DCBOOKS
Malayalam News Literature Website

ആത്മാക്കളുടെ പുസ്തകാന്വേഷണം: ഒരു അവലോകനം


അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാം പതിപ്പിന്റെ ആദ്യ പ്രതി’  എന്ന നോവലിന് അഗത കുര്യന്‍ എഴുതിയ വായനാനുഭവം. 

ഇറ്റാലോ കാല്‍വിനോയുടെ ‘ഇഫ് ഓണ്‍ എ വിന്റര്‍സ് നൈറ്റ് എ ട്രാവലര്‍’ ല്‍ രണ്ടു വായനക്കാര്‍ തങ്ങളാഗ്രഹിക്കുന്ന പുസ്തകത്തിന് പിന്നാലെ പോകുന്നതു പോലെ ഇവിടെയും ഇഷ്ടപ്പെട്ട അല്ലെങ്കില്‍ നഷ്ടപ്പെട്ടു എന്ന് കരുതപ്പെടുന്ന ഒരു പുസ്തകത്തിനായി തെരയുന്ന രണ്ടു വായനക്കാരെ കണ്ടെത്താനാവും യുവ കഥാകൃത്തായ അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാം പതിപ്പിന്റെ ആദ്യ പ്രതി’ എന്ന നോവലില്‍. അജിജേഷിന്റെ ആദ്യ നോവലാണിത്. ഡി. സി. ബുക്ക്‌സ് ആണ് പ്രസാധനം.

തികച്ചും സാങ്കല്പികം എന്ന മട്ടിലാണ് നോവലിസ്റ്റ് അതിതീവ്ര യാഥാര്‍ഥ്യങ്ങളെ അവതരിപ്പിക്കുന്നത്. ആച്ചിയമ്മയും അരുവിയും കൂടി ‘ബയോസ്ഫിയര്‍’ എന്ന നോവലിന്റെ ഏഴാം പ്രതിക്കായി നടത്തുന്ന അന്വേഷണമാണ് നോവലിന്റെ ഏറെ പുതുമയുള്ള പ്രമേയം.
ജാതി, മത, വര്‍ഗീയ ചിന്തകള്‍ മൂലം വിഭജിക്കപ്പെട്ട് മലിനമായ സമൂഹത്തെ അടിച്ചുടച്ചു വാര്‍ക്കാനായി സ്വയം നിയോഗിക്കപ്പെടുന്ന സമൂഹനിര്‍മാണതൊഴിലാളികളുടെ ജീവിതം വളരെ ഹൃദ്യമായി ബയോസ്ഫിയര്‍ കൈകാര്യം ചെയ്യുന്നുണ്ട്. പുസ്തകം ഇല്ലാതായത് മൂലം ആ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള വസ്തുതകളെ സംഭവങ്ങളെ വ്യക്തികളെ അദൃശ്യരായി നോക്കിക്കണ്ടു വിലയിരുത്തുകയാണ് ആച്ചിയമ്മയും കുഞ്ഞാണിയും ഒപ്പം വായനക്കാരും.
Textപലപ്പോഴും പല സംഭവങ്ങളും കണ്ട് വികാരാധീനയാകുന്ന അരുവി ഇത്തരത്തില്‍ വിവേക പൂര്‍ണമായി ചിന്തിച്ചു ബയോസ്ഫിയര്‍ എന്ന പുസ്തകത്തിന്റെ നിലനില്‍പ്പിനെ ഭയപ്പെട്ടതാരാണെന്ന് മനസ്സിലാക്കുമ്പോള്‍ ജീന്‍ ഫ്രാങ്കോ ലിയോറ്റാര്‍ഡ് ന്റെ ഗ്രാന്‍ഡ്/മെറ്റാ നറേറ്റീവ് എന്ന സങ്കല്പം ആണ് വ്യക്തമാകുന്നത്. ഗ്രാന്‍ഡ് നരേറ്റിവുകളെ ഇല്ലാതാക്കാന്‍ അല്ലെങ്കില്‍ അവക്ക് പകരം ഉടലെടുക്കുന്ന മിനി നരേറ്റീവുകള്‍ കുറച്ചു കാലത്തിനു ശേഷം മറ്റൊരു ഗ്രാന്‍ഡ് നറേറ്റീവ് ആയി പരിണമിക്കുന്ന വൈചിത്ര്യത്തെ ഈ നോവലില്‍ പച്ചാട്ട് വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. മതം, ജാതി, കുലത്തൊഴില്‍, ലൈംഗിക സദാചാരം എന്നിവക്ക് എതിരെ പുതിയ സമൂഹം പണിതുയര്‍ത്തുന്ന സമൂഹ നിര്‍മാണതൊഴിലാളികള്‍ കാലക്രമേണ തങ്ങളുടെ അധികാരത്തിനും നിലനില്‍പ്പിനും വേണ്ടി മറ്റു തരത്തില്‍ വിഭജനങ്ങള്‍ ആവര്‍ത്തിക്കുന്നത് ഏറെ ഭയത്തോടെ മാത്രമേ വായിച്ചു തീര്‍ക്കാനാവൂ ! കൃഷിയിലേക്ക് ഒരു ജനതയെ മടക്കിക്കൊണ്ട് വരാന്‍ അവര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ഹിംസയുടേതാവുമ്പോള്‍ അവരുടെ ലക്ഷ്യത്തിലെ നന്മ തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഒരു കാലഘട്ടത്തിനെ ആവിഷ്‌കരിക്കുന്ന ഈ കൃതി വ്യത്യസ്തരായ പല കഥാപാത്രങ്ങള്‍ കൊണ്ടും സമ്പൂര്‍ണമാണ്. അരുവി, ആച്ചിയമ്മ, നരേന്ദ്രന്‍, ആമി, റഹാബി, അങ്ങനെയങ്ങനെ എത്ര പേര്‍ ! തുടക്കത്തില്‍ ഈ ബാഹുല്യം കുറച്ചൊന്നു ബുദ്ധിമുട്ടിച്ചെങ്കിലും പിന്നീട് അത് തന്നെ ഏറെ പ്രിയപ്പെട്ട ഒരു സവിശേഷത ആയി മാറി. റഹാബി എന്ന കഥപാത്രമാണ് വായനക്ക് ശേഷം മനസ്സില്‍ നില്‍ക്കുന്നത്, ഒപ്പം സമൂഹ നിര്‍മാണതൊഴിലാളികളു.
കഥാഗതിയില്‍ സമ്പൂര്‍ണ നാശം വിതച്ച പ്രളയം പിന്നീടുള്ള വായനയില്‍ ഏറെ ആശങ്കയും ഭീതിയും ആഴ്ത്തുകയുണ്ടായി. സമുദ്രത്തില്‍ കൃത്രിമമായി ന്യൂനമര്‍ദ്ദം സൃഷിക്കുന്ന സോഫ്റ്റ്വയറുകള്‍, തകര്‍ക്കപ്പെടുന്ന ഡാമുകള്‍ എന്നിങ്ങനെ സര്‍വനാശം ഒരു ജനതയുടെ മേല്‍ വന്നു പതിക്കുന്നത് ഹൃദയം നൊന്തു കൊണ്ട് തന്നെയാണ് വായിച്ചു തീര്‍ത്തത്. ആ പ്രളയ ദുരന്ത ദൃശ്യങ്ങള്‍ വരും കാല കേരളത്തിന്റെതാവുമോ എന്ന ഭയം കുറച്ചൊന്നുമല്ല വേട്ടയാടുന്നത്.

‘ചരിത്രം അന്വേഷിക്കുന്നവരുടെ മനസ്സില്‍ മുഴുവന്‍ അടങ്ങാത്ത ഒരു കനലുണ്ടാവണം.അല്ലെങ്കില്‍ വേഗം മടുത്തുപോകും’ എന്ന് ഓര്‍മിപ്പിക്കുന്ന നോവലിസ്റ്റിന്റെ ഭാഷ ഏറെ ഹൃദ്യമാണ്.’ലോകത്തില്‍ ഒരു മുതലാളിക്കും തൊഴിലാളിയെ സ്‌നേഹിക്കാന്‍ കഴിയില്ല’ എന്നയാളുടെ കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോ കസാന്‍ദ്‌സാക്കിസിന്റെ സോര്‍ബയെ ഓര്‍ക്കാതിരിക്കാനാവില്ല. പ്രമുഖ എഴുത്തുകാരന്‍ ആനന്ദിന്റെ ‘സംഹാരത്തിന്റ പുസ്തക’വുമായി പ്രമേയേപരമായി പച്ചാട്ടിന്റെ നോവല്‍ ബന്ധപ്പെടുന്നതായി കാണാനാവും. ഹിംസയുടെ വളര്‍ന്നു വരുന്ന സുതാര്യതയെ ഭയപ്പെടുന്ന ശേഷാദ്രി എന്ന കഥപാത്രത്തിന്റെ മനോവികാരങ്ങള്‍ തന്നെയാണ് മാറി മാറി വരുന്ന ഭരണകൂട ഭീകരതയെ കണ്ടു ആകുലപ്പെടുന്ന ആച്ചിയമ്മയുടേതും !ആഖ്യാനത്തില്‍ ഏറെ പുതുമ കൊണ്ട് വന്ന ഈ എഴുത്തുകാരന്‍ നോവലിനുള്ളിലെ നോവലും അതിലെ സാങ്കല്പികതയും യഥാര്‍ഥ്യവും നന്നായി തന്നെ കോര്‍ത്തിണക്കിയിട്ടുണ്ട്.

കെട്ടകാലത്തും ഇരുണ്ടകാലത്തും പ്രതികരിക്കാനാവുന്നതാണ് പ്രധാനം എന്നോര്‍മിപ്പിക്കുന്ന ഈ നോവല്‍ സമകാലിക രാഷ്ട്രീയ സാമൂഹിക പാരിസ്ഥിതീക വ്യവസ്ഥയെ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. എഴുത്തുകാരനും ഏഴാം പതിപ്പിനും എല്ലാ അഭിവാദ്യങ്ങളും !!!

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

കടപ്പാട്; ദേശാഭിമാനി വാരാന്ത്യപ്പതിപ്പ്‌

Comments are closed.