DCBOOKS
Malayalam News Literature Website

നിശബ്ദ സഞ്ചാരങ്ങൾ : അനേകലക്ഷം നേഴ്‌സുമാർക്കു വേണ്ടി സമർപ്പിക്കപ്പെട്ട കഥ!

ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍ ‘ എന്ന നോവലിന് വിപിൻ പരമേശ്വരൻ എഴുതിയ വായനാനുഭവം

”ദേശാടനങ്ങൾ ഒന്നും വെറുതെയല്ല. വഴിയിൽ നാം കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും ഭാവി ജീവിതത്തിലേക്കുള്ള ഒരു മൂന്നാംകണ്ണ് തുറന്നു തരുന്നുണ്ട്.”

നജീബിൽ നിന്ന് മറിയാമ്മ അമ്മച്ചിയിലേക്കുള്ള ദൂരം തുല്യമാണ്. എന്നാൽ അവരുടെ അനുഭവങ്ങൾ വ്യത്യസ്തമാണ്. നജീബിനും മുൻപേ ജീവിതം കെട്ടിപ്പടുക്കാൻ ഇറങ്ങി തിരിച്ചവരാണ് കേരളത്തിലെ നേഴ്‌സുമാർ. എന്നാൽ അവരുടെ ചരിത്രം എവിടെയും എഴുതിവെക്കാതെ പോയി. “നിശബ്ദ സഞ്ചാരങ്ങൾ” എന്ന നോവലിലൂടെ ബെന്യാമിൻ മനു എന്ന ചെറുപ്പക്കാരന്റെ സഹായത്തോടെ നടത്തുന്ന സഞ്ചാരം പിടിച്ചിരുത്തുന്ന വായനാനുഭവം സമ്മാനിക്കുന്ന ഒന്നാണ്. Textകുടിയേറ്റത്തിൽ നിന്ന് തന്റെ കുടുംബം രക്ഷിക്കാൻ ഇറങ്ങിപുറപ്പെട്ട മറിയാമ്മ എന്ന നേഴ്‌സിന്റെ അതിശയിപ്പിക്കുന്ന സഞ്ചാര പാത തേടി അവരുടെ നാലാം തലമുറയിലെ മനു എന്ന യുവാവ് നടത്തുന്ന അന്വേഷണമാണ് ഈ നോവൽ. മറ്റൊരാൾ നടന്നുപോയ വഴിയേ സഞ്ചരിക്കുമ്പോഴാണ് അതെത്ര ദുർഘടം പിടിച്ചതാണെന്ന് നമുക്ക് മനസ്സിലാവുക. മനുവിന്റെ യാത്രകൾ ഏറെ കുറെ അത് തെളിയിച്ചു തരുന്നു. ഇത് അനേകലക്ഷം നേഴ്‌സുമാർക്ക് സമർപ്പിക്കപ്പെട്ട കഥയാണ്. അവരുടെ യാത്രകളുടെ അനന്തപദങ്ങളിലേക്കുള്ള എത്തിനോട്ടമാണ്. ഇത് സ്നേഹത്തിന്റെയും, അലിവിന്റെയും, നൊമ്പരങ്ങളുടെയും, കൂടിചേരലിന്റെയും കഥ കൂടിയാകുന്നു. മറിയാമ്മ അമ്മച്ചിയോട് നാലാം തലമുറകാരൻ ചെറുപ്പക്കാരൻ അവരോട് കാണിക്കുന്ന നീതിയുടെ സാക്ഷാത്കാരം ആണ്.

മനുവിന്റെ കൂടെയുള്ള യാത്ര സത്യത്തിൽ ഏറെ ആകാംക്ഷ നിറക്കുന്നതും ആഹ്ലാദം പകരുന്നതുമായിരുന്നു. മറിയാമ്മ അമ്മച്ചിയുടെ ശവകുടീരം മനു കണ്ടെത്തുന്നത് വരെ മനു അനുഭവിച്ച അതേ സംഘർഷത്തിലൂടെ ഞാനും കടന്നുപോയി. അവിടെ അർപ്പിക്കപ്പെട്ട ബോഗൻവില്ലകൾ തളിർത്തു പൂവിടുന്നത് ഞാൻ സ്വപ്നം കാണുന്നു. വായനക്കൊടുവിൽ മരിയ എന്ന കൊച്ചു നേഴ്‌സിന്റെ വിയോഗം നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. അസ്വസ്ഥമായ മനുഷ്യജീവിതം ആവിഷ്കരിക്കുന്നതിൽ ബെന്യാമിൻ നിപുണനാണ്. അത്രമേൽ ആഴത്തിൽ വായന നൽകുന്ന സംതൃപ്തി അദ്ദേഹത്തിന്റെ എല്ലാ രചനകളുടേയും പ്രത്യേകതയാണ്. ഒട്ടും മുഷിപ്പിക്കാതെ ലോകരാജ്യങ്ങളിലൂടെയുള്ള മനുവിന്റെ സഞ്ചാരം പ്രിയപ്പെട്ടതായിതീരുന്നു..

ഒരു തലമുറ മറ്റൊരു തലമുറയോട് കാണിക്കുന്ന ആദരവിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ സാക്ഷാത്കാരമാണ് ബെന്യാമിന്റെ “നിശബ്ദ സഞ്ചാരങ്ങൾ”

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

 

Comments are closed.