DCBOOKS
Malayalam News Literature Website

ഇന്ത്യയുടെ വര്‍ത്തമാനകാല പ്രതിസന്ധികളെ അടിമുടി അടയാളപ്പെടുത്തുന്ന നോവല്‍

‘കേകയില്‍ കിതച്ചോടും തീവണ്ടി
അതിന്‍ നെഞ്ചിന്‍ കൂടിലെ മുറിക്കുള്ളി
ലിരുന്നു മിടിക്കുമ്പോള്‍
എനിക്കു പേടിക്കുന്നൂ ലോകമേ..”

മൂന്നും രണ്ടും രണ്ടും മൂന്നും
രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിന്നാലിന്നാറുഗണം
പാദം രണ്ടിലുമൊന്നുപോല്‍
ഗുരുവൊന്നെങ്കിലും വേണം
മാറാതോരോ ഗണത്തിലും
നടുക്ക് യതി പാദാതിപ്പൊരുത്തമിതു കേകയാം…

മലയാളഭാഷാ വൃത്തമായ കേകയുടെ ലക്ഷണമാണിത് (ഭാരതത്തിന്റെയും എന്നു പ്രത്യേകം പറയേണ്ടതില്ലെന്നാണ് ആദ്യം കരുതിയത്. അല്ലാതെ പറ്റില്ലെന്നു പിന്നെ തോന്നി). ഈ ലക്ഷണം അടിമുടി ഹൃദിസ്ഥമാക്കിയശേഷം ഒരു പത്തു വരിയിപ്പോള്‍ കേകയില്‍ എഴുതിക്കളയാം എന്നു കരുതി കുത്തിയിരുന്നാല്‍ കുഴഞ്ഞതു തന്നെ.

വൃത്തശാസ്ത്രമൊക്കെ, അന്തോം കുന്തോമില്ലാതെ വായ്‌പൊളിച്ച് മുന്നിലിരിക്കുന്ന കുട്ടികളെ പഠിപ്പിക്കാം, തെറ്റു കണ്ടുപിടിച്ച് ചന്തിക്കു കിഴുക്കാം എന്നല്ലാതെ ഈ ലക്ഷണങ്ങള്‍ കൊണ്ട് മറ്റു പ്രയോജനങ്ങളൊന്നുമുണ്ടെന്നു തോന്നുന്നില്ല. കേക എന്നല്ല നിയതമായ ഒരു വൃത്ത, താളഘടനയും അതിന്റെ ലക്ഷണങ്ങള്‍ക്കു മാത്രമായ് വഴങ്ങിക്കൊടുക്കുന്ന ശീലക്കാരല്ല. മൊഴിവഴക്കങ്ങളുടെ കൃത്യമായ അനുശീലനത്തിനോടു മാത്രമേ അത് എളുതായെങ്കിലും വഴങ്ങൂ. ആ വഴക്കത്തിനു മാത്രമേ അത്രമേല്‍ ഇഴുകിയും മുറുകിയും ഈണപ്പെടാനാകൂ. ഒരു മാത്രപോലും തെറ്റാതെ വരികളിലെ പൊരുളടരുകളെ പ്രകടമാക്കാനാകൂ. അല്ലെങ്കില്‍ ഭാരതത്തെ ക്ലാസ്സിലിരുന്നുമാത്രം പഠിച്ചതു (പഠിപ്പിച്ചതു) പോലെ എന്തു നിരീക്ഷിച്ചാലും എതുകയും മോനയും സമാനമാകാതെ കിടക്കും ലഘുവും ഗുരുവും പിഴയ്ക്കും. അങ്ങനെ വഴക്കമുള്ള വൃത്തബദ്ധതയില്‍ പരുവപ്പെട്ടതിനെയൊക്കെ കഴിയായ്കതയുട മൂടിവച്ച് തള്ളിപ്പറഞ്ഞിട്ടും കാര്യമില്ല. ഇത്രയും പറഞ്ഞതെന്തെന്നാല്‍ വി.ഷിനിലാലിന്റെ നോവല്‍ ‘സമ്പര്‍ക്കക്രാന്തി’വായിച്ചതിന്റെ അനുഭവം പറയാനാണ്.

ഭാരതത്തിന്റെ വര്‍ത്തമാനകാല പ്രതിസന്ധികളെ അടിമുടി അടയാളപ്പെടുത്തിയ ഒരു നോവലാണത്. മാത്രമല്ല പ്രിയ കവയിത്രി അനിതാ തമ്പിയുടെ ‘കേകയിലൊരു തീവണ്ടി’എന്ന കവിതയിലെ ചില വരികള്‍ ഈ നോവലിലെ മൂന്നാം ഭാഗത്തെ ‘വലിയ മരണങ്ങള്‍’ എന്ന അധ്യായത്തില്‍ കടന്നുവരികയും ചെയ്യുന്നുണ്ട്. ആ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്

‘കേകയില്‍ കിതച്ചോടും തീവണ്ടി, അതിന്‍ നെഞ്ചിന്‍
കൂടിലെ മുറിക്കുള്ളിലിരുന്നു മിടിക്കുമ്പോള്‍
എനിക്കു പേടിക്കുന്നു ലോകമേ…’

ഇന്ത്യയെ ഒരു തീവണ്ടിയുടെ ഘടനയിലേക്കു പരുവപ്പെടുത്തിയ നോവലാണ് സമ്പര്‍ക്കക്രാന്തി. പക്ഷെ,ഈ വരികള്‍ നോവലില്‍ രേഖപ്പെടുത്തി കാണുന്നില്ല. ഒരുപക്ഷെ, ആദ്യതാളില്‍ വരേണ്ടിയിരുന്ന വരികളായിരുന്നു അവയെന്നുതന്നെ തോന്നി.

അനിതാ തമ്പിക്ക് ആ കവിത കേകവൃത്തത്തില്‍ മുറുകിയ താളവഴക്കത്തോടെ എഴുതാനായത് വൃത്തശാസ്ത്രം മാത്രം പഠിച്ചിട്ടായിരിക്കാന്‍ ഒരു തരവുമില്ല. ആ മട്ടിലുള്ള അനേകം കവിതാശകലങ്ങളോട് ഇണങ്ങിയും ഏറെ അടുത്ത് ഇടപഴകിയും ശീലിച്ചതിന്റെ, അതിലുപരി ഉള്ളില്‍ കുട്ടിക്കാലത്തെങ്ങോ പരുവപ്പെട്ട താളങ്ങളോടുള്ള പ്രീതിയുടെ ബലത്തിലോ ആകാനേ വഴിയുള്ളൂ. തീവണ്ടിയുടെ ഘടന വൃത്തത്തില്‍ വാക്കുകള്‍ എന്നവിധം ബോഗികളും മാത്രകള്‍ എന്നവിധം ലഘുവോ ഗുരുവോ എറിക്കാതുള്ള അവയുടെ ക്രമപ്പെടലും ലവലേശമിടറാതെ പാളത്തിലൂടെയുള്ള അതിന്റെ കൂകിപ്പായലും വൃത്തശാസ്ത്രങ്ങളുടെ ലക്ഷണങ്ങളോട് പൊരുത്തപ്പെടുന്നതായി എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാരതത്തെ അത്രമേല്‍ അടുത്തറിയുന്ന ആര്‍ക്കും അങ്ങനെ എപ്പോഴെങ്കിലുമൊക്കെ തോന്നിയിരിക്കണം. ‘സമ്പര്‍ക്ക ക്രാന്തി’എഴുതുമ്പോള്‍ ഷിനിലാലിലും അനിതാ തമ്പിയിലുരുവമായ ആ ഘടകമാകും പ്രവര്‍ത്തിച്ചിട്ടുണ്ടാകുക.

കാരണം തീവണ്ടിയുമായി അത്രമേലിഴുകിയതാണല്ലോ നോവലിസ്റ്റിന്റെ ജീവിതവും. അതുകൊണ്ടാണ് ചരിത്രങ്ങളെ ഭാവനയുടേയും വ്യത്യസ്തവും തനതുമായ ചിന്തകളുടേയും ബലത്തില്‍ ട്രെയിനിന്റെ ഘടനയിലേയ്ക്കു വിളക്കിച്ചേര്‍ക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നത്. കരടു മുതല്‍ ഖണ്ഡശ്ശ വരെ വിവിധ രീതിയില്‍ വായിച്ചറിഞ്ഞ നോവലാണ് സമ്പര്‍ക്ക ക്രാന്തി. അനവധി പ്രതിസന്ധികളിലൂടെ പരിണമിച്ചു പരുവപ്പെട്ട നിലവിലെ ഇന്ത്യയെ സമകാലിക-സാമൂഹിക പരിസരത്തു നിര്‍ത്തി അടയാളപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഈ നോവല്‍. ഒരു രാജ്യമാകെ ഏതോ ഒരു പാസഞ്ചര്‍ ട്രെയിനില്‍ പലരൂപത്തില്‍, പല ഭാവത്തില്‍, പല നാമത്തില്‍ അലയുന്ന ഒരലസ സഞ്ചാരിയെ ഇടയ്ക്കിടെ കണ്ടുമുട്ടും പോലെയായിരുന്നു എനിക്കീ നോവല്‍. ‘ഇന്ത്യ എന്ന പുസ്തകം’ എന്ന രൂപത്തിലാണ് ആദ്യം ആ സഞ്ചാരിയെ ഞാന്‍ കേട്ടറിഞ്ഞത്. തുടര്‍ന്ന് ‘പഗ്മാര്‍ക്ക്’ എന്ന ഭാവത്തില്‍ കയ്യെഴുത്തു പ്രതിയില്‍ നിന്നും വായിച്ചറിഞ്ഞു. ഒടുവില്‍ ദേശാഭിമാനി വാരികയിലൂടെ ‘സമ്പര്‍ക്ക ക്രാന്തി’എന്ന അടിയുറച്ച നാമത്തില്‍…അതേ നാമത്തിലും രൂപത്തിലും ഭാവത്തിലും ഇപ്പോളിതാ ഡി സി ബുക്‌സ് വഴി പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍… അലസ സഞ്ചാരികള്‍ക്ക് അനേകം ഭാവങ്ങളുണ്ട്.കണ്ടറിഞ്ഞ ദേശങ്ങളുടെ നേരടയാളങ്ങള്‍ പ്രതിബിംബിക്കുന്ന നിഗൂഢമായ ഭാവങ്ങള്‍…അതേവിധം തന്നെ രൂപവും നാമങ്ങളുമുണ്ട്.

മൂന്നു ഭാഗങ്ങളായ് തിരിച്ച അറുപത്തി ഏഴ് അധ്യായങ്ങളാണ് തീവണ്ടി ബോഗികളെന്ന വിധം ഈ നോവലിലുള്ളത്.നോക്കൂ,ഞാനീ നോവലിനെ എന്റെ ചിന്തയുടെ ബലത്തില്‍ ജൈവികത, യാന്ത്രികത, കൃത്രിമബുദ്ധി എന്നിങ്ങനെ മറ്റു മൂന്നു ഭാഗങ്ങളായ് കൂടി പുനഃക്രമീകരിക്കുകയാണ്.

കാരണം ഓരോ നിമിഷവും പരിണാമത്തിലൂടെ പരിഷ്‌കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് മനുഷ്യന്റെ ശരീരം മാത്രമല്ലെന്നും മനസ്സും അതിന്റെ ഭാഗമായുള്ള ചിന്തകളും കൂടിയാണെന്നും ഈ നോവലില്‍ നോവലിസ്റ്റ് സൃഷ്ടിക്കുന്ന കഥാപാത്രങ്ങളില്‍ ചിലരുടെ (കരുമന്‍, ചരിത്രമില്ലാത്ത കുട്ടി, അമാനുഷി…)ശാരീരിക ഘടനയിലൂടെയും തന്റെ വിചിത്രങ്ങളായ ചിന്തകളിലൂടെയും പ്രകടമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം വളര്‍ച്ചയ്ക്കുമേലുള്ള യന്ത്രങ്ങളുടെ സ്വാധീനം നോവലില്‍ പ്രത്യക്ഷത്തില്‍ തന്നെയുണ്ടു താനും. പുറമേ വിരുദ്ധമെന്നു തോന്നിയേക്കാവുന്ന ഈ മൂന്ന് അവസ്ഥകളുടെ സംയോജനവും അതുമൂലം സംഭവിക്കാന്‍ സാധ്യതയുള്ള വൈരുദ്ധ്യങ്ങളും ഏറെക്കുറേ കൃത്യതയോടെ പറഞ്ഞുറപ്പിക്കുന്നതോടൊപ്പം അവയുടെ അനിവാര്യമായ കടന്നുവരവ് ബോധ്യമാക്കാനും നോവലിസ്റ്റ് ശ്രമിക്കുന്നു. മാത്രമല്ല, അതിനെ കാലികമായ സാമൂഹിക-രാഷ്ട്രീയ അവസ്ഥകളുടെ തുറന്നുകാട്ടലിനുള്ള ഉപാധിയായിക്കൂടി പ്രയോജനപ്പെടുത്തുന്നു. ആദ്യ അധ്യായം മുതല്‍ അതു കാണാനാകും.

നോക്കൂ, നോവലിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളായ കരംചന്ദിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റോടു കൂടിയാണ് നോവല്‍ ആരംഭിക്കുന്നത്. മനുഷ്യനുള്‍പ്പടെയുള്ള ജീവിവര്‍ഗ്ഗങ്ങളുടെ ടെറിട്ടോറിയല്‍ സ്വഭാവം പ്രകടമാക്കുന്നതാണ് പോസ്റ്റ്. ഫെയ്‌സ്ബുക്കുവഴിയാണ് അതു അവതരിപ്പിക്കുന്നതും പ്രചരിപ്പിക്കപ്പെടുന്നതെന്നും കാണണം. നായ, ഭിക്ഷക്കാരന്‍, കച്ചവടക്കാരന്‍ അങ്ങനെ മൂന്നുതരം ജീവിതാവസ്ഥകളുടെ അതിജീവനത്തിനു വേണ്ടിയുള്ള അതിരടയാള വ്യഗ്രതകളാണ് ചൂണ്ടിക്കാണിക്കുന്നത്. ആ ത്രയപ്പെടുത്തലില്‍ നിന്നു തന്നെ നോവലില്‍ ഉള്ളടങ്ങിയിട്ടുള്ള രാഷ്ട്രീയവും അതിന്റെ അനിവാര്യതയും വായിച്ചെടുക്കാനുമാകും. ‘ഓര്‍മ്മ’ എന്ന അധ്യായത്തോടെ നോവല്‍ അതിന്റെ പ്രമേയപരമായ സൂചനകള്‍ പറഞ്ഞു തുടങ്ങുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേസ്‌റ്റേഷനാണ് ആ അധ്യായത്തിലെ പശ്ചാത്തലം. സുപ്രധാനമായൊരു യാത്രയ്ക്കുള്ള എല്ലാ സിറ്റ്വേഷനും അവിടെ ക്രിയേറ്റു ചെയ്യപ്പെടുന്നു. ഒപ്പം തന്നെ വിചിത്രമായ യാത്രയായിരിക്കും അതെന്ന തോന്നലിനുള്ള വകകളൊക്കെ കടന്നു വരികയും ചെയ്യുന്നുണ്ട്. കാരണം ആ മൂന്നവസ്ഥകളുടെ (ജൈവികത,യാന്ത്രികത,കൃത്രിമബുദ്ധി) സംയുക്തമായുള്ള യാത്രയാകുമ്പോള്‍ അതു സ്വാഭാവികം. ബോധപൂര്‍വമായിത്തന്നെ നോവലിസ്റ്റ് അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും മുറതെറ്റാതെ ഒരുക്കി എടുക്കുന്നത് കാണാം. വാണ്ടറര്‍ എന്ന പുരാതന എഞ്ചിന്‍ യാത്ര ചെയ്യാനുള്ള ട്രെയിനിനു പിന്നില്‍ ഘടിപ്പിക്കുന്നതോടു കൂടി അതു പൂര്‍ത്തിയാകുന്നു. തുടര്‍ന്ന് യാത്രയാണ്. വിചിത്രമായ യാത്ര…

ട്രയിനിന്റെ ഘടന പൊടുന്നനെ ഭാരതത്തിന്റെ സമകാലിക ഭാവമായി പരിണമിക്കുന്നതും പൗരാണികമായ ദശാസന്ധികളിലൂടെ സഞ്ചരിക്കുന്നതും ചരിത്രയാഥാര്‍ത്ഥ്യങ്ങളുമായി കുട്ടിമുട്ടുന്നതുമൊക്കെ നമുക്ക് കടന്നു പോകുന്ന അധ്യായങ്ങളില്‍ നിന്നും വായിച്ചറിയാനാകും. അസംഖ്യം കഥാപാത്രങ്ങള്‍. ചിലര്‍ ചരിത്രത്തിന്റെ ഭാഗമായവര്‍. ചിലര്‍ ചരിത്രത്തെ അടയാളപ്പെടുത്താനും പുനരാവിഷ്‌കരിക്കാനും നിയോഗിക്കപ്പെട്ടവര്‍, മറ്റു ചിലര്‍ കാലികമായ ചരിത്രപ്രതിസന്ധികളെ പ്രകടമാക്കാനായി സൃഷ്ടിക്കപ്പെട്ടവര്‍, ചിലര്‍ ആ തിക്തതകളുടെ പ്രതിനിധികള്‍, ചിലര്‍…ചിലര്‍മാത്രം ഏറെ ശക്തമായ എറിച്ചു നില്പുകള്‍.

തിരുവനന്തപുരം റയില്‍വേസ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ട് ട്രയിന്‍യാത്ര അവസാനിക്കുമ്പോള്‍ നോവല്‍ അതിന്റെ ഘടനാപരമായ കര്‍ത്തവ്യം പൂര്‍ത്തിയാക്കുന്നു. തനി രാഷ്ട്രീയം പറയാനുള്ള വെറുമൊരു യാത്രയായിരുന്നോ ഇതെന്ന് വായനയ്ക്കിടയില്‍ തോന്നാം. അതിന്റെ മടുപ്പും പ്രകടമായേക്കാം. അല്ല, പുനര്‍വായനയില്‍ തെളിഞ്ഞുവരാനുള്ള പലതും അതില്‍ അന്തര്‍ലീനമാണ്. വളരെ ഗൂഢമായ് മാത്രം പൊരുളടരുകള്‍ പ്രകടമാക്കുന്ന ചിലത്. വായിച്ചു പോകുന്ന വേളയില്‍ നോവലിലെ അത്തരം ചില അധ്യായങ്ങളും സന്ദര്‍ഭങ്ങളും ആ വിധം എന്റെ മനസ്സിലും തറഞ്ഞുകിടക്കുന്നു. നോവലിലെ ആദ്യ ഭാഗത്തെ എഞ്ചിന്‍ എന്ന അധ്യായം കാണൂ…ഒരു ലോക്കോപൈലറ്റിന്റെ അനുഭവപരിസരത്തു നിന്നും ജീവിതത്തിലെ നിശ്ശൂന്യതകള്‍ ചികഞ്ഞെടുക്കുന്ന ഒരധ്യായമാണത്.

നോക്കൂ, മരിക്കാന്‍ പോകുന്നൊരാളും കൊല്ലാന്‍ പോകുന്നൊരാളും മുഖാമുഖം വരുമ്പോള്‍, കണ്ണുകള്‍ പരസ്പരം ഇടയുമ്പോള്‍ ഏറെ വിരുദ്ധമായൊരു ഭൗതികാവസ്ഥ പ്രകൃതിയില്‍ തെളിഞ്ഞുവരാന്‍ സാധ്യതയുണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു. അന്നേരം തുടങ്ങലും ഒടുങ്ങലും എന്ന ജൈവികമായ നൈരന്തര്യം അല്പനേരത്തേക്കെങ്കിലും സ്തംഭിച്ചു നില്‍ക്കാതിരിക്കാന്‍ തരമില്ല. കൊല്ലലും ചാകലുമെന്നതും ഒരു ബയോളജിക്കല്‍ പ്രോസസല്ലേ എന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും, അല്ലെന്നു തന്നെ ഞാന്‍ കരുതുന്നു. കാരണം അത് ജീവനുള്ളവയുടെ നിലനില്പിനായുള്ള വൈകാരികമായ ഇടപെടലുകള്‍ മാത്രമാണ്. തുടക്കവും ഒടുക്കവുമെന്ന സ്വാഭാവികമായ തുടര്‍ച്ചയെ അല്ലാതെ മറ്റൊന്നും പ്രകൃതി അത്രമേല്‍ ഹൃദ്യമായി അവതരിപ്പിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല എന്നും കാണാനാകും. ഏതു തുടക്കത്തിനും ഒടുക്കംവരെ കൃത്യമായൊരു കാലം പ്രകൃത്യാ തിട്ടപ്പെടുത്തി വച്ചിട്ടുമുണ്ട്. അതിനാല്‍ ആ കാലയളവിലെ സ്വാഭാവികമായ ഒടുക്കത്തോട് (തുടക്കത്തിന് അങ്ങനെ അസ്വാഭാവികമായൊരു അവസ്ഥ ഇനിയും സജീവമായിട്ടില്ല; അതിനാല്‍ ഇവിടെ അതിനെ എടുത്തുപറയുന്നില്ല) മാത്രമേ പ്രകൃതിക്ക് പൊരുത്തപ്പെടാനുമാകൂ…അതിനിടയിലുള്ള എല്ലാ ഒടുങ്ങലുകളും ബയോളജിക്കല്‍ കറപ്ഷനാണ് എന്നാണ് എന്റെ പക്ഷം; തെറ്റായാലും ശരിയായാലും. കൊല്ലുക എന്നത് നിലനില്പിനുവേണ്ടിയുള്ള ഒരുതരം വികാരപരമായ പോംവഴിയല്ലാതെ മറ്റൊന്നുമല്ല. മുകളില്‍ പറഞ്ഞ പ്രകാരം നോക്കിയാല്‍ അറിഞ്ഞുകൊണ്ട് ഒന്നിനെ മറ്റൊന്ന് ഒടുക്കുകയാണെങ്കില്‍ ഒരാള്‍ കൊലയാളിയും മറ്റേയാള്‍ ഇരയുമായി മാറും. അതത്ര പുതുമയുള്ള നിരീക്ഷണമോ വിലയിരുത്തലോ ഒന്നുമല്ല. പക്ഷെ, ഒരാള്‍ കൃത്യമായും ഇരയും മറ്റെയാള്‍ തീര്‍ത്തും നിരപരാധിയുമായി പിന്നീടു മാറിയാലോ? അതു വൈരുദ്ധ്യവും ജൈവികമായ അസഹ്യതയുമാണ്…? നിയമപരമായി ചിത്രീകരിക്കപ്പെടുന്ന നിരപരാധിത്വം മാത്രമല്ല സാമൂഹികമായി കല്പിച്ചു നല്‍കുന്ന നിരപരാധിത്വവും അസഹ്യം തന്നെ.. നമുക്കെന്നപോല്‍ പ്രകൃതിയിലും ഈ അസഹ്യത പ്രകടമാകാനാണു സാധ്യത. എന്നാല്‍, ഒടുങ്ങുന്ന ആളും ഒടുക്കിയ ആളും ഇരയോ കൊലയാളിയോ ആയി മാറാത്ത ഒരവസ്ഥകൂടി സംഭവിക്കപ്പെടുന്നുണ്ടല്ലോ എന്നറിയുമ്പോഴാണ് മേല്‍പ്പറഞ്ഞ വൈരുദ്ധ്യത്തിന്റെ തോത് ഒരു നടുക്കം പോലെ നമ്മളില്‍ വന്നു ഭവിക്കുന്നത്. എഞ്ചിന്‍ എന്ന അധ്യായത്തില്‍ അത്തരമൊരു സന്ത്രാസത്തെ എത്രമേല്‍ ഭാവനാത്മകമായാണ് നോവലിസ്റ്റ് വരഞ്ഞിടുന്നത്..!

എല്ലാ വെള്ളിയാഴ്ചയും സമ്പര്‍ക്കക്രാന്തിയിലെ ലോക്കോ പൈലറ്റ് ദേവദാസാണ്. തൊഴിലിലെ വിരസതയും മടുപ്പും വേഗത കൊണ്ടും മൂളിപ്പാട്ടു കൊണ്ടും നേരിടുന്ന സക്രിയനായ ഒരാള്‍. അയാളൊരു നിരപരാധിയായ കൊലയാളിയുമാണ്. ആത്മഹത്യ ചെയ്യാന്‍ ട്രാക്കില്‍ എത്തുന്നവരെയെല്ലാം അയാള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അവരുടെ കണ്ണുകളുമായി അയാളുടെ കണ്ണുകള്‍ ഇടയുന്നുണ്ട്. മരണത്തിനും ജീവിതത്തിനുമിടയിലെ ആ അരനിമിഷത്തിനിടയില്‍ മരിക്കുന്ന ആളുടെ കണ്ണില്‍ നിന്നും തന്റെ കണ്ണുകൊണ്ട് ഓരോ ഭാരതീയന്റേയും ജീവിതകാലത്തെ മൊത്തം നിമിഷങ്ങളെയും കണ്ടെടുക്കുകയാണ് ദേവദാസ്. അത്രമേല്‍ അര്‍ത്ഥഗര്‍ഭമാണ് ആ അധ്യായം. എന്നെ വല്ലാതെ ആകര്‍ഷിച്ച മറ്റൊന്നാണ് ട്രയിനിലെ ഒരു ബോഗിക്കുള്ളില്‍ അകപ്പെട്ടുപോയ ഒരു ഈച്ചയുടെ രൂപകം. ഇന്ത്യയുടെ ബയോപ്‌സി പീസെന്ന് നോവലിസ്റ്റു തന്നെ ട്രയിനിനേയും ബോഗികളേയും വിശേഷിപ്പിച്ചിട്ടുണ്ട്. അവിടെ അകപ്പെട്ട ഒരു ഈച്ച ഒരിടത്ത് ഇരിക്കുകയാണ്. ട്രയിന്‍ പുറപ്പെടുമ്പോള്‍ പറന്ന് ആസകലം പരതിയ ശേഷം ആ ഈച്ച തന്റെ ആദ്യ ഇരിപ്പിടം തേടുകയാണ്. കഴിയാതെ കുഴയുകയാണ്…ചലിക്കുന്ന ആ ട്രയിനിനുള്ളില്‍ അതിനതു സാധ്യമാകാന്‍ ഒരു വഴിയുമില്ലെന്ന് നമുക്കറിയാം…നോക്കൂ, ആ അവസ്ഥ സൃഷ്ടിക്കുന്നതില്‍പ്പരം ആധി മറ്റേതു വ്യംഗ്യത്തിലൂടെയാണ് ഒരെഴുത്തുകാരന് നമ്മെ ബോധ്യമാക്കാനാകുക? നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും അതു ബോധ്യമായില്ലെങ്കില്‍ മറ്റെന്താണ് നമുക്കു ചെയ്യാനാകുക…? മറ്റുള്ളവ ജലവുമായി ബന്ധപ്പെട്ടുള്ള അധ്യായങ്ങളാണ്. ഇതു ട്രെയിനാണോ മരുഭൂമിയാണോ എന്ന് സംശയം ജനിപ്പിക്കത്തക്കവിധം (അല്ല അങ്ങനെ പ്രത്യക്ഷത്തില്‍ യാത്രക്കാര്‍ ആവലാതികള്‍ പങ്കുവയ്ക്കുന്നുമുണ്ട്) പാകപ്പെട്ട അധ്യായങ്ങളാണവ. നിലവിലെ ഇന്ത്യയെ അങ്ങനെയൊരു ഈര്‍പ്പരഹിതമായ അവസ്ഥയിലല്ലാതെ മറ്റെങ്ങനെയാണ് അവതരിപ്പിക്കാനാകുക? നോക്കൂ, ജലം എന്നാല്‍ അടിസ്ഥാനപരമായി എന്താണെന്നും എന്തിനാണെന്നും ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. അതിന്റെ നിരാസം സൃഷ്ടിക്കുന്ന രൂക്ഷത എന്തായിരിക്കുമെന്ന് അനുഭവിച്ചറിയേണ്ട കാര്യവുമില്ല.

‘ജലമില്ല!’ എന്ന വാക്കിനെ ആശ്ചര്യചിഹ്നത്തോടെയല്ലാതെ അതേക്കുറിച്ച് ആഴത്തില്‍ ബോധ്യമുള്ളൊരാള്‍ക്ക് രേഖപ്പെടുത്താനുമാകില്ല. ജലരാഹിത്യം മൂലം യാത്രക്കാര്‍ (ഇന്ത്യക്കാര്‍) നേരിടുന്ന ജൈവികമായ പ്രതിസന്ധികള്‍ സമഗ്രമായിത്തന്നെ നോവലിസ്റ്റ് ആ അധ്യായങ്ങളിലെല്ലാം വരഞ്ഞിടുന്നുണ്ട്. പക്ഷെ, ട്രെയിനിലെ എ സി കമ്പാര്‍ട്ടുമെന്റുകളിലെല്ലാം ജലമുണ്ടു താനും..! ദാഹമാണ് ജീവികളുടെ അതിജീവിക്കാനുള്ള ഏക ആഗ്രഹമെന്നും ഞാന്‍ കാണുന്നു. മനുഷ്യനില്‍ അതു പെരുകും. ദാഹം കുരലില്‍ അനുഭവപ്പെടുന്ന ഒരവസ്ഥ മാത്രമല്ല. ജീവന്റെ ഉല്പത്തിയോളം പഴക്കവും ജീവന്റെ ഒടുക്കംവരെ അനുബന്ധമായി തുടരുന്ന അനിവാര്യതയുമാണത്. അതിനുശേഷമേ വിശപ്പിനു സാധ്യതയുള്ളൂ… അതിനാല്‍ തന്നെ ഒരാളുടെ ദാഹത്തെ തൃപ്തിപ്പെടുത്താനായിട്ടുള്ളതൊന്നും ആര്‍ക്കും അധികകാലം തടഞ്ഞു വയ്ക്കാനാകില്ല, കവര്‍ന്ന് കരുതിവയ്ക്കാനുമാകില്ല. അത്തരമൊരവസ്ഥയുടെ പ്രാധാന്യം കൂടി ഉള്‍ക്കൊണ്ടുകൊണ്ട് രേഖപ്പെടുത്തിയ അധ്യായങ്ങളാകയാലാണ് എനിക്ക് അവയോടും പ്രിയമേറുന്നത്. ഒട്ടും പ്രിയപ്പെടാത്ത ചില അധ്യായങ്ങളുമുണ്ട്. ഏറെ പ്രിയപ്പെട്ടവയെ കടന്നു പോകുന്നതല്ല അപ്രിയങ്ങളെങ്കില്‍ എനിക്കാ പ്രിയങ്ങളോട് പ്രീതിപ്പെടാനാണ് താല്പര്യം….നല്ല വായനാനുഭവമാണ് നോവല്‍ പ്രദാനം ചെയ്തത്.

വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി എന്ന നോവലിന് എഴുത്തുകാരന്‍ അസീം താന്നിമൂട് എഴുതിയ വായനാനുഭവം

Comments are closed.