DCBOOKS
Malayalam News Literature Website

ഗ്രാമീണ ജീവിതത്തിന്റെ ആൽബം

ദേശാഭിമാനി ദിനപത്രത്തിന്റെ വാരാന്തപതിപ്പിൽ  നന്ദനന് മുളന്പത്തിന്റെ ‘കോമാങ്ങ’യെക്കുറിച്ച്  പ്രമുഖ നിരൂപകൻ സജയ്. കെ. വി.  എഴുതിയത്

കവിതയുടെയും കഥയുടെയും കൂട്ടെഴുത്താണ് ആഖ്യാന കവിത എന്ന ഗണം . ഇടശ്ശേരിയുടെയും വൈലോപ്പിളളിയുടെയും തലമുറയോളം അതു തുടർന്നു. അക്കിത്തമാണ് പിൽക്കാലത്ത് ധാരാളം കഥാകാവ്യങ്ങൾ എഴുതിയ ഒരു കവി. ഇതിന്റെ ചില നല്ല തുടർച്ചകൾ സമകാലിക കവിതയിലും ഉണ്ട്. അക്കൂട്ടത്തിലാണ് നന്ദനൻ മുള്ളമ്പത്തിന്റെ ‘കോമാങ്ങ’ എന്ന സമാഹാരത്തിലെ കവിതകൾ സ്ഥാനപ്പെടുന്നത്.

ദേശത്തിലും പ്രദേശത്തിലും ദേശ്യഭാഷയിലും വേരുള്ള ലഘു ആഖ്യാനങ്ങളാണ് ഇവ. തുമ്പച്ചെടികളുടെ പടർച്ച പോലെ നാടൻ നർമ്മവും നൻമയും നൈസർഗ്ഗികതയും പൂത്തു നിൽക്കുന്ന കഥനത്തിന്റെയും കവിതയുടെയും പച്ചപ്പു നിറഞ്ഞ ചെറിയ ചില ഇടങ്ങൾ. കോമാങ്ങ എന്ന ശീർഷക കവിതയാവും കൂട്ടത്തിൽ ഏറ്റവും ചെറുതും സാന്ദ്രവും . കവിത ഇങ്ങനെ –

സുരേശനെ കണ്ടപ്പോൾ
സുഷമ ആലോചിച്ചു
ചൊന തട്ട്യാല്
ചിറി പൊള്ളും
അണ്ടി കരണ്ടാല്
പല്ല് പുളിക്കും
തോലും തിന്നാല്
തൂറ്റലും പിടിക്കും
എന്നാലും സുരേശാ
എന്തൊര് മണേനും
എന്തൊര് സുകേനും
ഏറങ്കോട്ട് മലേലെ
ആ കോമാങ്ങ

Textനന്ദനന്റെ കോമാങ്ങ പറയാതെ പറയപ്പെടുന്ന ഒരു രത്യാനുഭവത്തെക്കുറിച്ചുള്ള കഥനമാണ്. അവനോട് അവൾ മൂകമായ് മൊഴിഞ്ഞതാണ് ഈ മാമ്പഴക്കഥ . അവനും അവൾക്കും പേരുണ്ട്. സുരേശനെന്നും സുഷമ എന്നും (അതെ , നന്ദനന്റെ കവിതയിലെ ആളുകൾക്ക് പേരുണ്ട്. ഊരും ) പറച്ചിലിലെ ഗ്രാമ്യത അവരുടെ കുഗ്രാമജീവിതത്തെപ്പറ്റിയും പറയും. അഗമ്യഗമനത്തിന്റെയും രഹസ്യ രതിയുടെയും വ്യംഗ്യങ്ങൾ എത്ര അനായാസമായാണ് ഈ മാമ്പഴപ്പാട്ടിൽ വന്നു ചേരുന്നത് !… ഒരു വാക്കു പോലും അധികപ്പറ്റാവാത്ത അതി സൂക്ഷ്മ രചന. ഇങ്ങനെയും കവിത സാദ്ധ്യമാണ് എന്നതിന്റെ സാമകാലീന സാക്ഷ്യങ്ങളിൽ ഒന്ന്. പണ്ട് ഹാലൻ പ്രാകൃതത്തിൽ എഴുതി. ഇക്കാലം കേരളത്തിലെ ഈ യുവകവി , മറ്റൊരു പ്രാകൃതമെന്നു തോന്നുന്ന, നല്ല ചുനയും ചുവയുമുള്ള നാട്ടു മൊഴിയിലും. ഗാഢതയാർന്ന ഈ ജീവിതമെഴുത്തുകൾ വായനയ്ക്കു ശേഷവും കൂടെപ്പോരും.

ഗ്രാമജീവിതത്തിന്റെ ആൽബം എന്നു വിളിക്കാം നന്ദനൻ മുള്ളമ്പത്തിന്റെ കോമാങ്ങയിലുൾപ്പെടുന്ന കവിതകളെ. ഇപ്പോൾ കേരളത്തിൽ ഗ്രാമങ്ങളില്ല. പട്ടണമാവാനൊരുങ്ങി നിൽക്കുന്ന പാതി ഗ്രാമങ്ങളേയുള്ളൂ. ക്രമേണ അവയും പട്ടണമായ് മാറും. അപ്പോഴാണ് ഈ ആൽബം കൂടുതൽ തെളിയുക; കോമാങ്ങ കൂടുതൽ മധുരിയ്ക്കുക. കാരണം സ്വത്വ നാശം സംഭവിച്ച ഒരു തലമുറയുടെ ആത്മഹത്യാ കുറിപ്പുകൾ പോലെയാവും അപ്പോൾ ഇവ വായിക്കപ്പെടുക. നാട്ടു മൊഴിയെ കവിതയിൽ ഉപ്പിലിട്ടു വെക്കുക എന്ന സാംസ്കാരിക ധർമ്മവും നിറവേറ്റുന്നുണ്ട് ഇത്തരം എഴുത്തുകൾ. ഒപ്പം കവിതയെന്നാൽ കസവുപിടിപ്പിച്ച വരേണ്യഭാഷണമാണെന്ന സ്ഥിത ധാരണയേയും അത് തിരുത്തുന്നുണ്ട്. പുളിയിലക്കരമുണ്ട് മടക്കി / പൂവു നിറച്ചാളമ്മാളു / എന്ന മട്ടിൽ കാവ്യഭാഷയെ കരുപ്പിടിപ്പിക്കാനാണ് തനിക്കിഷ്ടം എന്ന് മുമ്പ് വൈലോപ്പിള്ളി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാറ്റം ക്രമേണ മലയാള കവിതയിൽ നിറവേറി. പദ്യ നിരാസവും പകിട്ടേറിയ കാവ്യ ഭാഷയുടെ നിഷേധവും സാർവ്വത്രികമായി. ആ മാറ്റങ്ങളുടെ ഭാഗമോ തുടർച്ചയോ ആണ് നന്ദനന്റെ എഴുത്ത്. അര നൂറ്റാണ്ട് മുമ്പ് ഇത്തരം കവിത സങ്കൽപ്പിക്കാനാവുമായിരുന്നില്ല നമ്മുടെ ഭാഷയിൽ. അക്കാലം കളകളെന്നു കരുതിയ വ ഇപ്പോൾ വിളകളേക്കാളേറെ മതിക്കപ്പെടുന്നു. അതിൽ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയവും കൂടിയാണ് ഈ കവിതകളെ ഇങ്ങനെ ആൽബപ്പെടുത്തുന്നത്. റഫീക്ക് അഹമ്മദിന്റെ ഒരു കവിതയുണ്ട് ‘നാമാവശേഷർ’ എന്ന പേരിൽ . ഇപ്പോൾ നാമാവശേഷരായ്ക്കഴിഞ്ഞ ‘മൈനക്കുഞ്ഞാമിന’ , ‘കുറുക്കനവറാൻ’ തുടങ്ങിയ നാട്ടു മനുഷ്യരെപ്പറ്റിയാണതിൽ പറയുന്നത്. നാട്ടു മനുഷ്യർ ഒരു ‘എക്സിസ്റ്റ് സ്പീഷീസ് ‘ ആയിക്കഴിഞ്ഞാലും നന്ദനൻ മുള്ളമ്പത്തിന്റെ ‘കോമാങ്ങ’ എന്ന ഈ സമാഹാരത്തിലെ കവിതകളിൽ അവർ അതിജീവിക്കും.

പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

 

Comments are closed.