DCBOOKS
Malayalam News Literature Website

ഇന്റർനെറ്റിന്റെ കാണാപ്പുറങ്ങളിലേക്ക്…!

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ  ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഡാർക്ക് നെറ്റ് ( ആദര്‍ശ് എസ്  ) 
എന്ന പുസ്തകത്തിന്  ദിവ്യ സജി എഴുതിയ വായനാനുഭവം.

പൊതുവെ ക്രൈം ഫിക്ഷൻ നോവലുകൾ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നവയാണ്. വർത്തമാന കാലത്തിലെ ഒരു നിശ്ചിത ബിന്ദുവിൽ ഒരു കുറ്റകൃത്യം നടക്കുകയും, കാലത്തിന്റെ ആ ബിന്ദുവിൽ നിന്നു രഹസ്യങ്ങൾ തേടി കുറ്റാന്വേഷകൻ പിന്നിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. ഇതാണ് ക്രൈം ഫിക്ഷൻ നോവലുകളിൽ കണ്ടു വരുന്ന രീതി. എന്നാൽ ഡി സി ബുക്ക്സ് പുറത്തിറക്കിയ ഡാർക്ക് നെറ്റ് എന്ന നോവൽ കുറ്റകൃത്യങ്ങളുടെ ഭാവി കാലത്തേക്കുള്ള വാതിൽ വായനക്കാരന് മുന്നിൽ തുറന്നിടുകയാണ് ചെയ്യുന്നത്. കുറ്റകൃത്യങ്ങൾ ഇന്നലെ, ഇന്ന്, നാളെ എന്നിങ്ങനെ തിരിച്ചാൽ നാളെയുടെ ക്രൈം സാധ്യതകളെയാണ് ഈ നോവൽ വിലയിരുത്തുന്നത്. ആഗോളവൽക്കരണവും നവലിബറൽ നയങ്ങളും ലോകമൊട്ടാകെയുള്ള കോർപറേറ്റുകൾക്ക് ഒരൊറ്റ മാർക്കറ്റിന്റെ സാദ്ധ്യതകൾ നൽകുമ്പോൾ തന്നെ അധോലോക പ്രവർത്തങ്ങൾക്കും ലോകവ്യാപകമായുള്ള ഒരൊറ്റ പ്ലാറ്റ്ഫോം എന്ന ആശയം രൂപം കൊള്ളുന്നതിന് അത് കാരണമായി തീർന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ പ്രാദേശിക സ്വഭാവങ്ങൾ എല്ലാം പോയ് മറഞ്ഞു കഴിഞ്ഞുവെന്നും ഇന്ന് ക്രൈം ആസൂത്രണം ചെയ്യുന്നതും നടപ്പിൽ വരുത്തുന്നതും ലോകത്തിലെ വിദൂരമായ പല പല കോണുകളിൽ ഇരുന്നാണെന്നും അതിനെയെല്ലാം ഏകോപിപ്പിക്കുന്നത് ഇന്റർനെറ്റ് എന്ന സൈബർ പ്ലാറ്റ്ഫോം ആണെന്നും പറഞ്ഞു വെക്കുകയാണ് നോവലിസ്റ്റ് ശ്രീ ആദർശ് എസ്.
Textഡാർക്ക് നെറ്റ് ദി ഡിജിറ്റൽ അണ്ടർ വേൾഡ് എന്ന നോവൽ ഇന്റർനെറ്റിന്റെ കാണാപ്പുറങ്ങളിലേക്ക് വായനക്കാരെ എത്തിക്കുന്ന ഒരു നോവലാണ്. മലയാളം ക്രൈം ഫിക്ഷൻ നോവലുകളിൽ ഇതൊരു പുതിയ വായനാനുഭവമാണ്. ഡാർക്ക് നെറ്റ് എന്ന ഒരു വിഷയത്തെ കുറിച്ച് വളരെ ലളിതമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു നൽകുന്ന രീതിയിലേക്ക് ക്രൈം ഫിക്ഷൻ നോവലുകൾ മാറുമ്പോൾ ഒറ്റ തവണ വായിച്ചു വലിച്ചെറിയുന്ന പുസ്തകങ്ങൾ എന്നതിനപ്പുറത്തേക്ക് വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട പുസ്തകങ്ങളായി ക്രൈം ഫിക്ഷൻ നോവലുകൾ മാറുന്നു.

നോവൽ വായിച്ചു തുടങ്ങുമ്പോൾ ഒരു വിദേശ ഭാഷ നോവലിന്റെ വിവർത്തനം വായിക്കുന്ന പ്രതീതിയാണ്. ഇരുണ്ടതും ചടുലവുമായ ഒരു വിഷയം , തീർത്തും സ്വാഭാവികമായി നിരവധി കഥാപാത്രങ്ങളിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് കഥാകൃത്ത്.. ഇന്റർനെറ്റിന്റെ ഞെട്ടിക്കുന്ന ഇരുണ്ട വശങ്ങൾ നമുക്ക് മുന്നിൽ അനാവൃതമാക്കി കഥ മുന്നോട്ട് പോകുമ്പോൾ ആകാംക്ഷയ്ക്കൊപ്പം ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ ഡാർക്ക് നെറ്റിലേക്ക് പ്രവേശിക്കാനും അവിടെ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാനും വായനക്കാരന് പ്രേരണ ഉണ്ടാക്കുന്നുണ്ട് ഈ നോവൽ. ഡാർക്ക് നെറ്റും, ഡീപ്പ് വെബും, റെഡ് റൂമും മാൽവെയർ അറ്റാക്കുകളും, ക്രിപ്റ്റോ കറൻസിയും തുടങ്ങി നമുക്കറിയാത്ത അറിവിന്റെ ഒരുപാടു നുറുങ്ങുകൾ ഈ നോവലിൽ കുറിച്ചിട്ടുണ്ട്.

ലോക വ്യാപകമായി വൃത്തികെട്ടതും സംഘടിതവുമായ കുറ്റകൃത്യങ്ങൾ നടക്കുന്നത് പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ പോകുന്നത് കുറ്റവാളികൾക്ക് സുരക്ഷിതമായി ഒളിഞ്ഞിരിക്കാനുള്ള സൗകര്യം സൈബർ ലോകത്ത് ഉള്ളത് കൊണ്ടാണ്.
നോവൽ തുടങ്ങുമ്പോൾ ഹേബ മറിയം അതി വേഗതയിൽ കാറിൽ കെയ്റോയിൽ നിന്നും അലക്സാൻഡ്രിയയിലേക്ക് യാത്ര ചെയ്യുകയാണ്. ആ സമയം മുതൽ വായനക്കാരനും അതേ വേഗതയിൽ നോവലിനൊപ്പം യാത്ര ചെയ്തു തുടങ്ങും.ആ യാത്ര അവസാന പേജിൽ മാത്രമേ വായനക്കാരന് അവസാനിപ്പിക്കാൻ കഴിയു.. കാരണം വായനക്കാരിൽ ആകാംക്ഷ അത്രയേറെ വളർത്തുന്നുണ്ട് ഈ നോവൽ.

സാധാരണ ഒരു ഫിക്ഷൻ എഴുതുന്നതിലും തന്ത്രപ്രധാനമാണ് ക്രൈം ത്രില്ലറുകൾ എഴുതുക എന്നത്. എന്തെന്നാൽ സാധാരണ ഫിക്ഷനുകളിൽ വായനക്കാരൻ യുക്തിയുടെ സാധ്യതകൾ തേടുന്നില്ല. അവിടെ ഫാന്റസിയും മാജിക്കൽ റിയലിസവും ഒക്കെ ആകാം അതായതു ലോജിക് അവിടെയൊരു വിഷയമാകുന്നില്ല. എത്രത്തോളം ലോജിക് ഇല്ലാതാകുന്നോ അത്രത്തോളം സാഹിത്യപരമായ മേന്മ ആ പുസ്തകങ്ങൾ അവകാശപ്പെടും. എന്നാൽ ക്രൈം ഫിക്ഷൻ രചനയിൽ അത് നേരെ തിരിച്ചാണ്. യുക്തിയുടെ ചെറിയ പാളിച്ച പോലും വായനക്കാരൻ സഹിക്കില്ല.ഡാർക്ക് നെറ്റ് എന്ന നോവൽ സംഭവങ്ങളെ യുക്ത്യാധിഷ്ഠിതമായി അവതരിപ്പിക്കുന്നതിൽ ഏറെ കുറെ പൂർണവിജയം നേടിയെന്നു പറയാം. പല പല സംഭവങ്ങളെ കോർത്തിണക്കുകയും വായനക്കൊടുവിൽ യുക്തിപരമായി അവയെ എല്ലാം ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇരുട്ടിലും പ്രകാശത്തിന്റെ കിരണങ്ങൾ തേടുന്ന ഇരുളിലും നന്മയുടെ അംശങ്ങൾ തേടുന്ന കുറെയേറെ കഥാപാത്രങ്ങൾ വായനക്കാരനെ പുതിയൊരു ലോകത്തേക്ക് കൈ പിടിച്ചു നടത്തുന്നു.. നോവൽ, ഡാർക്ക് നെറ്റിലെ ഡ്രഗ്സ്, സെക്സ്, ആയുധ കച്ചവടങ്ങളെ കുറിച്ച് പറയുമ്പോൾ തന്നെ ഡാർക്ക് നെറ്റിൽ ഒളിഞ്ഞു കിടക്കുന്ന അറിവിന്റെ പ്രപഞ്ചത്തെയും, ഹിഡൻ വിക്കി പോലുള്ള വിഞ്ജാന കലവറകളെയും നോവലിസ്റ്റ് പരിചയപ്പെടുത്തുന്നു.

മാസ്റ്റർ, മേജർ,അഖില എന്നിങ്ങനെ നിഗൂഢതയുടെ പരിവേഷമണിഞ്ഞ കഥാപാത്രങ്ങളും ശിഖ, അലൻ, ശിവന്തിക തുടങ്ങിയ മുഴു നീള കഥാപാത്രങ്ങളും ഡാർക്ക് നെറ്റ് എന്ന പശ്ചാത്തലവും സസ്പെന്സുകളുടെ വേലിയേറ്റവും യുക്തിയധിഷ്ഠിതമായ വിശകലനങ്ങളും, എല്ലാം നോവലിനെ ഒരു മികച്ച ക്രൈം ഫിക്ഷൻ നോവൽ ആയി അടയാളപ്പെടുത്തുന്നു. ലോക നിലവാരമുള്ള ക്രൈം ഫിക്ഷൻ നോവലുകൾ മലയാളത്തിലും ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ ക്രൈം ഫിക്ഷൻ നോവൽ മത്സരം നടത്തിയ ഡി സി ബുക്സിന്റെ ശ്രമം ഒട്ടും പാഴായി പോയിട്ടില്ല.. ഡാർക്ക് നെറ്റിനും എഴുത്തുകാരനും എല്ലാ വിധ ഭാവുകങ്ങളും…

പുസ്തകം  വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.