DCBOOKS
Malayalam News Literature Website

കുടുംബം, പ്രണയം, സൗഹൃദം, വിപ്ലവം എന്നിങ്ങനെ ജീവിതത്തിന്റെ കേന്ദ്രബിന്ദുക്കളിലൂടെ…!

 

MAYYAZHIPPUZHAYUDE THEERANGALIL
By : M MUKUNDAN

” അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തിൽ, അങ്ങകലെ ഒരു വലിയ കണ്ണീർ തുള്ളി പോലെ വെള്ളിയാങ്കല്ലു കാണാമായിരുന്നു. അവിടെ അപ്പോഴും ആത്മാവുകൾ തുമ്പികളായി പാറി നടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളിൽ ഒന്ന് ദാസനായിരുന്നു. ”

പുസ്തകം വായിച്ചു തീർന്നിട്ടും അതിലെ കഥാപാത്രങ്ങൾ ഉള്ളിൽ ആഴത്തിൽ തങ്ങിനിൽക്കുന്നത് എന്തുകൊണ്ടായിരിക്കും ??
ഒരു നാടും അവിടത്തെ മനുഷ്യരും മനസ്സിൽ മായാത്ത ചിത്രങ്ങളാവുന്നത് എന്തുകൊണ്ടായിരിക്കും ??
അവരുടെ ദുഃഖങ്ങളിൽ കണ്ണ് നിറയുന്നതും അവരുടെ സന്തോഷങ്ങളിൽ ചുണ്ട് വിടരുന്നതും എന്തുകൊണ്ടായിരിക്കും ??
ചിന്തിച്ചിട്ടുണ്ടോ…?!!

“നോവലുകൾ അങ്ങനെയാണ്…
ഉള്ളിൽ മായാത്ത മുഖങ്ങൾ അവ ബാക്കിയാക്കും.
ഉള്ളിൽ നിലക്കാത്ത ശബ്ദങ്ങൾ അവ ബാക്കിയാക്കും.
നാം പോലും അറിയാതെ നമുക്കുള്ളിൽ അവ സ്ഥാനമുറപ്പിക്കും.
അതിലൊക്കെ എന്താണിത്ര അത്ഭുതപ്പെടാനുള്ളത് അല്ലേ..!!”

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

എം. മുകുന്ദന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേ ഫ്രഞ്ച് ജനത ഭരിച്ച ഒരു ദേശത്തിന്റെ കഥയാണ് ‘ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘. ദാസൻ എന്ന കഥാപാത്രത്തിന്റെ വളർച്ചയിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. ഒരു നാടിനെയും അതുവഴി ഒരു സംസ്കാരത്തെയും നോവൽ വരച്ചുകാട്ടുന്നു. മയ്യഴിയുടെ തീരങ്ങളിൽ വസിക്കുന്ന ഒരു പറ്റം പച്ചയായ മനുഷ്യരെയാണ് എഴുത്തുകാരൻ പരിചയപ്പെടുത്തുന്നത്.

Textമയ്യഴിയുടെ സ്വാതന്ത്ര്യ ചരിത്രം കൂടിയാണ് നോവൽ. ഫ്രഞ്ച് ഭരണകൂടത്തിന് താഴെ ജീവിക്കുന്ന ഒരു ജനത. ചെറിയ സ്വപ്നങ്ങളും ചെറിയ ജീവിതക്രമങ്ങളുമായി ജീവിച്ചു പോരുന്ന ഒരു സമൂഹം. അത്തരമൊരു ചുറ്റുപാടിലേക്കാണ് കുഞ്ഞനന്തൻ മാസ്റ്ററും ദാസനും ഒക്കെ ചേർന്ന് വിപ്ലവത്തിന്റെയും വിമോചനത്തിന്റെയും ചിന്തകൾ കോരിയിടുന്നത്. വിമോചന സമരങ്ങളുടെ നാൾവഴികൾക്ക് പിന്നീട് മയ്യഴി സാക്ഷിയാവുന്നു.

കുടുംബം, പ്രണയം, സൗഹൃദം, വിപ്ലവം എന്നിങ്ങനെ ജീവിതത്തിന്റെ കേന്ദ്രബിന്ദുക്കളിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. ഓരോ അദ്ധ്യായത്തിലും വായനക്കാരെ വിസ്മയിപ്പിക്കുന്ന എന്തോ ഒരു മായാലജാലം കരുതിവക്കുന്നുണ്ട് മുകുന്ദൻ.
പക്വവും വൈകാരികവുമായ കഥാപശ്ചാത്തലം. ചെറിയ വാക്കുകളിലെ വലിയ വർണ്ണനകൾ. മനസ്സിൽ ആഴത്തിൽ തങ്ങിനിൽക്കുന്ന കഥാസന്ദർഭങ്ങൾ.
മയ്യഴിയെ ഹൃദയഹാരിയാക്കാൻ എഴുത്തുകാരന് ഈ ചേരുവകൾ തന്നെ ധാരാളമായിരുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

എം. മുകുന്ദന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

രണ്ടു തലമുറകളെ ആണ് നോവൽ കാണിച്ചുതരുന്നത്. ഫ്രഞ്ച് ഭരണത്തെ സ്നേഹിച്ചും ആരാധിച്ചും പോന്നിരുന്നു ഒരു പഴയ തലമുറ. സ്വാതന്ത്ര്യത്തിന്റെ പോരാട്ടവീര്യത്തിൽ സ്വയം അർപ്പിച്ച ഒരു പുതിയ തലമുറ. കൂടെ തലമുറകളോളം മാറ്റം വരാത്ത ചിട്ടകളും ശീലങ്ങളും.

ലസ്ലി സായിവ്, മിസ്സി, കരടി സായിവ്, മേയർ ചെക്കുമൂപ്പർ, ദാവീദ് സായിവ്, കുഞ്ഞിച്ചിരുത, റൈറ്റർ ദാമു, മുടന്തൻ കുഞ്ചെക്കൻ, ഉണ്ണിനായർ, ഗിരിജ, അച്ചു അങ്ങനെ അങ്ങനെ ഒരുപിടി നല്ല കഥാപാത്രങ്ങൾ. ഓരോരുത്തർക്കും അവരുടേതായ സ്ഥാനം നിർണയിക്കപ്പെട്ടിരുന്നു. കഥാപാത്ര വർണ്ണനയുടെ ഓരോ വരികളിലും ആ ജീവൻ പ്രകടമായിരുന്നു.

ആനക്കൊമ്പിൽ തീർത്ത ഇതിഹാസങ്ങളുടെ പൊടി ഡപ്പിയുമായി കഴിയുന്ന കുറമ്പിയമ്മ. നാടിന്റെ വിമോചനം സ്വപ്നം കണ്ടു ജീവിച്ച കുഞ്ഞനന്ദൻ മാസ്റ്റർ.
ഷണ്ഡനാണെന്ന അപകർഷതാബോധത്തിൽ ജീവിതകാലമത്രയും ഒറ്റമുറിക്കുള്ളിൽ കഴിഞ്ഞു കൂടിയ ഗസ്തോൻ. മകന്റെ ഭാവിക്ക് വേണ്ടി ഉള്ളുരുകി ജീവിച്ച ദാമു റൈട്ടറും ഭാര്യയും.
മനസ്സിൽ പ്രണയത്തിന്റെ നീറ്റൽ ബാക്കിവെച്ച ദാസനും ചന്ദ്രിയും.
മയ്യഴിയുടെ ആത്മാക്കൾ തുമ്പികളായി പാറിനടക്കുന്ന അനാദിയായ സമുദ്രത്തിലെ വെള്ളിയാങ്കല്ല്. ഓർക്കാൻ എത്രയെത്ര നിമിഷങ്ങളെയാണ് മുകുന്ദൻ വായനക്കാർക്ക് സമ്മാനിക്കുന്നത്.

നോവൽ അവസാനിക്കുമ്പോൾ മുകുന്ദൻ എന്ന എഴുത്തുകാരനോട്‌ നമുക്ക് വല്ലാത്ത സ്നേഹം തോന്നിപ്പോവുന്നുണ്ട്. പ്രണയം ദാസനും ചന്ദ്രിക്കും ഇടയിൽ മാത്രമല്ല, എഴുത്തുകാരനും വായനക്കാർക്കും ഇടയിലേക്ക് കൂടി പൊട്ടി മുളക്കുന്നുണ്ട് എന്ന് നമ്മൾ തിരിച്ചറിയുന്നു.
നോവൽ നിർമ്മിതിയിലെ ഭംഗിയും ചിട്ടയും നമ്മെ വിസ്മയിക്കുന്നു.
നോവൽ സമ്മാനിക്കുന്ന വായനാനുഭവം നമ്മെ അത്ഭുതപ്പെടുത്തുന്നു.

മുന്നേ പറഞ്ഞപോലെ,

“നോവലുകൾ അങ്ങനെയാണ്…
ഉള്ളിൽ മായാത്ത മുഖങ്ങൾ അവ ബാക്കിയാക്കും.
ഉള്ളിൽ നിലക്കാത്ത ശബ്ദങ്ങൾ അവ ബാക്കിയാക്കും.
നാം പോലും അറിയാതെ നമുക്കുള്ളിൽ അവ സ്ഥാനമുറപ്പിക്കും.
അതിലൊക്കെ എന്താണിത്ര അത്ഭുതപ്പെടാനുള്ളത് അല്ലേ..!!”

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

എം. മുകുന്ദന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

എഴുതിയത് ;ഫസല്‍ ഫയസ്

Comments are closed.