DCBOOKS
Malayalam News Literature Website

സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റവും തുടര്‍ന്ന് സംഭവിക്കാവുന്ന കുറ്റകൃത്യങ്ങളും!

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ  ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട  ഡോള്‍സ് ( റിഹാന്‍ റാഷിദ്) 
എന്ന പുസ്തകത്തിന് വിപിന്‍ എഴുതിയ വായനാനുഭവം.

മലയാളത്തിലെ അപസർപ്പകസാഹിത്യത്തിന്റെ സുവർണ്ണകാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത്. നിരവധി എഴുത്തുകാർ അപസർപ്പക-ഭീതി സാഹിത്യമേഖലയിൽ കൈവെക്കുകയും ഏറെക്കുറെ മികച്ച സൃഷ്ടികൾ വായനക്കാർക്ക് സമ്മാനിക്കുകയും ചെയ്യുന്നു. അക്കൂട്ടത്തിലേക്ക് ഗരിമയോടെ കടന്നുവരുന്ന പുസ്തകങ്ങളിൽ ഒന്നാണ് ഡിസി ബുക്സിന്റെ ക്രൈം ഫിക്ഷൻ മത്സരത്തിൽ അവസാന നാല് നോവലുകളിൽ ഇടം പിടിച്ച റിഹാൻ റാഷിദിന്റെ ഡോൾസ്‌ എന്ന നോവൽ.

സാമ്പ്രദായികമായി ഓരോ അപസർപ്പകകൃതിയും പിന്തുടരുന്ന ഒരു രീതിയുണ്ട്. ഒന്നോ അതിലധികമോ കുറ്റകൃത്യങ്ങൾ നടക്കുന്നു. അവ അന്വേഷിക്കാൻ ഒന്നോ അതിലധികമോ വരുന്ന സംഘം വരുന്നു. അവർ പൊലീസോ സ്വകാര്യ അന്വേഷകരോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ ആകാം. എന്നാൽ പൊതുവെ ഇരയും പ്രതിയും അന്വേഷകനും പിന്നെ തെളിവുകളും എന്ന ചങ്ങലയിലാണ് ഓരോ അപസർപ്പകകൃതിയും ഉരുത്തിരിയുന്നത്. പക്ഷെ, റിഹാന്റെ ഡോൾസ്‌ നോവൽ കൈകാര്യം ചെയ്യുന്നത് അത്ര ലളിതമായ ഒരു കുറ്റാന്വേഷണകഥയല്ല. അതിസങ്കീർണ്ണമായ കുറെയധികം കൃത്യങ്ങളുടെ സങ്കലനത്തിൽ സംഭവിക്കുന്ന കുറ്റാധിഷ്ഠിതസ്വഭാവമാണ് ഡോൾസ്‌ കൈകാര്യം ചെയ്യുന്നത്. അതിനാൽ അനായാസവായന സമ്മാനിക്കുന്ന ഒന്നല്ല ഡോൾസ്‌, മറിച്ച് ഗഹനമായ ശ്രദ്ധ ചെലുത്തി, സ്വന്തം തലച്ചോറിനെ സാധാ ജാഗരൂകമാക്കി മാത്രമേ ഡോൾസിനെ വായനക്ക് എടുക്കാവൂ. കാരണം റിഹാൻ കൈകാര്യം ചെയ്യുന്ന വിഷയവും അതിനെ അവതരിപ്പിച്ചിരിക്കുന്ന രീതിയും അത്രയെളുപ്പം പിടി തരുന്ന ഒന്നല്ല എന്നതുതന്നെ.

ആശയപരമായ വസ്തുതകൾ പരിശോധിച്ചാൽ, സമകാലികലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റവും തുടർന്ന് സംഭവിക്കാവുന്ന കുറ്റകൃത്യങ്ങളുമാണ് നോവലിന്റെ കാതൽ. വാട്സാപ്പും ഫേസ്ബുക്കും പോലുള്ള സോഷ്യൽ മീഡിയ ആപ്പുകളുടെ സ്വകാര്യതാമാനദണ്‌ഡം ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് കൃത്യമായ തിരിച്ചറിവുകളും ആശയസംവേദനങ്ങളും സാധ്യതകളുടെ പരിണാമവും എല്ലാം ഡോൾസ്‌ ചർച്ച ചെയ്യുന്നു. അത്തരുണത്തിൽ ഡോൾസ്‌ നോവൽ കേവലം ക്രൈം ഫിക്ഷൻ എന്നതിനപ്പുറം സാമൂഹ്യപ്രതിബദ്ധത കൂടിയുള്ള ഒന്നായി മാറുന്നു. കുറ്റകൃത്യങ്ങൾ ഒളിച്ചിരിക്കുന്ന വിശാലമായ ലോകമാണ് സൈബറിടങ്ങൾ. അത്തരം Textവസ്തുതകളും സാധ്യതകളും ഇത്ര കൃത്യമായി ചർച്ച ചെയ്യുന്ന നോവലുകൾ മലയാളത്തിൽ ഇല്ലെന്നുതന്നെ പറയാം. അതിനാൽതന്നെ രാഷ്ട്രീയവും
സാമൂഹികവുമായി കൃത്യമായ ഇടപെടൽ നടത്തുന്ന ഘനമുള്ള സൃഷ്ടി കൂടിയാണ് ഡോൾസ്‌.

ഘടനാപരമായി വീക്ഷിച്ചാൽ, ഏറ്റവും പ്രധാനമായി എടുത്തുപറയേണ്ടുന്ന ഒന്ന് ഡോൾസ്‌ കൈകാര്യം ചെയ്തിരിക്കുന്ന അവതരണശൈലിയും ക്രാഫ്റ്റിങ് രീതിയുവുമാണ്. മലയാളത്തിൽ പൊതുവെ ഉപയോഗിക്കാത്തതും പാശ്ചാത്യനോവലുകളിൽ മാത്രം കാണാവുന്നതുമായ ക്രാഫ്റ്റിങ് രീതിയാണ് റിഹാൻ സ്വീകരിച്ചിരിക്കുന്നത്. അത് നോവലിന് സമ്മാനിച്ചിരിക്കുന്ന ഭംഗിയും അടുക്കും ചിട്ടയും മുറുക്കവും ചടുലതയും നിഗൂഢതയും വ്യത്യസ്തതയും തീർച്ചയായും പ്രശംസനീയം തന്നെയാണ്. വായനയിൽ പലപ്പോഴും ഒരു പരിധിവരെ ഒർഹാൻ പാമുക്കിന്റെ മൈ നെയിം ഈസ് റെഡ് എന്ന നോവലും എഡ്ഗാർ ലീയുടെ സ്പൂൺ റിവർ ആന്തോളജി കവിതയിലെ ശൈലിയുമൊക്കെ ഓർത്തെടുത്തുപോകും. പക്ഷെ അതിൽനിന്നെല്ലാം വ്യത്യസ്തമായി, മാനുഷികമായ ഇടപെടലുകൾക്കപ്പുറം കഥ പറച്ചിലിന്റെ നൂതനമായ ചില ആശ്ചര്യകാരികൾ അഥവാ സർപ്രൈസ് എലമെന്റുകൾ റിഹാൻ തന്റെ അവതരണത്തിൽ വായനക്കാർക്ക് കാത്തുവെച്ചിട്ടുണ്ട്. ഒരുവേള, ഡോൾസ്‌ എന്ന നോവലിന്റെ ഏറ്റവും പ്രധാനപ്പെട്ടതും അതിനെ മികച്ച നോവലുകളിൽ ഒന്നായി തിരഞ്ഞെടുക്കാനുള്ള കാരണമായി വർത്തിച്ചിരിക്കാവുന്നതിൽ മുന്നിൽ നിന്നതും അതിന്റെ അവതരണമികവ് തന്നെയായിരിക്കും.

കഥാപാത്രസൃഷ്ടിയിൽ റിഹാൻ കൂടുതൽ വ്യക്തത കൈവരിച്ചിരിക്കുന്നു. ഓരോ കഥാപാത്രത്തിനും വ്യക്തമായ ലക്ഷ്യമുണ്ട്, വ്യക്തിത്വവും സാംഗത്യവുമുണ്ട്. ഒന്നോ അതിലധികമോ കുറ്റവാളികളും അവരെ തേടുന്ന അന്വേഷകരും എന്ന സ്ഥിരം വാർപ്പ് മാതൃകയിൽനിന്നും വിഭിന്നമായ മട്ടിൽ കഥാപാത്രങ്ങൾക്ക് കൂടുതൽ സങ്കീർണ്ണമായ മാനദണ്ഡങ്ങൾ കൽപ്പിച്ചുനൽകിയിട്ടുണ്ട് റിഹാൻ തന്റെ നോവലിൽ. വൈകാരികമായ തലമോ മാനസികവൈകല്യമുള്ള സ്ഥിരം വാസനാരീതികളോ ഡോൾസ്‌ നോവലിലെ കഥാപാത്രങ്ങളിൽ കാണാൻ സാധിക്കില്ല. അവരുടെ ലക്ഷ്യബോധവും പ്രവർത്തികളും രീതികളും എല്ലാം തികച്ചും വ്യത്യസ്തവും തീർത്തും പ്രവചനാതീതവുമാണ്.

ഭാഷാപരമായി റിഹാൻ കൂടുതൽ മികച്ച എഴുത്തുകാരനായി പരിണാമപ്പെട്ടുകഴിഞ്ഞു എന്ന് ഡോൾസ്‌ വായന ഉത്‌ഘോഷിക്കുന്നു. കൃത്യമായ പ്രയോഗങ്ങൾ, ആറ്റിക്കുറുക്കിയ പ്രയോഗങ്ങൾ, സാഹചര്യം ആവശ്യപ്പെടുന്ന മട്ടിലുള്ള വർണനകളും വിശദീകരണങ്ങളും, വ്യാകരണപരമായി ഏറെക്കുറെ തൃപ്തി നൽകുന്ന ഭാഷ എല്ലാം കൊണ്ടും ഭാഷാപരമായ കണ്ണിലൂടെ നോക്കിയാൽ തുപ്തികരമായ ഒന്നായി ഡോൾസ്‌ നോവലിനെ വിലയിരുത്താം.

മലയാളത്തിലെ അപസർപ്പകസാഹിത്യത്തിൽ എന്തുകൊണ്ടും മുൻനിരയിൽ നിൽക്കേണ്ട നോവൽതന്നെയാണ് ഡോൾസ്‌. ഇക്കണ്ട കാലം മലയാളത്തിൽ കണ്ടുപോന്ന വാർപ്പ് മാതൃകകളിൽനിന്നും ഭിന്നമായ ശൈലിയിൽ ഒരു അപസർപ്പകസാഹിത്യസൃഷ്ടി സംഭവിക്കുമ്പോൾ മുഖ്യധാരാസാഹിത്യത്തിന്റെ വിശാലലോകത്തേയ്ക്ക് അപസർപ്പകസാഹിത്യം ഉൾചേരുകതന്നെ ചെയ്യും. അതിന് ഡോൾസ്‌ പോലുള്ള ഭാഷകൊണ്ടും ഘടനകൊണ്ടും ആശയംകൊണ്ടും മികച്ച സൃഷ്ടികൾ വഴിവെക്കുകയും ചെയ്യും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.