DCBOOKS
Malayalam News Literature Website

ആത്മാന്വേഷണത്തിന്റെ വഴികള്‍ തേടി…

ചില വായനകള്‍ നമ്മെ പുസ്തകത്തിന് വെളിയില്‍ തന്നെ നിര്‍ത്തികൊണ്ട് കഥ പറഞ്ഞുതീര്‍ക്കും. മറ്റു ചില വായനകള്‍ നമ്മെയും ഒപ്പംചേര്‍ത്ത് അവസാനംവരെ കൂടെ കൊണ്ടുപോകും. എന്നാല്‍ അപൂര്‍വ്വം ചില വായനകളുണ്ട്. നമ്മെ പൂര്‍ണമായും കഥ നടക്കുന്നിടത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി കഥാപാത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്തും.

പിന്നീട് കഥയില്‍ നടക്കുന്നതെല്ലാം നമ്മുടെ കണ്മുന്നില്‍ എന്നപോലെ. അല്ലെങ്കില്‍ നമ്മളാണ് കഥാപാത്രം എന്ന രീതിയില്‍ നമുക്ക് അനുഭവപ്പെടുത്തിത്തരും. ഒടുവില്‍ കഥ അവസാനിക്കുമ്പോള്‍ ആഴമേറിയ ഒരു ഉറക്കം കഴിഞ്ഞെഴുന്നേറ്റ പ്രതീതിയായിരിക്കും. മറ്റൊരുലോകത്തുനിന്നും പുറന്തള്ളപ്പെട്ടപോലെ…

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന എം.മുകുന്ദന്റെ നോവല്‍ അത്തരത്തിലുള്ളൊരു വായന തുറന്നുതരുന്നുണ്ട്. ഡല്‍ഹി, ഹരിദ്വാര്‍ എന്നീ രണ്ടിടങ്ങളില്‍ നിന്നുകൊണ്ട് രമേശന്‍, സുജ എന്നീ കഥാപാത്രങ്ങളിലൂടെയാണ് മുകുന്ദന്‍ കഥ പറയുന്നത്.

അപ്രതീക്ഷിതമായി ജോലിയില്‍ മൂന്നുദിവസത്തെ അവധി ലഭിച്ചപ്പോള്‍ ആ ദിനങ്ങളില്‍ എങ്ങോട്ട് പോകണമെന്ന് ചിന്തിക്കുന്ന രമേശനില്‍ നിന്നാണ് മുകുന്ദന്‍ കഥ പറഞ്ഞു തുടങ്ങുന്നത്. ആലോചനയില്‍ കൂടെക്കൂടാന്‍ സഹപ്രവര്‍ത്തകനായ സെഞ്ഞയോര്‍ ഫിറോസിയും ഉണ്ട് അടുത്ത്. മുസൂരി, സിംല, നൈനിത്താള്‍, അങ്ങനെ ഓരോരോ ഇടങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ഫിറോസി ഒടുക്കം പുണ്യസ്ഥലങ്ങളിലേക്ക് ചിന്ത തിരിച്ചുവിട്ടു. ആദ്യം ഓര്‍മവന്നത് കാശിയാണെങ്കിലും മൂന്നുദിവസത്തിനുള്ളില്‍ പോയിവരണം എന്നുള്ളതുകൊണ്ട് യാത്ര അവസാനം ഹരിദ്വാരിലേക്ക് ഉറപ്പിച്ചു. കേട്ട മാത്രയില്‍ തന്നെ രമേശനും മറ്റൊന്നുമാലോചിക്കാതെ പോകാമെന്നു പറയുകയായിരുന്നു. ഒരുവേള ഹരിദ്വാര്‍ രമേശനെ വിളിക്കുകയാണെന്ന് അയാള്‍ക്ക് ഉള്ളില്‍ സ്വയം തോന്നുന്നു.

തന്റെ കാമുകിയായ സുജയോടൊത്താണ് രമേശന്‍ ഹരിദ്വാറിലേക്ക് പോകുന്നത്. സുജ ഡല്‍ഹിയുടെ സന്തതിയാണ്. ഒരു മൂന്നുദിവസത്തേക്ക് ആണെങ്കിലും ഡല്‍ഹിയോട് വിടപറയാന്‍ അവള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ലോകമേ തറവാട് എന്നു കരുതുന്ന രമേശന്‍ ഒന്നിനെക്കുറിച്ചും ആകുലനല്ല. അയാള്‍ തേടുകയാണ്. പുതിയ ഇടങ്ങള്‍, പുതിയ അനുഭവങ്ങള്‍ എല്ലാം…

കഥയില്‍ ആരംഭത്തില്‍ തന്നെ നായകനായ രമേശന്‍ ലഹരികള്‍ക്കടിമയാണെന്നു വായനക്കാരന് മനസ്സിലാക്കിത്തരുന്നുണ്ട്. ഹരിദ്വാറിലെത്തുന്ന രമേശന്‍ അവിടെ ചെന്നിട്ടും കാമുകിയോടൊത്തു സ്ഥലങ്ങള്‍ ഒന്നും ചുറ്റിക്കാണാതെ ലഹരി തേടിയലയാനാണ് ആരംഭിച്ചത്.

ചരസ്സിന്റെയും ഭാംഗിന്റെയും ലഹരിയിലാണ് രമേശന്‍ ഹരിദ്വാര്‍ നടന്നുകാണുന്നത്. അതും രാത്രിയില്‍. രാത്രിയിലെ ഹരിദ്വാര്‍ പകലുള്ളതിനെക്കാള്‍ തീര്‍ത്തും വ്യത്യാസമുള്ളതാണ്. ജീവിതത്തില്‍ പ്രധാനപ്പെട്ട ചില ലക്ഷ്യങ്ങളൊന്നും തന്നെയില്ലാത്ത ഒരാളാണ് രമേശന്‍. ഒരുപക്ഷെ ബാല്യത്തില്‍ തുടങ്ങിയ ഒറ്റപെടലുകളാവാം അയാളെ കൂടുതല്‍ കൂടുതല്‍ തനിച്ചിരിക്കാനും ചിന്തകളില്‍ മുഴുകാനും പ്രേരിപ്പിച്ചത്. അമ്മയായിരുന്നു അയാള്‍ക്കെല്ലാം. അമ്മയോട് പറയാത്തതായി അയാള്‍ക്ക് ഒന്നും തന്നെയില്ലായിരുന്നു ജീവിതത്തില്‍. അമ്മയോടുപോലും ഒരിക്കല്‍ പറയുന്നുണ്ട് അയാള്‍

‘അമ്മ എനിക്ക് ക്ഷയം തരാന്‍ വേണ്ടി ഭഗവാനോട് പ്രാര്‍ത്ഥിക്കണം, അല്ലെങ്കില്‍ കാന്‍സര്‍. കാരണം ദുഃഖത്തിന് മാത്രമേ എന്നെ രക്ഷിക്കാന്‍ സാധിക്കൂ…’

അതില്‍നിന്നു തന്നെ മനസ്സിലാക്കാം രമേശന്‍ എത്രത്തോളം മനസ്സുകൊണ്ട് പൂര്‍ണ്ണാരോഗ്യവാനല്ല എന്ന്. അങ്ങനെയൊരാള്‍ ലഹരികള്‍ക്കടിമപ്പെടുന്നത് നിസാരവും എളുപ്പവുമാണ്.

ലഹരിയില്‍ മുഴുകിയ രമേശന്‍ ഒടുക്കം ഹരിദ്വാറിന്റെ വശ്യതയില്‍ ഭക്തിയുടെ ലഹരിയിലേക്ക് വഴുതിവീഴുകയാണ് കഥയുടെ ഒടുക്കം. സുജയുടെ പ്രണയം ഒരു നൊമ്പരമായി മാത്രം അവശേഷിപ്പിച്ചുകൊണ്ട് ഹരിദ്വാറിലെ മണിയൊച്ചകള്‍ക്കുളിലേക്ക് അലിഞ്ഞുചേരുകയാണ് കഥാനായകന്‍….

ലഹരിയുടെ അമിത ഉപയോഗവും അത് മനുഷ്യ മനസ്സിന് ഉണ്ടാക്കുന്ന ഉന്മാദവും വളരെ വ്യക്തമായിത്തന്നെ കഥയില്‍ വായിക്കാനാവും. അതോടൊപ്പം തന്നെ ഹാറിദ്വാറിന്റെ ഓരോ അണുവിനെയും അത്രമേല്‍ സൂക്ഷ്മായിത്തന്നെ നിരീക്ഷിച്ചുകൊണ്ട് വാക്കുകളാല്‍ വരച്ചിടുന്നുണ്ട് നമുക്കുമുന്നില്‍ മുകുന്ദന്‍.

വായിച്ചുതീരുമ്പോള്‍ ഇനിയൊരിക്കല്‍ കൂടി വായിക്കണം എന്ന് തോന്നാത്തിടത്തോളം ഒരു ഭീതിയും ഞെട്ടലും വായനക്കാരിലുണ്ടാക്കാന്‍ മുകുന്ദന്റെ എഴുത്തിന് സാധിക്കുന്നു. അത്രമേല്‍ ശക്തമായിത്തന്നെ വായിക്കുന്ന ആളിന്റെ മനസില്‍ ഒരു ഓളം സൃഷ്ടിക്കുന്നുണ്ട് ഹരിദ്വാറും രമേശനും സുജയും എല്ലാം….

വായന അവസാനിക്കുമ്പോള്‍ ഒരിക്കല്‍ കൂടി പുറന്താള്‍ കുറിപ്പിലെ ആ വരികള്‍ വായിക്കണം.

‘അവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവില്‍ ഇരുന്നു. അവിടെ എണ്ണയും പുഷ്പങ്ങളും അഴുകികിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവര്‍ കൈക്കുമ്പിളില്‍ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം.

‘നാം ഇന്നുമുതല്‍ പാപത്തില്‍ നിന്ന് മോചിതരാണ്.’

‘അതിന് നമ്മളെന്ത് പാപമാണ് ചെയ്തത് രമേശ്?’

‘ജീവിക്കുന്നു എന്ന പാപം……..’

എം.മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവലിന് ജിനേഷ് ജിനു എഴുതിയ വായനാനുഭവം

Comments are closed.