DCBOOKS
Malayalam News Literature Website

അനുഭവങ്ങളുടെ വിസ്മയിപ്പിക്കുന്ന തുടര്‍ച്ചകള്‍

അനിതരസാധാരണമായ ഭാഷ കൊണ്ട് വിസ്മയം തീര്‍ക്കുന്ന പുതിയ നോവല്‍. അദമ്യമായ കൗതുകത്തോടെ കേട്ടതും കണ്ടതുമായ കഥകളും അനുഭവങ്ങളും സത്ത ചോരുകയോ അനാവശ്യ ഇടപ്പെടലുകള്‍ നടത്തുകയോ ചെയ്യാതെ ആഖ്യാതാവ് അയാളറിഞ്ഞതും അയാളുടെ നിഗമനങ്ങളും ലളിതമായി വായനക്കാരോട് പങ്കുവെയ്ക്കുന്നു. സര്‍വജ്ഞാനിയായ ആഖ്യാതാവല്ല അയാള്‍. എഴുത്തുകാരന്റെ വക്താവെന്നപോലെ അയാള്‍ നമ്മോട് സംസാരിക്കുന്നു.

കിളിമഞ്ജാരോ ബുക്സ്റ്റാളിലെ പുസ്തകവില്പനക്കാരനാണ് അയാള്‍. താന്‍ ഒരിക്കല്‍ അവിടംവിട്ടുപോകുമെന്ന് അയാള്‍ക്കറിയാം. കെട്ടിക്കിടക്കുന്ന ജലമാവാന്‍ വയ്യ. അനസ്യൂതമൊഴുകണം. പുതുമേച്ചില്‍പ്പുറങ്ങളറിയണം. അയാളുടെ കഥാഖ്യാനരീതിയിലും ഈ ഒഴുക്കനുഭവിക്കാം. അവയില്‍ പ്രണയത്തിന്റെ നിര്‍വചനവും യുക്തിയുമുണ്ട്, നഷ്ടപ്രണയത്തിന്റെ മുറിവുകളും ആകുലതയും നിസ്സഹായതയുമുണ്ട്, പ്രണയിനികളോടുളള കരുതലുമുണ്ട്, പകയുണ്ട്, പ്രതീക്ഷയുണ്ട്, നര്‍മ്മമുണ്ട്, ഗഹനമായ ജീവിതതത്ത്വങ്ങളുടെ ലളിതാവിഷ്‌കാരമുണ്ട്, മിത്തും ചരിത്രവും വര്‍ത്തമാനത്തോടു ചേര്‍ത്തു കൊരുത്തിട്ട ചരടുമുണ്ട്.

ലൈംഗികതയുടെ വകഭേദങ്ങള്‍, അത് സാപിയോ സെക്ഷ്വാലിറ്റിയോ, ഹോമോസെക്ഷ്വാലിറ്റിയോ, ഹെറ്ററോസെക്ഷ്വാലിറ്റിയോ ഏതുമാകട്ടെ, എല്ലാത്തിന്റെയുമടിസ്ഥാനം പ്രണയമാണെന്നും അത് നൈസര്‍ഗികമാണെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട് എഴുത്തുകാരന്‍. ഒരിലയ്‌ക്കെങ്ങനെയാണ് സമുദ്രത്തെ സ്വന്തമാക്കാനാവുകയെന്ന ഒറ്റ ചോദ്യത്തില്‍ നിലീനയുടെ സാപിയോ സെക്ഷ്വാലിറ്റി വെളിപ്പെടുത്തുമ്പോള്‍ അത് മലയാളനോവല്‍ ചരിത്രത്തിനൊരു പുതുനാമ്പാവുന്നു.

പുരുഷന്റെ പൗരുഷം പൂര്‍ണ്ണമാകുന്നത് അയാള്‍ക്ക് പ്രണയിനിയോട് കലര്‍പ്പില്ലാത്ത പ്രണയമുണ്ടാകുമ്പോള്‍ മാത്രമാണ്. സ്വാര്‍ത്ഥതയ്ക്ക് വേണ്ടി പ്രണയം നഷ്ടപ്പെടുത്തുന്ന പുരുഷന്‍ സ്ത്രീയില്‍ പക നിറയ്ക്കുന്നു. ചരിത്രത്തില്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് കുണാലയാണ് പ്രണയപരാജയത്തിന്റെ പകയ്ക്കിരയാവുന്നതെങ്കില്‍ വര്‍ത്തമാനക്കാലത്തെ കുണാലയെന്ന വിളിപ്പേരുളള ധര്‍മേന്ദ്രയാണ് അതേ പകയ്ക്കിരയാവുന്നത്. അവരുടെ നീലകണ്ണുകള്‍ മനോഹരമായൊരു ഇമേജറി തീര്‍ക്കുന്നു. തിഷ്യരക്ഷയും നിലീനയും ഒരേ തൂവല്‍പ്പക്ഷികളാവുന്നു.

കാവ്യഭംഗിയുളള ഭാഷയില്‍ അടയാളപ്പെടുത്തുമ്പോള്‍ അത് മറ്റൊരു വിസ്മയമാകുന്നു. യതിയെന്ന സന്ന്യാസിവര്യന്റെ അദൃശ്യമായ സാന്നിധ്യമനുഭവിക്കാം. അമ്പാടിയും കൃഷ്ണനും നളിനിയും കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പുഴയരികലെ വീട്ടില്‍ നമ്മെ കാത്തിരിക്കുന്നു. നളിനിയുടെ പൊട്ടിച്ചിരി കാതില്‍ നിറയുന്നു. പിന്നീട് അവളുടെ മരവിച്ച ശരീരത്തിന്റെ തണുപ്പും. ഭാസ്‌കരേട്ടന്റെ നര്‍മ്മത്തില്‍ ചാലിച്ച പക്വതയില്‍ വായനക്കാരന് ചിരിയുടെ കുഞ്ഞുവേലിയേറ്റങ്ങളനുഭവിക്കാം.

സമകാലീന സമൂഹത്തില്‍ നാം ചര്‍ച്ച ചെയ്യാന്‍ തയ്യാറായ ഹോമോസെക്ഷ്വാലിറ്റി രമയിലൂടെയും ലീനയിലൂടെയും അത്യുക്തിയുടെ ആലഭാരങ്ങളില്ലാതെ വായിക്കാം. ഒപ്പം ദൈവവിളിയുടെ പാരമ്യത്തില്‍ കന്യാസ്ത്രീമഠത്തിന്റെ ഇരുട്ടിലഭയം പ്രാപിച്ചെങ്കിലും തന്റെ പ്രണയംവിട്ടൊരു ജീവിതം സാധ്യമല്ലെന്ന തിരിച്ചറിവില്‍ മഠം വിട്ട് പുറത്തുവരുന്ന റാഹേല്‍ ഒരു ചോദ്യചിഹ്നം പോലെ നിലക്കൊളളുന്നത് ചെറിയ പൊളളലുണ്ടാക്കുന്നുണ്ട്. കന്യാസ്ത്രീ മഠത്തിന്റെ വെളിച്ചംകടക്കാത്ത അകത്തളങ്ങളിലേക്കും മനുഷ്യമനസ്സിന്റെ നിഗൂഢതയിലേക്കും ആകുലതയോടെ എത്തിനോക്കാന്‍ വായനക്കാരനെ റാഹേലിന്റെ അനുഭവങ്ങള്‍ പ്രേരിപ്പിക്കും.

തന്റെ കവിതകളിലൂടെ നഷ്ടപ്രണയത്തിന്റെ നനുത്ത ഓര്‍മകള്‍ വീണ്ടെടുക്കുന്ന രാജീവന്‍ അമ്പലശ്ശേരി പ്രണയിനിയുടെ കണ്ണുകളുടെ കരയില്‍ ഒറ്റയ്ക്കിരിക്കുന്നത് നോവലില്‍ ഒരു നൊമ്പരക്കാഴ്ചയാകുന്നു. വി.കെ.കക്കോറയും കോയിത്താറ്റില്‍ പീതാംബരക്കുറുപ്പും മണ്‍മറഞ്ഞുപ്പോയ സോഷ്യലിസ്റ്റുകളുടെ ഭൂമിയിലെ അവശേഷിപ്പുകളായി തുടരുന്നു.

ജീവിച്ചിരിക്കുന്ന ഓരോ കഥാപാത്രങ്ങളും ഭൂതകാലത്തിന്റെ എക്സ്റ്റന്‍ഷനായി വര്‍ത്തമാനകാലത്തിലേക്കും ഭാവിയിലേക്കും ഉറ്റുനോക്കുന്നു. പുസ്തകവില്പനക്കാര്‍ ഓരോരുത്തരായി പിരിഞ്ഞുപോയെങ്കിലും അറ്റം മാത്രം പുറത്തുകാണുന്ന മഞ്ഞില്‍പുതഞ്ഞ പര്‍വ്വതത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കിളിമഞ്ജാരോ ബുക്സ്റ്റാള്‍ ഒരു മൂകസാക്ഷിയായി നിലകൊളളുന്നു.

രാജേന്ദ്രന്‍ എടത്തുംകരയുടെ കിളിമഞ്ജാരോ ബുക്‌സ്റ്റാള്‍ എന്ന പുതിയ നോവലിന് ഷൈമ എഴുതിയ വായനാനുഭവം

Comments are closed.