DCBOOKS
Malayalam News Literature Website

ഓരോ ദിവസവും ഒന്നും രണ്ടും പേര്‍ വീതം ദുരൂഹമായി മരിച്ചു വീണു, അതിനനുസൃതമായി ഓരോ മണ്‍പ്രതിമകളും മാഞ്ഞു!

അഗതാ ക്രിസ്റ്റിയുടെ ‘ഒടുവില്‍ ആരും അവശേഷിച്ചില്ല‘ എന്ന നോവലിന് അജിത് തോമസ് എഴുതിയ വായനാനുഭവം

ലാറ്ററല്‍ തിങ്കിംഗ് സാധ്യതകളെ ഏറ്റവുമധികം ഉപയോഗിച്ച എഴുത്തുകാരില്‍ ഒരാളാണ് അഗത ക്രിസ്റ്റി. ഒരു കൃത്യം നടന്നതിന്‍റെ സംഭാവ്യതകള്‍ പല തലങ്ങളില്‍ നിന്നും പരിശോധിക്കുമ്പോള്‍ പല രഹസ്യങ്ങളും മറ നീക്കി പുറത്തു വരും. അഗത ക്രിസ്റ്റിയുടെ പതിവ് രചനാശൈലികളില്‍ നിന്നും ആഖ്യാനപരമായി വേറിട്ട്‌ നില്‍ക്കുന്ന ഒരു കൃതിയാണ് And Then There Were None(ഒടുവില്‍ ആരും അവശേഷിച്ചില്ല).

Agatha Christie-Oduvil Arum Avaseshichillaനിഗൂഢമായ ഭൂതകാലമുള്ള പത്തു പേര്‍ ഒരു ദ്വീപിലേക്ക് ക്ഷണിക്കപ്പെടുന്നു. ഇവരെല്ലാം തന്നെ തെളിയിക്കപ്പെടാന്‍ സാധ്യതയില്ലാത്ത വിധം കൊലപാതകങ്ങള്‍ ചെയ്തവരാണ്. എത്തിക്കഴിയുമ്പോളാണ് അതൊരു കെണിയാണെന്നവര്‍ക്ക് മനസിലാകുന്നത്.

ദ്വീപിലെ ബംഗ്ലാവിന്‍റെ സ്വീകരണമുറിയില്‍ ഒരു നഴ്സറി പാട്ട് എഴുതി വെച്ചിരുന്നു. കൂടെ പത്തു മണ്‍ പ്രതിമകളും. ആ പാട്ടില്‍ പറഞ്ഞിരിക്കുന്ന പോലെ ഓരോരുത്തരായി കൊല്ലപ്പെടാന്‍ തുടങ്ങി. എല്ലാവരും തമ്മില്‍ തമ്മില്‍ സംശയിക്കാന്‍ തുടങ്ങി. ഓരോ ദിവസവും ഒന്നും രണ്ടും പേര്‍ വീതം ദുരൂഹമായി മരിച്ചു വീണു. അതിനനുസൃതമായി ഓരോ മണ്‍പ്രതിമകളും മാഞ്ഞു. അവസാനം കൊലപാതകങ്ങളുടെ ദുരൂഹതകള്‍ മറ നീക്കി പുറത്തു വരുന്നിടത്ത് കഥ അവസാനിക്കുന്നു.

അപസര്‍പക കഥകളില്‍ പൊതുവേയുള്ള ശൈലി ആദ്യ അധ്യായത്തില്‍ ഒരു കൊല നടക്കുന്നു, പിന്നിടുള്ള അധ്യായങ്ങളില്‍ പ്രതികളെന്നു സംശയിക്കപ്പെടുന്ന കൂട്ടര്‍ പ്രത്യക്ഷപ്പെടുന്നു, പിന്നെ വാദഗതികള്‍. അവസാനം ഇവരൊന്നുമല്ലാതെ യഥാര്‍ത്ഥ കുറ്റവാളി മറ നീക്കി പുറത്തു വരുന്നു എന്നിങ്ങനെയാണല്ലോ. ഇതിനിടയ്ക്കുള്ള അദ്ധ്യായങ്ങള്‍ പൊതുവേ വലിച്ചു നീട്ടി വിരസമാകാറാണ് പതിവ്. എന്നാല്‍ And Then There Were None ല്‍ ഓരോ അധ്യായങ്ങളും ചോരക്കറ പുരണ്ടതാണ്‌. അപസര്‍പകവായനയെ സജീവമായി പിടിച്ചു നിര്‍ത്തുന്നത് ഈ കൊലപാതകങ്ങളാണ്.

മലയാളത്തില്‍ മികച്ച ഒരു ചലച്ചിത്രഭാഷ്യത്തിനു സാധ്യതയുള്ള കഥ കൂടിയാണ് And Then There Were None. ആഖ്യാനപരമായി ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ സൈക്കൊയുടെ ഒരു ആംബിയന്‍സ് വായനക്കാരനു ഫീല്‍ ചെയ്യിപ്പിക്കുന്ന കൃതി…

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

കടപ്പാട് മനോരമ ഓണ്‍ലൈന്‍

Comments are closed.