DCBOOKS
Malayalam News Literature Website

തെളിമയുള്ള വാക്കുകള്‍, പുഞ്ചിരിയൂറുന്ന ഓര്‍മ്മകള്‍

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ലിപിന്‍ രാജ് എം.പിയുടെ മരങ്ങള്‍ ഓടുന്ന വഴിയേ എന്ന പുസ്തകത്തിന് സംസ്ഥാന വനിത-ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ ഐ.എ.എസ് എഴുതിയ വായനാനുഭവം

പുസ്തകത്തിന്റെ വലുപ്പത്തേക്കാളേറെ വായിച്ചുവെന്നു ചിലപ്പോള്‍ തോന്നാറില്ലേ? കാച്ചിക്കുറുക്കിയ, എന്നാല്‍ വാക്കുകളില്‍ താളഭംഗം വരുത്താത്ത ഒരു പുസ്തകം സമ്മാനിക്കുന്ന ഒരു തോന്നലാണത്. ഒരു വാക്യത്തില്‍ ഈ പുസ്തകത്തെ ഞാനങ്ങനെ വിശേഷിപ്പിക്കും.

ഒരേസമയം യാത്രകളുടെയും സൗഹൃദങ്ങളുടെയും ആവേശവും പരീക്ഷയുടെയും പ്രതീക്ഷകളുടെയും ഭാരവും ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് സിവില്‍ സര്‍വീസ് പരിശീലനകാലം. യാത്രകളെ തീവ്രമായി സ്‌നേഹിക്കുന്ന ഞാന്‍, പക്ഷെ, മനസ്സില്‍ അധികം രേഖപ്പെടുത്താത്ത യാത്രകള്‍ ആ കാലയളവിലേതായിരുന്നു. അതുകൊണ്ടുതന്നെ ‘മരങ്ങള്‍ ഓടുന്ന വഴിയേ’ വായിക്കുമ്പോള്‍ എനിക്ക് ആദ്യം തോന്നിയതും ഞാന്‍ നഷ്ടപ്പെടുത്തിയ നല്ല ദിനങ്ങളെ ഓര്‍ത്തുള്ള വിഷമമായിരുന്നു.

യാത്രാനുഭവങ്ങള്‍ എഴുതുമ്പോള്‍ ഏറ്റവും പ്രധാനം യാത്രയിലലിഞ്ഞു ചേര്‍ന്ന സ്വന്തം വികാരവിചാരങ്ങളും ഒപ്പം സ്ഥലങ്ങളുടെ പ്രത്യേകതകളും ഒരുമിച്ചുകൊണ്ടുപോകുന്നതാണ്. ആ രണ്ടു തട്ടുകളും സമാസമം നില്‍ക്കുന്നതിലൂടെ ലിപിന്‍ രാജ് തുറന്നിടുന്നത് ഒരു പുതിയ വായനാലോകമാണ്. ഒരു യാത്രാസ്‌നേഹിക്കുപരി ഒരു സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിക്കു ‘സിവില്‍ സര്‍വീസ് എന്ത്, എന്തുകൊണ്ട്?’ എന്ന ചോദ്യങ്ങള്‍ക്കു ഉത്തരം തേടി എത്തിച്ചേരാന്‍ കഴിയുന്നൊരു ലോകം.

എല്ലാവര്‍ക്കുമുണ്ടാകും രാവിലെകളിലെ നടത്തിനിടയിലും യാത്രയ്ക്കിടയില്‍ ഒന്ന് കണ്ണടയ്ക്കുന്ന നിമിഷങ്ങളിലും ചുണ്ടില്‍ പുഞ്ചിരിയൂറിക്കുന്ന കുറെയോര്‍മകള്‍. എന്റെ ആ ഓര്‍മകളെല്ലാം എന്റെ കലാലയത്തെക്കുറിച്ചും മുസ്സൂറി അക്കാദമിയെക്കുറിച്ചുമുള്ളതാണ്. ആ ഓര്‍മകളില്‍ എന്നെ തിരിച്ചെത്തിക്കുന്നതെന്തും എനിക്ക് പ്രിയപ്പെട്ടതാണ്; അതിനാല്‍ത്തന്നെ ഈ പുസ്തകവും. മിക്ക അധ്യായങ്ങളും വായിക്കുമ്പോള്‍ തന്നെ വ്യക്തമാണ് തൂലികയൊന്നു മാറ്റിപ്പിടിക്കുക പോലും ചെയ്യേണ്ടി വന്നു കാണില്ല എന്ന്; വാക്കുകളിലെ മിതത്വവും സത്യസന്ധതയും അത്രകണ്ട് തെളിഞ്ഞുനില്‍ക്കുന്നു.

യാത്രകള്‍ക്ക് അവസരമൊരുക്കിത്തന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു ലിപിന്‍ വിരമിക്കുന്ന ഭാഗം വായിച്ചു പുസ്തകമടച്ചുവെച്ചപ്പോള്‍ സംസ്‌കാരവൈവിധ്യമെന്ന ഭാരതത്തിന്റെ സമ്പന്നതയില്‍ ഊറ്റം കൊള്ളുന്ന ഞാനെന്ന വ്യക്തിയാണോ, ആ സംസ്‌കാരത്തിലൂടെ, യാത്രാനുഭവങ്ങളിലൂടെ രൂപപ്പെട്ട എന്നിലെ സിവില്‍ സെര്‍വന്റാണോ കൂടുതല്‍ സന്തോഷിച്ചത് എന്നായിരുന്നു എന്റെ സംശയം. ഒരു യാത്രാവിവരണത്തിനുമപ്പുറം ലിപിന്റെ വാക്കുകള്‍ക്കു വരച്ചിടാന്‍ കഴിഞ്ഞ ചിത്രങ്ങള്‍ അത്രമേല്‍ തെളിമയുള്ളതായിരുന്നു.

Comments are closed.