DCBOOKS
Malayalam News Literature Website

വായനക്കാരന്റെയും വായനയുടെയും പുസ്തകം

2018-ലെ സാഹിത്യത്തിനുള്ള നൊബെല്‍ സമ്മാന ജേതാവും പോളിഷ് എഴുത്തുകാരിയുമായ ഓള്‍ഗ തൊകര്‍ചുക്കിന്റെ പുസ്തകത്തെ വിശേഷിപ്പിക്കാനാണ് അജയ്.പി.മങ്ങാട്ട് ‘പറവയുടെ സ്വാതന്ത്ര്യം’ എന്ന ശീര്‍ഷകം ഉപയോഗിക്കുന്നത്. അവരുടെ ‘ദ് ഫ്‌ളൈറ്റ്‌സ്’ എന്ന നോവലാണത്. യാത്രകള്‍ക്കിടയില്‍ ട്രെയിനിലും വിമാനത്തിലും ബസ്സിലും മ്യൂസിയം പടവുകളിലും റസ്‌റ്റോറന്റ് മൂലകളിലും ഉദ്യാന ബെഞ്ചുകളിലും ഇരുന്ന് തുണ്ടുകടലാസുകളിലും പോസ്റ്റ് കാര്‍ഡുകളിലും നാപ്കിനുകളിലും പുസ്തകവക്കുകളിലും എഴുതിയതാണ് ഈ നോവലത്രെ! സഞ്ചാരമെന്നതു മനുഷ്യാവസ്ഥയുടെ ഏറ്റവും കരുത്തുള്ള ആവിഷ്‌കാരമായിട്ടാണ് ഓള്‍ഗ തൊകര്‍ചുക് കാണുന്നതെന്നും അജയ് വിശദീകരിക്കുന്നു.

നിധി കിട്ടുന്ന സ്ഥലങ്ങളെപറ്റി ഈ പുസ്തകത്തിലൊരിടത്ത് അജയ് എഴുതുന്നുണ്ട്. അത് ചെഖോവിന്റെയും ബല്‍സാഖിന്റെയും പുസ്തകങ്ങള്‍ക്കുള്ളിലാണ്. അത് ഉറൂബിന്റെയും ആനന്ദിന്റെയും മേതിലിന്റെയും പട്ടത്തുവിള കരുണാകരന്റെയും രചനകളിലാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്ന് അജയ് കണ്ടെത്തുന്നുണ്ട് അര്‍ജന്റീനിയന്‍ എഴുത്തുകാരന്‍ ബോര്‍ഹെസ്, നമ്മുടെ ബഷീര്‍, സരമാഗോ, ടോള്‍സ്‌റ്റോയി എന്നിവരുടെ പുസ്തകങ്ങളില്‍ നിന്ന് താനത് കണ്ടെത്തിയതെന്ന് അജയ് പറയുന്നു. ഡോണ്‍ ക്വിക്‌സോട്ടിലും മൊബിഡിക്കിലും നിധിയുടെ കലവറ കണ്ടെത്തി എന്നും അദ്ദേഹം വിശദീകരിക്കുന്നു.

എഴുത്ത് പ്രമേയമാവുകയും എഴുത്തുകാര്‍ കഥാനായകരാവുകയും ചെയ്യുന്നത് സാഹിത്യരചനകള്‍ക്കു സവിശേഷമായ ആകര്‍ഷണം ഉണ്ടാക്കുന്നു എന്നും അത് പുസ്തകത്തെ ജ്വലിപ്പിക്കുന്നു എന്നും മറ്റൊരധ്യായത്തില്‍ അജയ് എഴുതുന്നുണ്ട്.

കസാന്‍ദ്‌സാകീസിന്റെ ‘സോര്‍ബ ദ ഗ്രീക്കിനെ’ പറ്റിയും ഒരധ്യായമുണ്ട് ഈ പുസ്തകത്തില്‍. കലാനിരൂപകനും നോവലിസ്റ്റുമായ ജോണ്‍ ബെര്‍ജെറുടെ ജീവിതം ഏറെക്കൂറെ വരച്ചു വെയ്ക്കുന്നുണ്ട് മറ്റൊരധ്യായത്തില്‍. ഫ്രാന്‍സിലെ ഒരു കുഗ്രാമത്തില്‍ ഒരു കര്‍ഷകനായി പണിയെടുത്തും വിയര്‍ത്തുമാണ് അദ്ദേഹം ജീവിച്ചത്. ബെര്‍ജറുടെ ഒരു വാക്യം അജയ് ഉദ്ധരിക്കുന്നുണ്ട്. ‘പൊതുവായി ബാധിക്കുന്ന വിഷയങ്ങളേക്കാള്‍ ഭിന്നതകളിലാണ് മനുഷ്യരുടെ നോട്ടം.അല്ലാത്തതൊന്നും ആവര്‍ കാണുന്നേയില്ല’.

സമകാലിക ഇന്ത്യന്‍ ജീവിതത്തെ തന്നെ നമ്മുക്ക് കണ്ടെടുക്കാം ഈ വരികളില്‍ എന്നു ഞാന്‍ വിചാരിക്കുന്നു. ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉംബെര്‍ട്ടോ എക്കോയെ മുന്‍നിര്‍ത്തി പുറത്തേക്കു വാതിലില്ലാത്ത ഒരു ഗ്രന്ഥാലയത്തെപറ്റിയും ഈ പുസ്തകത്തില്‍ വിവരിക്കുന്നു. അതില്‍ അകപ്പെടുന്ന ഒരു വായനക്കാരന്‍ അനുഭവിക്കുന്ന ആനന്ദം ഞാന്‍ തിരിച്ചറിയുന്നുണ്ട്. അദ്ദേഹത്തിന്റെ നോവലിലെ നായകന്‍ ഇറ്റലിയിലെ മിലാനില്‍ പുസ്തകക്കച്ചവടക്കാരനാണ്. അയാള്‍ക്ക് വിചിത്രമായ ഒരു തരം സ്മൃതി നാശം സംഭവിക്കുന്നു. താന്‍ വായിച്ച എല്ലാ പുസ്തങ്ങളുടെയും ഇതിവൃത്തം ഓര്‍ക്കാനാകും. വായിച്ച എല്ലാ കവിതകളുടെയും വരികളും ഓര്‍മ്മയുണ്ട്. എന്നാല്‍ സ്വന്തം പേര് ഓര്‍മ്മയില്ല. ഭാര്യയെയോ പെണ്‍മക്കളെയോ പേരക്കുട്ടികളേയോ തിരിച്ചറിയുന്നില്ല. ചെറുപ്പം മുതല്‍ താന്‍ വായിച്ച വാക്കുകള്‍ മാത്രമാണ് അയാളുടെ ഓര്‍മ്മയിലുള്ളത്.

ഉംബര്‍ട്ടോ എക്കോ തീര്‍ച്ചയായും വായനക്കാരന്റെ പക്ഷത്തു നിന്നാണ് ഈ നോവല്‍ എഴുതിയിട്ടുള്ളത്. അല്ലെങ്കില്‍ വായനക്കാരനു വേണ്ടിയായിരിക്കണം. ഇതെഴുതിയിരിക്കുന്നത്. ഈ പുസ്തകം ഞാന്‍ വായിച്ചിട്ടില്ലെങ്കിലും എന്റെ ബോധ്യം അതാണ്. താനെഴുതിയ പുസ്തകങ്ങളെക്കാള്‍ താന്‍ വായിച്ചതാണു പ്രധാനമെന്ന് ഒരാള്‍ക്കു നിരന്തരം തോന്നിക്കൊണ്ടിരിക്കുന്നതാണു താന്‍ ഉംബര്‍ട്ടോ എക്കോയില്‍ കണ്ടതെന്നും അജയ് നിരീക്ഷിക്കുന്നുണ്ട്.

ഗാബ്രിയേലാ ഗാര്‍സിയ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍, ജോര്‍ജ് ഓര്‍വലിന്റെ രചനാജീവിതം, ജര്‍മ്മന്‍ എഴുത്തുകാരന്‍ ഗുന്തര്‍ ഗ്രാസിന്റെ പുസ്തകങ്ങള്‍, ജലാലുദ്ദീന്‍ റൂമിയുടെ കാവ്യലോകം, പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതം, എഡ്വേര്‍ഡ് സെയ്ദിന്റെ കള്‍ച്ചര്‍ ആന്റ് ഇംപീരിയലിസം എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി അധിനിവേശത്തെയും പ്രതിരോധത്തെയും പ്രമേയമാക്കിയ പുസ്തകങ്ങള്‍,കെ.ടി.മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ് ‘എന്ന നാടകത്തെ മുന്‍നിര്‍ത്തിയുള്ള വിചാരങ്ങള്‍, ക്രിസ്തു പ്രമേയമായി വരുന്ന പുസ്തകങ്ങളെ പറ്റിയുള്ള പഠനം, സാഹിത്യ ഭാവനയും ജീവിതവും തമ്മിലുള്ള വൈരുധ്യങ്ങള്‍ ഏതാനും എഴുത്തുകാരെ മുന്‍നിര്‍ത്തിയുള്ള അന്വേഷണം, ഏകാന്തതയും സ്ത്രീ ശരീരവും മുന്‍നിര്‍ത്തി ബഷീറിന്റെയും കുന്ദേരയുടെയും നോവലുകളുടെ പഠനം, ജര്‍മ്മന്‍ കവി റെയ്‌നര്‍ മരിയ റില്‍ക്കെയുടെ കാവ്യജീവിതം, സെര്‍വാന്റീസിന്റെ ഡോണ്‍ ക്വിക്‌സോട്ട് എന്ന പുസ്തകത്തിന്റെ വായനാ വിചാരം, ഹംഗേറിയന്‍ നോവലിസ്റ്റ് സാന്തോര്‍ മറായിയുടെ ‘കാസനോവ ഇന്‍ ബോള്‍സാന’ എന്ന നോവലിന്റെ ആസ്വാദനം, എന്‍.എസ് മാധവന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവലിന്റെ നിരൂപണം, ആനന്ദിന്റെ എഴുത്ത് ജീവിതം, ഹിറ്റ്‌ലറിന്റെ ആത്മകഥയായ മെയിന്‍ കാഫിന്റെ വായന,ഫാസിസത്തിന്റെ ഭീകരത പ്രമേയമായി വന്ന പുസ്തകങ്ങള്‍, പ്ലേറ്റോയുടെ കാവ്യവിമര്‍ശനരീതിയുടെ പ്രശ്‌നങ്ങള്‍ തുടങ്ങി ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഏറെ സമ്പന്നമാണ്.

നോവലിസ്റ്റു മാത്രമല്ല മികച്ച വായനക്കാരനും നിരൂപകനുമാണ് താനെന്ന് അജയ് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. സൂസന്നയിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് അജയ് കണ്ടെത്തിയതെന്ന് നമ്മുക്ക് ഈ പുസ്തകം വായിക്കുമ്പോള്‍ മനസിലാവും.. വായിക്കുക എന്നതാണ് അജയ് മുഖ്യമായി കാണുന്നത്. തന്റെ വായനയുടെ ബൈ പ്രൊഡക്റ്റ് ആണ് തന്റെ എഴുത്ത് എന്ന് അജയ് ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്.. ഓരോ വായനക്കാരെയും പുതിയ പുസ്തകങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു മാന്ത്രികത അജയിന്റെ പേനക്കുണ്ട് എന്നു ഞാന്‍ കരുതുന്നു. അത് ഓരോ വായനക്കാരനെയും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. പുസ്തകങ്ങള്‍ വായിക്കുക മാത്രമല്ല അതേപറ്റി എഴുതുന്നതും വലിയ കാര്യമായാണ് ഞാന്‍ കാണുന്നത്. പലപ്പോഴും വായനക്കാര്‍ക്ക് തങ്ങള്‍ പുസ്തകങ്ങളില്‍ നിന്നും കണ്ടെത്തുന്ന നിധിയുടെ പേടകങ്ങള്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്കാനാവുന്നില്ല. അത് ഒരു പരാധീനത തന്നെയാണ്. അജയിനെ പോലുള്ളവര്‍ അത് മറികടന്ന് വായനക്കാരന്റെ ശിരസ്സുയര്‍ത്തി പിടിക്കുന്നു. അതാണ് ഈ പുസ്തകത്തിന്റെ സവിശേഷത എന്നു ഞാന്‍ കരുതുന്നു. തീര്‍ച്ചയായും ഇത് വായനക്കാരന്റെ പുസ്തകം തന്നെയാണ്. വായനയുടെയും..

അജയ് പി.മങ്ങാട്ടിന്റെ പറവയുടെ സ്വാതന്ത്യം എന്ന പുതിയ കൃതിക്ക് സതീശ് ഓവാട്ട് എഴുതിയ വായനാനുഭവം

Comments are closed.