DCBOOKS
Malayalam News Literature Website

അനശ്വരകവിയുടെ ഗാനമാധുരിയില്‍ അലിഞ്ഞുചേരാം…

ഒരു കേള്‍വിസുഖത്തിനപ്പുറം മലയാള ചലച്ചിത്രസംഗീതത്തെ അടുത്തറിയാന്‍ ശ്രമിച്ച ആദ്യനാളുകളില്‍ തന്നെ ഹൃദയത്തിലേക്ക് കയറിവന്ന പേരുകളിലൊന്നാണ് വയലാര്‍ എന്നത്. രാമവര്‍മ്മ തിരുമുല്‍പ്പാട് എന്ന പേരില്‍ അദ്ദേഹം കവിതകള്‍ എഴുതിയിരുന്നുവെന്നും പിന്നീട് ചലച്ചിത്രഗാനങ്ങള്‍ തന്റെ എഴുത്തിന്റെ ഭാഗമായി വളര്‍ന്നപ്പോള്‍ വയലാര്‍ രാമവര്‍മ്മ എന്ന പേര് സ്വീകരിച്ചു എന്നൊക്കെ എവിടെയൊക്കയോ വായിച്ചതോര്‍ക്കുന്നുണ്ടെങ്കിലും മാള എന്ന് പറയുമ്പോള്‍ മാള അരവിന്ദനെന്ന സിനിമാനടന്റെയും ജഗതി എന്ന് കേള്‍ക്കുമ്പോഴേ ജഗതി ശ്രീകുമാറെന്ന അഭിനയസാമ്രാട്ടിന്റെയും ചിത്രം മനസ്സില്‍ തെളിയുന്നതുപോലെ ‘വയലാര്‍’ എന്ന ചെറിയ പദം ധാരാളമായിരുന്നു ഗാനാസ്വാദക മനസ്സില്‍ അദ്ദേഹത്തിന്റെ രൂപവും ഗാനങ്ങളും ഓടിയെത്തുന്നതിന്. മിക്കപ്പോഴും വയലാര്‍-ദേവരാജന്‍-യേശുദാസ് എന്ന സിനിമയിലെ നക്ഷത്ര ത്രയമാണ് സ്മരണയില്‍ ഓടിയെത്തുക. ഗാനഗന്ധര്‍വനെന്ന് നമ്മള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ദാസേട്ടനും തൊട്ടതൊക്കെ പൊന്നാക്കിയ സംഗീതസംവിധായകന്‍ ദേവരാജന്‍ മാഷും കൂടി എത്രയെത്ര വയലാറിന്റെ വരികളാണ് അവിസ്മരണീയമാക്കി മലയാളത്തിന് നല്‍കിയിട്ടുള്ളത്.

ടി.പി.ശാസ്തമംഗലം എന്ന പേരിനോടുള്ള ഇഷ്ടവും (അന്നൊക്കെ പെരുമാത്രമേ അറിയാമായിരുന്നുള്ളൂ. ഈ അടുത്ത കാലത്താണ് അദ്ദേഹത്തെ ഒന്ന് നേരില്‍ കാണാനുള്ള ഭാഗ്യം ഉണ്ടായത്) തുടങ്ങുന്നത് മങ്ങിത്തുടങ്ങിയ പഴയ ഓര്‍മ്മകളില്‍ നിന്നുതന്നെയാണ്. ഗാനങ്ങളെ ഇഴപിരിച്ചെടുത്ത് അപഗ്രഥിക്കുന്ന ഇത്രയും പഴക്കമുള്ള മറ്റൊരു നിരൂപകന്റെ പേര് എന്റെ ഓര്‍മ്മയില്‍ കാണുന്നില്ല.

കുഞ്ഞിന്റെ നിഷ്‌കളങ്കത മുഴുവന്‍ വരികളില്‍ നിറഞ്ഞുനില്‍ക്കുന്ന കൂടപ്പിറപ്പിലെ ‘തുമ്പീ തുമ്പീ വാ വാ’എന്ന ഗാനത്തിന്റെ സാരവും അതിനുപയോഗിച്ച പദങ്ങളുടെ ഭംഗിയും ഒന്നൊന്നായി വിശദീകരിച്ച് വയലാറിന്റെ ചലച്ചിത്ര ഗാനലോകത്തിലേക്കുള്ള പ്രവേശം മഹനീയമായി അവതരിപ്പിച്ചുകൊണ്ട് ശ്രീ.ടി.പി.ശാസ്തമംഗലം വയലാറിന്റെ ഗാനസാഹിത്യത്തിലൂടെ ഒരു യാത്രക്കൊരുങ്ങുമ്പോള്‍ മുതല്‍ വായനക്കാര്‍ ആ മാസ്മരിക ലഹരിയില്‍ മുങ്ങിപ്പോകാതിരിക്കില്ല. ‘കുണുക്കിട്ട കോഴി കുളക്കോഴി’എന്ന രണ്ടാമത്തെ അധ്യായത്തിലും ഗാനങ്ങളിലെ പദസ്വാധീനത്തെക്കുറിച്ചാണ് വിവരിക്കുന്നത്. മറ്റു കവികളെ അസൂയപ്പെടുത്തുംവിധം പദസ്വാധീനം ആര്‍ജിച്ച കവിയാണ് വയലാര്‍ എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നിരത്തിവക്കുന്നുണ്ട്.

‘കറുത്ത ചക്രവാളമതിലുകള്‍ ചൂഴും’എന്ന ശീര്‍ഷകത്തിലുള്ള പിന്നീടുള്ള അധ്യായത്തില്‍ കവിതക്കും ഗാനത്തിനും തമ്മിലുള്ള അതിര്‍വരമ്പ് പലപ്പോഴും വയലാറിന്റെ കാര്യത്തില്‍ ഇല്ലാതായി എന്നതിനെ സാധൂകരിക്കുന്ന വിശദീകരണങ്ങളാണ്. പ്രണയത്തെക്കുറിച്ച് വയലാറിന്റെ വീക്ഷണമെന്തായിരുന്നുവെന്ന് അദ്ദേഹം പലപ്പോഴായി എഴുതിയ ഗാനങ്ങളെ മുന്‍നിര്‍ത്തി പരിശോധിക്കുന്നതും വളരെ രസകരം തന്നെ. തുടര്‍ന്ന് ഇതുപോലെ ഗ്രാമീണ ഗാനങ്ങള്‍, തത്വചിന്തയിലധിഷ്ഠിതമായ ഗാനങ്ങള്‍, ഹൈന്ദവ ഭക്തിഗാനങ്ങള്‍, ക്രൈസ്തവ മുസ്‌ലിം ഗാനങ്ങള്‍, വിപ്ലവഗാനങ്ങള്‍, ഈശ്വരനിഷേധഗാനങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ആഴമേറിയ അറിവും സര്‍ഗ്ഗഭാവനയും സമന്വയിച്ചുകൊണ്ട് രൂപപ്പെട്ട അസംഖ്യം ഗാനങ്ങളിലൂടെ അവയുടെ അര്‍ത്ഥമറിഞ്ഞുകൊണ്ട് വായനക്കാര്‍ക്ക് യാത്ര ചെയ്യാം ശ്രീ ശാസ്തമംഗലത്തിനോടൊപ്പം.

യാത്രയവസാനിച്ചാല്‍ കുറെ നല്ല ഗാനങ്ങള്‍ ഹൃദയത്തില്‍ തെളിഞ്ഞുനില്‍ക്കും. അവയോരോന്നും പിന്നീട് കേള്‍ക്കുമ്പോള്‍ ഇതുവരെ കേട്ടരീതിയില്‍ ആയിരിക്കില്ല കാതുകള്‍ സ്വീകരിക്കുക. കുറേക്കൂടി മധുരതരവും പ്രകാശപൂരിതവുമായി അവ മാറിക്കഴിഞ്ഞിരിക്കും.

ഇത്രയും പറഞ്ഞതില്‍നിന്നും ശ്രീ.ടി.പി.ശാസ്തമംഗലം വയലാറിന്റെ വെറും ഒരു സ്തുതിപാഠകനായിപ്പോയിട്ടുണ്ടോയെന്ന് തെറ്റിദ്ധരിക്കരുത്. പറയേണ്ട ന്യൂനതകള്‍ അതാതുസ്ഥലങ്ങളില്‍ രേഖപ്പെടുത്താനും അദ്ദേഹം മടികാണിക്കുന്നില്ല. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം.

‘പുഴകള്‍ മലകള്‍ പൂവനങ്ങള്‍
ഭൂമിക്കുകിട്ടിയ സ്ത്രീധനങ്ങള്‍’ എന്ന ‘നദി’യിലെ പ്രശസ്ത ഗാനം നോക്കുക.

ഭൂമിയെ ആരും പുരുഷനായി കല്പിക്കാറില്ല. വൈദികസാഹിത്യം മുതല്‍ ആധുനിക കവിത വരെയുള്ള എല്ലാ പരാമര്‍ശങ്ങളിലും ഭൂമി സ്ത്രീ തന്നെയാണ്. അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന് സംഭവിച്ച കൈപ്പിഴ തന്നെയാണിതെന്ന് ചൂണ്ടിക്കാട്ടുന്നു ടി.പി.ശാസ്തമംഗലം.

ഇനി മറ്റൊന്ന്.

മന്ദസമീരനില്‍ ഒഴുകി ഒഴുകിയെത്തും
ഇന്ദ്രചാപം നീ
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും
ഇന്ദുഗോപം നീ
(ചിത്രം:ചട്ടക്കാരി)

ഈ പാട്ടിറിങ്ങിയകാലത്ത് മലയാളഭാഷയും സാഹിത്യവും ഐച്ഛികവിഷയമായെടുത്തു പഠിക്കുന്നവരായിട്ടുപോലൂം ഇന്ദുഗോപത്തിന്റെ അര്‍ത്ഥമറിയാന്‍ അധ്യാപകനെ ആശ്രയിക്കേണ്ടി വന്നതായി അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. മിന്നാമിനുങ്ങ് എന്നാണ് ആ വാക്കിന്റെ അര്‍ത്ഥമെന്ന് ഈ പുസ്തകം വായിക്കുംവരെ എനിക്കും അറിയുമായിരുന്നില്ല കേട്ടോ.

എന്നാല്‍ സാധാരണക്കാരുടെ കവിത എന്ന് വിശേഷിപ്പിക്കുന്ന ഗാനത്തില്‍ അവര്‍ക്ക് പരിചിതമില്ലാത്ത പദങ്ങള്‍ വയലാര്‍ കൊണ്ടുവന്നതിനെ സ്വാഗതം ചെയ്യാനുണ്ടായ സാഹചര്യം കൂടി അറിഞ്ഞാലേ അതിനെ ശരിക്ക് വിലയിരുത്താന്‍ കഴിയൂ.അതെന്താണന്നല്ലേ? വേണ്ട, അത് നിങ്ങള്‍ തന്നെ ഈ പുസ്തകത്തില്‍നിന്നും നേരിട്ടറിയൂ. ഏറെക്കുറെ സമഗ്രമായ വയലാറിന്റെ ഗാനാസ്വാദനം പകര്‍ന്നുതരുന്ന ഈ മനോഹരപുസ്തകം സ്വന്തമാക്കൂ.പുതിയൊരു പാട്ടുരസത്തിലലിഞ്ഞുചേരൂ.

ടി.പി.ശാസ്തമംഗലം രചിച്ച ആയിരം പാദസരങ്ങള്‍ എന്ന പഠനഗ്രന്ഥത്തിന് കിഷോര്‍ ദാസ് എഴുതിയ വായനാനുഭവത്തില്‍നിന്നും

Comments are closed.