DCBOOKS
Malayalam News Literature Website

പ്രിയ വായനക്കാരേ, ഈ കവിതകളിൽ നിങ്ങൾ മരിച്ചു പോകും….

PETTODAM By : RAHUL MANAPPATTU
PETTODAM
By : RAHUL MANAPPATTU

രാഹുല്‍ മണപ്പാട്ടിന്‍റെ  കവിതാസമാഹാരം പെറ്റോടത്തിന് ആര്‍ഷ കബനി എഴുതിയ വായനാനുഭവം.

മനുഷ്യർ ശരീരത്തിൽ പേറി നടക്കുന്ന ഗ്രാമത്തിൻ്റെ ഊടുവഴിക്കും നഗരത്തിലെ തെരുവുവെട്ടവും പ്രദർശിപ്പിക്കപ്പെട്ട മ്യൂസിയമാണ് പെറ്റോടം. ഈ കവിതകളുടെ പൊന്തകളിൽ നിന്ന് പ്രാചീന വികാരങ്ങളുള്ള മനുഷ്യർ ഇറങ്ങി നടക്കുന്നു. മനുഷ്യകോശങ്ങളിലെ കവിത മുഴക്കുന്ന ഗുഹകൾ ഇതിൽ തുറന്നു വെക്കപ്പെട്ടിരിക്കുന്നു.

സമയമെടുത്തു തന്നെ കണ്ടുതീർക്കണം… ഓരോ കവിതയും ഓരോ കാലാട്ടം, വ്യത്യസ്തതരം മനുഷ്യർ, വ്യത്യസ്ത കാലാവസ്ഥകൾ, പല രുചികൾ, പലതരം മണങ്ങൾ, പലതരം വേദനകൾ, പല നിറമുള്ള ആനന്ദങ്ങൾ.ചില വരികളിൽ വസ്ത്രങ്ങൾ അഴിച്ചെടുക്കുന്നതു പോലെ തോന്നാം. Textചില ഇടങ്ങളിൽ നമ്മുടെ ഉടലിനെ മായ്ച്ച് കളയും പോലെയും . നിശബ്ദമായി വായിച്ചാൽ പെറ്റോടത്തിലെ ഓരോ കവിതയും വായനക്കാരനെ വെള്ളത്തണ്ടുകൂട്ടി മായ്ക്കുന്ന തെരുവ് മാജിക്കാണ്. മാന്ത്രികൻ വിയർത്ത വിരലുകൊണ്ട് നമ്മളെ തൊട്ട് തലോടി അപ്രത്യക്ഷരാക്കും.

വായനക്കാരേ നോക്കൂ… നിർത്തൂ നിർത്തൂ വരൂ വരൂ എന്ന  കവിതയിൽ നിന്ന് ഇടത്തെ ചെവിയിൽ വെരുകിൻ്റെ മറുകുള്ള ഒരുവൾ ഒപ്പം കൂടും. ‘കുഴിയാനകളിൽ ‘ എത്തുമ്പോൾ അവിടെ കാൽപ്പനികതയിലേക്ക് മറഞ്ഞു വീഴുന്ന വണ്ടിയിൽ നമ്മളും അകപ്പെടും. അപ്പോഴും കവിതയുടെ ഗുഹയിൽ ഒപ്പം തൂങ്ങിക്കിടക്കുന്ന മനുഷ്യരെ കണ്ട് നിങ്ങൾ ഭയക്കും. ആ പോക്കിൽ നിങ്ങൾ പ്രണയത്തിൻ്റെ പടവ വരമ്പത്തെ വീടോർക്കും.പൂർവ്വികരുടെ ജീവിതം കൺമുൻപിലെത്തും. അവരുടെ കൊന്ത ക്കുരിശ്ശിൽ തൂങ്ങിക്കിടക്കുന്ന പെണ്ണുങ്ങളെ കണ്ട് നിങ്ങൾ ഞെട്ടും. സ്വന്തം ജീവിത ഘട്ടത്തിൽ കാണാതായ പാക്കിസ്ഥാൻ മുക്കുകൾ ശ്വാസം മുട്ടിക്കും. അവസാന വിശപ്പിൽ വേവാത്ത മനുഷ്യരെ നിങ്ങളും തിന്നും. ഏശുവിനെ മടിയിൽ കിടത്തും.’ ആ കെതപ്പാണ് ചെക്കാ ചങ്ക് ചീങ്കണ പ്രേമമെന്ന് ” ഉന്മാദത്തോടെ പാടും, നഗരകവാടങ്ങളിലേക്കെന്നതു പോലെ യോനി കളിലേക്ക് പ്രവേശിക്കും.വരൂ പാപം ചെയ്യാമെന്ന് ഉറക്കെ പറയും.

ഈ കവിതകൾ വായിച്ച് തീരുമ്പോൾ പ്രിയ വായനക്കാരേ നിങ്ങൾ മരിച്ചു പോകും.
വീണ്ടും അമ്മയുടെ ഗർഭപാത്രത്തിലൂടെ പിറന്ന് കവിതയുടെ പെറ്റോടപ്പായയിൽ നമുക്ക് കിടന്നു കൊടുക്കാം. പെറ്റോട്ടക്കാരികൾ വന്ന് നമ്മളേയും കുളിപ്പിക്കട്ടേ…

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

 

 

Comments are closed.