DCBOOKS
Malayalam News Literature Website

വിസ്മയകഥകളുടെ മ്യൂസിയം

ദേശത്തെ പറ്റിയുള്ള ഒരായിരം മാസ്മരിക നുണക്കഥകളുടെ സമാഹാരമാണ്, ഒരു ക്രൈംത്രില്ലര്‍ എന്ന ലേബലില്‍, എം ആര്‍ അനില്‍കുമാര്‍ എഴുതി, ഡി സി ബുക്‌സ് പുറത്തിറക്കിയ, ഏകാന്തതയുടെ മ്യൂസിയം എന്ന നോവല്‍. ക്രൈം ത്രില്ലര്‍ എന്ന ലേബല്‍ ഈ നോവലിന് ഒരിക്കലും യോജിക്കുന്നതല്ല. ക്രൈം ഈ നോവലില്‍ ശക്തമായി അവതരിപ്പിക്കപ്പെടുമ്പോള്‍ പോലും, ക്രൈമിനുപരി നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സമകാലിക മിസ്റ്റിക്ക് നോവല്‍ ആണ് ഏകാന്തതയുടെ മ്യൂസിയം എന്ന് പറയേണ്ടിയിരിക്കുന്നു.

സമകാലീന ജീവിതത്തിന്റെ പരിച്ഛേദമായ ഒന്നാം ഭാഗവും നിഗൂഢവും വിഭ്രമാത്മകവുമായ കഥകള്‍ അടങ്ങിയ രണ്ടാം ഭാഗവും ചേര്‍ന്ന നോവല്‍ കഥാപാത്രങ്ങളാലും കഥകളാലും സമ്പന്നമാണ്. ഓരോ പേജും പറയുന്നത് വ്യത്യസ്തമായ ഓരോ കഥയാണ്, ഒന്നിലധികം കഥകളുള്‍ക്കൊള്ളുന്ന പേജുകളുമുണ്ട് . കണ്ടെമ്പററി ന്യൂസ് എന്ന ഇംഗ്ലീഷ് ദിനപത്രത്തിലെ, എന്റര്‍റ്റെയ്ന്‍മെന്റ് വിഭാഗത്തിലെ, സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്‍ത്ഥന്‍ യാദൃച്ഛികമായി കാണാനിടയാകുന്ന ബ്ലോഗില്‍, തെരുവില്‍ നിന്ന് കളഞ്ഞു കിട്ടിയ ഒരു നോവലിന്റെ ഏതാനും ഭാഗങ്ങള്‍ വായിക്കാനിടയാകുന്നു. ഏകാന്തമായ രാത്രികളില്‍, തന്റെ സ്വപ്നങ്ങളിലെ, സ്‌നാനഘട്ടിലെത്താറുള്ള മഗ്ദലേന സലോമിയെന്ന സുന്ദരിയാണ് ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട നോവലിലെ കഥാപാത്രം എന്ന് അയാള്‍ മനസിലാക്കുന്നു. ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ നോവലിസ്റ്റ് എഴുതിയ ദേശത്തെ പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലീഷ് നോവലിന്റെ മലയാള പരിഭാഷയാണ് ഈ നോവല്‍ എന്നും അയാള്‍ മനസ്സിലാക്കുന്നു ആ എഴുത്തുകാരനെ തേടി നടത്തുന്ന യാത്ര ആണ് കഥയുടെ പശ്ചാത്തലം.

രണ്ട് ഭാഗങ്ങളുള്ള നോവലാണ് ഏകാന്തതയുടെ മ്യൂസിയം. ഒന്നാം ഭാഗത്ത് സിദ്ധാര്‍ത്ഥന്‍ എന്ന പത്രപ്രവര്‍ത്തകനായ കഥാപാത്രത്തെ കേന്ദ്രീകരിച്ച് കഥ നീങ്ങുന്നു. കണ്ടെമ്പററി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയും പത്രപ്രവര്‍ത്തകരുടെ ജീവിതവും അവരുടെ ദുരിതങ്ങളും ഈ ഭാഗത്തു കോറിയിട്ടിരിക്കുന്നു. ത്രസിക്കുന്ന ലൈംഗികതയും ആസക്തികളും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ദുരിതങ്ങളും കൊലപാതകങ്ങളും നിറഞ്ഞ ഇടപെടലുകളുടെ കാലഘട്ടത്തെ ആദ്യപകുതിയില്‍ വായിക്കാം. കഥാപാത്ര സൃഷ്ടിയില്‍ വളരെയധികം ശ്രദ്ധാലുവാണ് നോവലിസ്റ്റ്, വൈരുദ്ധ്യാത്മക കഥാപാത്ര രചനക്ക് ഉദാഹരണമാണ്, നവലൈംഗികതയുടെ വക്താവായ റീമ തോബിയാസും, പരിചയമില്ലാത്ത പുരുഷന്മാരെ സംശയത്തോടു കൂടി നോക്കുന്ന വര്‍ഷയെന്ന കഥാപാത്രവും. സോജന്‍ ജോര്‍ജ് എന്ന പത്ര മുതലാളി, കമ്പോളത്തിന്റെ സാധ്യതകളില്‍ മാത്രം കണ്ണോടിക്കുന്ന വ്യവസായിയാണ്.

രണ്ടാം ഭാഗം, പേര് പരാമര്‍ശിച്ചിട്ടില്ലാത്ത, ഇതിലെ എഴുത്തുകാരന്റെ കൃതിയാണ്. അയാള്‍ ബ്ലോഗില്‍ വന്ന അജ്ഞാത രചനയും സ്വന്തം രചനയും വര്‍ഷ ഗോകുല്‍മാരില്‍ നിന്ന് മനസ്സിലാക്കിയ സിദ്ധാര്‍ത്ഥന്റെ ജീവിതവും ഇടകലര്‍ത്തി ആവിഷ്‌കരിക്കുന്ന മട്ടിലാണ് ഈ ഭാഗം രചിക്കപ്പെട്ടിരിക്കുന്നത്. നോവലിന്റെ അവസാനത്തെ അദ്ധ്യായത്തില്‍ എത്തുമ്പോള്‍ മാത്രമാണ് വായനക്കാരന്‍ ഇതുവരെയും താന്‍ ഒരു മായാവലയത്തില്‍ ആയിരുന്നു എന്ന് മനസിലാക്കുന്നത്. അവിടെ അയാള്‍ വീണ്ടും സമകാലിക ലോകത്തിലേക്ക് പറിച്ചു നടപ്പെടുകയാണ്.

മഞ്ഞയും വെള്ളയും എന്ന ഇരട്ട ഗ്രാമത്തിലാണ് ‘ദേശത്തെ പറ്റി പറഞ്ഞ ആയിരം നുണക’ളുടെ രചയിതാവായ ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ താമസിക്കുന്ന റൈറ്റേഴ്‌സ് ബില്‍ഡിംഗ് എന്ന കൊളോണിയല്‍ ബംഗ്‌ളാവ്. ആ ഗ്രാമം കഥകള്‍ കൊണ്ട് നിബിഡമാണ് കൊളോണിയല്‍ ബംഗ്ലാവും. ആ നാട്ടില്‍, ഓരോരുത്തര്‍ക്കും അവരുടേതായ കഥകളുണ്ട്. റൈറ്റേഴ്‌സ് ബംഗ്‌ളാവ് കഥകളുടെ ഒരു മ്യൂസിയമാണ്, കഥകളുടെ ഒരു മായിക വര്‍ണക്കാഴ്ചയാണ്. ചരിത്രമുറങ്ങുന്ന കഥകള്‍, ഉന്മാദത്തിന്റെ, തൃഷ്ണയുടെ, രതിയുടെ, ദൈന്യതയുടെ, നിഗൂഢതയുടെ, കച്ചവടത്തിന്റെ, ആര്‍ത്തിയുടെ, കുടിയേറ്റത്തിന്റെ, അടിമത്തത്തിന്റെ, ക്രോധത്തിന്റെ, പട്ടിണിയുടെ, മരണത്തിന്റെ, ആത്മഹത്യയുടെ, സങ്കടങ്ങളുടെ, സന്തോഷത്തിന്റെ…കഥകള്‍.

ഏകാന്തതയുടെ മ്യൂസിയത്തിന്റെ രണ്ടാം ഭാഗം, വടവനാല്‍ക്കല്‍ കുടുംബത്തിന്റെ ചരിത്രം മാത്രമല്ല, മഗ്ദലേന സലോമിയുടെ, ക്ലമന്റ് ആല്‍ബെര്‍ട്ടോയുടെ, ഗബ്രിയേല്‍ ജോസഫ് കടക്കാരന്റെ, അയാളുടെ ഗ്രാന്‍ഡ് ഗ്രാന്‍ഡ് പപ്പയുടെ, ഗ്രാന്‍ഡ് ഗ്രാന്‍ഡ് പപ്പയുടെ അനിയന്റെ, ഗ്രാന്‍ഡ് ഗ്രാന്‍ഡ് മമ്മയുടെ, ഗ്രാന്‍ഡ് പപ്പയുടെ, വെങ്കീരി മൂപ്പന്റെ, മൃണാളിനി സുഭാഷിന്റെ, ലിയൂലിയുടെ, കാരംസ് റെജിനോയുടെ, റോസാ സെലിന്റെ, സഖാവ് കരുണന്റെ, ആദിവാസികളുടെ, ബാഗ്മയുടെ, കുന്നുകളുടെ, മലയടിവാരത്തിന്റെ, ഏഴു പുണ്യാളന്‍മാരുടെ പള്ളിയുടെ, മഞ്ഞയുടെ, വെള്ളയുടെ എല്ലാം കഥകള്‍…ഏകാന്തതയുടെ മ്യൂസിയത്തില്‍, കഥകള്‍ മാത്രമല്ല, ചരിത്രവും, രാഷ്ട്രീയവും സാഹിത്യവും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. സാമൂതിരിയുടെ, കൊളോണിയല്‍ സംസ്‌കൃതിയുടെ, ബ്രിട്ടീഷ് ഭരണത്തിന്റെ, സ്വാതന്ത്ര്യ സമരത്തിന്റെ, ലോക മഹായുദ്ധത്തിന്റെ, അടിയന്തരാവസ്ഥയുടെ, കമ്മ്യൂണിസ്റ്റുകളുടെ, സമകാലികമായ മാവോയിസ്റ്റുവേട്ടയുടെ വരെ ചരിത്രം സൂക്ഷ്മമായി പറയുന്നു ഈ നോവലിന്റെ രണ്ടാം ഭാഗത്തില്‍. വസ്തുതകളുടെ കഥയല്ല, കഥാപാത്രങ്ങളുടെ കഥയാണ് നോവല്‍ പറയുന്നത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആണ് കഥ പറയുന്നതെങ്കിലും പാതിരിമാരുടെയും ഭരണവര്‍ഗ്ഗത്തിന്റെയും കള്ളക്കളികളും കുടിലതകളും ഈ നോവലില്‍ ഭംഗ്യന്തരേണ പറഞ്ഞിരിക്കുന്നു. അമ്മുഹാജി എന്ന റാവുത്തനിലൂടെ, മുസ്‌ലിം കച്ചവടക്കാരനെയും അവരുടെ കച്ചവടതന്ത്രങ്ങളെയും വരച്ചു കാട്ടുന്നു.

ഇരട്ട, അല്ലെങ്കില്‍ രണ്ട് എന്ന അക്കത്തിന് ഈ നോവലില്‍ വലിയ സ്വാധീനമാണുള്ളത്. മഞ്ഞയും വെള്ളയും എന്നീ പേരുകള്‍ ഉള്ള ഇരട്ട ഗ്രാമത്തിന്റെ കഥ പറയുന്ന നോവലില്‍ പ്രധാന കഥാപാത്രങ്ങളുടെ രണ്ടു വ്യത്യസ്ത ആഖ്യാനങ്ങള്‍ വരുന്നുണ്ട്. മിക്ക കഥാപാത്രങ്ങളുടെയും ഇരട്ട വ്യക്തിത്വം അനാവരണം ചെയ്യപ്പെടുന്നു. രണ്ടു ഭാഗങ്ങളില്‍ ആയി രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്നു. സിദ്ധാര്‍ത്ഥന്‍ പോലും ആദ്യപകുതിയില്‍ റിയല്‍ ആയും, രണ്ടാമത്തെ പകുതിയില്‍ ഒരു കഥാപാത്രമായുമാണ് വരുന്നത്. ആദ്യ പകുതിയില്‍, വര്‍ഷ ജോലി ചെയ്യുന്നത് കണ്ടെമ്പററി ന്യൂസ് എന്ന പത്രത്തിലാണ്. രണ്ടാം പകുതിയില്‍ സണ്‍ഡേ ന്യൂസിന്റെ അഭിമുഖക്കാരിയാണ് വര്‍ഷ. കഥ പറയുന്ന ഗബ്രിയേല്‍ ജോസഫ് കട്ടക്കാരനും, സിദ്ധാര്‍ത്ഥന്‍ എന്ന പത്രപ്രവര്‍ത്തകനായി നോവല്‍ പൂര്‍ത്തിയാക്കിയ എഴുത്തുകാരനും അങ്ങനെ രണ്ട് എഴുത്തുകാര്‍ നോവലില്‍ ഉണ്ട്. രണ്ടു പേരും കൊലചെയ്യപെടുകയാണ്. ടെറിന്‍ ജോസഫ് എന്ന തമ്പാന്‍ ഒരു വശത്ത്, ഒരു പക്കാ ക്രിമിനലിന്റെ സ്വഭാവം വെച്ചുപുലര്‍ത്തുന്നയാളാണ്, മറുവശത്ത്, റിമ തോബിയാസിനെ സംരക്ഷിക്കുന്ന കരുണ കിനിയുന്ന ഹൃദയത്തിന് ഉടമയുമാണ്.

നോവലിന്റെ രണ്ടു ഭാഗത്തും വ്യത്യസ്തമായ ആഖ്യാന ശൈലി ആണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ ടര്‍ക്കിഷ് എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുക്ക് നോവലിസ്റ്റിനെ സ്വാധീനിച്ചിരുന്നു എന്ന് കാണാം. എന്നാല്‍ രണ്ടാം പകുതിയില്‍, മാര്‍ക്കേസ്, ഗുന്തര്‍ ഗ്രാസ്, ബോര്‍ഹസ് എന്നിവരുടെ സ്വാധീനവും വായനക്കാരന് അനുഭവപ്പെട്ടേയ്ക്കാം. ഒരു എഴുത്തുകാരന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍, താന്‍ എഴുതുന്നവയ്ക്ക് മറ്റൊരാളുടെ രചനയുമായി യാതൊരു താതാത്മ്യവും പാടില്ലെന്നുള്ള നിഷ്‌കര്‍ഷ ഈ നോവലില്‍ സ്വന്തം അനുഭവത്തില്‍ നിന്നും നോവലിസ്റ്റ് പറിച്ചു നടുന്നതായി കാണാം.

ഒരേസമയം യാഥാര്‍ത്ഥ്യം, ഭാവന, സ്വപ്നം, മിഥ്യാഭ്രമം, കഥകള്‍, മിത്തുക്കള്‍, വാര്‍ത്തകള്‍, സംഭാഷണങ്ങള്‍. ബോധധാര, സ്വയം കഥ പറച്ചില്‍, ഡയറിക്കുറിപ്പുകള്‍ എന്നിങ്ങനെ പലതരം രചനാ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യവും ഭാവനയും തമ്മില്‍ നിഗൂഢമായി മിശ്രണം ചെയ്ത് വായനക്കാരെ ഒരു വിചിത്ര വായനാനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. കഥ പറയുക എന്നതിലേറെ ഒരപരിചിതമായ വായനാനുഭവം സൃഷ്ടിക്കുക എന്നതാണ് എഴുത്തുകാരന്റെ ഉദ്ദേശ്യം. അതിനാല്‍ രേഖീയമായ ഒരു കഥ പറച്ചിലും ഇതില്‍ ഇല്ല എന്നു സാമാന്യമായി പറയാം. എല്ലാ കഥകളും ഒന്നിലാരംഭിച്ച് മറ്റൊന്നിലേക്ക് വളരുകയും അതില്‍ ലയിക്കുകയോ അലിഞ്ഞു ചേരുകയോ മറ്റൊന്നിലേക്ക് രൂപാന്തരപ്പെടുകയോ ചെയ്യുകയും ചെയ്യുന്നു. ഒരേ സമയം ഒന്നിലധികം നോവലുകള്‍ വായിക്കുന്ന പ്രതീതി വായനക്കാര്‍ക്കു ഉണ്ടാക്കുന്നു. വായനക്കാരെ ഒരു മിസ്റ്റിക്ക് അനുഭവത്തിലേക്ക് കൊണ്ട് പോകുന്ന ഈ നോവല്‍ മലയാളനോവല്‍ സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല.

എം.ആര്‍.അനില്‍ കുമാറിന്റെ ഏകാന്തതയുടെ മ്യൂസിയം എന്ന നോവലിന് ജെയിംസ് വര്‍ഗീസ് എഴുതിയ വായനാനുഭവം

കടപ്പാട്: മലയാളനാട്

Comments are closed.