DCBOOKS
Malayalam News Literature Website

മെറ്റഫറുകളുടെ കൂടാരക്കാഴ്ചകൾ

മനുഷ്യൻ നടക്കുമ്പോൾ കുറെ ഓർമ്മകളും അയാളോടൊപ്പം നടക്കുന്നു. അയാൾ നടക്കുന്നതനുസരിച്ചു ഓർമ്മകൾ പൂർണ്ണതയിലെത്തുകയോ അർദ്ധവിരാമത്തിലൊതുങ്ങി പുതു നാമ്പുകൾ ഓർമകളായി അയാളോടൊപ്പം നീങ്ങും. കൈമാറാവുന്നതും പങ്കുവെയ്ക്കാവുന്നതും ആയ ഓർമ്മകൾ ചരിത്രമായി വികസിക്കാം. സമ്പർക്കക്രാന്തി തിരുവനന്തപുരത്തുനിന്ന് തിരിക്കുമ്പോൾ തന്നെ നോക്കൂ, എന്തെല്ലാം സങ്കീർണതകളാണ്  പിന്നിൽ ഒളിഞ്ഞുകിടക്കുന്നത്? ഇന്നത്തെ സമ്പർക്ക സമ്പർക്ക ക്രാന്തിയുടെ പിന്നിൽ  ‘വാണ്ടറർ’ എന്ന് പേരുള്ള പഴയ ആവി എൻജിൻ ഘടിപ്പിച്ചിരുന്നു. കോളനിക്കാലം തൊട്ടുള്ള ചരിത്രത്തിന്റെ ഭാരംപേറുന്ന വാണ്ടറർ നിശബ്ദം അതിൻറെ ഡൽഹിയാത്ര നടത്തും. എന്നാൽ ചരിത്രമില്ലാതെ കഴിഞ്ഞ മുപ്പത്തൊമ്പത് വർഷക്കാലം ജീവിച്ച കരംചന്ദ് അതോടൊപ്പം നിന്നൊരു സെൽഫിയെടുത്തിട്ട് തൻറെ കോച്ചിലേക്ക് നടന്നു.

ഒരു ചരിത്രവുമില്ലാത്ത കുട്ടിയെ സങ്കല്പിക്കാം. എവിടെയോ ജനിച്ചു, ആരോ എടുത്തുവളർത്തി സ്‌കൂളിൽ എത്തിച്ച കുട്ടിയെ. അയാൾക്കൊരു പേരിടുമ്പോൾ ഒരു ചരിത്രവും തുടങ്ങുന്നു. കരംചന്ദ് എന്ന് വിളിക്കപ്പെടുന്ന നിമിഷത്തിൽ സ്വയം അറിയാതെതന്നെ അയാൾ വിശാലമായ ചരിത്രത്തിൻറെ ഭാഗമാകുന്നു. കരംചന്ദ് എന്ന പേര് അയാളിൽ ഭരിച്ച ഉത്തരവാദിത്തമാണ് ഏറ്റി വെയ്ക്കുന്നത്. നമുക്ക് ചുറ്റും എത്ര കരംചന്ദുമാർ ഉണ്ടെന്നു നോക്കൂ, കാരണം പിന്നെ തിരയേണ്ടിവരില്ല. ചരിത്രവും ഓർമ്മയും നമ്മളും ഇഴപിരിഞ്ഞിരിക്കുന്ന മെറ്റഫർ കൂടിയാണ്. അതിനാൽ വി. ഷിനിലാൽ ഒരുക്കിയ സമ്പർക്കക്രാന്തി നിരവധി മെറ്റഫറുകൾ ചേർത്തിണക്കിയ ശില്പമാകുന്നു. കഥാപാത്രങ്ങളെക്കൂടി നമ്മുടെ ചിന്താപ്രദേശത്തിൽ അതിർത്തികൾ അടയാളപ്പെടുത്തുന്ന ടെറിറ്റോറിൽ അനിമൽ ആക്കി മാറ്റുമ്പോൾ നാം കാണുന്ന ഇന്ത്യയും നാം കാണാത്ത സംസ്കാരവും തമ്മിൽ ബന്ധിച്ചിരിക്കുന്നു എന്ന് മനസ്സിലാകുക.

സമീറ ഫാത്തിമ യാത്രയിൽ അസ്വസ്ഥയായിരുന്നു. ഒരു കുഞ്ഞുണ്ടാവണം എന്ന് വളരെനാളായി ആഗ്രഹിച്ചതാണ്, യാത്രതുടങ്ങുമ്പോൾ റിസൾട്ട് വന്നു, സമീറ ഗർഭിണിയാണ്. ഭർത്താവിനെ വിവരമറിയിക്കാനാവാത്തത് അവളെ അസ്വസ്ഥയാക്കുന്നു. അടുത്തനാൾ തീവണ്ടിയിറങ്ങുമ്പോൾ ദുഖത്തിൻറെ കേവുഭാരം താങ്ങാനാവാതെ അവൾ കരംചന്ദിനോട് പറഞ്ഞു. തൻറെ ഗര്ഭത്തിലെ ശിശുവിൻറെ പിതാവ് ഭർത്താവല്ല, സഹപ്രവർത്തകനാണ്. അയാൾ പാകിസ്താനിയാണ്. ഒരിക്കൽ കൂടി കരംചന്ദ് ചരിത്രത്തിൻറെയും ചരിത്രമില്ലായ്മയുടെയും അതിരിൽ ആയി. അറിഞ്ഞതാണോ, അറിയാത്തതാണോ മെച്ചപ്പെട്ട ചരിത്രം?

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

മരണവും പ്രസവവും വധിക്കാനൊരു തോക്കും വിധ്വംസനത്തിന് വേണ്ട ഗൂഢതന്ത്രങ്ങളും തീവണ്ടിയിൽ ഒപ്പമുണ്ടാകാം. ‘ഓരോ മനുഷ്യനും ഓരോ കഥയായിരിക്കുമ്പോൾ അനേകം മനുഷ്യരെ വഹിച്ചുകൊണ്ടോടുന്ന തീവണ്ടി വലിയൊരിതിഹാസമാകുന്നു.’ ഷിനിലാൽ ഇതുപറയുമ്പോൾ നാടകവേഷം പോലെ ജീവിതം നമുക്കനുഭവപ്പെടും. പൗരർ നടീനടന്മാരാകുന്നതും പാത്രങ്ങളാകുന്നതും തിരികെ പരിണമിക്കുന്നതും നമുക്കറിയാം. എന്നാൽ ഓരോ ഘട്ടത്തിലും അവർ എത്രമാത്രം അവരല്ലാതായിത്തീരുന്നു എന്ന് കണ്ടെത്തുക എളുപ്പമല്ല. സൈന്യങ്ങൾ നീങ്ങുന്നതും പ്ലേഗ് പരക്കുന്നതും തീവണ്ടികൾ തുല്യ ലാഘവത്തോടെ നടത്തുന്നു. വധവും മരണവും ആശയങ്ങളുടെ പിൻബലത്തിൽ ഏകരൂപം കൈവരിക്കുന്നു.  ഇവയൊക്കെതമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടായിരുന്നെങ്കിൽ കാലം അതില്ലാതാക്കും. സൈന്യങ്ങളുടെ നീക്കം അവസാനിച്ചുകഴിയുമ്പോൾ ചരിത്രം മിച്ചം വയ്ക്കുന്ന അടയാളം ലൈംഗികത്തൊഴിൽ കേന്ദ്രങ്ങൾ മാത്രമായിരിക്കും. അവയുടെ ഉള്ളറകളിൽ നമ്മുടെ ചരിത്രാവശിഷ്ടങ്ങൾ തേടാം.

ചണ്ഡീഗഡ് ലക്ഷ്യമിട്ടു സമ്പർക്കക്രാന്തി പോകുന്നു. ന്യൂ ദൽഹി സ്റ്റേഷനിൽ പതിനൊന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നു. അവിടെവെച്ചു ചരിത്രത്തിൻറെ ഭാരം കൂടി തങ്ങുന്ന വണ്ടറർ എന്ന ആവി വിഘടിക്കപ്പെട്ടു. റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യയുടെ പ്രൗഢി അറിയിക്കുന്ന മറ്റൊരു മെറ്റഫർ ആയി വണ്ടറർ മനസ്സിളക്കും. എന്തിനെയും സംശയിച്ചിരുന്ന വൃദ്ധ എല്ലാ സംശയങ്ങളും ഉപേക്ഷിച്ചു മറ്റൊരു ലോകത്തേക്ക് നടന്നു നീങ്ങി. അധികാരം ഉള്ളവരും അത് പിടിച്ചെടുത്തവരും അടുത്തകാൽവെയ്പ്പ് ചിന്തിച്ചുനീങ്ങി. ഏതാനും മണിക്കൂറുകഴിഞ്ഞാൽ ഈ സമ്പർക്കക്രാന്തിയും ബിയോപ്‌സി കഷണങ്ങളാകും. ചിന്തയിലും ഓർമ്മയിലും മാത്രം നിലകൊള്ളുന്ന സമ്പർക്കക്രാന്തിയോട് ചേർന്ന് കരംചന്ദ് തൻറെ അസ്തിത്വം കണ്ടെത്തുന്നതിന് മറ്റൊരു ചിത്രം രേഖപ്പെടുത്തി. അതോടെ മെറ്റഫറുകളുടെ കൂടാരം ഷിനിലാൽ പണിതുതീർത്തു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

വി. ഷിനി ലാലിന്റെ ‘സമ്പർക്കക്രാന്തി ‘ എന്ന പുസ്തകത്തിന് യു. നന്ദകുമാർ എഴുതിയ വായനാനുഭവം.

Comments are closed.