DCBOOKS
Malayalam News Literature Website

ഹൃദ്യവും ആസ്വാദ്യകരവുമായ ഒരു ആത്മകഥ!

ORMAPPADIKAL By : PROF M A OOMMEN
ORMAPPADIKAL
By : PROF M A OOMMEN

പ്രൊഫ എം എ ഉമ്മന്റെ ‘ഓര്‍മ്മപ്പടികള്‍’ എന്ന പുസ്തകത്തിന് ഡോ .വര്‍ഗീസ് ജോര്‍ജ് എഴുതിയ വായനാനുഭവം

ജാത്യാചാരങ്ങളും നാട്ടുപ്രമാണിതവും തളംകെട്ടി നിന്ന വെണ്മണി ഗ്രാമത്തില്‍ സമത്ത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആദ്യപാഠങ്ങള്‍ എം.എ. ഉമ്മനെ പഠിപ്പിച്ചത് സ്വന്തം പിതാവ് തന്നെയാണ്. അയ്യന്‍കാളി ആ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ പിതാവ് പോയിക്കണ്ടത് അവിസ്മരണീയമായ ഒരു അനുഭവമായി എം.എ. ഉമ്മന്‍ സൂക്ഷിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രബല സ്ഥാനാത്ഥിക്കെതിരെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ശിവരാമന്‍ നായര്‍ക്കുവേണ്ടി തെരഞ്ഞെടുപ് പ്രചാരണത്തില്‍ സജീവമായതോടെ ഇടതുപക്ഷ പാര്‍ട്ടികളും എം.എ. ഉമ്മനെ ശ്രദ്ധിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെ രൂപപ്പെടുത്തിയത് സ്വന്തം പിതാവ് കഴിഞ്ഞാല്‍ എം.എം.തോമസായിരുന്നു. ദൈവശാസ്ത്രജ്ഞനായ എം.എം.തോമസ് യൗവനത്തില്‍ തിരുവനന്ധപുരത് നടത്തിയിരുന്ന പഠന ക്ലാസ്സുകളില്‍ മാര്‍ക്‌സിസവും ഇതര പ്രത്യയ ശാസ്ത്രങ്ങളും പരിചയപ്പെടുത്തി. കേരളത്തിലെ ഭൂപരിഷ്‌കരണത്തെ കുറിച് എം.എ. ഉമ്മന്‍ നടത്തിയ മൗലിക പഠനവും എം.എം.തോമസിന്റെ പ്രേരണയിലായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനത്തിനു ശേഷം ധനശാസ്ത്ര അധ്യാപകനായി അവിടെത്തന്നെ ജോലിയില്‍ പ്രവേശിച്ച എം.എ. ഉമ്മന്‍ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ പഠിപ്പിച്ചുപോരുന്ന പ്രസ്തുത വിഷയത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഉത്കണ്ഠാകുലനായിരുന്നു. സമ്പത് ഘടനയുടെ നിര്‍ണായക ശക്തി വിപണിയാണെന്ന പാശ്ചാത്യ പ്രമാണത്തെ ഭേദഗതി ചെയ്ത് വിഭവങ്ങളുടെ ഉടമസ്ഥാവകാശത്തിലെ അന്തരമാണ് അസമത്വം സൃഷിടിക്കുന്നതെന്ന് അദ്ദേഹം മനസിലാക്കി. അതാണ് ധനശാസ്ത്രത്തിന്റെ കേന്ദ്ര പ്രമേയമായി രാഷ്ട്ര നിര്‍മാണ വേളയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ രാജ്യത്തിന്റെ ക്ലാസ് മുറികളില്‍ ആലോചിക്കേണ്ടതെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഇതു മനസ്സിലാക്കാന്‍ മാര്‍ക്‌സിസ്റ്റ് ധനശാസ്ത്രത്തിന്റെ വിശകലന ഉപാദാനങ്ങള്‍ അനിവാര്യമാണ്. പുതുതായി രൂപീകരിച്ച കോഴിക്കോട് സര്‍വകലാശാലയുടെ ഡോ.ജോണ്‍ മത്തായി സെന്ററിന്റെ അധ്യക്ഷനായിരിക്കെ ഈ രീതിയില്‍ സിലബസ്സില്‍ വരുത്തിയ മാറ്റം ധൈഷണിക രംഗത്തെ ഒരു വിപ്ലവമായിരുന്നു. ഉള്ളടക്കത്തില്‍ മാത്രമല്ല പാഠ്യരീതിയിലും മാറ്റം വരുത്തിയതോടെ സാമ്പ്രദായിക പണ്ഡിതന്മാരുടെ നെറ്റി ചുളിഞ്ഞു. Textഅവര്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തിയെങ്കിലും എം .എ.ഉമ്മന്‍ കാട്ടിക്കൊടുത്ത വഴിയിലൂടെ മിക്ക സര്‍വകലാശാലകളുംധനശാസ്ത്രത്തിന്റെ പാഠ്യപദ്ധതിയും പാഠ്യരീതിയും പരിഷ്‌കരിച്ചു.

ബോട്‌സ്വാന ഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കപ്പെട്ട എം.എ.ഉമ്മന്‍, ആ രാജ്യത്തെ കേന്ദ്ര ബജറ്റില്‍ ധനിക വ്യാപാരികള്‍ക്ക് ഉദാരമായി ആനുകൂല്യങ്ങള്‍ കൊടുത്തതിനെ പരസ്യമായി വിമര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സേവന കാലാവധി ബോട്‌സ്വാന ഗവണ്മെന്റ് വെട്ടികുറക്കുകയും നാട്ടില്‍ തിരികെ പോരുകയും ചെയ്തു. ഇ.എം.എസ് സര്‍ക്കാരിന്റെ 1959 ലെ .കാര്‍ഷിക ബന്ധ ബില്ലിന് ശേഷം കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്റെ ഇന്നത്തെ അവസ്ഥയെ പുനസന്ദര്‍ശിക്കാന്‍ അദ്ദേഹം എടുത്ത തീരുമാനത്തിന്റെ ഫലമാണ് ഗുലാത്തി സ്മാരക പ്രഭാഷണത്തിലൂടെ പ്രസിദ്ധമായ കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന അസമത്ത്വത്തെ കുറിച്ചുള്ള പ്രബന്ധം. സംസ്ഥാന ഫൈനാന്‍സ് കമ്മീഷന്റെ ചെയര്മാനായി നിയോഗിക്കപ്പെട്ട എം.എ.ഉമ്മന്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയായ ഒരു റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. അധികാര വികേന്ദ്രികരണത്തിലൂടെ വിഭവങ്ങളുടെ ഉടമസ്ഥവാകാശത്തില്‍ മാറ്റം വരുന്നില്ലെങ്കിലും പരമ്പരാഗത അളവുകോല്‍ കൂടാതെ അന്തസോടുകൂടി ജീവിക്കാനുള്ള മാനദണ്ഡങ്ങളും വിഭവ വിതരണത്തില്‍ ഉള്‍പ്പെടുത്തി.

ഔദ്യോഗികമായും പഠനാവശ്യമായും ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെങ്കിലും സോഷ്യലിസത്തില്‍ നിന്നും വിപണി അധിഷ്ഠിത ക്രമത്തിലേക് ചൈന പരിവര്‍ത്തനം ചെയ്തപ്പോള്‍ ദൃശ്യമായത് ആരോഗ്യ മേഖലയുടെ ക്ഷയമാണ്. എന്നാല്‍ പരിമിതമായ വിഭവങ്ങളുടെ നീതിപൂര്‍വകമായ വിനിയോഗത്തിലൂടെ ക്യൂബ ഒരു സോഷ്യലിസ്റ്റ് സമൂഹമായി നിലനില്‍ക്കുന്നത് അദ്ദേഹത്തെ സന്തുഷ്ടനാക്കി. ക്യൂബ സന്ദര്‍ശനത്തിന് സഹായിച്ച ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ കാര്യപ്രാപ്തിയും ലളിത ജീവിതവും അദ്ദേഹം വിവരിക്കുന്നത് തികഞ്ഞ ആര്‍ജ്ജവത്തോടെയാണ്. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന ഗവേഷണ സ്ഥാപനത്തില്‍ സീനിയര്‍ ഫെലോയായി രണ്ടു ദശാബ്ദവും പ്രവചിച്ചു.എം.എ.ഉമ്മന്‍ എണ്‍പതുകളുടെ നിറവിലും കര്‍മനിരതനാണ്. അത് ഇന്നത്തേക്കാള്‍ മെച്ചപ്പെട്ട ഒരു സമുദായത്തിന്റെ സ്ഥാപനത്തിനാണ്.ഒട്ടേറെ നന്മകള്‍ അദ്ദേഹത്തിന് ലഭിച്ചു. ചില സ്വകാര്യ സങ്കടങ്ങളുമുണ്ട്. അത് മറച്ചുവെക്കാതെ ഹൃദ്യമായ രീതിയില്‍ എഴുതിയ ഈ ആല്‍മകഥ തികച്ചും ആസ്വാദ്യകരമാണ്. സച്ചിദാനന്ദന്റെ ആദരപൂര്‍വമായ അവതാരിക അതിനു മാറ്റു കൂട്ടിയിരിക്കുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.