DCBOOKS
Malayalam News Literature Website

മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് പുതിയൊരു ഊഴം നല്‍കുന്ന എംടിയുടെ മാസ്റ്റര്‍പീസ് രചന, ‘രണ്ടാമൂഴം’

RANDAMOOZHAM By : M T VASUDEVAN NAIR
RANDAMOOZHAM
By : M T VASUDEVAN NAIR

“മഹാഭാരതത്തിലെ ചില മാനുഷിക പ്രതിസന്ധികളാണ് എൻ്റെ പ്രമേയം. ആ വഴിയ്ക്കു ചിന്തിക്കാൻ അർത്ഥഗർഭമായ ചില നിശബ്ദതകൾ കഥ പറയുന്നതിനിടയ്ക്ക് കരുതി വച്ച കൃഷ്ണദ്വൈപായനന് പ്രണാമം. ശിഥിലമായ കുടുംബ ബന്ധങ്ങളും അവയ്ക്കിടയിൽ പെട്ട മനുഷ്യരും, എൻ്റെ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ,മുമ്പ് എനിക്ക് വിഷയമായിട്ടുണ്ട് .കുറേക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബ കഥയാണ് ഞാൻ ഇവിടെ പറയുന്നത് എന്ന വ്യത്യാസമേയുള്ളു ”

രണ്ടാമൂഴത്തെക്കുറിച്ചു എഴുതുമ്പോൾ എം.ടിയുടെ തന്നെ വാക്കുകൾ കടമെടുത്ത് തുടങ്ങുന്നതാണ് ഉചിതം എന്നു തോന്നുന്നു. സ്വന്തം എഴുത്തിനെക്കുറിച്ച് എഴുത്തുകാരൻ നടത്തിയ കൃത്യമായ ഒരു അവലോകനമാണ്. വായനയിൽ ഉടനീളം അത് അനുഭവവേദ്യമാകുന്നുണ്ട്. ചിരപരിചിതമായ മഹാഭാരതം എന്ന ഇതിഹാസത്തേയും അതിലെ കഥാപാത്രങ്ങളേയും തികച്ചും മാനുഷികമായ വീക്ഷണ കോണിലൂടെ നോക്കിക്കാണുന്നു എന്നതുകൊണ്ടു തന്നെ രണ്ടാമൂഴം മലയാളി വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ ഗണത്തിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ ഇടം പിടിച്ചിരിക്കുന്നു .

രണ്ടാമൂഴത്തിൻ്റെ രചനയിൽ എം.ടിയെ ഏറ്റവും അധികം സഹായിച്ചത് കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ഭാരതം വിവർത്തനവും കിസരി മോഹൻ ഗാംഗുലി നിർവഹിച്ച ഭാരതം ഇംഗ്ലീഷ് ഗദ്യ വിവർത്തനവുമാണ് . ആ പഠനത്തിനിടയിൽ അദ്ദേഹം എത്തിച്ചേർന്ന ചില നിഗമനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. “ഭാരതം ശ്രദ്ധാപൂർവ്വം വായിക്കുന്നവർക്കെല്ലാം മനസ്സിലാവും ബാലസാഹിത്യ കൃതികളും ചിത്രകഥകളും ഇളം മനസുകളുടെ മുമ്പിൽ അവതരിപ്പിച്ച ഭീമനല്ല, ശരിയായ ഭീമൻ എന്ന്. മഹാഭാരത ഭീമൻ മനുഷ്യനാണ്. മാനുഷികമായ ദൗർബല്യങ്ങളും ശക്തികളുമുള്ള ഒരാദിമ പ്രതിരൂപം. മനുഷ്യ കഥയായ ഭാരതത്തിൽ, പൗരോഹിത്യത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് ബാലിശ കഥകളും പൂർവ്വാപര വൈരുദ്ധ്യങ്ങളും കൂട്ടിച്ചേർത്തവരെ മുഴുവൻ ശപിക്കുന്നവരാണ് ഭാരതപഠനങ്ങൾ രചിച്ച പണ്ഡിതൻമാർ പലരും ”

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

മോക്ഷപ്രാപ്തിക്കുള്ള പാണ്ഡവരുടെ യാത്രയുടെ തുടക്കത്തിൽ നിന്നാണ് രണ്ടാമൂഴം ആരംഭിക്കുന്നത്. പകുതി വഴിയ്ക്കു വച്ച് തളർന്നു വീണുപോയ ദ്രൗപതിയെ കാക്കാതെ മറ്റു നാലു പേരും യാത്ര തുടരുമ്പോൾ ഭീമൻ അവൾക്ക് വേണ്ടി കാത്തിരിക്കുന്നു. ആ സമയം കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ഭീമൻ്റെ ഓർമ്മകളാണ് നോവലിൻ്റെ ഇതിവൃത്തം. മനുഷ്യത്വത്തിനു പകരം ധർമ്മത്തിൽ മാത്രം അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയെ ചോദ്യങ്ങളേതുമില്ലാതെ പിന്തുടരുവാനും ധർമ്മത്തിൻ്റെ പേരിൽ തങ്ങളുടെ മേൽ നടക്കുന്ന അന്യായങ്ങളെയെല്ലാം ക്ഷമിക്കുവാനും പറയുന്ന മഹാഭാരത കഥ, ഇന്നത്തെ യുവതലമുറയ്ക്ക് വെറും ഒരു കെട്ടുകഥയായി മാത്രം അനുഭവപ്പെടുന്നതിൽ അസ്വഭാവികതയൊന്നുമില്ല തന്നെ.മറിച്ച് അതിനെ മനുഷ്യ പക്ഷത്തു നിന്നു പറയാൻ ശ്രമിച്ചപ്പോൾ എം.ടി Textയഥാർത്ഥത്തിൽ അക്ഷരങ്ങൾ കൊണ്ട് ഒരു വിപ്ലവം നടത്തുകയായിരുന്നു. അതു തന്നെയാണ് രണ്ടാമൂഴത്തെ മലയാള സാഹിത്യത്തിൽ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാക്കുന്നത്.

ഇതൊരു ചെറിയ പുസ്തകമാണെങ്കിലും അതേക്കുറിച്ച് ഒരു ആസ്വാദനം എഴുതുക എന്നത് ശ്രമകരമാണ്. അതിൻ്റെ ഉള്ളടക്കത്തിൻ്റെ വ്യാപ്തിയാണ് കാരണം. എങ്കിലും നാല് പോയിൻ്റുകളിൽ ഊന്നിക്കൊണ്ട് രണ്ടാമൂഴത്തെക്കുറിച്ചുള്ള എൻ്റെ നിരീക്ഷണങ്ങളെ വ്യക്തമാക്കാൻ ശ്രമിക്കാം. ആദ്യത്തേത് തൻ്റെ കഥാപാത്രങ്ങൾക്ക് അദ്ദേഹം മാനുഷികമായ പരിവേഷം നൽകിയിരിക്കുന്നു. രണ്ടാമത്തേത് മഹാഭാരതത്തിൽ വിദൂര വീക്ഷണത്തിൽ അവ്യക്തമായി കാണുന്ന ചില കഥാപാത്ര അടുത്തു നിന്നു തിരിച്ചറിയാൻ എ.ടി വായനക്കാരന് ഒരു അവസരം കൊടുക്കുന്നു . മൂന്നാമത്തേത് അദ്ദേഹം തന്നെ പറഞ്ഞതു പോലെ കൃഷ്ണദ്വൈപായൻ കരുതിവച്ച നിശബ്ദതകളെ അർത്ഥപൂർണ്ണമായി പൂരിപ്പിച്ചിരിക്കുന്നു. അവസാനത്തേതും പരമപ്രധാനവുമായ കാര്യം സാമാന്യവൽക്കരിക്കപ്പെട്ട ചില പൊതുബോധങ്ങളെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ നോക്കിക്കാണാനുള്ള ശ്രമമാണ്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

തഴയപ്പെടുന്ന മനുഷ്യരുടെ വീക്ഷണകോണിൽ നിന്നു നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ സാമാന്യവത്ക്കരിക്കപ്പെട്ടതിൽ നിന്നും വ്യത്യസ്തമായിരിക്കും എന്ന തത്വത്തിൽ എവിടെയും രണ്ടാമൂഴക്കാരനായ ഭീമനിലൂടെ കഥ പറയാനുള്ള തീരുമാനമാണ് ഈ നോവലിനെ ഇത്രയും പ്രസക്തമാക്കുന്നത്. പാണ്ഡുവിൻ്റെ മരണശേഷം കുന്തിയും മക്കളും ഹസ്തിനപുരത്തേയ്ക്ക് തിരിച്ചെത്തുമ്പോൾ കുട്ടിയായ യുധിഷ്ഠിരനെക്കുറിച്ച് പതിനാലു രാജ്യങ്ങൾ കീഴടക്കി ചക്രവർത്തി പദം നേടുമെന്ന് മാഗധരും സൂതരും വാഴ്ത്തിപ്പാടുന്നു .അമ്മയുടെ പിന്നിൽ ഭയന്നൊളിച്ചു നിൽക്കുന്ന ഈ ജ്യേഷ്ഠനെക്കുറിച്ച് തന്നെയാണോ അവർ വാഴ്ത്തിപ്പാടുന്നതെന്ന് അത്ഭുതപ്പെടുന്നതിൽ നിന്നു തുടങ്ങി എം.ടിയുടെ ഭീമൻ ചിരപരിചിതമായ ഇതിഹാസത്തിൻ്റെ വഴിയിൽ നിന്നും വ്യതിചലിച്ച് സഞ്ചരിച്ചു തുടങ്ങുന്നു. പിന്നീട് അങ്ങോട്ട് എല്ലായിടത്തും അതുപോലെ തന്നെ സ്വാഭാവികവും യുക്തിപൂർവ്വവുമായ ഭീമൻ്റെ ചിന്തകളിലൂടെ എം.ടിയുടെ കയ്യൊപ്പ് പതിഞ്ഞ രണ്ടാമൂഴം പ്രൗഢഗംഭീരമായി വികസിക്കുന്നു .

ഭീമനിൽ മാത്രമല്ല, ഓരോ കഥാപാത്രത്തിനും വലിപ്പചെറുപ്പ ഭേദമന്യേ എം.ടി കൃത്യമായ വ്യക്തിത്വം നൽകുന്നുണ്ട്. അതിന് ഒരിക്കലും ദൈവികമായ പരിവേഷമില്ല.മറിച്ച് തികച്ചും യാഥാർത്ഥ്യബോധത്തിലൂന്നിയ ,വ്യവസ്ഥിതിയിൽ പെട്ട് നിസഹയരാകുന്ന മനുഷ്യരുടെ മാനസിക വ്യാപാരങ്ങളെയാണ് അദ്ദേഹം പകർത്തി വച്ചിരിക്കുന്നത്.അകാലത്തിൽ ഭർത്താവ് നഷ്ടപ്പെട്ട് അഞ്ചു മക്കളുമായി രാജകൊട്ടാരത്തിൽ തിരിച്ചെത്തുന്ന കുന്തിയെ ഒരു സാധ്വി ആയല്ല മറിച്ച് തികച്ചും പ്രായോഗിക വാദിയായ അമ്മയായാണ് എം.ടി ചിത്രീകരിച്ചിരിക്കുന്നത്. അരക്കില്ലത്തിൽ വച്ച് തങ്ങൾക്ക് പകരം ഒരു കാട്ടാളത്തിയേയും അവരുടെ മക്കളേയും മരണത്തിന് എറിഞ്ഞു കൊടുക്കുന്ന കുന്തി;അർജുനന് സമ്മാനമായി കിട്ടിയത് ദ്രൗപദിയാണെന്നറിഞ്ഞു കൊണ്ട് തന്നെ അഞ്ചു പേരും പങ്കിട്ടെടുക്കാൻ പറഞ്ഞ് മക്കളുടെ ഐക്യം ഉറപ്പിച്ച കുന്തി; എൻ്റെ മക്കൾക്ക് രാജ്യം നഷ്ടപ്പെട്ടതും അവരുടെ വനവാസവും വേണമെങ്കിൽ മറക്കാം പക്ഷേ ദ്രൗപദിയ്ക്ക് മേൽ നടന്ന അപമാനം മറക്കില്ല എന്നു പറഞ്ഞു കൊണ്ട് മടിച്ചു നിന്ന യുധിഷ്ഠിരനെ യുദ്ധത്തിന് പ്രേരിപ്പിച്ച കുന്തി; ഇവിടെയെല്ലാം സ്വാർത്ഥയെങ്കിലും പ്രായോഗിക വാദിയായ ഒരു അമ്മയെ നമുക്ക് കാണാം!

അഞ്ചു ഭർത്താക്കൻമാരുള്ള ഒരു സ്ത്രീ എത്രമാത്രം ശക്തയാണോ അത്രമാത്രം ദുർബല കൂടിയാണെന്ന് പറയാതെ പറഞ്ഞു വച്ച ദ്രൗപദി. അർജുനനെ സ്നേഹിക്കുമ്പോഴും ആദ്യത്തെ ഊഴത്തിന് യുധിഷ്ഠിരനെ ഭർത്താവായി സ്വീകരിക്കുന്നവൾ. അപ്പോഴും അഞ്ചു പേരിലും വച്ച് തന്നെ ഏറ്റവും അധികം പ്രണയിക്കുന്ന ഭീമനെ കാര്യസാധ്യത്തിനായി ഉപയോഗിക്കുന്നവൾ. ഭർത്താക്കൻമാരുടെ വീര പരാക്രമ കഥകൾ കേൾക്കുമ്പോൾ കാമം ”
ഉണരുന്ന യുദ്ധപ്രിയയായ സുന്ദരി. ഉന്നതകുലജാതയായിട്ടും ശ്രേഷ്ഠരായ അഞ്ചു ഭർത്താക്കൻമാർ ഉണ്ടായിരുന്നിട്ടും തനിക്ക് ഉണ്ടാവുന്ന ദുർവിധിയെ പതം പറഞ്ഞ് ജീവിക്കുന്നവൾ.ദ്രൗപതിയുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായാണ് എം.ടി പകർത്തി വയ്ക്കുന്നത്.

തത്വശാസ്ത്രങ്ങളുടെ പിൻബലത്തിൻ്റെ തൻ്റെ തെറ്റുകളെ ന്യായീകരിച്ചും അർഹതയില്ലാത്തത് സ്വന്തമാക്കുകയും ചെയ്യുന്ന സ്വാർത്ഥനായ യുധിഷ്ഠിരൻ സദാചാര വാദിയായ ആധുനിക മനുഷ്യൻ്റെ പ്രതീകമാണ്. ധർമ്മത്തിൻ്റെ പേരിൽ ജ്യേഷ്ഠനെ എതിർക്കാൻ കഴിയാതിരിക്കുമ്പോഴും അസഹിഷ്ണുത വെളിവാക്കുന്ന നകുല സഹദേവൻമാരിൽ, ഉള്ളിൽ വിപ്ലവം സൂക്ഷിക്കുമ്പോഴും വ്യവസ്ഥിയിൽ നിന്ന് വ്യതിചലിക്കാൻ കഴിയാത്ത മനുഷ്യരുടെ നിസ്സഹയത ദർശിക്കാം. അർജുനൻ കുറച്ചു കൂടി വ്യത്യസ്തനാണ്. സ്വന്തം കഴിവുകൾ കൊണ്ട് നേടിയെടുത്ത ശക്തികൾ അയാളെ അഭിമാനിയാക്കുന്നുണ്ട്. അതുകൊണ്ടാണ് യുദ്ധത്തിനിടയിൽ യുധിഷ്ഠിരൻ ഭീരുവെന്ന് പരിഹസിക്കുമ്പോൾ അയാൾ കോപിഷ്ഠനാകുന്നത്. ജ്യേഷ്ഠനായ ഭീമനാണ് ഇതു പറഞ്ഞിരുന്നതെങ്കിൽ താൻ ക്ഷമിക്കുമായിരുന്നെന്നും ഭീരുവായ യുധിഷ്ഠിരന് ഇതു പറയാൻ എന്ത് അർഹത എന്നും അയാൾ ചോദിക്കുന്നുണ്ട്. വില്ലാളിവീരനെന്ന് അറിയപ്പെടുമ്പോഴും കർണ്ണൻ്റെ കഴിവുകളെ അയാൾ ഭയക്കുന്നുണ്ട്. പ്രധാനപ്പെട്ട രണ്ടു സന്ദർഭങ്ങളിലും തൻ്റെ ജാതിയുടെ ആനുകൂല്യത്തിൽ കർണനുമായി ഒരു ബലാബല പരീക്ഷണത്തിൽ നിന്ന് രക്ഷപെടുമ്പോൾ ആശ്വസിക്കുന്നുണ്ട്. സ്ത്രീ ചിതനായ അർജുനനെ ദ്രൗപദിയുടെ പരിഭവങ്ങളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

ഘടോൽക്കചൻ, അഭിമന്യു ,ധൃഷ്ടദ്യുമ്നൻ, ഹിഡുംബി, ബലന്ധര, ദ്രുപദൻ, കർണ്ണൻ ഇതൊന്നും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളാണ്. മഹാഭാരതത്തിൽ വിദൂര വീക്ഷണത്തിൽ അവ്യക്തമായി കാണുന്ന ഇവരെയെല്ലാം അടുത്തു നിന്നു തിരിച്ചറിയാൻ എ.ടി വായനക്കാരന് ഒരു അവസരം കൊടുക്കുന്നു. കാട്ടാളരെ ദുഷ്ടതയുടെ ഒരു പര്യായമായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നതെങ്കിൽ രണ്ടാമൂഴത്തിൽ ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ട മനുഷ്യരായി എം.ടി അവരെ ചേർത്തുനിർത്തുന്നു.അതുപോലെ കൃഷ്ണനെ ദൈവിക പരിവേഷമേതുമില്ലാതെ നയതന്ത്രജ്ഞനായ യാദാവ രാജാവായി മാത്രം ചിത്രീകരിച്ചിരിക്കുന്നു. ഭീമന് കാട്ടാള സ്ത്രീയിൽ ജനിച്ച ഘടോൽകചൻ കർണ്ണനോട് എതിരിട്ട് മരിച്ചുവീഴുമ്പോൾ അതു നന്നായെന്നും അല്ലെങ്കിൽ കാട്ടാളനായതു കൊണ്ട് നാളെ ഒരിക്കൽ താൻ തന്നെ കൊല്ലേണ്ടി വരുമായിരുന്നെന്നും പറയുന്ന കൃഷ്ണൻ, തൻ്റെ സഹോദരി പുത്രനായ അഭിമന്യു മരിക്കുമ്പോൾ കേവലം ജീർണവസ്ത്രമാണ് ശരീരം എന്ന തത്വം മറന്ന് വേദനിക്കുന്നുണ്ട്. തീർത്തും മാനുഷിക വികാരങ്ങളുള്ള എം.ടിയുടെ കൃഷ്ണൻ അന്നത്തെ സാമൂഹിക വ്യവസ്ഥയിൽ വിപ്ലവാത്മകമായ ഒരു ചുവടുവയ്പ്പായിരുന്നു.

കേട്ടുപഴകിയ കല്യാണ സൗഗന്ധികം കഥ, ദുശാസനൻ്റെ ചോര കൊണ്ട് കഴുകിയതിനു ശേഷമേ തൻ്റെ അഴിഞ്ഞ മുടി കെട്ടി വയ്ക്കു എന്ന ദ്രൗപദിയുടെ ശപഥം, ഹസ്തിനപുരത്തെ രാജസഭയിൽ അപമാനിക്കപ്പെടുന്ന ദ്രൗപദിയ്ക്ക് വസ്ത്രം നൽകി അനുഗ്രഹിക്കുന്ന കൃഷ്ണൻ്റെ കഥ ഇതെല്ലാം സൂതരുടെ വാഴ്ത്തു പാട്ടുകളിൽ കൂട്ടിച്ചേർക്കപ്പെട്ട കെട്ടുകഥകളായി പറഞ്ഞു വച്ചു കൊണ്ട് എം.ടി വീണ്ടും തൻ്റെ നോവലിനെ യുക്തിഭദ്രമാക്കുന്നു. അതുപോലെ തന്നെ വര ബലത്താൽ ദേവൻമാരിൽ നിന്ന് പുത്രൻമാരെ നേടുന്ന കഥയെക്കുറിച്ച് യുക്തിസഹമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വിദുരരുടെ പുത്രരാണ് യുധിഷ്ഠിരനെന്നും ഭീമൻ്റെ അച്ഛൻ ഒരു നിഷാദനാണ് എന്നൊക്കെ എഴുതി വച്ചതിനെക്കുറിച്ച്, കൃഷ്ണദ്വൈപായൻ പിന്നീട് വരുന്നവർക്കു വേണ്ടി വിട്ടു വച്ച അർത്ഥപൂർണമായ നിശബ്ദതകളെ പൂരിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാത്രമേ താൻ എടുത്തുള്ളു എന്നാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പറയുന്നത്.

1977 ൽ രോഗഗ്രസ്തനായി മരണത്തെ മുഖാമുഖം ദർശിച്ച സമയത്താണ്, അവശേഷിക്കുന്ന കാലം കൊണ്ട് പൂർത്തിയാക്കണമെന്ന ഉത്കടമായ ആഗ്രഹത്തോടെ എം.ടി വാസുദേവൻ നായർ രണ്ടാമൂഴം എന്ന നോവൽ എഴുതിത്തുടങ്ങുന്നത്. 1983 ലാണ് അത് പൂർത്തിയാക്കിയത് .1984 ൽ പബ്ലിഷ് ചെയ്യപ്പെട്ടു. ഇന്ന് രണ്ടായിരത്തി ഇരുപത് ജൂലൈ പതിനഞ്ചിന് തൻ്റെ എൺപത്തിയേഴാമത്തെ ജൻമദിനത്തിൽ ശതാഭിഷേകം ആഘോഷിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് “ആഘോഷിക്കണമെന്നു തോന്നിയിട്ടില്ല. പക്ഷേ, കാലത്തിനോടു നന്ദിയുണ്ട്, ഇത്രയുംകാലം എനിക്ക് അനുവദിച്ചു തന്നതിന്. അത് ദൈവമാവാം എന്തുമാവാം.നന്ദി” എന്നു പറഞ്ഞു കൊണ്ട് മലയാള സാഹിത്യത്തിൻ്റെ നാലുകെട്ടിൽ പൂമുഖത്ത് ഒരു ചാരുകസേരയിട്ട് ആ അതികായൻ പുഞ്ചിരിച്ചു കൊണ്ട് ഇരിക്കുന്നു….!

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

വായനാനുഭവം എഴുതിയത്; രശ്മി അനുരാജ്

Comments are closed.