DCBOOKS
Malayalam News Literature Website

നിലവിളികൾക്ക് കാതോർക്കുമ്പോള്‍…

MAAKKAM ENNA PENTHEYYAM By : AMBIKASUTHAN MANGAD
MAAKKAM ENNA PENTHEYYAM
By : AMBIKASUTHAN MANGAD

അംബികാസുതന്‍ മാങ്ങാടിന്റെ  ‘മാക്കം എന്ന പെണ്‍തെയ്യം‘ എന്ന പുസ്തകത്തിന് ചന്ദ്രബോസ് എഴുതിയ വായനാനുഭവം

ദുരധികാരത്തോട് ഇടഞ്ഞ് രക്തസാക്ഷികളായ വീരപുരുഷന്മാരുടെയും ചതിക്കും വഞ്ചനയ്ക്കും ഇരകളായിത്തീർന്ന സ്ത്രീകളുടെയും ദളിതരുടെയും കുരുതിത്തറകളിൽ നിന്ന് മുളച്ചുപൊന്തിയ പ്രാർത്ഥനകളുടെയും പ്രായശ്ചിത്തത്തിന്റെയും അനുഷ്ഠാന കലയാണ് തെയ്യം. കൊല്ലും കൊലയും കുലാധികാരമായിരുന്ന കാലത്ത് അധികാരപ്രമത്തർ നിഷ്കളങ്കരായ മനുഷ്യരോടു കാട്ടിയ കടും ചെയ്തികൾക്ക് പിന്നിലെ നെറികേടിലേക്ക് ചൂട്ടു തെളിച്ച നാടൻ കലാകാരന്മാർ ആ കഥകൾ ഗാനങ്ങളാക്കി തലമുറകളിലേക്ക് കൈമാറി. കഥാഗാനങ്ങളും തോറ്റങ്ങളും തെയ്യങ്ങളും കെട്ടിയാടിക്കലും എല്ലാമായി ചരിത്രവും സംസ്കാരവും ഭൗമ പാരിസ്ഥിതിക പ്രത്യേകതകളും ഭാഷയും സ്ഥല സൂചനകളു ആചാരങ്ങളും ജീവിത രീതികളുമെല്ലാം സമന്വയിക്കുന്ന ബഹുസ്വരതയുടെ കലയായി തെയ്യം നമ്മെ വിസ്മയിപ്പിക്കുന്നു. ഉത്തരമലബാറിന്റെ സാംസ്കാരിക ,മതാത്മക ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണ് തെയ്യം. തെയ്യം കഥകൾ കേട്ടു വളർന്ന്, അത് തന്റെ സാഹിത്യ ദർശനത്തിന്റെ മൂലകങ്ങളിലൊന്നാക്കി മാറ്റിയ, ഒരു പക്ഷേ ആ സംസ്കാരം സ്വാംശീകരിച്ച എഴുത്തുകാരനാണ് അംബികാസുതൻ മാങ്ങാട്: തന്റെ എഴുത്തിന്റെ തട്ടകമായ ഉത്തര മലബാറിന്റെ പൊള്ളുന്നവർത്തമാനം പോലെ തന്നെ ഈ എഴുത്തുകാരന് പ്രധാനമാണ് അതിന്റെ സംസ്കൃതിയുടെ വൈരുധ്യങ്ങളും -മരക്കാപ്പിലെ തെയ്യങ്ങൾ എന്ന നോവലിൽ വിനോദ വ്യവസായവും ടൂറിസം പദ്ധതികളും പ്രാദേശിക ആവാസ വ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നത് ആഘാത ജനകമായി അവതരിപ്പിക്കാൻ തെയ്യത്തെ സമർത്ഥമായ ഒരു രൂപകമാക്കി ഉപയോഗിക്കുന്നുണ്ട് ‘ മാത്രമല്ല തെയ്യം പ്രമേയമാകുന്ന ധാരാളം കഥകളും അംബികാസുതൻ Textഎഴുതിയിട്ടുണ്ട്.

അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു രചനയാണ് – മാക്കം എന്ന പെൺ തെയ്യം. മാക്കം തെയ്യത്തിന്റെ പുരാവൃത്തത്തെ തോറ്റംപാട്ടിനെ അവലംബമാക്കി ഫിക്ഷൻ രൂപത്തിൽ പുനരാഖ്യാനം ചെയ്യുകയാണ് ഇതിൽ.ചിറയ്ക്കൽ ടി.ബാലകൃഷ്ണൻ നായർ സമാഹരിച്ചതും കേരള ഭാഷാ ഗാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള മാക്കത്തോറ്റമാണ് അവലംബം എന്നു ഗ്രന്ഥകാരൻ’.തോറ്റത്തിന്റെ ചരിത്രപരവും സാംസ്കാരികവും ഭാഷാപരവുമായ സവിശേഷതകളെ വീണ്ടെടുക്കാനും വായനക്കാർക്കു പരിചയപ്പെടുത്താനുമുള്ള ഒരു ഭാഷാ സ്നേഹിയുടെ എളിയ ഉദ്യമമെന്ന് രചനാ ലക്ഷ്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. കണ്ണൂർ ജില്ലയിൽ വർഷം തോറും കെട്ടിയാടി വരുന്ന തെയ്യങ്ങളാണ് മാക്കവും മക്കളും. കടാങ്കോട്ടുതറവാട്ടിൽ ആറ്റു നോറ്റുണ്ടായ പെൺതരിയായിരുന്നു മാക്കം. പടവീരന്മാരായ 12 ആങ്ങളമാർ . നാത്തൂന്മാരുടെ ചതിയെ തുടർന്ന് പാതിവ്രത്യ ലംഘനം ആരോപിക്കപ്പെട്ട മാക്കത്തെയും ഇരട്ടക്കുട്ടികളെയും ആങ്ങളമാർ അരുംകൊല ചെയ്തു. മാക്കത്തെ വധിച്ചതിനു പിന്നാലെ പരസ്പരം പോരടിച്ച് അവരും മരിച്ചു. കടാങ്കോട് തറവാട് അഗ്നിബാധയാൽ നശിച്ചു. ഏഷണി കൂട്ടിയ നാത്തൂന്മാരും ആത്മഹത്യ ചെയ്തു. ഇങ്ങനെ ചതിയും ഹിംസയും അസൂയയുമെല്ലാം ചേർന്ന് പ്രബലമായ ഒരു തറവാട് നശിച്ചതിന്റെ കഥയുടെ നേരാഖ്യാനമാണ് അംബികാസുതൻ നിർവഹിക്കുന്നത്. മൺമറഞ്ഞ ഒരു കാലത്തിന്റെ ജീവിതവും സാംസ്കാരിക സവിശേഷതകളും ഈ പുനരെഴുത്തിൽ അനുപദം ഇടകലർത്തിയിരിക്കുന്നു. നാടോടി പദങ്ങളുടെ സമൃദ്ധിയാണ് ഇതിന്റെ ഏറ്റവും ആകർഷണീയത – ഇന്ന് പ്രചാരത്തിലില്ലാത്ത വാക്കുകളുടെ അർത്ഥം അടിക്കുറിപ്പായി നൽകിയിരിക്കുന്നു. ഓരോ തെയ്യവും ഓരോ നിലവിളിയാണെന്ന് അംബികാസുതൻ പറയുന്നു.. മനഷ്യന്റെയും പ്രകൃതിയുടെയും നിലവിളികൾക്ക് കാതോർക്കുന്ന എഴുത്തുകാരനിൽ നിന്ന് ജീവിതത്തിന്റെ ബഹു ക്രിയാവി ചിത്രതയെ – പ്രത്യേകിച്ച് തെയ്യം എന്ന മഹാവിസ്മയ ആഖ്യാനത്തിനു പിന്നിലെ കണ്ണീരിനെക്കുറിച്ചൊരു പുസ്തകം -അതത്രേ- മാക്കം എന്ന പെൺ തെയ്യം.

മാക്കം എന്ന പെണ്‍തെയ്യം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.