DCBOOKS
Malayalam News Literature Website

കേരളത്തിലെ ഫോറന്‍സിക് ശാസ്ത്ര ശാഖയുടെ വളര്‍ച്ചയും വികാസവും…


Dr B Umadathan

നിങ്ങൾ ഒരു കൊലപാതകം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉമാദത്തൻ എഴുതിയ “ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ” ഒന്ന് വായിച്ചോളൂ. ജീവിതത്തിൽ നിങ്ങൾ ഒരിക്കലും കൊലപാതകം നടത്തില്ല. നിങ്ങൾ തേച്ച് മായ്ച്ച് കളയുന്ന സകല തെളിവുകളും വിദഗ്ധനായ ഒരു പോലീസ് സർജന് അല്ലെങ്കിൽ ഫോറൻസിക് ഓഫീസർക്ക്‌ തിരിച്ചെടുക്കാൻ കഴിയും എന്ന സത്യം നിങ്ങളെ കൊലപാതകം നടത്തുന്നതിൽ നിന്നും തീർച്ചയായും പിന്തിരിപ്പിക്കും.

മരിച്ചവർ കഥ പറയുന്നു. എന്നാൽ നിശബ്ദമായ ആ കഥാഖ്യാനം ശ്രവിക്കണമെങ്കിൽ ഒരു ഫോറൻസിക് സർജൻ ഏകാഗ്രമായ മനസ്സോടെ പഞ്ചേന്ദ്രിയങ്ങളും വ്യാപരിപ്പിക്കണം.“ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകളിലെ” മനോഹരമായ വരികൾ. “ഫോറൻസിക്” എന്ന മെഡിക്കൽ കുറ്റാന്വേഷണ ശാസ്ത്ര ശാഖയുടെ ഏറ്റവും ആധികാരിക മുഖമായിരുന്നു Dr.B. ഉമാദത്തൻ . പോലീസ് സർജൻ, ഫോറൻസിക് പ്രൊഫെസർ, കേരളാ പോലീസിന്റെ മെഡിക്കോ Textലീഗൽ ഉപദേശകൻ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നീ നിലകളിൽ സംഭവ ബഹുലമായ ജീവിതം നയിച്ച ഉമാദത്തന്റെ “സംഭവ ബഹുലമായ” പുസ്തകമാണ് “ ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ.”

ഒരു കുറ്റാന്വേഷണത്തിൽ ഫോറെൻസിക്കിന്റെ ശാസ്ത്രവും, ഗവേഷണവും, നിരീക്ഷണവും, നിഗമനങ്ങളും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ എത്രമാത്രം അത്യാവശ്യമാണ് എന്ന് ഈ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകും. ഒരു തുമ്പും, തെളിവുമില്ലാതെ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങൾ ഫോറെൻസിക്കിന്റെ വിദഗ്ധമായ ശാസ്ത്രവും, കലയുമുപയോഗിച്ച് തെളിവുകൾ ഇഴപിരിച്ചെടുക്കുന്ന മാന്ത്രിക വിദ്യ സ്വന്തമായുള്ള ആളായിരുന്നു ഉമാദത്തൻ.

കേരളത്തിലെ പ്രമാദമായ പല കേസുകളുടെയും തെളിവുകൾ വിദഗ്ധമായി കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റവാളികളെ കണ്ടു പിടിക്കാൻ സഹായിച്ചിട്ടുള്ള ഉമാദത്തന്റെ “കേസ് ഡയറിയാണ്” ഈ പുസ്തകം.കേരളത്തിലെ ഫോറൻസിക് ശാസ്ത്ര ശാഖയുടെ വളർച്ചയും വികാസവുമാണ് ഈ പുസ്തകത്തിലുടനീളം വായിക്കാൻ പറ്റുക. ഒരു ഫിക്ഷൻ അല്ല ഈ പുസ്തകം. ഒരു നോൺ ഫിക്ഷൻ പുസ്തകം ഫിക്ഷനെക്കാളും മനോഹരമായി ഉമാദത്തൻ എഴുതിയിരിക്കുന്നു.

കേരളത്തിലെ അനേകം പ്രമാദമായ കേസുകളുടെ “പിന്നാമ്പുറങ്ങൾ” വായിക്കാൻ ഇഷ്ടമാണെങ്കിൽ, ഫോറെൻസിക്കിന്റെ രസതന്ത്രം പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ “ ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ” ധൈര്യമായി വായിച്ചോളൂ.

പുസ്തകം 67 ശതമാനം വിലക്കുറവില്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ.ബി. ഉമാദത്തന്റെ ‘ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിന് ഡാനി കുര്യന്‍ എഴുതിയ വായനാനുഭവം. 

Comments are closed.