DCBOOKS
Malayalam News Literature Website

ഈ കൃതി വായിക്കുമ്പോൾ നിങ്ങൾ ചരിത്രത്തെയാണ് തൊടുന്നത്!


എന്‍ ദാമോദരന്റെ ‘എം.എന്‍. റോയ് സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരിഎന്ന പുസ്തകത്തിന് ബിബിത്ത് കോഴിക്കളത്തില്‍ എഴുതിയ വായനാനുഭവം.
“നിങ്ങൾ വളരെ ചെറുപ്പം ആണല്ലോ? കിഴക്കുനിന്ന് നരച്ച താടിക്കാരനായ ഒരു ജ്ഞാനിയേയാണ് ഞാൻ പ്രതീക്ഷിച്ചത്” എന്ന് ലെനിനും. “അമേരിക്കയിൽ വെച്ച് ഞാൻ കണ്ടുമുട്ടിയ ഇന്ത്യൻ വിപ്ലവകാരികളിൽ എന്നിൽ മതിപ്പുളവാക്കിയ ഓരേയൊരാൾ”” എന്ന് ലാലാലജ്പത്റായിയും പറഞ്ഞ എം.എൻ.റോയിയെക്കുറിച്ചുള്ള ജീവചരിത്രമാണ് മുന്നിൽ. സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും മഹാന്മാരായ ഒട്ടേറെ നേതാക്കന്മാർ ഉണ്ടായിട്ടുണ്ട്. ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർ തുടങ്ങി മഹാത്മാഗാന്ധി മുതൽ പേർ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ലോകമെമ്പാടും വിവിധ കൈവഴികളിലായി വളർന്നുവന്ന പ്രതിഷേധങ്ങളെ ചിന്തകളെ സമരങ്ങളെ കോർത്തിണക്കി ഒട്ടനവധി വിമോചന സംഘടനകൾക്കും പോരാട്ടങ്ങൾക്കും നെടുനായകത്വം വഹിച്ച ഒരൊറ്റ വ്യക്തിയുടെ പേരാണ് എം എൻ റോയ്.
സമാനതകൾ തിരയാനോ താരതമ്യപ്പെടുത്താനോ മാത്രമുള്ള വ്യക്തിത്വങ്ങൾ വേറെ ഉണ്ടോ എന്ന് സംശയമാണ്. അത്രമാത്രം സമജ്ജസ്സവും സമ്പൂർണവും വിപ്ലവകരവും അപകടകരവുമായ ഒരു ജീവിതരേഹിലൂടെയാണ് എം എൻ റോയ് കടന്നുപോയത്.
ഇന്ത്യക്ക് ഒരു വിശ്വപൗരൻ ഉണ്ടെങ്കിൽ യഥാർത്ഥത്തിൽ അത് മറ്റാരുമല്ല. എം എൻ റോയ് മത്രമാണ്. 14 വയസ് മുതൽ 67ആം വയസ്സിൽ മരിക്കുന്നതുവരെ ആ മനുഷ്യൻ ചെയ്ത കാര്യങ്ങൾ കേവലം ജീവചരിത്രത്തിൽ ഒതുങ്ങുന്നതല്ല. ചുരുങ്ങിയ വാക്കുകളിൽ പറയാവുന്നതുമല്ല.
അവതാരികയിൽ എം ഗോവിന്ദൻ പറയുന്നതുപോലെ ” സാഹസികോജ്ജ്വലവും വിസ്മയമാംവിധം വിസ്മയമാം വിധം സംഭവബഹുലമായ ജീവിത പ്രവർത്തനങ്ങൾ ഇപ്പോഴും മുഴുവനും എത്തിപ്പിടിക്കാവുന്ന സ്ഥിതിവിശേഷം ആയിട്ടില്ല”
ഇന്ത്യ ഭൂഖണ്ഡത്തിൽ മാത്രമല്ല ലോകചരിത്രത്തിൽ ആകെ പടർന്നു പന്തലിച്ച മഹത്തായ ഒരിതിഹാസ ജീവിതം. അനേകം യൂറോപ്യൻ ലാറ്റിനമേരിക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വിമോചന പോരാട്ടങ്ങളുമായും പ്രസ്ഥാനങ്ങളുമായും വ്യക്തികളുമായും നേരിട്ടും അല്ലാതെയും ബന്ധമുള്ള ഒരപൂർവ വ്യക്തിയെ നിങ്ങൾക്ക് ഈ ജീവചരിത്രത്തിൽ വായിച്ചെടുക്കാം.
Textമാർക്സാനന്തര യൂറോപ്യൻ മാർക്സിസ്റ്റ് ചിന്തകന്മാർ മുതൽ ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ സമുന്നത നേതാവ് ലെനിൻ സ്റ്റാലിൻ മാവോ ഹോചിമിൻ ട്രോട്സ്കി വരെയുള്ളവരുമായി പുലർത്തിയ സൈദ്ധാന്തിക പ്രായോഗിക ജീവിതം.
അമേരിക്കൻ പോലീസ് മുതൽ ബ്രിട്ടീഷ് ഭരണാധികാരികൾ വരെ നിരന്തരം വേട്ടയാടിയ സാഹസിക ജീവിതം. സോവിയറ്റ് യൂണിയന് പുറത്ത് മെക്സിക്കോയിൽ രൂപീകരിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖൻ. വിപ്ലവത്തിൻറെ അടവുകളും തന്ത്രങ്ങളും സംബന്ധിച്ച് ലെനിനുമായി ഏറ്റുമുട്ടിയ സൈദ്ധാന്തിക പ്രതിഭ.
“യൂറോപ്പിലും അമേരിക്കയിലും ഉണ്ടായിരുന്ന ഇന്ത്യൻ വിപ്ലവകാരികളുടെ പ്രവർത്തനങ്ങളെപ്പറ്റി ഞങ്ങളൊന്നും പഠിച്ചിരുന്നില്ല. ഉചിതമായ പഠനം നടത്തിയ ഒരേയൊരാൾ റോയ് ആയിരുന്നു”
എന്ന് ഭൂപേന്ദ്ര നാഥ ദത്ത. ലെനിൻഗ്രാഡ് മോസ്കോ സോവിയറ്റുകളിലേക്ക് ഒരേസമയം തിരഞ്ഞെടുക്കപ്പെട്ട വിപ്ലവകാരി. ഇന്ത്യൻ സ്വാതന്ത്രസമര പോരാളികൾക്കും കോൺഗ്രസിനും മുന്നിൽ പൂർണ്ണ സ്വരാജ് എന്ന ആശയം മുന്നോട്ടുവച്ച വിപ്ലവകാരി. കിഴക്കൻ രാജ്യങ്ങളുടെ കലാശാല രൂപീകരിക്കപ്പെട്ടപ്പോൾ അതിൻറെ ചാൻസലറായി സ്റ്റാലിൻ ഇരുന്നപ്പോൾ ഡയറക്ടറായി പ്രവർത്തിച്ചത് റോയി ആയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സഹായിക്കാൻ കൊമിൻ്റ്റേൺ പ്രതിനിധിയായി സ്റ്റാലിൻ്റെ നിർദ്ദേശപ്രകാരം പോകുന്നതും റോയ് തന്നെ.. ഇന്ത്യയുടെ പുത്രന്മാരിൽ ധീരനും കഴിവുറ്റവനുമായിരുന്നു റോയ് എന്നാണ് ജവഹർലാൽ നെഹ്റു പറയുന്നത്.
ബുദ്ധനെ പടികടത്തിയത് പോലെ എംഎൻ റോയിയേയും പടികടത്തിയെന്നാണ് എം ഗോവിന്ദൻ പറയുന്നത്. ഭീകര പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസുമായുള്ള ബന്ധം അവസാനം ന്യൂ ഹ്യൂമനിസ്റ്റ് ചിന്താ പദ്ധതി തുടങ്ങി തൻറേതായ വഴികളിൽ റോയി എന്നും സ്വതന്ത്രനായിരുന്നു. റോയി ചിന്തകളുമായി അടുത്തു പരിചയമുള്ള എൻ ദാമോദരൻ ആ ജീവിതത്തോടും ചിന്ത യോടും നീതിപുലർത്തി എന്ന് തന്നെയാണ് തോന്നുന്നത്
ഈ കൃതി വായിക്കുമ്പോൾ നിങ്ങൾ ചരിത്രത്തെയാണ് തൊടുന്നത്.

Comments are closed.