DCBOOKS
Malayalam News Literature Website

മലയാളി ഒരു ജനിതകവായന- ചരിത്രത്തിന്റെ ഡി.എന്‍.എ പരിശോധന

ചരിത്രം കെട്ടുകഥകള്‍ ആവാം. എഴുതപ്പെടുന്നവരുടെ മനോധര്‍മ്മവും, അവരുടെ വിധേയത്വവും പലപ്പോഴും ചരിത്രനിര്‍മ്മിതിയില്‍ പ്രതിഫലിക്കാറുണ്ട്. ഓരോ അപദാനങ്ങള്‍ക്കും മടിശീലയില്‍ വന്നു വീഴുന്ന പൊന്‍ പണത്തിന്റെ കനം തന്നെ പ്രധാനം. മലയാളി ഒരു ജനിതകവായന എന്ന പുസ്തകത്തിലൂടെ ഒരു സമൂഹത്തിന്റെ ജനിതക വേരുകള്‍ തേടി, തെളിവുകള്‍ ശേഖരിച്ചു അവധാനതയോടെ പരിശോധിച്ച് ഗണിതം പോലെ കണിശമായ ചരിത്രത്തിന്റെ പുനര്‍നിര്‍മിതി നടത്തുകയാണ് ഈ കൃതിയിലൂടെ കെ.സേതുരാമന്‍ ഐ.പി.എസ്. നമുക്ക് നമ്മുടെ എത്ര തലമുറയുടെ പേരുകള്‍ അറിയാം എന്ന ചോദ്യം ഓരോരുത്തരും വംശ വൃക്ഷത്തിന്റെ വേരുകള്‍ ചീയും മുന്‍പേ ചോദിച്ചിരുന്നുവെങ്കില്‍, കണ്ടെത്താന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അവനവന്റെ വംശത്തിന്റെ ചരിതമെങ്കിലും അറിയാനാവുമായിരുന്നു. പകരം പലപ്പോഴും നമ്മുടെ അന്വേഷണം രണ്ടു തലമുറകളില്‍ അവസാനിക്കുന്നു. അതിനപ്പുറം പോകാനുള്ള ജനിതക വഴികള്‍ അടഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ഇഴകള്‍ കീറിക്കൊണ്ട് സത്യസന്ധമായ ചരിത്രത്തിന്റെ പുനര്‍ നിര്‍മ്മിതിക്ക് ചരിത്ര ഗവേഷകര്‍ക്ക് ഏറെ സഹായമാണ് ഈ പുസ്തകം. ഇത് ഒരൊറ്റ വായനയില്‍ തീര്‍ക്കാനാവില്ല ഓരോ താളുകളും പേര്‍ത്തും പേര്‍ത്തും വായിച്ചു ഇന്നലെവരെ നമ്മുടെ തലയില്‍ അടിച്ചു കയറ്റിയ ഇറങ്ങി പോകാന്‍ മടിക്കുന്ന ചരിത്രബോധത്തോട് നിരന്തരം കലഹിച്ചു കൊണ്ടും, സംവദിച്ചു കൊണ്ടും മാത്രമേ ഈ പുസ്തകം പൂര്‍ത്തിയാക്കാനാവുകയുള്ളൂ.

വര്‍ത്തമാനകാലം ആവശ്യപെടുന്ന, ജാതി-വര്‍ഗ്ഗ-മത-ദേശ-കാലങ്ങള്‍ അതിരിടാത്ത വിശാലമായ ഒരൊറ്റ വംശാവലിയുടെ എവിടെയും അവശേഷിക്കപ്പെടാതെ മാഞ്ഞുപോയ ജനിതകഘടനയുടെ വേരുകള്‍ കണ്ടെത്തി ആദിമ കുടിയേറ്റചരിത്രം മുതല്‍ വര്‍ത്തമാനകാല സാമൂഹ്യസൃഷ്ടിവരെയുള്ള എല്ലാ സകല ചരിത്ര ഇടങ്ങളെയും ജനിതക പഠനങ്ങളിലൂടെ സചേതനമാക്കുക മാത്രമല്ല ചരിത്രത്തെ ആര്‍ക്കും നിഷേധിക്കാനാകാത്ത വിധം ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കി വസ്തുനിഷ്ഠമായി അവതരിപ്പിച്ചുകൊണ്ട് പുനര്‍സൃഷ്ടിച്ചതു കൊണ്ടാണ് ‘മലയാളി ഒരു ജനിതക വായന’ എന്ന പുസ്തകം എനിക്കു പ്രിയപ്പെട്ടതാകുന്നത്. കണ്ടും കെട്ടും പരിചയിച്ചതുമായ പലതും പൊള്ളയാണെന്നും ഈ മലയാള ഭൂവില്‍ പലരും അഹങ്കരിക്കും പോലെ അട്ടിപ്പേറവകാശം ആര്‍ക്കും ഇല്ലെന്നുള്ള ചരിത്രത്തിന്റെ നേര്‍വായന സന്തോഷം പകരുന്നുണ്ട്.

ആദിമകാലത്ത് കേരളത്തിന്റെ നിശ്ചലമായ രാഷ്ട്രീയപരിസരത്ത് കുടിയേറി കായബലത്തിലുടെ അധികാരത്തിന്റെ അപ്രമാദിത്യം നേടിയ ഒരു വിഭാഗം സമൂഹത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും മറ്റു വിഭാഗങ്ങളെ അരികുവല്കരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ അസ്ഥിരതയാണു ഇവിടെ കെട്ടിപടുത്തത്. പിന്നീട് ഇടങ്ങള്‍ ഉറപ്പിച്ചശേഷം അവര്‍ ചുവടുമാറ്റി സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി മാറി. ആ അരക്ഷിതമായ അവസ്ഥയിലും ദ്രാവിഡഭാഷാഗോത്രത്തില്‍ നിന്ന് ഉള്‍പിരിഞ്ഞു വന്ന ഒരു ദേശത്തോട് പൂര്‍ണ്ണമായി രൂപത്തിലും സംസ്‌കൃതിയിലും ചേര്‍ന്ന് നില്‍ക്കുന്ന മലയാളം എന്ന ഭാഷ ഉള്ളതുകൊണ്ടാണ് ദേശീയത ആ കാലത്തും ഇവിടെ നിലനിന്നത് എന്ന് അടിവരയിടുന്നുണ്ട്. അന്നത്തെ പ്രബലമായ വിഭാഗങ്ങള്‍ക്ക് തീണ്ടാപ്പാടകലെ ചരിത്രഇടങ്ങളില്‍ നിന്നു മാറി നില്‍ക്കേണ്ടി വന്നത് എന്തുകൊണ്ട് എന്നത് അന്നത്തെ ചരിത്രത്തിന്റെ കൈയെത്തുംദൂരത്തു നിന്നിട്ടും പൂര്‍വ്വസൂരികള്‍ എവിടെയും രേഖപ്പെടുത്തിയത് കാണുന്നില്ല. മറന്നതാണോ, വിസ്മരിച്ചതാണോ അറിയില്ല. അടിച്ചമര്‍ത്തപെട്ടവന്റെ, അടിയാളന്റെ കണ്ണീരുപ്പ് കലര്‍ന്ന കഥകളില്‍ നിന്ന്, തോറ്റങ്ങളില്‍ നിന്നും, തെയ്യങ്ങളില്‍നിന്നും, ലിഖിതങ്ങളില്‍ നിന്നും തുറക്കുന്ന ഒരു ജനിതക വഴി ഈ പുസ്തകം തുറന്നിടുന്നുണ്ട്.

കായ് കനികള്‍ ഭക്ഷിച്ചു ഒന്നും ചിന്തിക്കാതെ നഗ്‌നരായി അലഞ്ഞു നടന്ന പ്രാകൃത മനുഷ്യന്‍ കൃഷിയുടെ ആവിര്‍ഭാവത്തോടെയാണ് ഒരു സ്ഥിര ആവാസവ്യവസ്ഥയിലേക്ക് ചേക്കേറുന്നത് പീന്നിടുള്ള അവന്റെ പോരാട്ടങ്ങള്‍ നിലനില്പിന് വേണ്ടിയായിരുന്നു. അവന്റെ ചിന്തകളില്‍ കുടിലതയും ക്രൗര്യവും കൂട്‌കെട്ടി. പുറമേ ചിരിക്കുമ്പോഴും ഉള്ളില്‍ ഒരു കത്തിയോ, തേറ്റയൊ അവന്‍ ഒളിപ്പിച്ചു. വെട്ടിയും കൊന്നും അവന്റെ അതിരിടങ്ങള്‍ വികസിപ്പിച്ചു. പിന്നെയും ഒരുപാട് കാലം കഴിഞ്ഞപ്പോഴാണ് ജാതികളും മതങ്ങളും ഉണ്ടാകുന്നത്, പിന്നെ മതിലുകളും. അവിടെയാണ് വിഘടനങ്ങളുടെ ചരിത്രം തുടങ്ങുന്നത്. എല്ലാം എല്ലാവര്‍ക്കും പ്രാപ്യമായ കാലത്ത് നിന്ന് കരുത്തിന്റെ അടിസ്ഥാനത്തില്‍ വീതംവെപ്പുകള്‍ നടത്തി ഓരോന്നിന്റെയും അവകാശങ്ങള്‍ പങ്കിട്ട് എടുക്കപ്പെട്ടപ്പോഴാണ് വേര്‍തിരിവുകളും അകലങ്ങളും കൂടി വന്നതെന്ന വായനാനുഭവം പങ്കുവെച്ചുകൊണ്ട് നിര്‍ത്തുന്നു.

കെ.സേതുരാമന്‍ ഐ.പി.എസിന്റെ മലയാളി-ഒരു ജനിതക വായന എന്ന കൃതിക്ക് പ്രശാന്ത് തണല്‍ എഴുതിയ വായനാനുഭവം

Comments are closed.