DCBOOKS
Malayalam News Literature Website

ലോല മില്‍ഫോര്‍ഡ്…ലോല…ലോല മാത്രം…!

പ്രണയം എന്നും പൈങ്കിളിയായിരിക്കണം. അതാണ് അതിന്റെയൊരു ഇത്. അതുകൊണ്ടല്ലേ പ്രണയം എല്ലാക്കാലവും എല്ലായിടത്തും ഫ്രഷ് സബ്ജക്ട് ആയി ഇരിക്കുന്നത്. ഒരിക്കലും മടുക്കാതെ. ഇങ്ങനെയും മനുഷ്യന് പ്രണയിക്കാന്‍ പറ്റോ? പറ്റുമായിരിക്കും. ഗന്ധര്‍വന്റെ തൂലികയില്‍ പിറന്നതല്ലേ, അതിശയിക്കാനൊന്നുമില്ല. രതിയും പ്രണയവും പത്മരാജനോളം മനോഹരമായി വര്‍ണിച്ചവര്‍ ചുരുക്കം.

കഴുത്തില്‍ കറുപ്പ് പുള്ളിയുള്ള, കവിതകളെഴുതിയിരുന്ന, മാര്‍ക് ട്വയിനെ ആരാധിക്കുന്ന അമേരിക്കക്കാരി. ലജ്ജാശീലയായ അമേരിക്കന്‍ പെണ്ണ് ആ കാമുകന് സങ്കല്പമായിരുന്നു, ഒപ്പം വായനക്കാരനും. അതുകൊണ്ട് തന്നെ ലോല എന്ന കാമുകിയെ ഞാനും മനസില്‍ മെനഞ്ഞെടുത്തു. ചിലപ്പോഴൊക്കെ കാമുകന് അവളോടുള്ളത് കൗതുകം മാത്രമാണോ എന്ന് തോന്നിപ്പോയി. സൗന്ദര്യമുള്ള, കന്യകയായ, ഭാവനയുള്ള തെക്കുപടിഞ്ഞാറേ അമേരിക്കയില്‍ നിന്നുമുള്ള ഒരു സ്ത്രീയോടുള്ള ആകര്‍ഷണം മാത്രം? അവനെ സ്വന്തമാക്കാന്‍ പറ്റില്ല എന്നറിയുമ്പോള്‍ രണ്ട് രാജ്യങ്ങളെയും ചീത്ത പറഞ്ഞ മതങ്ങളെ അവജ്ഞയോടെ കാണുന്ന ലോലയെ പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക? തന്റെ ഭൂതകാലം ഓര്‍ത്തെടുത്ത് പറയാന്‍ ലഹരിയെ കൂട്ടുപിടിക്കുന്ന ലോല. കാമുകന്റെ അമേരിക്കയിലെ അവസാനത്തെ ഏഴ് ദിവസങ്ങള്‍ മധുവിധുവായി ആഘോഷിക്കുന്ന, അവന്റെ ഒരു കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തി കാമുകന്റെ പ്രായം എത്തുമ്പോഴേക്കും കൊല്ലാന്‍ തീരുമാനിക്കുന്ന ലോല…! അങ്ങനെ ഒരേസമയം നിഷ്‌കളങ്കമായതും വന്യമായതുമായ ചിന്തകളിലൂടെ കടന്നു പോകുന്ന അമേരിക്കന്‍ പെണ്ണ്.

പുനര്‍വായനകളില്‍ ‘തേപ്പ്’ എന്ന് ആരോപിക്കുമ്പോഴും ആ പ്രണയത്തെ കളങ്കപ്പെടുത്താന്‍ കഴിയുന്നില്ല. പ്രാരബ്ധങ്ങള്‍ പറഞ്ഞ് കടന്നുകളയുന്ന കാമുകനായിരുന്നോ അയാള്‍? ഒരുപക്ഷേ സത്യം അതാണെങ്കില്‍ തന്നെയും അങ്ങനെയൊന്നുമായിരിക്കില്ല എന്ന് ഞാന്‍ മനസിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരിക്കലും ഒന്നു ചേരാത്ത പ്രണയമായിരിക്കട്ടെ അവരുടേത്… ഒരിക്കലും അവസാനിക്കാതെ.

NB: ‘ഇമ്മാതിരി കഴുതകള്‍ മരിക്കുന്നതാണ് നല്ലത്’ മര്‍ലിന്‍ മണ്‍റോ മരിച്ച ദിവസം രാത്രി ലോല പറഞ്ഞു. ആത്മഹത്യ ചെയ്യുന്നവര്‍ മുഴുവന്‍ വിഡ്ഢികളാണെന്ന് അവള്‍ വിശ്വസിക്കുന്നു. ഒരു വേള അവള്‍ക്ക് ആ വിഡ്ഢിത്തം തോന്നിയിട്ടുണ്ടാകുമോ? ഇല്ല, സാധാരണ പെണ്ണിനെ പോലെ ചിന്തിക്കാനായിരുന്നെങ്കില്‍ പിന്നെ എനിക്കെന്തിനായിരുന്നു ലോലയെ. അതേ, ലോല അവസാനിക്കുന്നില്ല. അവള്‍ കാത്തിരിക്കട്ടെ…

പത്മരാജന്റെ ലോല എന്ന കഥയ്ക്ക് രാഹുല്‍ രഘുരാജ് കുറിച്ച വായനാനുഭവം

Comments are closed.