DCBOOKS
Malayalam News Literature Website

ആഖ്യാനത്തിന്റെ പുതിയ ജനാധിപത്യ മാതൃക

ലളിതവും സുന്ദരവുമായ ആഖ്യാനംകൊണ്ടും ഭാഷണങ്ങള്‍ കൊണ്ടും കണ്ട ജീവിതങ്ങളെ പുതുക്കി പണികയും പ്രത്യാശയുടെ തത്വശാസ്ത്രത്തെ ആകാശത്തോളം കെട്ടഴിച്ചു വിടുകയും ചെയ്യുന്ന നോവല്‍. നോവലിലെ ചില കഥാസന്ദര്‍ഭങ്ങള്‍ നോവലിസ്റ്റിന്റെ കണ്ണിലൂടെ മാത്രം നോക്കി കാണാന്‍ വിടാതെ ബാക്കിയാക്കുകയും ബഹുമുഖ വായനക്കാര്‍ക്ക് അധ്യായങ്ങളില്‍ താളുകള്‍ ഒഴിച്ചിട്ട് ഇടം കൊടുക്കുകയും ചെയ്യുന്ന ആഖ്യാനത്തിന്റെ പുതിയ ജനാധിപത്യമാതൃക ഈ നോവലിന്റെ പ്രത്യേകതയാണ്.

പലരും സൂചിപ്പിച്ചതു പോലെ ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന ഭാഷയുടെ സൗന്ദര്യവും കാവ്യാത്മകതയും. ഗദ്യവും പദ്യവും ഇടകലര്‍ന്ന് അദ്ധ്യായങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ ഓരോ ദേശത്തും സംഭവിക്കുന്ന ജീവിതത്തിന്റെ താളം ഭാഷയില്‍ അതി മനോഹരമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നത് കൊണ്ട് നോവല്‍വായന വല്ലാത്ത അനുഭവമായി മാറുന്നു. പുഴയ്ക്കരികിലെ കണ്ടല്‍ കാടിനോട് ചേര്‍ന്ന വീട്ടില്‍ നളിനെയെയും കൃഷ്ണനെയും കാണുമ്പോള്‍ നിലാവ് പരക്കുന്ന നീലജലത്തില്‍ കഴുത്തറ്റം വരെ മുങ്ങിയ വല്ലാത്ത തണുപ്പും, പാടലീപുത്രയിലെ തിഷ്യരക്ഷയുടെ കഥ പറയുമ്പോള്‍ പൗരാണികതയുടെ രാജഗ്രഹങ്ങളില്‍ പ്രണയപ്രതികാരങ്ങളുടെ വര്‍ത്തമാനത്തിലും എരിഞ്ഞു തീരാത്ത പകയുടെ കനല്‍ വാഴ്‌വും പിടച്ചിലും അതുപോലെ അനുഭവിക്കാന്‍ കഴിയുന്നു.

അസാധാരണമായ വെളിച്ചത്തിന്റെ അകമ്പടിയോടെ നോവലില്‍ നിന്ന് അതികായനായ ഭാസ്‌കരേട്ടന്‍ ഒരിക്കലും തിരെകെ വരാതെ ഇറങ്ങി പോകുമ്പോള്‍ താളവും ലയവും മറ്റൊന്നാവുന്നു. നിത്യയുടെ( ഗുരു നിത്യചൈതന്യയതിയെന്ന് വായിക്കുന്നു ) കടന്നു വരവുകളില്‍ ആത്മജ്ഞാനത്തിന്റെ അനുഭൂതിയിലേക്ക് ഭാഷ പരിണമിക്കുന്ന മാസ്മരികത ഈ നോവലില്‍ കാണാം.

കിളിമഞ്ജാരോ എന്ന പേര് പോലെ തന്നെ അവിടുത്തെ ആളുകളും മനോഹരങ്ങളാണ്. എങ്കിലും നിഗൂഢത പേറുന്നവരാണ്. ബുക്ക് സ്റ്റാള്‍ ഉടമയായ നിലീന മുതല്‍ എല്ലാവര്‍ക്കും മഞ്ഞുമല പോലെ പുറമെ കാണുന്നതിനെക്കാള്‍ ആഴമുണ്ട്. ഒരറ്റം മാത്രമേ വെളിപ്പെടുന്നുള്ളൂ. ആ അപൂര്‍വത ആയിരിക്കാം മറ്റെല്ലാ സ്ഥലവും ഒരിക്കല്‍ ഉപേക്ഷിച്ചു പോകുന്ന ആഖ്യാതാവിനെ അവിടെ തുടരാന്‍ പ്രേരിപ്പിച്ചത്. മറ്റ് ദേശങ്ങളിലേക്കുള്ള ഇടവേളകളാണ് അയാള്‍ക്ക് ജീവിതം.

പാപബോധമില്ലാത്തതും ഉള്ളതുമായ പ്രണയവും ലൈംഗികതയും ഇതിലുണ്ട്. ലെസ്ബിയന്‍ പ്രണയവും ഗേ പ്രണയവുമുണ്ട്. പരിചയപെട്ട സന്ദര്‍ഭങ്ങള്‍ സമകാലികതയുടെ മാറുന്ന സത്യസന്ധതയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാഷയുടെ ഇടവേളകളില്‍ സന്നിവേശിപ്പിച്ച അളന്നു മുറിച്ച നര്‍മ്മമുണ്ട്. മനുഷ്യ വിചാര വികാരങ്ങള്‍ക്കൊപ്പം പല ഭാവങ്ങളില്‍ കുത്തിയൊഴുകുന്ന പ്രകൃതിഭാവങ്ങളുണ്ട്.

പ്രണയ മുറിവിനെ അക്ഷരങ്ങള്‍ കൊണ്ട് മറികടക്കുന്ന ഒരു പാട്ടുകാരന്‍ ഉണ്ട് ഈ നോവലില്‍. രാജീവന്‍ അമ്പലശ്ശേരി. എന്നെ മറന്ന ഇപ്പൊഴും നിനക്ക് മധുരിക്കാന്‍ മാത്രമല്ലേ അറിയൂ എന്ന് കാമുകിയോട് ചോദിക്കുന്ന കാമുക കവി. കിളിമഞ്ജാരോയുടെ ശിഖരങ്ങളെ ഇടയ്ക്കിടെ വലിച്ചു മുറുക്കുന്ന കുയില്‍ നാദമാണ് രാജീവന്‍ അമ്പലശ്ശേരി.

രാജേന്ദ്രന്‍ എടത്തുംകരയുടെ കിളിമഞ്ജാരോ ബുക്‌സ്റ്റാള്‍ എന്ന പുതിയ നോവലിന് ഷെരീഫ് ചെരണ്ടത്തൂര്‍ എഴുതിയ വായനാനുഭവത്തില്‍നിന്ന്

Comments are closed.