

അനീതിയുടെയും അഹന്തയുടെയും മൂര്‍ത്തീഭാവമായ ജോര്‍ജ് ജെറോം മരക്കാര്‍. അയാളോട് ആദ്യം മുതല്‍ വായനക്കാരന് തോന്നുന്ന വെറുപ്പ് അവസാനമെത്തുമ്പോള്‍ സഹതാപത്തിലേക്കു മാറപ്പെടുന്നു. നമുക്ക് ചുറ്റുമുള്ള ചില ജീര്‍ണിച്ച ജീവിതങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ട് അയാള്‍ വായനക്കാരനെ യാത്രയാക്കും.

സ്വത്വം മറന്നു സമൂഹത്തിനു മുന്നില്‍ തന്റെ അസ്തിത്വം മറച്ചു വെച്ച് ഒരു സ്ത്രീയുടെ ജീവിതത്തിലെ മുഴുവന്‍ സന്തോഷങ്ങളെയും ഇല്ലാതാക്കിയ ജെറോം. അയാളോട് അനുതാപമോ സഹതാപമോ ഇല്ല.. വെറും പുച്ഛത്തോടെ അയാളെ ഈ കഥയില്‍ നോക്കി കാണേണ്ടി വരുമ്പോഴും അവിനാശ് എന്ന അയാളുടെ കാമുകി കഥാപാത്രം മനസ്സില്‍ ഒരു നോവ് സമ്മാനിക്കുന്നുണ്ട്. തന്റെ പ്രണയിതാവ് ഏത് കാരണത്തിന് വേണ്ടി ആയാലും മറ്റൊരാളെ സ്വീകരിക്കുമ്പോള്‍ ഉണ്ടാവുന്ന മാനസികവ്യഥ ചുരുക്കം അക്ഷരങ്ങളില്‍ എഴുത്തുകാരി വരച്ചു കാട്ടുന്നു.

ഈ കഥ വായിക്കുന്ന പുരുഷന്മാര്‍ ഇതിലെ സ്ത്രീകളെ ,അവരുടെ വികാരങ്ങളെ എങ്ങനെ ആയിരിക്കും മനസിലാക്കുക. ജെറോമിനെ പോലെയോ ജെസബെല്ലയുടെ അമ്മച്ചിയെ പോലെയോ ആ വക്കീലിനെയും ജഡ്ജിയെയും പോലെയോ ആയിരിക്കുമോ? സ്ത്രീക്ക് സമൂഹം വിധിച്ചിരിക്കുന്ന അലിഖിത നിയമങ്ങള്‍ പാലിക്കാത്ത നായികയോട് വിരോധമായിരിക്കുമോ അതോ അവളുടെ പച്ചയായ വികാരങ്ങളെ മനസ്സിലാക്കുമോ?

ഒരു വലിയ വിഭാഗം സ്ത്രീകള്‍ക്ക് ഈ കഥയില്‍ അവരെ കാണാന്‍ സാധിക്കും എന്നെനിക്കു തോന്നുന്നു. ജീവിതത്തില്‍ എപ്പോഴൊക്കെയോ കണ്ടുമറന്നുപോയ പലരെയും നമുക്കിതില്‍ കാണാന്‍ സാധിക്കും.

കഥ വായിച്ചവസാനിക്കുമ്പോള്‍ എഴുത്തുകാരിയോടൊരു ചോദ്യം. കഥയില്‍ പലയിടത്തും ജെസബേല്‍ തന്റെ ജീവിതകഥ ഒരു ദുര്‍ബലയെ പോലെ പലരോടും പങ്കു വെക്കുന്നുണ്ട്. അതറിഞ്ഞ ഒരുപാട് പേര്‍ അവള്‍ക്കു ചുറ്റും ഉണ്ടായിരുന്നു. എന്നിട്ടും കോടതിയില്‍ മാത്രമായി അവളെന്തിന് മൗനം പാലിച്ചു. ഒരു സ്ത്രീ പറയരുത് എന്ന് മനസ്സിലുറപ്പിച്ചാല്‍ മരണം വരെ മറ്റൊരാള്‍ അതറിയില്ല. മാനസികമായി ദുര്‍ബ്ബലയായ ഒരുവള്‍ കോടതിയില്‍ ഒരിക്കലും മൗനം പാലിക്കുകയുമില്ല എന്നൊരു തോന്നല്‍.

എന്തുതന്നെ ആയാലും ഭര്‍ത്താവിനാല്‍ അകന്നു കഴിയുന്ന ഒരു സ്ത്രീ എപ്പോഴും മറ്റൊരു പുരുഷന്റെ അവസരം തന്നെയാണ് എന്ന് ഈ കഥ പലയിടത്തും ഓര്‍മിപ്പിക്കുന്നു.

ജെസബേലിന്റെ ഈ ചോദ്യങ്ങള്‍ ഞാനും ആരോടൊക്കെയോ ചോദിക്കുന്നു.

അയാള്‍ എന്തിനാണ് തന്നെ ഇത്രയേറെ ക്രൂരമായി ചതിച്ചത്?

അയാള്‍ എന്തിനാണ് തന്നെ ഇത്രയേറെ മുറിപ്പെടുത്തിയത്?

സ്‌നേഹത്തിന്റെ അവസാനത്തെ കണിക പോലും പറത്തി കളഞ് അയാള്‍ എന്തിനാണ് എന്റെ ജീവിതത്തിലെ സകല കാറ്റുകളെയും നിശ്ചലമാക്കിയത്?

കെ.ആര്‍.മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന നോവലിന് അമി ജീബ എഴുതിയ വായനാനുഭവം

Comments are closed.