DCBOOKS
Malayalam News Literature Website

കാടും മലയും കടന്ന് അലഞ്ഞും വലഞ്ഞും പാടത്തും വരമ്പത്തും പണിയെടുത്തും ഒരു പിടി നെല്ലിനായി കടിപിടി കൂടിയ ചരിത്രം!

മധ്യതിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്നത് കെട്ടുവള്ളമടുപ്പിച്ചും വക്കുകളിൽ നിന്ന മരങ്ങളുടെ വേരുകൾ ഉർന്നിറങ്ങി, മീനുകൾ തൊട്ടും ഉരുമ്മിയും നിരയായി നീരാടുന്ന ആ മീശയ്ക്ക് ചുറ്റുമാണ്. കാടും മലയും കടന്ന് അലഞ്ഞും വലഞ്ഞും പാടത്തും വരമ്പത്തും പണിയെടുത്തും ഒരു പിടി നെല്ലിനായി കടിപിടി കൂടിയ ചരിത്രം. ഇന്ന് ചിന്തിക്കുമ്പോൾ കെട്ടുകഥകളേക്കാൾ വിചിത്രം തന്നെ. വഴിതെറ്റി നിലാവിലും നീറ്റിലും കറങ്ങിനടന്നു വള്ളത്തിൽ ആരംഭിച്ച കഥയ്ക്ക് കൊയ്തുപാട്ടിന്റെ ശീലാണ്. പവിയാനും മകനും ചെല്ലയും ഇന്നും ഇവിടെ വയലുകളിൽ പണിയെടുത്തും കറുക ചെത്തിയും കാളി ചോവ്വത്തിയോട് വർത്തമാനം പറഞ്ഞും നടക്കുന്നുണ്ടെന്നൊരു തോന്നൽ.

പൊന്നുവിനായി കഥയുടെ ഭാണ്ഡക്കെട്ടഴിക്കുന്ന കഥാകാരൻ തന്റെ വാക്ചാതുര്യവും അറിവും ചരിത്രവും സമം ചേർത്ത് തോട്ടിലും വയലിലും അണച്ചുചെന്ന് കയറുന്ന മീൻ പറ്റങ്ങളെ ഇരയായി മീശയുടെ രോമങ്ങളിൽ കെട്ടിയിടുന്നു.

നായകനെക്കാൾ പ്രശസ്തനായ നായകന്റെ മീശയും അതിന്റെ ആഴങ്ങളിൽ നീന്തിയിരുന്ന അവസാനത്തെ മുതലയും, അവന്റെ ആജന്മ ശത്രുക്കളും നിറഞ്ഞ ചരിത്രപരമായ കഥാപശ്ചാത്തലം നീലാകാശത്ത് ചന്ദ്രനെ കാണുന്ന കുളിരാണ്. സീതയും എഴുത്തച്ഛനും ചെറിയ സായിപ്പും ദാമോദരനും ഒക്കെയും തന്നെ പടർന്നുപന്തലിച്ച വാവച്ചന്റെ മീശയിൽ കുടുങ്ങിക്കിടന്നു. ആകാശത്തെ വിഴുങ്ങി മേലാപ്പായി വളർന്ന മീശ, പാട്ടുകളിലൂടെയും വായ് താരികളിലൂടെയും നാടുനീളെ വളർന്നു. നാടിനും അധികാരികൾക്കും ഭീഷണിയാവുകയും ചെയ്തു.

നഷ്ടപ്പെട്ട ചോഴിയാപാറ പാടത്തിലെ കുടിയിലേക്ക് പിന്നീട് വാവച്ചന്റെ മനസ് സഞ്ചരിച്ചില്ല. വായിച്ചു കഴിയുമ്പോൾ കണ്ട വ്യക്തിയിൽ വായ് താരികളിൽ കേട്ട മീശയുടേതായ യാതൊരു സാമ്യവും കണ്ടില്ല. എന്നിരുന്നാലും എന്റെയും മനസ്സിൽ വളർന്ന് പന്തലിച്ചു കിടപ്പുണ്ട് വാവച്ചന്റെ “മീശ”💜

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

എസ് ഹരീഷിന്റെ ‘മീശ എന്ന നോവലിന്  അശ്വിന്‍ നമ്പ്യാര്‍ എം.വി എഴുതിയ വായനാനുഭവം.

Comments are closed.