DCBOOKS
Malayalam News Literature Website

ഒരു യാത്ര പോകണം … മാധവിക്കുട്ടിയുടെ കൗമാരസ്വപ്നങ്ങളും, അഭിനിവേശങ്ങളും ഉറങ്ങുന്ന പുന്നയൂർക്കുളത്തെ ആ നീർമാതള ചുവട്ടിലേക്ക്!

”നീർമാതളം പൂക്കുന്നത് കേവലം ഒരാഴ്ചത്തേക്ക് വേണ്ടിയാണ്… പുതുമഴയുടെ സുഗന്ധം മണ്ണിൽനിന്നുയർന്നാൽ നിർമാതളം പൂക്കാറായി എന്ന് വിചാരിക്കാം.. പൂക്കൾ വന്നു നിറഞ്ഞാൽ ഇലകൾ കൊഴിയുകയും ചെയ്യും”

മലയാളത്തിൻറെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഓർമ്മക്കുറിപ്പ്… കേരള സാഹിത്യ ലോകത്ത് വളരെ വിഖ്യാതമായ 1993 ഇൽ പ്രസിദ്ധീകരിച്ച ഈ കൃതിക്ക്, 1997 ലെ വയലാർ അവാർഡ് ലഭിച്ചിരുന്നു… തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് എന്ന അക്ഷര തറവാട്ടിലായിരുന്നു മാധവിക്കുട്ടിയുടെ ജനനം… മൂടുപടങ്ങൾ ഇല്ലാതെ സ്വന്തം ജീവിതാനുഭവങ്ങൾ ഒരു കുമ്പസാരത്തിന്റെ മനസ്സോടുകൂടി എഴുതിവെച്ച കൃതിയാണിത്…

നാഗരികതയുടെയും ഗ്രാമ്യതയുടെയും നടുവിൽ ചലിക്കുന്ന ഒരു ഊഞ്ഞാൽ ആയിരുന്നു കമലയുടെ ബാല്യദശയും കൗമാരദശയുടെ ആരംഭകാലവും… സദാ അലട്ടുന്ന ഒരു അസ്ഥിരത തന്നിൽ നങ്കൂരമിട്ടത് ആ കാലത്താണെന്നു തോന്നുന്നതായും കഥാകാരി കുറിച്ചിട്ടിരിക്കുന്നു..കമലക്കെല്ലാം അമ്മമ്മയായിരുന്നു.. “. എത്രതന്നെ പ്രയത്നിച്ചാലും, അച്ഛൻ തങ്ങളെ പ്രശംസിക്കുമായിരുന്നില്ല... അമ്മ പ്രശംസിക്കാൻ ഓർത്തുമില്ല… പ്രകടമാകാ ത്ത സ്നേഹം നിരർത്ഥകമാണ്… പിശുക്കന്റെ ക്ലാവ് പിടിച്ച നാണയശേഖരം പോലെ ഉപയോഗശൂന്യവും….”

കൊൽക്കത്തയിൽ നിന്നും സ്കൂളവധിക്ക് അമ്മയുടെ തറവാടായ നാലപ്പാട്ട് എത്തുന്ന കാലത്തെയാണ് നീർമാതളം പൂക്കുന്ന കാലമായി അവർ ഉദ്ദേശിക്കുന്നത് എന്ന് തോന്നിപ്പോകുന്നു… വെണ്ണ വർണ്ണമുള്ള പൂക്കളും വഹിച്ച തലയെടുപ്പോടെ നിൽക്കുന്ന ആ മരം വൈകാരിക സുരക്ഷിതത്വത്തിന് ഒരു പ്രതീകമായി നില കൊള്ളുന്നു… പാടത്തിനപ്പുറത്ത് ആശാരിപറമ്പിൽ നിൽക്കുന്നവരുടെ നാസാരന്ധ്രങ്ങളിലും ഒരു അനുഗ്രഹം എന്നപോലെ ആ പൂക്കളുടെ പരിമളം വന്നെത്തും… ആ മരത്തിൽ പടർന്ന റങ്കൂൺ ക്രീപ്പറുടെ വള്ളികളിൽ എല്ലാ Textമാസവും കുറച്ചു പൂക്കൾ കാണാം…വെളുത്തവയും ചുവന്നവയും, അവയ്ക്കുമുണ്ടായിരുന്നു ഹൃദ്യമായ ഒരു സൗരഭ്യം… തെക്കുപടിഞ്ഞാറൻ കാറ്റുവീശുമ്പോൾ, സന്ധ്യ ഇരുളിൽ താഴ്ത്തിയ മുറ്റത്ത് അത് പരക്കാറുണ്ടായിരുന്നു….

കമലയുടെ തറവാടായ നാലെപ്പാട്ടും , ഭർത്താവിൻറെ തറവാടായ അമ്പഴത്തേൽ തറവാടിന്റെയും വേരുകൾ തേടിയുള്ള അന്വേഷണങ്ങളും കമല നടത്തുന്നു… ആഴമുള്ള കിണറ്റിൽ നിന്നും സാവധാനം വെള്ളം വലിച്ചെടുക്കുന്ന പോലെയായിരുന്നു ഭൂതകാലത്തെക്കുറിച്ച് അവർ നടത്തിയ അന്വേഷണം…

മലയാളിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന തരത്തിൽ പഴയകാലത്തെ കുറിച്ചുള്ള പല സന്ദർഭങ്ങളും പരാമർശങ്ങളും ഇതിലുണ്ട്..അതിലൊന്നായിരുന്നു ഇന്ന് അന്യം നിന്നു പോയ തിരുവാതിരക്കാലം .. തിരുവാതിരക്കാലമടുക്കുമ്പോൾ കൂവ പറിച്ചെടുത്ത് അതിൻറെ കിഴങ്ങുകളുടെ നൂറുണക്കി പൊടിയാക്കി, ആ പൊടിയും ശർക്കരയും ചിരകിയ നാളികേരവും കൊണ്ടുണ്ടാക്കിയ കൂവാവിരകിയത് തിരുവാതിരക്കളി കഴിഞ്ഞാലുടനെ കഴിക്കുമായിരുന്നു അന്ന്… “ചുവന്ന കല്ലുകൾ കൊണ്ട് നിർമ്മിച്ച ഏകദേശം 16 പടവുകൾ ഇറങ്ങിയാൽ മാത്രമേ വെള്ളത്തിലെത്തുവാൻ എത്തുവാൻ സാധിച്ചിരുന്നുള്ളൂ… താളിയും എണ്ണയും പുരണ്ടത് കൊണ്ടാവും മിക്ക പടവുകളിലും ഞങ്ങളുടെ കാലടികൾ വഴുതി പോകാറുണ്ടായിരുന്നു… തുടിയും പാട്ടും കഴിയുമ്പോൾ കുട്ടികൾക്ക് ഇഷ്ടപ്പെട്ട മലർ വറുക്കൽ എന്ന ക്രീഡ ആരംഭിക്കും…കുളികഴിഞ്ഞു പടവുകൾ കയറിയാൽ വസ്ത്രം ധരിച്ചു തീ കായാം…തീയുടെ ചുവന്ന നാളങ്ങൾ മറ്റുള്ളവരുടെ കണ്ണുകളിൽ പ്രതിഫലിച്ചു കാണുക ഉന്മേഷദായകമായ ഒരു കാഴ്ചയാണ്… തിരുവാതിര കുളിച്ചാൽ സൗന്ദര്യം വർദ്ധിച്ച പോലെ തോന്നിയിരുന്നു എന്നത് സത്യമാണ്… കണ്ണെഴുതി വെളുത്ത കൂവപ്പൊടിയും തൊട്ട് മുടിയിൽ പൂ ചൂടി ഊഞ്ഞാലാടുന്ന പെൺകോടിയേക്കാൾ മനോഹരി ആരാണ്.. പക്ഷെ ഗ്രാമങ്ങളിലും തിരുവാതിരക്കുളി അവസാനിച്ചു കഴിഞ്ഞിരിക്കുന്നു… ജലക്രീഡയുടെ ശബ്ദം ഇനി ഒരിക്കലും നാമിനി കേൾക്കുകയില്ലായിരിക്കാം ”

“ഇന്നിനി ഒരു തീർത്ഥാടകയെപോലെ ക്ഷീണം തീർക്കാനും, തെല്ലിട വിശ്രമിക്കാനും, ഒരുപക്ഷേ വിസ്മരിക്കാനും ഞാൻ വഴിയമ്പലങ്ങൾ തേടുന്നു.. ഓട്ടുമണികളും, ശംഖനാദവും മുഴക്കുന്ന ദേവാലയങ്ങളെ തേടുന്നു.. കണ്ണുകൾക്ക് കാണുവാൻ ഉള്ള ശക്തി നഷ്ടപ്പെട്ടാൽ, എഴുതുവാനുള്ള ത്രാണി ഇല്ലാതാകുമ്പോൾ ഞാൻ എന്റെ യാത്ര അവസാനിപ്പിച്ചേക്കാം… ചരിത്രം രാജാക്കൻമാരുടെ യുദ്ധങ്ങളുടെയും മാത്രം കഥയല്ല… സ്നേഹിച്ചവരുടെയും കഥയാണ്.. സാധാരണ മനുഷ്യരുടെ കഥ…”

നാലപ്പാട്ടെ സർപ്പക്കാവും, നാലിതൾപൂവ് കൊണ്ട് തീവ്ര പ്രണയത്തിന്റെ പൂക്കാലമൊരുക്കുന്ന നീർമാതളവും ഒക്കെ കാണാനായിഎന്നെങ്കിലുമൊരിക്കൽ ഒരു യാത്ര പോകണം .. കമലയുടെ കൗമാരസ്വപ്നങ്ങളും, മാധവിക്കുട്ടിയുടെ അഭിനിവേശങ്ങളും ഉറങ്ങുന്ന പുന്നയൂർക്കുളത്തെ ആ നീർമാതള ചുവട്ടിലേക്ക്… അരളിയും, ഇല്ലഞ്ഞിയും പൂത്തുനിൽക്കുന്നിടത്തു അൽപനേരം നിൽക്കണം.. അന്നൊരു പക്ഷെ നീർമാതളം, തളിരിലകൾ മാത്രമുള്ള ഒരു പൂവില്ലാമരമായ് നിൽക്കുകയാവാം…..

മാധവിക്കുട്ടിയുടെ ‘നീര്‍മാതളം പൂത്തകാലം’ എന്ന പുസ്തകത്തിന് അമ്പിളി നായര്‍ എഴുതിയ വായനാനുഭവം.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.