DCBOOKS
Malayalam News Literature Website

പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ധീര രക്തസാക്ഷിത്വത്തിന്റെയും കഥകൾ പറയുന്ന തെയ്യങ്ങൾ!

Maakkam Enna Pentheyyam
Maakkam Enna Pentheyyam

അംബികാസുതന്‍ മാങ്ങാടിന്റെ  ‘മാക്കം എന്ന പെണ്‍തെയ്യം‘ എന്ന പുസ്തകത്തിന്  -വത്സൻ പിലിക്കോട്  എഴുതിയ വായനാനുഭവം

” ശ്രീ പൊലികാ പൊലികാ , ഭഗവതിയേ
പൊലികാ
ദീപം പൊലികാ , ഭഗവതിയേ പൊലിക ,
വെച്ചെരിയുന്ന നന്താർ വിളക്കും പൊലികാ
ഇട്ടാരാധിച്ച പൂവൊട് പുഷ്പം പൊലികാ
നാട് പൊലികാ ഭഗവതിയേ സ്വരൂപം പൊലികാ
നാടോടി വാഴും ജന്മഭൂമിയും പൊലികാ…. ”
(മാക്കത്തെയ്യം തോറ്റത്തിൽ നിന്ന്)

ഉത്തര കേരളത്തിന്റെ നാട്ടു ജീവിത്തിന് ഒരു താളമുണ്ട്. ചരിത്രവും വിശ്വാസവും അനുഷ്ഠാനവും പാരമ്പര്യവുമെന്നു വേണ്ട രാഷ്ട്രീയ ബോദ്ധ്യങ്ങൾ പോലും ഈ താളത്തെ പിൻപറ്റിയാണ് രൂപപ്പെടുന്നത്. വാമൊഴിക്കഥകളിലൂടെ പടർന്നു പരന്നതാണ് ഇവിടുത്തെ ചരിത്രം. അതിശയോക്തിപരമെന്ന് പുറമെ തോന്നിക്കുമെങ്കിലും ഓരോ കഥയ്ക്കുളളിലും നേരിന്റെ കനൽക്കറ്റകളെരിയുന്നത് കാണാം. തെക്ക് കോരപ്പുഴ തൊട്ട് വടക്ക് കാഞ്ഞിരോട്ട് കാവിൽ ഭട്ടതിരിയില്ലത്തിന്റെ തെക്കിന വരെ അതിരു കല്പിച്ചിരിക്കുന്ന പഴയ കോലസ്വരൂപത്തിലും അളളടം നാട്ടിലുമാണ് അലറിയുറയുന്ന ചെണ്ടയുടെ ദ്രുതതാളത്തിനു ചുവടൊത്ത് പള്ളിവാളും കാൽച്ചിലമ്പും കിലുക്കി തെയ്യങ്ങളുറയുന്നത്. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ധീര രക്തസാക്ഷിത്വത്തിന്റെയും കഥകൾ പറയുന്ന തെയ്യങ്ങൾ.

Textപെൺജീവിതത്തെ അതിമനോഹരമായി ആവിഷ്ക്കരിച്ചു കാണുന്ന സാഹിത്യ സമ്പ്രദായമാണ് തോറ്റം പാട്ടുകൾ. മുച്ചിലോട്ട് ഭഗവതി, തോട്ടുംകര ഭഗവതി, പുതിയ ഭഗവതി, നരമ്പിൽ ഭഗവതി തുടങ്ങി ആൺകോയ്മക്കാലത്തും ചില പെണ്ണടയാളങ്ങൾ ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിലെ തികച്ചും വ്യത്യസ്തമായ ഒരാഖ്യാനമാണ് കടാങ്കോട്ട് മാക്കം. കൂട്ടുകുടുംബ വ്യവസ്ഥയിലെ അപ താളങ്ങൾ, പെൺനുണ മുതലായവയിൽ തടഞ്ഞ് സ്വജീവൻ മക്കൾക്കൊപ്പം ബലിയായി നൽകേണ്ടി വന്ന കുഞ്ഞിമംഗലം കടാങ്കോട്ട് തറവാട്ടിലെ മാക്കത്തിന്റെ കഥ ഹൃദയ ഭേദകമാണ്. നാട്ടു ജീവിതത്തിന്റെ നേരിലും വേരിലും ആഴ്ന്ന് കിടന്നിരുന്ന വാമൊഴിക്കഥയെ മികവാർന്ന നോവൽ വെളിച്ചമാക്കി മാറ്റിയിരിക്കുന്നു ” മാക്കം എന്ന പെൺ തെയ്യം “ എന്ന നോവലിലൂടെ ഡോ.അംബികാസുതൻ മാങ്ങാട് . പതിനാറ് അദ്ധ്യായങ്ങളിലൂടെ ഗ്രാമീണ ജീവിതത്തിന്റെ പച്ചയായ നേരിലേക്ക് മാഷ് നമ്മെ കൈപിടിച്ചു നടത്തുന്നു. മറന്നു വച്ച വാക്കുകളും സമ്പ്രദായങ്ങളും തിരിച്ചെത്തി ആനന്ദത്തിരു നർത്തനമാടുന്നുണ്ട് നോവലിൽ. നാട്ടു പയമയുടെ തിരുവുത്സവക്കാലം. ചായ്പിൽ പേറെടുത്ത പേറ്റിച്ചിക്കാലം തൊട്ട് മയ്യെഴുതി കൊഞ്ചിക്കുന്ന അമ്മച്ചിത്രം വരെ സൂക്ഷ്മമായി വരച്ചിട്ടിരിക്കുന്നു. ഒപ്പം ഒരു കാലത്തിന്റെ സാമൂഹ്യ ജീവിതത്തിന്റെ മായാത്ത അടയാളം കൂടിയായി നോവൽ മാറുന്നു. മലയാളത്തിൽ തെയ്യം കഥകൾക്ക് പ്രചുര പ്രചാരമേകിയ മാഷിന് ഈ നോവൽ എഴുത്ത് ഒരു വെല്ലുവിളി തന്നെ ആയിരിക്കണം. അത്രയ്ക്ക് മാനസീക സമ്മർദ്ദം നോവൽ രചനാക്കാലത്ത് മാഷ് അനുഭവിച്ചിട്ടുണ്ടാകണം. ചില അദ്ധ്യായങ്ങൾ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. വരിക്കൊത്ത ശരി വരകളുമായി കെ.പി.മുരളീധരനും നോവലിനെ ചരിത്ര സംഭവമാക്കി മാറ്റി. അടുത്ത കാലത്ത് വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ നിന്നെല്ലാം ഭിന്നമായി പറയട്ടെ .ഭാഷയ്ക്ക് ലഭിച്ച കനത്ത ഈടുവെപ്പാണ് ഈ കൃതി  അഭിമാനത്തോടെ അത്‌ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

മാക്കം എന്ന പെണ്‍തെയ്യം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.