DCBOOKS
Malayalam News Literature Website

‘വെറുതെയാണെന്റെ സ്വാസ്ഥ്യം…!’

ടി.ഡി.രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന നോവലിന് മാധ്യമപ്രവര്‍ത്തകന്‍ ജയന്‍ മഠത്തില്‍ എഴുതിയ വായനാനുഭവം

കുറച്ചു ദിവസം ഞാനൊരു യാത്രയിലായിരുന്നു. ഫാത്തിമ നിലോഫര്‍ എന്ന കശ്മീരി പെണ്‍കുട്ടി അവളുടെ യാത്രയ്‌ക്കൊപ്പം എന്നെ കൂട്ടുകയായിരുന്നു. 2019 ആഗസ്റ്റ് നാലിനു തുടങ്ങിയ യാത്ര 13-ന് അവസാനിച്ചു. അപ്പോഴും അധിനിവേശക്കാരാല്‍ മാനഭംഗം ചെയ്യപ്പെട്ട കശ്മീര്‍ താഴ്‌വരയുടെ കണ്ണുനീരുപോലെ, ഝലം നദി തേങ്ങി തേങ്ങി ഒഴുകുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ കശ്മീര്‍ താഴ്‌വരയ്ക്ക്, പട്ടാളക്കാരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട്, അച്ഛനാരെന്ന് അറിയാതെ കുഞ്ഞിനെ പ്രസവിച്ച് ജീവിതകാലം മുഴുവന്‍ വിധവയായി കഴിയേണ്ടിവന്ന നിലോഫര്‍ ഭട്ടിന്റെ മുഖമായിരുന്നു.

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്നപ്പോള്‍ തെരുവില്‍ നിന്നും ദിശതെറ്റി വന്ന് കണ്ണിന് തൊട്ടുമുകളില്‍ പെല്ലറ്റ് തുളച്ചു കയറി, വേദനകൊണ്ട് പുളഞ്ഞു ജീവിക്കുന്ന യാസിന്റെ മുഖമായിരുന്നു. ഏതു നിമിഷവും ഭീകരന്‍മാരാലോ, പട്ടാളക്കാരാലോ പിച്ചിചീന്തപ്പെടാം എന്ന, ഭയത്തിന്റെ നിശാവസ്ത്രത്തില്‍ ഉറങ്ങുന്ന ഫാത്തിമയുടെ മകള്‍ മെഹറിന്റെ ദയനീയ മുഖമായിരുന്നു. മകളെയും മകനേയും കൊണ്ട് സ്വാതന്ത്ര്യത്തിന്റെ തുറസ്സിടങ്ങളിലേക്ക് പലായനം ചെയ്ത്, പട്ടാളക്കാരുടെ വെടിയുണ്ടകളേറ്റ് ചെമ്പരത്തി പൂ പോലെ ചിതറി തെറിച്ചു പോയ ഫാത്തിമ നിലോഫറിന്റെ മുഖമായിരുന്നു. ”പരമകാരുണ്യവാനായ നാഥാ, ഈ നരകത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണേ…” എന്ന് ആകാശത്തേക്ക് നോക്കി കൈകള്‍ ഉയര്‍ത്തി ഫാത്തിമ പ്രാര്‍ഥിക്കുമ്പോള്‍ നമ്മളും അതില്‍ പങ്കാളിയാകുന്നു. ടി.ഡി.രാമകൃഷ്ണണന്റെ ഏറ്റവും പുതിയ നോവല്‍, ‘അന്ധര്‍ ബധിരര്‍ മൂകര്‍’ എന്ന നോവല്‍ വായിക്കുമ്പോള്‍ നിങ്ങള്‍ ഉറക്കെ വിളിച്ചു പറയും; ‘വെറുതെയാണെന്റെ സ്വാസ്ഥ്യം.’

അവള്‍, അദ്ദേഹത്തെ ശല്യം ചെയ്യാതെ മുന്നിലെ കസേരയിലിരുന്നു. എന്നിട്ട് പതിയെ പറഞ്ഞു: ”സ്വാതന്ത്ര്യദിനമായിട്ട് എന്താണിങ്ങനെ കിടന്നുറങ്ങുന്നത്? ടെലിവിഷനില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയില്‍ ത്രിവര്‍ണപതാകയുയര്‍ത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന കാഴ്ചകളാണ്, കാണണ്ടേ?’

‘വേണ്ട, ഇക്കൊല്ലം ഈ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ക്ക് അതു കാണാനുള്ള അവകാശമില്ല. അവര്‍ക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനും കഴിയില്ല. പുറംലോകത്തോട് സംസാരിക്കാനും സാധ്യമല്ല. കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവരുടെ അവകാശം ഗവണ്‍മെന്റ് കവര്‍ന്നെടുത്തിരിക്കുകയാണ്. അതുകൊണ്ട് എനിക്ക് ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷമില്ല. ‘എന്നു പറഞ്ഞ നോവലിസ്റ്റിനോട് കശ്മീരിന്റെ നൊമ്പരപ്പൂവ് പറയുന്നു: ”താങ്കള്‍ തന്നെയാണ് എന്റെ കഥയെഴുതേണ്ടത്.’

1937-ല്‍ നാസി പട്ടാളം വടക്കന്‍ സ്‌പെയിനിലെ ബാസ്‌ക് പട്ടണം ബോംബിട്ടു തകര്‍ത്തപ്പോള്‍ അതിന്റെ ഭീകരത പാബ്ലോ പിക്കാസോ തീക്ഷ്ണനിറങ്ങള്‍ ഉപയോഗിച്ച് ക്യാന്‍വാസിലേക്ക് പകര്‍ത്തി. ‘ഗര്‍ണിക്ക’ വരച്ച പിക്കാസോവിനെ തേടി ജനറല്‍ ഫ്രാങ്കോയുടെ പട്ടാളമെത്തി. അവര്‍ ചോദിച്ചു: ”ഇത് നിങ്ങളാണോ വരച്ചത്?’ പിക്കാസോ പറഞ്ഞു: ”അല്ല, അതു വരച്ചത് നിങ്ങളാണ്.’ കാലത്തിന് നേരേ തിരിച്ചു പിടിച്ചൊരു ഉത്തരമായിരുന്നു അത്. ടി.ഡി.ആര്‍. പറയുന്നു: ഈ നോവല്‍ എഴുതിയത് ഞാനല്ല, ഫാത്തിമ നിലോഫറാണ്. ഫാത്തിമ ജീവിച്ച കശ്മീര്‍ താഴ്‌വരയാണ്. അവിടുത്തെ ജീവിതത്തെ നിയന്ത്രിക്കുന്ന ഭരണകൂടമാണ്. ‘തെരുവില്‍ ഒരു അനീതിയുണ്ടായാല്‍ അന്ന് വൈകുന്നേരത്തിന് മുന്‍പ് അവിടെയൊരു സമരമുണ്ടാകണം. അല്ലെങ്കില്‍ ആ തെരുവ് കത്തിച്ചാമ്പലാകണം’ എന്ന ബ്രഹ്ത്തിന്റെ വാക്കുകള്‍ ഇടിമുഴക്കം പോലെ ചെവിയില്‍ അലകള്‍ തീര്‍ക്കുന്നു.

2019 ആഗസ്റ്റ് നാലിന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം 35 A യും അനുസരിച്ച് ജമ്മു കശ്മീരിനുണ്ടായിരുന്ന എല്ലാ പ്രത്യേക പദവികളും റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഒപ്പുവച്ചപ്പോള്‍ കശ്മീരികള്‍ക്ക് നഷ്ടമായത് ഭരണഘടനയോ ദേശീയപതാകയോ സംസ്ഥാന പദവിയോ ഒന്നുമല്ല, ജീവിതമായിരുന്നു. ‘കശ്മീര്‍ വുമണ്‍ ഫോര്‍ പീസി’ന്റെ (KWP) നേതാവ് സുനന്ദിനി, കാലിന്റെ വേദന വകവയ്ക്കാതെ സംസാരിച്ചു തുടങ്ങി: ‘കശ്മീര്‍ താഴ്‌വരയിലെ പ്രിയപ്പെട്ട അമ്മമാരേ, സഹോദരിമാരേ, കുഞ്ഞുങ്ങളേ…. താഴ്‌വര അതീവ ഗുരുതരമായൊരു രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. വലിയൊരു ദുരന്തം സംഭവിക്കാന്‍ പോകുന്നുവെന്നതു വ്യക്തമാണ്. അതിന്റെ എല്ലാ ലക്ഷണങ്ങളും നമുക്കു ചുറ്റും കാണാനുണ്ട്. നമ്മുടെ കൂട്ടായ്മയെ നയിക്കുന്ന റുബീന മുഹമ്മദ് കുറച്ചു മുമ്പ് അറസ്റ്റു ചെയ്യപ്പെട്ടു. താഴ്‌വരയുടെ സമാധാനത്തിനു വേണ്ടി നിങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചതാണ് അവര്‍ ചെയ്ത കുറ്റം. നിര്‍ഭാഗ്യവശാല്‍ ഈ താഴ്‌വര രണ്ടു രാജ്യങ്ങള്‍ക്ക് പരസ്പരം ഏറ്റുമുട്ടാനുള്ള ഇടമായിപ്പോയി. Give Power to Woman and Say No to War.”

നോവലിന്റെ മറ്റൊരിടത്ത്, ‘അധിനിവേശകരാല്‍ മാനഭംഗം ചെയ്യപ്പെട്ട താഴ്‌വരയുടെ കണ്ണുനീരു പോലെ, ഝലം നദി തേങ്ങിത്തേങ്ങി ഒഴുകുന്നത് നിങ്ങള്‍ കാണുന്നില്ലേ’ എന്നു തുടങ്ങുന്ന ജി.ആറിന്റെ കൊച്ച് എഡിറ്റോറിയല്‍, അത് എഴുതിയിരുന്നില്ലെങ്കില്‍ ജി.ആര്‍. ചിലപ്പോള്‍ ഇപ്പോഴും ജീവിക്കുമായിരുന്നു’ എന്ന ഫാത്തിമ നിലോഫറിന്റെ ഏറ്റുപറച്ചില്‍ ഒരു ഞെട്ടലോടെയാണ് നാം കേള്‍ക്കുന്നത്. ഇന്ത്യയുടെ വര്‍ത്തമാനകാല ചരിത്രത്തിലേക്ക് നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ നിര്‍ദാക്ഷിണ്യം ഭരണകൂടവും ഭീകരന്മാരും എങ്ങനെയാണ് കശക്കിയെറിയുന്നത് എന്നതിന്റെ കണ്ണാടിക്കാഴ്ചയാണ് ടി.ഡി. ‘അന്ധര്‍ ബധിരര്‍ മൂകര്‍’ എന്ന നോവലിലൂടെ അവതരിപ്പിക്കുന്നത്. നോവല്‍ തെരുവീഥിയിലൂടെ കൊണ്ടു നടക്കാവുന്ന കണ്ണാടിയാണ് എന്ന അനത്തൊളെ ഫ്രാന്‍സിന്റെ നിര്‍വചനം ടി.ഡി.ആറിന്റെ നോവലില്‍ അഭിജാത ഗൗരവത്തോടെ കടന്നു വരുന്നു.

ദേശീയത മനുഷ്യന് ഒരു ഉപകരണമാകണമെന്നും, ദേശീയത മനുഷ്യന് ഒരു തടസ്സമായിക്കൂടെന്നും പറഞ്ഞത് എം.എന്‍.വിജയനാണ്. തെങ്ങുകയറാന്‍ കാലിലിടുന്ന തളപ്പ് കാലുകെട്ടാനുള്ള കയറായിത്തീര്‍ന്നു കൂടാ എന്നു പറഞ്ഞു കൊണ്ടാണ് വിജയന്‍ മാഷ് ദേശീയതയെപ്പറ്റിയുള്ള ചര്‍ച്ച ആരംഭിക്കുന്നത്. ദേശീയത എന്ന വാക്കിന്റെ അര്‍ഥം അന്വേഷിക്കുന്നുണ്ട് ടി.ഡി.ആര്‍. തന്റെ നോവലില്‍. ഉമ്മയെയും രണ്ടു കുഞ്ഞുങ്ങളെയുംകൊണ്ട് ഫാത്തിമ നിലോഫര്‍ നടത്തുന്ന പലായനം ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വലിയൊരിടം തുറന്നിടുന്നുണ്ട്. ‘എന്റെ അഭിപ്രായത്തെ എതിര്‍ക്കാനുള്ള നിന്റെ സ്വാതന്ത്യത്തെ ഞാനെന്റെ ജീവന്‍ നല്‍കി സംരക്ഷിക്കു’മെന്നാണ് ഏറ്റവും വലിയ ജനാധിപത്യവാദി വോള്‍ട്ടയര്‍ പറഞ്ഞത്. ഒരു ദിവസം പട്ടാളക്കാര്‍ ഫാത്തിമയുടെ വീട്ടിലേക്ക് കടന്നു വന്നു. വീടാകെ അരിച്ചുപെറുക്കി. സംശയിക്കത്തക്ക ഒന്നും അവര്‍ക്ക് അവിടെ നിന്നു കിട്ടിയില്ല. പുസ്തക ഷെല്‍ഫില്‍ നിന്നും സെയ്ദ് അലി ഷാ ഗീലാനിയുടെ ‘നവായി ഹുരിയത്ത്’, ആഗാ ശഹീദ് അലിയുടെ ‘ദി കണ്‍ട്രി വിത്ത് ഔട്ട് എ പോസ്‌റ്റോഫീസ്’, അരുന്ധതി റോയിയുടെ ‘ദ മിനിസ്റ്ററി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനസ്’ എന്നീ പുസ്തകങ്ങള്‍ കിട്ടുന്നു. ‘ആരാണ് ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നത് ‘ എന്ന പട്ടാള ഓഫീസറുടെ ചോദ്യം ഫാസിസത്തിന്റെ ചോദ്യമാണ്. നിങ്ങള്‍ എന്തു കഴിക്കണം എന്നു മാത്രമല്ല, നിങ്ങള്‍ എന്തു വായിക്കണം എന്നും തീരുമാനിക്കുന്ന ഭരണകൂട ഭീകരതയുടെ വികൃതമുഖമായിരുന്നു പട്ടാള ഓഫീസറുടെ പേടിപ്പെടുത്തുന്ന ശബ്ദത്തില്‍ നാം കേട്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നമ്മള്‍ അഭിമാനം കൊള്ളുമ്പോള്‍ എന്താണ് നമ്മുടെ ജനാധിപത്യം എന്ന മറുചോദ്യം അന്തരീക്ഷത്തില്‍ ഉയര്‍ന്നു വരുന്നത് വര്‍ത്തമാനകാല ഇന്ത്യയുടെ ദുരവസ്ഥയാണ്.

ലോകത്തിലെ ഏറ്റവും സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രം ഫാസിസമാണ് എന്ന് ടി.ഡി.ആറിന്റെ നോവല്‍ നമ്മോട് വിളിച്ചു പറയുന്നുണ്ട്. ഫാസിസത്തെ പ്രതിരോധിക്കുക എന്നത് സ്വയം രക്ഷപ്പെടുന്നതിനു വേണ്ടി മാത്രമല്ല, മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ളതുകൂടിയാണ് എന്ന് ഫാത്തിമ നിലോഫര്‍ പറഞ്ഞു തരുന്നുണ്ട്. താലിബാന്‍ ക്യാമ്പില്‍ അകപ്പെട്ടു പോയപ്പോള്‍, തന്റെ മകള്‍ മെഹറിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി തോക്കുചൂണ്ടി, താലിബാന്‍ നേതാവിനെ ഗണ്‍പോയിന്റില്‍ നിറുത്തിയ ഫാത്തിമ പക്ഷേ, ഇന്ത്യന്‍ മേജര്‍ മല്‍ഹോത്രയ്ക്കു മുന്നില്‍ കീഴ്‌പ്പെട്ടു പോകുന്നു. അര്‍ധരാത്രിയുടെ നിശബ്ദതയില്‍ സ്വതന്ത്ര്യം തേടിപ്പോയ ഫാത്തിമയുടെ കുടുംബത്തിന് നഷ്ടപ്പെട്ടത് മൂന്ന് ജീവനുകളാണ്. ഒടുവില്‍ കുടുംബത്തിലെ പുതു തലമുറക്കാരായ മെഹറും യാസിനും സ്വാതന്ത്ര്യത്തിന്റെ തുറസ്സിടത്തേക്ക് എത്തുന്നതായി പറഞ്ഞു കൊണ്ടാണ് ടി.ഡി.ആര്‍. തന്റെ നോവല്‍ അവസാനിപ്പിക്കുന്നത്. താലിബാന്‍ ക്യാമ്പില്‍ അകപ്പെട്ടു പോയപ്പോള്‍ മെഹറിനോട് ഫാത്തിമ പറയുന്നുണ്ട്; ‘രണ്ടു തരം അന്ധന്‍മാരുണ്ട്. കണ്ണിന്റെ കാഴ്ച നഷ്ടമായവരും, മനസിന്റെ കാഴ്ച നഷ്ടമായവരും. ഇവര്‍ രണ്ടാമത്തെ വിഭാഗമാണ്.’ താഴ്‌വരയില്‍ നടക്കുന്ന ‘വിശുദ്ധ യുദ്ധ’ത്തിന്റെ ശുദ്ധിയില്ലായ്മയെയാണ് ഫാത്തിമ ചോദ്യം ചെയ്യുന്നത്.

നോവലിന്റെ രചനയ്ക്കിടയില്‍ ഫാത്തിമ നിലോഫറുമായി കലഹിച്ചതായി ടി.ഡി.ആര്‍. ആമുഖത്തില്‍ പറയുന്നുണ്ട്. നോവലിസ്റ്റ് എഴുതുന്നു: ‘അവള്‍ ഇന്ത്യന്‍ അധിനിവേശ കശ്മീരെന്നും അധിനിവേശ സേനയെന്നും എഴുതിയത് എനിക്ക് തിരുത്തേണ്ടി വന്നു. പക്ഷേ, വിമോചന പോരാളികള്‍ എന്നതിനു പകരം വിഘടനവാദികളെന്നോ ഭീകരപ്രവര്‍ത്തകര്‍ എന്നോ എഴുതാന്‍ ഫാത്തിമ ഒരിക്കലുമെന്നെ അനുവദിച്ചിരുന്നില്ല.’ നോവലിസ്റ്റിന്റെ ഈ സത്യവാങ്മൂലം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുന്നതാണ്. നോവല്‍ രചന പൂര്‍ത്തിയായപ്പോള്‍ എന്ത് പേരിടണം എന്ന നോവലിസ്റ്റിന്റെ ചോദ്യത്തിന് ഒരു സംശയവും അവള്‍ക്കില്ലായിരുന്നു. പുറംലോകവുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്‍ക്കാനും സംസാരിക്കാനും അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥയായതിനാല്‍ ‘അന്ധര്‍ ബധിരര്‍ മൂകര്‍’ എന്നു മതിയെന്ന് ഫാത്തിമ ഉറപ്പിച്ചു പറഞ്ഞു. നോവല്‍ പൂര്‍ത്തീകരിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫാത്തിമ നിലോഫര്‍ ടി.ഡി.ആറിന്റെ മനസില്‍ നിന്നും ഇറങ്ങിപ്പോയത്. എന്നാല്‍, നോവല്‍ വായിക്കുന്ന ഓരോ സഹൃദയരുടെ മനസില്‍ നിന്ന് മനസുകളിലേക്ക് അവള്‍ പലായനം ചെയ്തു കൊണ്ടേയിരിക്കുന്നു. നമ്മുടെ ഹൃദയങ്ങളിലേക്ക് അസ്വസ്ഥതയുടെ മുള്ളുകള്‍ പാകുന്നു. ഇത് അനേകം ഫാത്തിമ നിലോഫറുമാരുടെ കഥയാണ്. അവരുടെ കണ്ണീരും ചോരയും കൊണ്ടാണിത് എഴുതിയത്. ടി.ഡി.ആറിന്റെ ഈ നോവലിലെ ആശയങ്ങളോട് നിങ്ങള്‍ക്ക് യോജിക്കാം, വിയോജിക്കാം. പക്ഷേ ഇതിനെ അവഗണിക്കാനാകില്ല.

Comments are closed.