DCBOOKS
Malayalam News Literature Website

ആഗോള രാഷ്ട്രീയ രംഗത്ത് നിന്നും ഒരു അടിപിടിക്കഥയിലേക്ക്…!

ജുനൈദ് അബൂബക്കറിന്റെ ഏറ്റവും പുതിയ നോവല്‍പ(ക.) -യ്ക്ക് പി.ജിംഷാർ എഴുതിയ വായനാനുഭവം

ആഗോളമാണ് ജുനൈദ് അബൂബക്കറിന്‍റെ ലോകം. TD രാമകൃഷ്ണന്‍റെ നോവലുകളിലെ ഫാന്‍റസിയെ ഒഴിവാക്കി റിയലിസ്റ്റിക്കായി ആഗോള വിഷയങ്ങള്‍ അവതരിപ്പിക്കാറുള്ള ജുനൈദ് അബൂബക്കറിന്‍റെ ശൈലി എനിക്ക് ഇഷ്ടമാണ്. ലോകത്ത് പീഢിതരുടെ ഒരു ഐക്യമുന്നണി ഉണ്ടെന്ന് തന്‍റെ നോവലുകളില്‍ ജുനൈദ് അബൂബക്കര്‍ പ്രഖ്യാപിക്കുന്നുണ്ട്.

ആഗോള ഭീകരതയ്ക്ക് എതിരെയുള്ള യുദ്ധത്തിന്റെ പേരിൽ ബലിയാകേണ്ടിവരുന്ന ആഫ്രിക്കൻ ജീവിതങ്ങളുടെ കഥപറയുന്ന നോവല്‍ പൊനോന്‍ ഗോംബെയിലൂടെയാണ് ജുനൈദ് അബൂബക്കര്‍ പ്രിയപ്പെട്ട എഴുത്തുകാരനാകുന്നത്. സോമാലിയയിലെ മത്സ്യബന്ധനതൊഴിലാളിയായ സുലൈമാൻ ഭീകരാക്രമണത്തിന്റെ പേരിൽ അമേരിക്കൻ പട്ടാളത്തിന്റെ തടവിലാകുന്നതും തുടർന്ന് നേരിടേണ്ടിവരുന്ന പീഡനപരമ്പരകളുമാണ് Textനോവലിൽ പറയുന്നത്. മലയാളി വായനക്കാർക്ക് തീർത്തും അപരിചിതമായ ഒരു പ്രദേശത്തെ ജീവിതത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും ജുനൈദ് അബൂബക്കർ ഈ നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നു. പൊനോന്‍ ഗോംബെയേക്കാള്‍ ഇപ്പോള്‍ വിപണിയിലെത്തിയ പ(ക.) എന്ന നോവലിനേക്കാള്‍ പ്രിയപ്പെട്ട നോവലാണ് സഹറാവീയം. മനുഷ്യബന്ധങ്ങൾക്ക് കുറുകെ കെട്ടിപ്പൊക്കിയ വിഭജനത്തിന്റെ ഏറ്റവും വലിയ മതിലാണ് ബേം എന്നും ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനപ്പുറവും ഇപ്പുറവും ചിന്തുന്ന ചോരയെ കുറിച്ചറിഞ്ഞത്, മണ്ണും അസ്ഥിതവും ജീവിതവും നഷ്ടപ്പെട്ട സഹറാവികളെ ഓര്‍ത്ത് എനിക്ക് കരച്ചില്‍ വന്നതും ഏതാനം നാള്‍ ഉറക്കം പോയതു കൊണ്ടുമാണ് ആ ഇഷ്ടക്കൂടുതല്‍. നാല് പതിറ്റാണ്ടായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിയിൽ അഭയാർത്ഥികളായി കഴിയുന്ന സഹറാവികളെ അന്വേഷിച്ചുള്ള ജെസീക്ക ഒമർ എന്ന യുവതിയുടെ സാഹസിക യാത്രയിലൂടെയാണ് നോവൽ മുന്നേറുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി സഹറാവികൾ നടത്തിയ ഖദീം ഇസിക് പ്രക്ഷോഭത്തെ അറബ് വസന്തത്തിന്റെ തുടക്കം എന്നാണ് നോം ചോസ്‌കി വിശേഷിപ്പിച്ചിട്ടുള്ളത്. യാത്രയിൽ ജസീക്കയെ കാത്തിരിക്കുന്ന അപകടം പതിയിരിക്കുന്ന ഇടങ്ങളും അവൾ പരിചയപ്പെടുന്ന മിസ്റ്റിക് കഥാപാത്രങ്ങളുമൊക്ക ചേർന്ന് വായനയെ പലയിടങ്ങളിലും ഉദ്വേഗപ്പെടുത്തുന്നുണ്ട്. മൊറോക്കോ, പടിഞ്ഞാറൻ സഹാറ, തിന്ദൗഫ് മരുഭൂമി തുടങ്ങിയ ഇടങ്ങളിലൂടെ മുന്നേറുന്ന സത്യാത്മകമായ അന്വേഷണം ഒടുവിൽ തന്നെത്തന്നെ കണ്ടെത്താനുള്ള നിമിത്തമായി മാറുന്നുവെന്ന് ജസീക്ക തിരിച്ചറിയുന്നു. മലയാളി വായനക്കാരന് പ്രായേണ പരിചിതമല്ലാത്ത രണ്ട് നോവലുകള്‍ക്ക് ശേഷം വരുന്ന നോവല്‍ എന്ന കാരണത്താല്‍ തന്നെ വാങ്ങി വായിച്ചതാണ് പ(ക.). Fernando Ferreira Meirelles ന്‍റെ City of God എന്ന സിനിമയുടേയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസും പോലൊരു അടിപിടിക്കഥയാണ് ചുരുക്കത്തില്‍ പ(ക.). ഇത്തവണ ജുനൈദ് അബൂബക്കര്‍ ആഫ്രിക്കയുടേയും മൊറോക്കയുമൊന്നുമല്ല തെരഞെടുത്തിട്ടുള്ളത്, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പാതിപ്പാടമെന്ന ഗ്രാമമാണ്. മധ്യകേരളത്തിന് തെക്കോട്ട് എവിടെ വേണമെങ്കിലുമാകാം പാതിപ്പാടം. വെള്ളിലയെന്ന ഒരു ഗ്രാമസുന്ദരിയ്ക്ക് ചുറ്റും സഞ്ചരിക്കേണ്ടി വന്നതിനാല്‍ ബച്ചുവിനും സുഹൃത്തുക്കള്‍ക്കും പട്ടിക്കമ്പനി എന്ന ഗ്യാങ്ങായി മാറേണ്ടി വന്നതിന്‍റെ കഥയാണ്, പ(ക.)യില്‍ രേഖപ്പെടുത്തുന്നത്. പാതിപ്പാടത്ത് പട്ടിക്കമ്പനി ഉദയം ചെയ്യുന്നതും ശക്തിപ്രാപിക്കുന്നതും തളരുന്നതും ഇല്ലാതാകുന്നതും ഒരു ത്രില്ലര്‍ സിനിമയുടെ തിരക്കഥയിലെന്നവണ്ണം ജുനൈദ് അബൂബക്കര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. എബിച്ചന്‍, കോന്തിയാശാന്‍, അമ്പിളി ബാര്‍ബര്‍ എല്ലാ കഥാപാത്രങ്ങളും വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുള്ള കാരികേച്ചര്‍ രൂപങ്ങളാണ്. പ(ക.)യുടെ ക്ലൈമാക്സ് ഭരതന്‍റെ കേളി എന്ന സിനിമയെ ഓര്‍മപ്പെടുത്തി. മാര്‍ത്താണ്ഡന്‍ മുതലാളിയില്‍ കേളി സിനിമയിലെ ഇന്നസെന്‍റിന്‍റെ ലാസര്‍ മുതലാളിയുടെ ഛായ അനുഭവപ്പെട്ടത് കൊണ്ടാകാം!..ഇതുപോലെ കണ്ടുമറന്ന പലസിനിമകളേയും ഓര്‍മപ്പെടുത്തുന്ന സിനിമാറ്റിക്കായ നോവലാണ് പ(ക.). പുതുമയുള്ളൊരു സിനിമ കണ്ട ഫീലില്‍ പ(ക.) വായിച്ചു തീര്‍ക്കാം.

“കമ്പനിയെന്നാല്‍പാതിപ്പാട്ടില്‍
കേവലമൊരു ചെറുഗ്യാങ്ങല്ല,
ഈ കവലയില്‍ നമ്മെ നാമായ് മാറ്റും
നമ്മുടെ ഗ്യാങ്ങല്ലോ…
പട്ടിക്കമ്പനിയെന്നാല്‍ പാതിപ്പാട്ടില്‍
കേവലമൊരു ചെറുഗ്യാങ്ങല്ല,
ഇനി കേവലമൊരു ചെറുഗ്യാങ്ങല്ല…” അബ്ബാസ് എന്ന കഥാപാത്രം കെട്ടിയുണ്ടാക്കിയ പാട്ടിലും ടൈറ്റിലിലുമുണ്ട് പ(ക.)എന്ന നോവലിന്‍റെ മൂഡ്. ത്രില്ലര്‍ കഥകളും നോവലും ഇഷ്ടപ്പെടുന്നവര്‍ക്ക് പ(ക.) ഇഷ്ടമാകും. പ(ക.)യ്ക്ക് കാരണക്കാരിയായ വെള്ളിലയെ ആരാധിക്കുന്നു പ്രണയിക്കുന്നു. സഹറാവീയത്തിലെ ജെസീക്ക പ്രിയപ്പെട്ടവളായ പോലെ പ(ക.)യിലെ വെള്ളിലയും പ്രിയപ്പെട്ടവളാകുന്നു.

നോവലും കഥാപാത്രങ്ങളും ഹൃദയത്തില്‍ കുടിയിരുത്തുന്ന ജുനൈദ് അബൂബക്കറിന്‍റെ അടുത്ത നോവലും വ്യത്യസ്തമാകും എന്നുകൂടി പ(ക.) ഉറപ്പ് തരുന്നു.
പ(ക.) ഒരു മികച്ച ത്രില്ലര്‍ നോവലാണ്, അത്തരം വായന ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും വായിക്കുക

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.