DCBOOKS
Malayalam News Literature Website

കണ്‍മുന്നിലെ നിഷ്‌കളങ്ക ജീവിതങ്ങള്‍

അമീറിന് വന്ന ഫോണ്‍വിളിയില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. 1970-കളിലെ അഫ്ഘാനിസ്ഥാനിലേക്ക് അതോടെ നമ്മള്‍ യാത്രപോകുകയായി. അവിടെ മുച്ചുണ്ടുമായി ഹസ്സനും, അമീറും അലിയും, അവരുടെ ബാബയും റഹിം ഖാനും ഒക്കെ നമ്മളെ സ്വാഗതം ചെയ്യും.

നല്ല അഫ്ഗാന്‍ കെബാബ് കഴിച്ചിട്ടുണ്ടോ? അത് മണക്കുന്ന തെരുവുകളിലൂടെ നമുക്ക് നടക്കാം. പട്ടം പറത്താം. വീഴുന്ന പട്ടത്തെ പിടിക്കാന്‍ ഹസന്റെ കൂടെ ഓടാം. പക്ഷെ ഒരിക്കലും മുന്നില്‍ പോയിട്ട് ഒപ്പം പോലും എത്താന്‍ കഴിയില്ല കേട്ടോ. കാരണം അവന്‍ ഓടുന്നത് അവന്റെ അമീര്‍ ആഗക്ക് വേണ്ടിയാണ്. അതിനിടയില്‍ വില്ലനായി അസീഫ്. എന്തൊരു കുട്ടിയാണവന്‍, കുട്ടിത്തം ഒട്ടുമില്ലാത്തവന്‍.

ഹസന്റെ ആത്മാര്‍ത്ഥതയോടും സ്‌നേഹത്തോടും ഒട്ടും കൂടിച്ചേരാന്‍ കഴിയാതെ പോകുന്ന അമീര്‍. കാലങ്ങളോളം അത് അവനെ ചുട്ടുപൊള്ളിക്കുന്നുണ്ട്. ഒരിക്കല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ അവന്‍ കാണിക്കുന്ന പ്രവൃത്തി നിറക്കുന്നത് വായനക്കാരന്റെ കണ്ണുകളെ ആണ്. ആ മഴ നിറഞ്ഞ സായാഹ്നവും ഹസന്റെ കുനിഞ്ഞ തലയും നമ്മളെയും വേട്ടയാടില്ലേ?

പിന്നെ നമ്മളും അവിടന്ന് യാത്ര ആകുന്നു. അമേരിക്ക. അവിടത്തെ ജീവിതം നമ്മള്‍ക്ക് പരിചിതമാകുന്നു. അമീര്‍, ഹസ്സന്‍ പറഞ്ഞതു പോലെ വലിയ എഴുത്തുകാരനാകുന്നു. ഒരു ഫോണ്‍ കോള്‍ എല്ലാം മാറ്റിമറിക്കുന്നു. വീണ്ടും റഷ്യന്‍ അധിനിവേശവും താലിബാനും തകര്‍ത്തുകളഞ്ഞ അഫ്ഘാസ്ഥാന്‍.

മുന്നിലെ രണ്ടു പല്ലുകള്‍ ഇല്ലാത്ത ഹസ്സന്‍, അവന്റെ അരക്കെട്ട് ചുറ്റിപ്പിടിച്ചു കുസൃതി കാണിക്കുന്ന സോറാബ് എന്തു ഭംഗിയുള്ള ചിത്രം അല്ലെ? ഒടുവില്‍ ഹസ്സന്‍ വെടിയേറ്റു വീഴുമ്പോള്‍ സോറാബിനെക്കാള്‍ ഉച്ചത്തില്‍ കരയാന്‍ നമുക്ക് തോന്നില്ലേ??

പിന്നീടുള്ള സോറാബിന്റെ ജീവിതം എത്ര ഭയങ്കരം ആണ്. അമീറിന്റെ കൈകളില്‍ അവന്‍ എത്തിച്ചേരുന്നത് വരെ നമ്മള്‍ വല്ലാത്തൊരു വിങ്ങല്‍ അനുഭവിക്കും. സോറാബിന്റെ ആശുപത്രി വാസത്തില്‍ നമ്മളും ആ കുരുന്നിന് വേണ്ടി പ്രാര്‍ത്ഥിക്കും. റഹിം ഖാനില്‍ നിന്നും സത്യം അറിഞ്ഞിരുന്നില്ലെങ്കില്‍ പോലും ഹസ്സനും അവന്റെ അമീര്‍ ആഗയും തമ്മില്‍ പിരിയാതിരുന്നെങ്കില്‍ എന്നു നമ്മള്‍ അതിയായി ആഗ്രഹിക്കും.

അഫ്ഘാന്‍ ജീവിതം, അവിടത്തെ ദുരിതങ്ങള്‍, അവരുടെ സംസ്‌കാരം എല്ലാം നമുക്ക് മുന്നില്‍ അനാവരണം ചെയ്യാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ഹസന്റെ നിഷ്‌കളങ്കമായ ചിരി നമ്മളെ അവന്റെ ആരാധകര്‍ ആക്കും. വായിച്ചു തുടങ്ങിയതില്‍ പിന്നെ എന്റെ പ്രിയപ്പെട്ട നോവല്‍. പല ഭാഗങ്ങളിലും ഞാനറിയാതെ ഞാന്‍ കരഞ്ഞ നോവല്‍.

ഖാലിദ് ഹൊസൈനിയുടെ പട്ടം പറത്തുന്നവന്‍ എന്ന നോവലിന് ജിഷ മാട്ടട എഴുതിയ വായനാനുഭവത്തില്‍നിന്ന്

Comments are closed.