DCBOOKS
Malayalam News Literature Website

തൂക്കുകയറിന്റെ ശക്തിയുള്ള സ്ത്രീത്വം !

AARACHAR By : K R MEERA
AARACHAR
By : K R MEERA

ഭാരതത്തിന്റെയും മുഴുവൻ ലോകത്തിന്റെയും, ശക്തിയുടെയും സ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമായി ഉയർത്തപ്പെടുന്ന ചേതനാഗൃദ്ധാമല്ലിക് എന്ന 22കാരിയുടെ കഥ പറയുന്ന നോവലാണ് ആരാച്ചാർ. മെയ് 18ന് തൂക്കു വധത്തിനെതിരായുള്ള യതീന്ദ്രനാഥ് ബാനർജിയുടെ ദയാഹർജി ഗവർണർ തള്ളിയതു മുതൽ ആഗസ്ത് 14ന് അയാളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വരെയുള്ള ചേതനാഗൃദ്ധാ മല്ലിക്കിന്റെ ഏതാനും ദിവസങ്ങളാണ് നോവലിൽ ചിത്രീകരിക്കുന്നത്.

മലയാള സാഹിത്യത്തിലെ മാത്രമല്ല, ലോകസാഹിത്യത്തിലെ തന്നെ കരുത്തുറ്റ കഥാപാത്രമാണ് ചേതന. ആഖ്യാന ശൈലിയിലും കഥാപാത്ര ചിത്രീകരണത്തിലും കഥാപരിസര രൂപീകരണത്തിലും തികച്ചും വ്യത്യസ്തത പുലർത്തുന്നു കെ ആർ മീര. തൂക്കു കയറിന്റെ കയർ പിരി പോലെ ഭൂത വർത്തമാന കാലങ്ങൾ പരസ്പരം ഇഴ കലർത്തി ആവിഷ്കരിക്കുന്ന ആഖ്യാന ശൈലി, പാരമ്പര്യത്തിന്റെ മഹത്വത്തിൽ നിന്നും ഊറ്റം കൊള്ളുന്ന കഥാപാത്രങ്ങൾ. എങ്ങും മരണത്തിന്റെ ഗന്ധവും കാഴ്ചയും നൽകുന്ന കഥാപരിസരം. കൊൽക്കത്താ നഗരത്തിന്റെ പ്രൗഢ ഗംഭീരമായ സാംസ്കാരിക പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കൃതി കാലദേശാതീതമായി പ്രമേയത്തിലെ നൂതനത്വം കൊണ്ട് സാഹിത്യ നഭസ്സിൽ നിലകൊള്ളും.

സഞ്ജീവ് കുമാർ മിശ്രയെന്ന മാധ്യമ പ്രവർത്തകന്റെ കൗശലതയ്ക്കും ഫണി ഭൂഷൻ മല്ലിക് എന്ന പിതാവിന്റെ കരുതലിനും വിധേയമായി ചരിത്രത്തിലെ ആദ്യ വനിതാ ആരാച്ചാരാകാൻ വിധിക്കപ്പെടുന്ന സ്ത്രീയാണ് ചേതന. വധശിക്ഷ നീതി ഉറപ്പാക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും ആ ജോലി ചെയ്യാൻ നിർബന്ധിതയാവുകയാണ് ചേതന. പാരമ്പര്യത്തിന്റെ ശക്തിയാൽ രൂപീകരിക്കപ്പെട്ട മാനസികശക്തി ചേതനയെ മുന്നോട്ട് നയിക്കുന്നു. ക്രിസ്തുവിനും നാന്നൂറു വർഷം മുമ്പു തുടങ്ങുന്ന തന്റെ ആരാച്ചാർ കുടംബ ചരിത്രത്തിന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള പിതാവിന്റെയും ഥാക്കുമാ(പിതാവിന്റെ അമ്മ)യുടെയും നിരന്തരമുള്ള ഉദ്ഘോഷണം കേട്ടാണ് ചേതന വളർന്നത്. ഈ പാരമ്പര്യ കഥകളിൽ നിന്നും വേർതിരിച്ചെടുത്ത നന്മ-തിന്മകൾ ചേതനയെന്ന കഥാപാത്രത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അത് അവൾക്ക് പല സന്ദർഭങ്ങളിലും സഹായമാവുകയും ചെയ്തിട്ടുണ്ട്.

എന്തിനെയും വിൽപ്പന ചരക്കാക്കുന്ന സമകാലീക മാധ്യമ സംസ്കാരത്തെ കൃത്യമായി വരച്ചു കാട്ടുന്നുണ്ട് ഈ നോവലിൽ. ചാനലിന്റെ ടി ആർ പി റേറ്റിംഗ് കൂട്ടാൻ, ചരിത്രത്തിലെ ആദ്യത്തെ ആരാച്ചാർ എന്ന അവളുടെ പ്രശസ്തിയെ വിലകൊടുത്തു വാങ്ങി വിറ്റു കാശാക്കുന്നു ഈ മാധ്യമ സംസ്കാരം. ചാനൽ റേറ്റിംഗ് കൂട്ടാൻ വേണ്ടി എന്തും ലൈവായി കാണിക്കുന്ന ദൃശ്യമാധ്യമ സംസ്കാരം കാണുമ്പോൾ ചുച്ഛവും വെറുപ്പും നിറയുന്നു വായനക്കാരനിൽ. ദാരിദ്ര്യം കൊണ്ടുള്ള ചേതനയുടെയും പിതാവിന്റെയും നിസ്സഹായാവസ്ഥ മുതലെടുക്കുകയാണ് സഞ്ജീവ് കുമാർ മിശ്രയെന്ന മാധ്യമ പ്രവർത്തകൻ. പണത്തിനു വേണ്ടി തന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഓർമ്മകളെയും വിൽക്കേണ്ടി വരുന്നു ഫണി ഭൂഷൺ മല്ലിക്കിന്.

കഴുത്തിൽ ആഹ്ലാദകരമായ കയർക്കുടുക്ക് മുറുകും പോലെ അനുഭവിച്ച ഒരു പ്രണയത്തിലൂടെയും ചേതന കടന്നു പോകുന്നുണ്ട് ഇതിനിടയിൽ. സഞ്ജീവ്കുമാർ മിശ്രയെന്ന മാധ്യമ പ്രവർത്തകനോട് തോന്നിയ പ്രണയം “എനിക്ക് നിന്നെ ഒരിക്കലെങ്കിലും അനുഭവിക്കണ”മെന്ന അയാളുടെ ഒറ്റ വാചകത്തിൽപ്പെട്ട് പുളിരസമായി അവളിൽ നിറയുന്നു. ഹൃദയത്തിന്റെ ഒരു പകുതി കൊണ്ട് അയാളെ സ്നേഹിക്കുകയും തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുമ്പോഴും മറുപകുതി ഹൃദയം കൊണ്ടും പൂർണ പ്രജ്ഞ കൊണ്ടും അയാളുടേത് യഥാർത്ഥ സ്നേഹമല്ലെന്ന് മനസ്സിലാക്കുകയും അയാളെ നിരാകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ചേതന..

ഒരു പെണ്ണിന് ഒരാളുടെ കഴുത്തിൽ കുരുക്കിട്ട് വധശിക്ഷ നടപ്പാക്കാൻ സാധിക്കുമോ എന്ന ചോദ്യം പലപ്പോഴായി പലരിൽ നിന്നും ചേതനയ്ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ആരാച്ചാർ പരമ്പരയിലെ സന്തതികളെ കുരുക്കിടാൻ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് Textഅമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ തെളിയിച്ചവളാണ് ചേതന. ഗർഭപാത്രത്തിൽ ഞരമ്പുകളാൽ കൂട്ടികെട്ടി കിടന്ന ചേതനയെ വയറുകീറിയാണ് ഡോക്ടർ പുറത്തെടുത്തത്. ഭ്രൂണാവസ്ഥയിൽ പോലും അവളുണ്ടാക്കിയത് ലക്ഷണമൊത്ത കുരുക്കായിരുന്നു. പിന്നീട് അഞ്ചാം വയസ്സിൽ കയറിൽ കുരുക്കിടാൻ പഠിക്കുകയും അത് തന്റെ അയൽക്കാരനായ കൂട്ടുകാരനിൽ പരീക്ഷിച്ച് ‘വിജയിക്കുകയും’ ചെയ്തവളാണ് ചേതന. ആരാച്ചാർക്ക് കഴുത്തിൽ കുരുക്കിടാൻ കയർ തന്നെ വേണ്ട എന്ന് തന്റെ ദുപ്പട്ടയിൽ പലതവണ ചേതന തെളിയിക്കുന്നുണ്ട്. തന്നെ അനുഭവിക്കാനാഗ്രഹിച്ച് തന്റെ മനസ്സിനെ മുറിവേല്പിച്ച സഞ്ജീവ്കുമാർ മിശ്രയിൽ, കാമാസക്തിയിൽ തന്റെ ശരീരത്തെ മുറിവേൽപ്പിക്കാൻ ശ്രമിച്ച മാരുതി പ്രസാദ് യാദവിൽ, “നിനക്ക് ഒരാളെ തൂക്കി കൊല്ലാൻ പറ്റുമോ മോളേ’ എന്നു ആശങ്കപ്പെട്ട ഗുരുതുല്യനായ മാനോദായിൽ. ഇവരിലൊക്കെ തന്റെ ദുപ്പട്ട കൊണ്ട് കഴുത്തിൽ കുരുക്കിട്ട ചേതന കഥാപാത്രത്തിൽ നിന്നു പുറത്തേക്ക് വന്ന് ഓരോ സ്ത്രീ യുടെയും ആത്മാഭിമാനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാവുന്നു. സ്വയം രക്ഷ നേടാൻ ഓരോ പെണ്ണും തന്റെ ദുപ്പട്ടകൾ കൊണ്ട് ഒന്നാന്തരം കുരുക്കുകൾ സൃഷ്ടിക്കുന്ന ആരാച്ചാരായേ മതിയാവൂ എന്നും ചേതന നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഒരവസരത്തിൽ തൂക്കി ക്കൊല സ്റ്റേ ചെയ്തപ്പോഴും ചേതന മാത്രം നിസ്സഹായയാവുന്നില്ല. തന്നെത്തന്നെ വിൽപ്പനച്ചരക്കാക്കുന്ന മാധ്യമ കച്ചവടത്തിൽ നിന്നും രക്ഷപെട്ടപോലെ തന്റെ ഇഷ്ട ജോലിയായ പ്രൂഫ് റീഡിംഗിലേക്ക് പോകുകയാണ് അവൾ. വധശിക്ഷ സ്റ്റേ ചെയ്തപ്പോൾ സഞ്ജീവ് കുമാർ മിശ്രയ്ക്ക് ചേതന, ഭാരത സ്ത്രീത്വത്തിന്റെ പ്രതീകമായിരുന്നില്ല. പക്ഷെ രാഷ്ട്രപതി, യതീന്ദ്രനാഥ ബാനർജിയുടെ ദയാഹർജി വീണ്ടും തള്ളുകയും വധശിക്ഷ ശരിവെയ്ക്കുകയും ചെയ്യുന്നതിലൂടെ അവളുടെ താരമൂല്യം കൂടുന്നു. ചോദിക്കുന്ന പണം കൊടുത്ത് അവളെ ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കാൻ അയാൾ ഒരുങ്ങുന്നു.
ചാനൽ ചർച്ചയുടെ പല ഘട്ടങ്ങളിലും മിശ്ര അവൾക്കായി ഒരുക്കിവെച്ചത് അതി കഠിനമായ പരീക്ഷണങ്ങളായിരുന്നു. തൂക്കി കൊല്ലാൻ പോകുന്ന പ്രതിയുടെ കുടുംബാംഗങ്ങളെ, മുമ്പ് തൂക്കി കൊന്ന കുറ്റവാളിയുടെ ഭാര്യയെ, ഇവരെയെല്ലാം ചാനലിന്റെ ടി ആർ പി റേറ്റിംഗ് കൂട്ടാൻ വേണ്ടി ചേതനയയ്ക്ക് മുമ്പിൽ എത്തിക്കുന്നു അയാൾ, തന്റെ മനസ്സാന്നിദ്ധ്യം കൊണ്ട് അവരെയെല്ലാം അതിജീവിക്കുന്നു ചേതന.

ആരാച്ചാർ ജോലിയിൽ നിയമിതയാവുമ്പോൾ അച്ഛന്റെ സഹായിയായി മാത്രം ജോലി ചെയ്താൽ മതിയെന്ന അവസ്ഥയിൽ നിന്ന് അപ്രതീക്ഷിതമായാണ് കഥാഗതിയെ മാറ്റി മറിച്ചുകൊണ്ട് പിതാവ് ഇരട്ടക്കൊലപാതക ക്കേസിൽ പ്രതിയാവുന്നതും ചേതന മുഖ്യ ആരാച്ചാരാകുന്നതും.
“എനിക്ക് ആരാച്ചാരുടെ മകൾ എന്ന പദവിയല്ല, ആരാച്ചാർ പദവി തന്നെയാണ് വേണ്ടത്” എന്ന നിശ്ചയദാർഢ്യത്തിലേക്ക് ചേതന എത്തിച്ചേരുമ്പോൾ സ്ത്രീശാക്തീകരണത്തിന്റെ വ്യത്യസ്തമായൊരു മുഖമാണ് ദർശനമാകുന്നത്. ഈനിശ്ചയദാർഢ്യത്തോടെയാണ് തുടർന്ന് അച്ഛന്റെ താങ്ങായി മാത്രം പ്രവേശിച്ചിട്ടുള്ള ജയിലറയിലേക്ക് പെൺകരുത്തിന്റെ പ്രതീകമായി ചേതന കടന്നു ചെല്ലുന്നത്. അവിടെ അവളെക്കാത്ത് അധികാരത്തിന്റെ ക്രൗര്യം നഖം നീട്ടി നിൽക്കുന്നുണ്ടായിരുന്നു. മാറിടത്തിലേക്ക് ‘റൂൾത്തടി’യുടെ രൂപത്തിൽ നീണ്ടു വന്ന ജയിൽ ഐ ജിയുടെ അഹങ്കാരവും അധീശത്വഭാവവും അവളുടെ പതർച്ചയില്ലാത്ത ആത്മവിശ്വാസത്തിൽ തളർന്നതു കൊണ്ടാവാം മുറിയിലുണ്ടായിരുന്ന ചെറുപ്പക്കാരന്റെ മുഖത്ത് ഭയത്തിനു പകരം അത്ഭുതവും ആശ്വാസവും പ്രത്യക്ഷപ്പെട്ടത്.

“എനിക്കു നിന്നെ ഇനിയും കാണണം.വൈകിട്ട് ഞാൻ കാറയയ്ക്കും ” എന്ന ജയിൽ ഐ ജി യുടെ ധാർഷ്ട്യത്തോട് “ഞാൻ കാത്തിരിക്കും ബാബു” എന്ന് ചേതന മറുപടി പറയുമ്പോൾ യഥീന്ദ്രനാഥ ബാനർജിയെ മാത്രമല്ല, സ്ത്രീത്വത്തെ അപമാനിക്കുന്ന പുരുഷരാശിയെ മൊത്തം ഒറ്റ കയർകുടുക്കിൽ തീർക്കാൻ ചേതനയ്ക്ക് ശക്തിയുണ്ട് എന്ന് വായനക്കാരന്
ബോധ്യമാവുന്ന നിമിഷം കൂടിയാണിത്. ഈ ഒരു ശക്തിയോടു കൂടിയാണ് പതിനായിരം രൂപയ്ക്ക് ഡീൽ ഉറപ്പിച്ച് വീണ്ടും ചാനൽ ചർച്ചയ്ക്ക് പങ്കെടുക്കാൻ അവൾ തയ്യാറാകുന്നത്. യതീന്ദ്രനാഥ ബാനർജിയുടെ വധശിക്ഷയെ ചോദ്യം ചെയ്യുന്ന സഞ്ജീവ്‌ കുമാർ മിശ്രയോട് ലൈവ് ചാനൽ ചർച്ചയിൽ ജയിൽ ഐ ജിയുടെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, “അദ്ദേഹത്താൽ താൻ ബലാൽക്കാരം ചെയ്യപ്പെട്ടാൽ അദ്ദേഹത്തെ പോലെ ഒരാളെ ആ കുറ്റത്തിന് മുഖ്യമന്ത്രി ശിക്ഷിക്കുമോ? എന്ന ചേതനയുടെ ചോദ്യം നീതിന്യായ വ്യവസ്ഥയെയും അധികാര വ്യവസ്ഥയെയും ഒരേ സമയം വിറപ്പിക്കുന്നു.
തുടർന്ന് കൃത്യനിർവഹണത്തിനായി ജയിലിലെത്തുന്ന ചേതനയിലൂടെയും, അവളും യതീന്ദ്രനാഥ ബാനർജിയുമായുള്ള കൂടിക്കാഴ്ചയിലൂടെയും സമ്മിശ്ര വികാരത്തോടെയല്ലാതെ വായനക്കാരന് കടന്നു പോകാനാവില്ല. ചേതനയാൽ തൂക്കിലേറ്റപ്പെടേണ്ട യതീന്ദ്രനാഥ ബാനർജിയുടെ അന്ത്യാഭിലാഷങ്ങൾ വളരെ വിചിത്രങ്ങളായിരുന്നു. ജയിലിൽ കാണാൻ വന്ന സ്വന്തം കുടുംബാംഗങ്ങളെയെല്ലാം കാണാൻ വിസമ്മതിച്ച അയാൾ അവസാനമായി കാണാൻ ആഗ്രഹിച്ചത് ചേതനയെയായിരുന്നു. തന്റെ സഹോദരനെക്കൊണ്ട് ചേതനയെ വിവാഹം കഴിപ്പിക്കാനും ആഗ്രഹിക്കുന്നു അയാൾ. തന്റെ വിവാഹം കഴിഞ്ഞ് നാലു വർഷം കഴിഞ്ഞപ്പോൾ ജയിലിലായ അയാൾ ചേതനയോട് അയാളെ കെട്ടിപ്പിടിക്കാമോ എന്നു ചോദിക്കുമ്പോൾ പകച്ചുപോകുന്നത് കഥാപാത്രങ്ങൾ മാത്രമല്ല, വായനക്കാർ കൂടിയാണ്. കരുണയോടെ, ഒരു കുട്ടിയെപ്പോലെ അയാളെ ചേർത്ത് പിടിച്ച് അയാൾക്ക് ആശ്വാസമാകാൻ അവൾക്ക് കഴിയുന്നു. വധശിക്ഷ വിധിച്ചിട്ട് 11 വർഷം പിന്നിട്ട പ്രതിയുടെ ആശ്വാസം വായനക്കാരനും അനുഭവിച്ചറിയുന്നു. തുടർന്ന് തന്റെ സെല്ലിനു മുമ്പിൽ സുന്ദരിയായ അവളുടെ
സാന്നിധ്യം അയാൾ ആഗ്രഹിക്കുന്നു. മരണം ഉറപ്പായ മനുഷ്യ മനസ്സിന്റെ വിചിത്ര ഗതിവിഗതികൾ ആരറിയുന്നു?

അവസാനത്തെ തൂക്കിക്കൊല്ലൽ രംഗം ഭയാനകമാകാതെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു കെ.ആർ മീര. തന്റെ കൃത്യം യാതൊരു പങ്കപ്പാടോ, വിഭ്രമമോ ഇല്ലാതെ ചെയ്യുന്ന ചേതന, ഭയമോ വേദനയോ ദുഃഖമോ ഇല്ലാതെ മരണത്തെ സ്വീകരിക്കാൻ കാത്തു നിൽക്കുന്ന ബാനർജി, അവസാന നിമിഷങ്ങളിൽ ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ. കൊല്ലുന്നവളും കൊല്ലപ്പെടുന്നവനും തമ്മിലുള്ള ബന്ധം വളരെ ഇഴയടുപ്പത്തോടെ ആവിഷ്കരിച്ചിരിക്കുന്നു നോവലിസ്റ്റ്.

അവസാന നിമിഷങ്ങളിൽ മൗനത്തിന്റെയും ഭയത്തിന്റെയും കയ്പ്പുനീരു കുടിക്കുന്നതിനു പകരം ചേതനയുടെ മധുര ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്ന ബാനർജിയ്ക്ക്, തന്റെ സ്വതസിദ്ധമായ ശൈലിയിൽ മനോഹരമായ കഥ പറഞ്ഞു കൊടുക്കുന്നു എന്നും കഥ പറയാനാഗ്രഹിച്ച ചേതന, “ദൈവമേ ഈ കഥ കേൾക്കാതെ ഞാൻ മരിച്ചു പോയിരുന്നെങ്കിൽ എന്തൊരു നഷ്ടമായിരുന്നേനെ” എന്നു വ്യാകുലപ്പെടുന്ന ബാനർജി വീണ്ടും ചേതനയുടെ കഥ കേൾക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ സമയമായി എന്ന “അധികാരത്തിന്റെ ഓർമപ്പെടുത്തലിൽ’ ചേതന അവളല്ലാതാകുകയും ആരാച്ചാരായി മാറുകയും ചെയ്യുന്നു. 451 തൂക്കിക്കൊലകൾ നടത്തിയ പിതാവിന്റെ ആരാച്ചാർ വൈഭവത്തെ ഒറ്റ തൂക്കിക്കൊലയിലൂടെ അതിശയിപ്പിക്കുന്നു ചേതന. അച്ഛന് തൂക്കികൊല്ലാൻ അരമിനിട്ട് സമയം വേണ്ടപ്പോൾ കേവലം 20സെക്കന്റുകൾ കൊണ്ട് കൃത്യം നടത്തി ചേതന എല്ലാവരെയും വിസ്മയിപ്പിക്കുന്നു.

തുടർന്ന് തന്റെ ഹൃദയത്തിൽ കുരുങ്ങിയ പ്രണയക്കുരുക്കിനെയും മോചിപ്പിക്കുന്നു ചേതന. ജയിലിലെ തൂക്കിക്കൊല ചാനലിൽ പുനരാവി ഷ്കരിക്കാൻ ആവശ്യപ്പെട്ട സഞ്ജീവ്കുമാർ മിശ്രയുടെ കഴുത്തിൽ “ഒരിക്കലെങ്കിലും നിങ്ങളെനെയെനിക്ക് അനുഭവിക്കണ’മെന്ന് തിരിച്ചു പറഞ്ഞുകൊണ്ട് കഴുത്തിൽ കുരുക്കിടുന്നു ചേതന. ബാനർജിയുടെ കഴുത്തിലെ കുരുക്കിനേക്കാൾ വായനക്കാരൻ ആഗ്രഹിച്ച നല്ല ഒന്നാന്തരം കുരുക്ക് തന്നെ മിശ്രയുടെ കഴുത്തിൽ ഇട്ടുകൊണ്ട് തൂക്കുകയറിന്റെ ശക്തിയുള്ള ഒരു സ്ത്രീ ചൈതന്യം നമ്മുടെ സാഹിത്യ ചക്രവാളത്തിലേക്ക് ഇറങ്ങി വരുന്നു. “ചരിത്രത്തെ സ്ത്രീകളല്ല, സ്ത്രീകളെ ചരിത്രമാണ് ഭയക്കുന്നത്. അതുകൊണ്ടാണ് ചരിത്രത്തിൽ വളരെക്കുറച്ച് സ്ത്രീകൾ മാത്രം സ്ഥാനം പിടിച്ചിട്ടുള്ളത്”എന്ന് ഓർമ്മിപ്പിച്ചു കൊണ്ട്, ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നു ചേതന.

കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവലിന്  സുജിലാറാണി നിലാമഴ എഴുതിയ വായനാനുഭവം

Comments are closed.