DCBOOKS
Malayalam News Literature Website

‘എൽസ’ ആത്മാവിൽ തൊടുന്ന കാപ്പിപ്പൂമണം

കോട്ടയം ജില്ലയുടെ വടക്കേയറ്റത്ത്, ഇടുക്കി ജില്ലയോടു തൊട്ടുകിടക്കുന്ന ഒരു ഗ്രാമത്തിലാണ് എന്റെ വീട്. ചില ദിവസം സന്ധ്യകളില്‍ വീശുന്ന കാറ്റിനൊപ്പം അതീവ ഹൃദ്യമായ ഒരു സുഗന്ധം വീട്ടിലേക്കെത്തും. പറമ്പിന്റെ വടക്കുകിഴക്കേ അതിരിലെ കാപ്പിക്കൂട്ടം പൂത്തതാണ്. അതിന്റെ രാത്രികാഴ്ച അത്രയേറെ മോഹിപ്പിക്കുന്നതാണ്, ഒരു നക്ഷത്രസമൂഹം ഇരുളിലേക്ക് പൊട്ടിവീണതു പോലെ വെളുത്ത പൂങ്കുലകള്‍ നിറഞ്ഞുനില്‍ക്കും. ഇന്ന് വേലിയരികില്‍ ആ കാപ്പിക്കൂട്ടമില്ല. അതു നിന്നിരുന്നതിനരികിലെ ഇത്തിരി മണ്ണില്‍ അമ്മയ്ക്കായി ചിതയൊരുക്കിയപ്പോള്‍ കാപ്പിച്ചെടികള്‍ മുറിച്ചുമാറ്റിയിരുന്നു.

പക്ഷേ ഒരുപാട് നാളിനു ശേഷം ഇക്കഴിഞ്ഞ ദിവസം ആ കാപ്പിപ്പൂമണം വീണ്ടുമെന്നെ തേടിയെത്തി, ജിജോ മാത്യുവിന്റെ എല്‍സ എന്ന നോവലിലൂടെ. ഇടുക്കിയിലോ വയനാട്ടിലോ ഇരിട്ടിയിലോ ഒക്കെയുള്ള കര്‍ഷകന് എളുപ്പം ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന മണ്‍മണമുള്ള ഏതോ ഒരു നാട്ടില്‍ നിന്ന് ഏതു നഗരവാസിക്കും തിരിച്ചറിയാന്‍ കഴിയുന്ന അടയാളങ്ങള്‍ പേറുന്ന പട്ടണത്തിലേക്ക് എത്തിയ എല്‍സയുടെ കഥ. ഒരു ത്രില്ലര്‍ എന്ന് വായിച്ചു തുടങ്ങുമ്പോള്‍ തോന്നിച്ച നോവല്‍ ഒറ്റ ദിവസം കൊണ്ടാണ് തീര്‍ത്തത്. (മുന്‍പ് ജയചന്ദ്രന്‍ മാഷ്ടെ തക്കിജ്ജ വായിച്ചത് മാത്രമാണ് സമാനമായ മറ്റൊരോര്‍മ)

Jijo Mathew-Elsaപക്ഷേ ആ ത്രില്ലറില്‍ ഇഴ ചേര്‍ന്ന മനുഷ്യജീവിതങ്ങളെ, അതിന്‍റെ നേരും നെറിയും നോവും നുണയുമൊക്കെ, എത്ര മനോഹരമായാണ് ജിജോ വരച്ചിടുന്നത്. ഇതില്‍ ഏറ്റവുമധികം എന്നെ ആകര്‍ഷിച്ചത് എല്‍സയും അച്ഛനും തമ്മിലുള്ള ബന്ധമാണ്. എല്‍സയുടെ ഓര്‍മച്ചിത്രങ്ങളിലൂടെ മാത്രം നമ്മള്‍ കാണുന്ന ആ അച്ഛന് എനിക്ക് പരിചിതരായ ഒരുപാട് അച്ഛന്മാരുടെ മുഖമാണ്. പാലാ അല്‍ഫോന്‍സാ കോളജിലെ എന്റെ ബിരുദപഠന കാലത്ത് കണ്ടുമുട്ടിയ ഇടുക്കിക്കാരായ പല കൂട്ടുകാരുടെയും അച്ഛന്മാരുടെ മുഖം. എല്‍സ തന്നെ അച്ഛനെ അടയാളപ്പെടുത്തുന്നത് തേഞ്ഞുതീരാറായിട്ടും തേച്ചുകഴുകി വെളുപ്പിച്ച രണ്ടു ചെരിപ്പുകളിലൂടെയാണ്. ജോലി കിട്ടുമ്പോള്‍ അച്ഛന് രണ്ടു പുതിയ ചെരിപ്പുകള്‍ വാങ്ങണമെന്നു മോഹിച്ച അവളെ പോലെ, കൃഷിക്കാരുടെ, കര്‍ഷകത്തൊഴിലാളിമാരുടെ എത്രയോ മക്കള്‍… കര്‍ഷക ആത്മഹത്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ മാത്രം ‘അയ്യോ കഷ്ടം!’ എന്ന് പരിതപിച്ച്, തൊട്ടടുത്ത നിമിഷം നാം മറക്കുന്ന ആ കുടുംബങ്ങള്‍. ഒരു ഇടുക്കിക്കാരന് മാത്രം സാധ്യമാകുന്ന തന്മയീഭാവത്തോടെയാണ് ആ കാഴ്ചകളോരോന്നും ജിജോ വരച്ചിടുന്നത്. ജിജോയുടെ ഉപമകള്‍ക്കു പോലും ആ ജൈവികതയുണ്ട്. വേര്‍പിരിയലുകളിലെ കരച്ചിലിനെ കുറിക്കാന്‍ ജിജോ ഇങ്ങനെ എഴുതുന്നു – “ഒരിക്കലും കടന്നുചെല്ലാത്ത കാട്ടിനുള്ളിലെവിടെയോ ഒളിച്ചിരിക്കുന്നൊരു വെള്ളച്ചാട്ടം പോലെ…”
ഏറ്റവും അടിപതറിയ നിമിഷത്തിൽ എൽസ സ്വയം കാണുന്നത് കാറ്റിൽ അടർന്നു പോയ ഒരു ചെറുമരച്ചില്ലയായാണ്.

എല്‍സയില്‍ എവിടെയൊക്കെയോ ഞാനില്ലേ എന്ന തോന്നലാണ് ഈ പുസ്തകത്തെ എനിക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത്. അവളുടെ ദൈവസങ്കല്‍പ്പമാണ് കുട്ടിക്കാലം മുതല്‍ എന്നിലുമുള്ളത്. അവള്‍ പറയുന്നുണ്ട്, “എന്റെ ദൈവം ശരിയും തെറ്റും തൂക്കിനോക്കി വിധിപറയുന്ന ന്യായാധിപനല്ല. എന്റെ എല്ലാ കുറവുകളും അറിഞ്ഞുകൊണ്ട് എന്നെ സ്നേഹിക്കുന്ന കൂട്ടുകാരനാണ്…”

സൗഹൃദത്തിന്റെ മനോഹാരിതയെ അവള്‍ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്, “ആത്മാവിന്റെ നിശബ്ദമായ നിലവിളികള്‍ക്കായി കാതോര്‍ക്കുന്നവരെ”ന്ന്. ഇതിലും മനോഹരമായ മറ്റെന്തു നിര്‍വചനമാണ് ആ ബന്ധത്തിനു നല്‍കാനാവുക…

നാം ആത്മാവിനോടു ചേര്‍ത്തുകെട്ടുന്ന ചില ബന്ധങ്ങളിലെ സ്വാര്‍ത്ഥതയും പൊള്ളത്തരവും അതു നമ്മിലേല്‍പ്പിക്കുന്ന മുറിവുകളെയും കുറിച്ചും നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. ആണ്‍സ്വഭാവങ്ങളിലെ ഏറ്റവും വൈരുദ്ധ്യം നിറഞ്ഞ ദ്വന്ദമായി റൂബനും ആനന്ദും ഇതിലുണ്ട്. എന്‍റെ ജീവിതത്തില്‍ കണ്ടുമുട്ടിയ ഓരോ പുരുഷനെയും എനിക്ക് അവരിലൂടെ വീണ്ടും കാണാന്‍ കഴിഞ്ഞു.

ഒരു കുരിശുമല കയറ്റം പോലെയായിരുന്നു ഈ നോവലിന്‍റെ വായന. ഒരേ സമയം ത്രില്ലറും പ്രണയകഥയുമൊക്കെ ആയിരിക്കുമ്പോള്‍ തന്നെ ഇതൊരു ദാർശനികമായ അനുഭവം കൂടിയാകുകയാണ്. ജീവിതത്തെ കുറിച്ചുള്ള ഏറ്റവും സരളവും ഋജുവുമായ ആഖ്യാനം. വായിച്ചുതീരുമ്പോള്‍ അനുഭവിക്കുന്ന കതാര്‍സിസിലൂടെ (ആത്മവിരേചനം) പരമമായ ശാന്തതയിലേക്കാണ് വായനക്കാരന്‍ എത്തിച്ചേരുന്നത്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.